ആകാശഗംഗയില്‍
1700 കോടി 'ഭൂമികള്‍'
ആകാശഗംഗയില്‍ 17 ശതമാനം നക്ഷത്രങ്ങള്‍ക്കും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളുണ്ടെന്നും, നമ്മുടെ ഗാലക്‌സിയിലെ അത്തരം ഗ്രഹങ്ങളുടെ എണ്ണം 1700 കോടി വരുമെന്നും പുതിയൊരു പഠനം പറയുന്നു. കെപ്ലാര്‍ ദൗത്യം വഴി ലഭിച്ച ഡേറ്റ വിശകലനം ചെയ്ത ജ്യോതിശ്ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിലെത്തിയത്. ആകാശഗംഗയില്‍ ആകെയുള്ള 10000 കോടി നക്ഷത്രങ്ങളില്‍ 17 ശതമാനത്തെയും, ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്നതായി ഗവേഷകര്‍ പറഞ്ഞു.ആകാശഗംഗയിലെ ആകെ നക്ഷത്രങ്ങളുടെ അത്രയും ഗ്രഹങ്ങളുമുണ്ടാകാമെന്നപഠനവിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ്, വലിപ്പത്തില്‍ ഭൂമിക്ക് സമാനമായ 1700 കോടി ഗ്രഹങ്ങളുണ്ടാകാമെന്ന വാര്‍ത്ത.
എന്നാല്‍, ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളില്‍ മിക്കതും മാതൃനക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നതെന്ന്, അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി സമ്മേളനത്തില്‍ ഗവേഷകര്‍ പറഞ്ഞു. സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാള്‍ കുറവാണ്, മാതൃനക്ഷത്രങ്ങളും ഗ്രഹങ്ങളുമായുള്ള അകലം. ഹാര്‍വാഡ് -സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഫ്രാന്‍കോയിസ് ഫ്രെസിനും കൂട്ടരുമാണ് പഠനം നടത്തിയത്. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ ഗവേഷണ റിപ്പോര്‍ട്ട് താമസിയാതെ പ്രസിദ്ധീകരിക്കും. 2009 ല്‍ വിക്ഷേപിച്ച നാസയുടെ കെപ്ലാര്‍ പേടകത്തിന്റെ ലക്ഷ്യം, ആകാശഗംഗ അഥവാ ക്ഷീരപഥം എന്നറിയപ്പെടുന്ന നമ്മുടെ ഗാലക്‌സിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുണ്ടോ എന്ന് കണ്ടെത്തുകയാണ്. ഉണ്ടെങ്കില്‍ അവയില്‍ ജീവന്റെ നിലനില്‍പ്പിന് അനുകൂലമായ സാഹചര്യങ്ങളുണ്ടോ എന്ന അന്വേഷണവും കെപ്ലാര്‍ ദൗത്യത്തിന്റെ ഭാഗമാണ്. സൂര്യന് സമാനമായ നക്ഷത്രങ്ങളെയാണ് കെപ്ലാര്‍ നിരീക്ഷണവിധേയമാക്കുന്നത്. ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ (സംതരണം സംഭവിക്കിമ്പോള്‍), നക്ഷത്രത്തിന്റെ വെളിച്ചത്തിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കി ഗ്രഹത്തിന്റെ സാന്നിധ്യവും പ്രത്യേകതകളും മനസിലാക്കുന്ന രീതിയാണ് കെപ്ലാര്‍ അനുവര്‍ത്തിക്കുന്നത്.
കെപ്ലാര്‍ നല്‍കിയ ഗ്രഹസൂചനകളെയും തെളിവുകളെയും വിശകലനം ചെയ്ത ഗവേഷകര്‍, വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായാണ് ഗ്രഹങ്ങളെ തരംതിരിച്ചത്. ഭൂമിയുടെ വലിപ്പത്തിന്റെ 0.8 - 1.25 ശതമാനം വലിപ്പമുള്ളവ (17 ശതമാനം), 1.25-2 മടങ്ങ് വലിപ്പമുള്ള 'സൂപ്പര്‍ഭൂമി'കള്‍ (25 ശതമാനം) എന്നിങ്ങനെ. ആദ്യം ഭൂമിയുടെ വലിപ്പമുള്ള ഗ്രഹങ്ങളെക്കുറിച്ച് ധാരണയുണ്ടാവുക. അതുകഴിഞ്ഞാല്‍, അതിലെവിടെയെങ്കിലും ജീവനുണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന തുടരന്വേഷണം നടത്തുക എളുപ്പമാകും. എന്നുപറഞ്ഞാല്‍, പുതിയ പഠനം അനുസരിച്ച് ഇപ്പോള്‍ ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം തേടാന്‍ 1700 കോടി ലക്ഷ്യങ്ങള്‍ ശാസ്ത്രലോകത്തിന് മുന്നിലുണ്ട്. അതിനിടെ, പുതിയ അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത് കെപ്ലാര്‍ പേടകം തുടരുകയാണെന്ന് ഗവേഷകര്‍ പറഞ്ഞു. 461 ഗ്രഹങ്ങളെ കെപ്ലാര്‍ പുതിയതായി കണ്ടെത്തി. ഇതോടെ ആ പേടകം കണ്ടെത്തിയ മൊത്തം അന്യഗ്രഹങ്ങളുടെ എണ്ണം 2,740 ആയി- സേഥി (SETI) ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ബുര്‍കെ അറിയിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment