Pages

Tuesday, January 8, 2013

ശാസ്താംകോട്ട തടാകം വരളുന്നു. . . സംരക്ഷണത്തിനായി മുറവിളികള്‍ ഉയരുന്നു


ശാസ്താംകോട്ട തടാകം വരളുന്നു. . . സംരക്ഷണത്തിനായി മുറവിളികള്‍ ഉയരുന്നു

 
ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണത്തിനായുള്ള മുറവിളികള്‍ ഉയരുമ്പോഴും തടാകം അനുദിനം വരളുന്നു. തടാകത്തില്‍നിന്നുള്ള കുടിവെള്ളവിതരണവും പ്രതിസന്ധിയിലായി. അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധത്തിലാണ് തടാകം വരളുന്നത്. കായല്‍ബണ്ട് ഭാഗത്ത് കിലോമീറ്ററുകളോളം തടാകം വരണ്ട് കരയായി. ഈ ഭാഗത്ത് തടാകത്തില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നുകഴിഞ്ഞു. രാജഗിരി കുതിരമുനമ്പ് ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ഈ ഭാഗങ്ങള്‍ മുമ്പ് തടാകമായിരുന്നെന്ന് വിശ്വസിക്കാന്‍പോലും സാധിക്കാത്ത അവസ്ഥയായി. ശാസ്താംകോട്ട ക്ഷേത്രക്കടവിലും തടാകം ഏറെ ഉള്‍വലിഞ്ഞു. കടുത്ത വേനലില്‍പ്പോലും തടാകം ഇത്രയധികം വരണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

പടിഞ്ഞാറെ കല്ലടയിലെ ആഴത്തിലുള്ള മണല്‍ ഖനനവും തടാകതീരത്തെ മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തിയതും മണ്ണൊലിപ്പുമാണ് തടാകം ഇത്രയധികം വരളുന്നതിന് പ്രധാന കാരണം. തടാകജലത്തിന്റെ പ്രധാന ഉറവിടമായിരുന്നു പടിഞ്ഞാറെ കല്ലടയിലെ പുഞ്ചപ്പാടങ്ങള്‍. ഇവിടെനിന്നും തൊട്ടപ്പുറത്തെ കല്ലടയാറ്റില്‍നിന്നും തടാകത്തിലേക്ക് നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍ ഈ പുഞ്ചപ്പാടങ്ങളെല്ലാം ഇന്ന് തടാകത്തേക്കാള്‍ ആഴമുള്ള മണല്‍ക്കുഴികളായി മാറി. പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ 13.36 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഏകദേശം 98 ഹെക്ടര്‍ പ്രദേശവും ആഴത്തിലുള്ള മണല്‍ക്കുഴികളായി മാറി. 35 മുതല്‍ 40 മീറ്റര്‍ വരെ ആഴമുള്ള മണല്‍ക്കുഴികളാണ് ഇവയിലധികവും. മണല്‍ഖനനം കാരണം കല്ലടയാറിന്റെ ആഴം കൂടി. ഇതോടെ തടാകത്തില്‍നിന്നുള്ള വെള്ളം മണല്‍ക്കുഴികളിലേക്കും കല്ലടയാറ്റിലേക്കും ചോരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിദിനം 4.85 കോടി ലിറ്റര്‍ വെള്ളമാണ് തടാകത്തില്‍നിന്ന് വിവിധ കുടിവെള്ളപദ്ധതികള്‍ വഴി വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത്രയും വെള്ളം തടാകത്തിലേക്ക് എത്തുന്നുമില്ല. മഴവെള്ളമാണ് ഇപ്പോള്‍ തടാകത്തിന്റെ പ്രധാന ജലസ്രോതസ്. മഴ കുറഞ്ഞതോടെ തടാകം ക്രമാതീതമായി വരളാനും തുടങ്ങി. കൊല്ലത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പമ്പ് ഹൗസിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള സെ്കയിലില്‍ ഇപ്പോഴത്തെ ജലനിരപ്പ് 1 സെ.മീറ്ററില്‍ താഴെയാണ്. 2008 ജനവരിയില്‍ ഇത് 3.22 മീറ്ററായിരുന്നു. 2009 ജനവരിയില്‍ ഇത് 2.48 ഉം 2010 ല്‍ 1.51 ഉം 2011 ല്‍ 2.65 ഉം 2012 ല്‍ 1.8 ഉം ആയിരുന്നു ഇവിടെ രേഖപ്പെടുത്തിയ ജലനിരപ്പ്. പടിഞ്ഞാറെ കല്ലടയിലെ അനധികൃത മണല്‍-ചെളി ഖനനം നിര്‍ത്തുന്നതിനുള്ള നടപടികളും ഫലപ്രാപ്തിയില്ലെത്തിയിട്ടില്ല. ഓരോ രണ്ടുമാസം കൂടുമ്പോഴും പടിഞ്ഞാറെ കല്ലടയിലെ അനധികൃത ഖനനം നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവ് ഇറക്കാറുണ്ട്. നിരവധി കോടതി ഉത്തരവുകളും നിലവിലുണ്ട്. എന്നാല്‍, ഒന്നും നടപ്പാക്കാറില്ലെന്നുമാത്രം.
 
തടാകത്തിന്റെ ആഴവും ക്രമാതീതമായി കുറയുന്നു. തടാകത്തിന്റെ തീരങ്ങളിലെ മൊട്ടക്കുന്നുകളിലധികവും ഇടിച്ചുനിരത്തിയോടെ തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് കൂടി. 1995 ല്‍ നടത്തിയ പഠനത്തില്‍ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 15.2 മീറ്ററായിരുന്നു. എന്നാല്‍, 1998 ല്‍ ആധുനിക ബാത്ത്‌മെട്രിക് സര്‍വേയില്‍ തടാകത്തിന്റെ ആഴം 13.30 മീറ്ററായി രേഖപ്പെടുത്തുന്നു. ഇപ്പോള്‍ 10 മീറ്റര്‍പോലും ആഴം ഉണ്ടാകില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: