Pages

Sunday, January 6, 2013

അണയില്ല ഈ ജ്യോതി


അണയില്ല ഈ ജ്യോതി
ഡി. ധനസുമോദ്‌
mangalam malayalam online newspaper 
ജീവന്റെ നിലനില്‍പ്പിനായി പോരാടുമ്പോള്‍ വൈരം മറക്കുന്നവരുടെ കഥ പറയുന്ന സിനിമയാണ്‌ 'ലൈഫ്‌ ഓഫ്‌ പൈ.' തകര്‍ന്ന കപ്പലില്‍നിന്നു രക്ഷപ്പെട്ട്‌ ചെറുവഞ്ചിയില്‍ പ്രതീക്ഷയുടെ തുരുത്തു തേടി പോകുന്ന പൈ പട്ടേല്‍ എന്ന കൗമാരക്കാരനും റിച്ചാര്‍ഡ്‌ പാര്‍ക്കര്‍ എന്ന കടുവയും ഒടുവില്‍ പരസ്‌പരം അറിയുന്ന അനുഭവമാണീ സിനിമ. ഇളകിമറിയുന്ന കടലും കാറ്റുമാണ്‌ ഇരുവരുടേയും പൊതുശത്രുക്കള്‍. തന്റെ കണ്‍മുന്നിലുളള ആഹാരമായ ചെറുപ്പക്കാരന്റെ അതിജീവനത്തിനു വേണ്ടി തന്റെ ക്രൗര്യം മറയ്‌ക്കുകയാണ്‌ കടുവ ചെയ്യുന്നത്‌.
പൈയുടെ മടിയില്‍ തലവച്ച്‌ ഉറങ്ങുന്ന കടുവയിലൂടെ വ്യക്‌തമായ സന്ദേശമാണ്‌ ഈ സിനിമ നല്‍കുന്നുന്നത്‌. 'തന്നേക്കാള്‍ ചെറുത്‌ തനിക്ക്‌ ഇര' എന്ന കാട്ടുനീതി കടുവ പോലും മറച്ചുവയ്‌ക്കുമ്പോഴും അവസരം കിട്ടുമ്പോള്‍ തന്നിലെ മൃഗം പുറത്തുചാടുമെന്നു മനുഷ്യന്‍ വീണ്ടും തെളിയിച്ചു. ഒരേബസില്‍ യാത്ര ചെയ്‌ത സഹയാത്രികയെ കടിച്ചുകീറി കൂട്ടമാനഭംഗത്തിനിരയാക്കുകയാണ്‌ ഡല്‍ഹിയില്‍ ഒരുപറ്റം നരാധമന്മാര്‍ ചെയ്‌തത്‌. ആട്ടിന്‍കുട്ടിയെപോലെ സമാധാനപ്രിയനാകുന്ന കടുവയുടേയും കൂട്ടുകാരന്റേയും സിനിമ കണ്ടിറങ്ങിയ പെണ്‍കുട്ടിക്കും സുഹൃത്തിനുമാണ്‌ ഈ ദുരനുഭവം എന്നതു യാദൃച്‌ഛികത മാത്രമല്ല.
2012 ഡിസംബര്‍ 16 രാത്രി 10.50.
അന്നാണു പീഡനത്തിനിരയാക്കിയ രണ്ടു ശരീരങ്ങളെ പൂര്‍ണനഗ്‌നരാക്കി മഹിപാല്‍പുരിയിലെ ഫ്‌ളൈ ഓവര്‍ അവസാനിക്കുന്നിടത്തു ബസില്‍നിന്നു വലിച്ചെറിഞ്ഞത്‌. കേരളത്തിലെ ധനുമാസ കുളിരല്ല, കൊടുംതണുപ്പിലാണ്‌ അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ റോഡരുകില്‍ കിടന്നത്‌. നഗ്നരായി കിടക്കുന്ന യുവതിയേും യുവാവിനേയും കാഴ്‌ചവസ്‌തുക്കളാക്കി പലരും കടന്നുപോയി. അതുവഴി പോയ ബൈക്ക്‌ യാത്രക്കാരനാണ്‌ വിവരം 100 എന്ന നമ്പരില്‍ വിളിച്ചുപറഞ്ഞത്‌. പത്തു മിനിറ്റിനുളളില്‍ പോലീസ്‌ സംഭവസ്‌ഥലത്ത്‌ പാഞ്ഞെത്തി.
പോലീസ്‌ വരുമ്പോള്‍ പെണ്‍കുട്ടിയേും സുഹൃത്തിനേയും ചുറ്റി കാഴ്‌ചക്കാരായി ഒന്‍പതുപേര്‍ നിലയുറപ്പിച്ചിരുന്നു. കാഴ്‌ചക്കാര്‍ക്കിടയിലൂടെ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ നോക്കിയപ്പോള്‍ പരുക്കേറ്റ യുവാവ്‌ കൈ നീട്ടി സഹായം അഭ്യര്‍ഥിക്കുന്നു. അപകടത്തില്‍ പരുക്കേറ്റവരാണെന്നാണ്‌ ആദ്യം കരുതിയത്‌. നഗ്നരായി കിടക്കുന്ന ഇവരെ എങ്ങനെ ആശുപത്രിയില്‍ എത്തിക്കുമെന്നാലോചിച്ചപ്പോഴാണ്‌ വാനിനുളളിലെ ബെഡ്‌ഷീറ്റിനെക്കുറിച്ച്‌ ഓര്‍ത്തത്‌. മൃതദേഹങ്ങളെ പൊതിഞ്ഞെടുക്കാനാണു വാനില്‍ ബെഡ്‌ഷീറ്റ്‌ സൂക്ഷിക്കുന്നത്‌. ഷീറ്റുമെടുത്ത്‌ ഓടിയെത്തിയപ്പോഴാണ്‌ പെണ്‍കുട്ടിയുടെ അരക്കെട്ടില്‍നിന്നു രക്‌തമൊലിക്കുന്നതു കണ്ടത്‌. പിന്നീട്‌ കൂടുതല്‍ തുണിക്കായി ഓട്ടം. ഈ സമയം ആഡംബരകാറുകള്‍ അവിടെ വന്നു നിര്‍ത്തുകയും സ്‌ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ ഗ്ലാസ്‌ താഴ്‌ത്തി നോക്കിയ ശേഷം യാത്ര തുടരുകയും ചെയ്‌തു. ഹോട്ടലില്‍നിന്നു സംഘടിപ്പിച്ച രണ്ടു ബെഡ്‌ഷീറ്റുകളിലായി ഇരുവരേയും പൊതിഞ്ഞ്‌ പോലീസ്‌ വാന്‍ സഫ്‌ദര്‍ജംഗ്‌ ആശുപത്രിയിലേക്കു കുതിച്ചു.
സോഫ്‌റ്റ്വേര്‍ എന്‍ജിനിയറും ഐ.എ.എസ്‌. പരീക്ഷയ്‌ക്കു തയാറെടുക്കുന്ന ബി.ടെക്കാരനുമായ പെണ്‍കുട്ടിയുടെ സുഹൃത്ത്‌ സംഭവത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി. സാകേതിലെ മാളില്‍നിന്ന്‌ 'ലൈഫ്‌ ഓഫ്‌ പൈ' സിനിമ കഴിഞ്ഞ്‌ ദ്വാരക വരെ ഓട്ടോറിക്ഷ പിടിച്ചെങ്കിലും മുനീര്‍ക്കയില്‍ ഡ്രൈവര്‍ യാത്ര അവസാനിപ്പിച്ചു. ഇരുവരും ബസ്‌ സ്‌റ്റോപ്പില്‍ കാത്തുനിന്നപ്പോളാണ്‌ വെള്ള പെയിന്റടിച്ച ബസ്‌ വന്നത്‌. ബസ്‌ നിര്‍ത്തിയപ്പോള്‍ പതിനേഴു വയസ്‌ തോന്നിക്കുന്ന ക്ലീനര്‍ പയ്യന്‍ 'ബഹാദൂര്‍ഗഡ്‌' എന്നു സ്‌ഥലപ്പേരു വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. എങ്ങോട്ടാണു യാത്രയെന്നു പെണ്‍കുട്ടിയോടു ക്ലീനര്‍ ചോദിച്ചത്‌ 'മേം' എന്ന അഭിസംബോധനയോടെയായിരുന്നു. ഉത്തരേന്ത്യക്കാര്‍ സ്‌ത്രീകളെ ബഹുമാനത്തോടെ വിളിക്കുന്ന വാക്കാണിത്‌. ദ്വാരകയിലേക്കാണെന്നു പറഞ്ഞപ്പോള്‍ കയറാനും പറഞ്ഞു. മരണവാറണ്ടുമായി എത്തിയ ബസിലാണു കയറുന്നതെന്ന്‌ അവര്‍ അറിഞ്ഞിരുന്നില്ല. ബസിനുള്ളിലേക്കു പ്രവേശിച്ചപ്പോള്‍ത്തന്നെ ക്ലീനര്‍ ഡോര്‍ ഉള്ളില്‍നിന്നു പൂട്ടിയെങ്കിലും അസ്വഭാവികത തോന്നിയതുമില്ല.
ഡ്രൈവറുടെ കാബിനുള്ളില്‍ നാലുപേരും തൊട്ടു പിന്നിലെ രണ്ടു സീറ്റുകളില്‍ ഓരോരുത്തരുമുണ്ട്‌. എല്ലാവരും യാത്രക്കാരാണെന്നാണു കരുതിയത്‌. യാത്രാനിരക്കായ പത്തു രൂപ വാങ്ങിയതോടെ ക്ലീനറുടെ ബഹുമാനമെല്ലാം പോയി. 'പെണ്‍കുട്ടിയുമായി രാത്രി ചുറ്റിനടക്കുകയാണ്‌, അല്ലേടാ' എന്നായി സുഹൃത്തിനോടുള്ള ചോദ്യം. വാക്‌പോരാട്ടത്തിനിടെ ക്ലീനര്‍ ആദ്യ അടി കൊടുത്തു. തിരിച്ചടി കിട്ടിയതോടെ ക്യാബിനുളളില്‍നിന്ന്‌ ഇരുമ്പുവടിയടുത്ത്‌ യുവാവിന്റെ തലയ്‌ക്ക് അടിച്ചു. ക്യാബിനുളളില്‍നിന്നു മൂന്നുപേര്‍ ഇറങ്ങിവന്നു ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. സീറ്റിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച്‌ തുരുതുരെ അടി തുടരവേ സുഹൃത്തിന്റെ ജീവനുവേണ്ടി പെണ്‍കുട്ടി ഓരോരുത്തരോടും കെഞ്ചി. മര്‍ദനം തടയാനായി രാംസിംഗ്‌ എന്നയാളെ പെണ്‍കുട്ടി കടിച്ചതോടെ ആക്രമണം അവള്‍ക്കു നേരേയായി.
മൃഗീയതയ്‌ക്കുമപ്പുറം...
ഷൂസ്‌ അഴിച്ചുമാറ്റിയശേഷം അവളുടെ നാഭിയിലേക്കു ചവിട്ടുകയാണ്‌ രാംസിംഗ്‌ ആദ്യം ചെയ്‌തത്‌. വലിച്ചിഴച്ചു പിന്‍സീറ്റില്‍ കിടത്തി വസ്‌ത്രങ്ങള്‍ പറിച്ചെറിഞ്ഞ്‌ എല്ലാവരും കൂടി പെണ്‍കുട്ടിയ പിച്ചിച്ചീന്തി. മാറിമാറി ബലാത്സംഗം ചെയ്‌തിട്ടും കലി തീരാതെ പൊക്കിളിലൂടെയും സ്വകാര്യഭാഗത്തിലൂടെയും ഇരുമ്പു കമ്പി കുത്തിയിറക്കി. പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വാദിക്കുന്ന ക്ലീനറായിരുന്നു ഏറ്റവും മൃഗീയമായി ആക്രമിച്ചത്‌. ഇരുമ്പുവടി പ്രയോഗത്തില്‍ തകര്‍ന്ന സ്വകാര്യഭാഗത്തിലൂടെ കൈ കയറ്റി കുടലും ആന്തരാവയങ്ങളും വലിച്ചു പുറത്തിട്ടു. തന്നെ കടിച്ച പെണ്‍കുട്ടിയെ ബസ്‌ കയറ്റികൊല്ലണമെന്നതടക്കം ആക്രോശങ്ങള്‍ രാംസിംഗ്‌ നടത്തിക്കൊണ്ടിരുന്നു. ബസിന്റെ പിന്‍വാതിലൂടെ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പുറത്തു കളയാനെടുത്തെങ്കിലും വേണ്ടെന്നുവച്ചു. മൂന്നു പോലീസ്‌ പോസ്‌റ്റ് കടന്നുപോയ ബസ്‌ ഒരേ റൂട്ടില്‍ പലതവണ ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു.
ഒടുവില്‍ ഇരുവരുടേയും വസ്‌ത്രങ്ങള്‍ പൂര്‍ണമായി അഴിച്ചുമാറ്റിയശേഷം ഫ്‌ളൈ ഓവര്‍ അവസാനിക്കുന്ന ഭാഗത്ത്‌ ഉപേക്ഷിച്ചു. ചെറുപ്പക്കാരനായ സുഹൃത്തിന്റെ വിവരണം കേട്ട്‌ ആദ്യം മരവിച്ചു പോയെങ്കിലും ബന്ധുക്കളെ അറിയിക്കാനുളള ഫോണ്‍നമ്പരാണു പോലീസ്‌ ആദ്യം ചോദിച്ചത്‌. ഉത്തര്‍പ്രദേശ്‌ ഗോരഖ്‌പൂരിലെ അഭിഭാഷകന്‍ കൂടിയായ പിതാവിനെ ബന്ധപ്പെട്ട്‌ വിവരം അറിയിക്കുകയും അദ്ദേഹം ഡല്‍ഹിയിലെ അമ്മാവന്റെ നമ്പര്‍ നല്‍കുകയും ചെയ്‌തു. അമ്മാവനുമായി ബന്ധപ്പെട്ട പോലീസ്‌ സഫ്‌ദര്‍ജംഗ്‌ ആശുപത്രിയിലേക്ക്‌ ഇരുവരേയും കൊണ്ടുപോകുന്ന കാര്യം അറിയിച്ചു. യാദവ്‌ എന്നെഴുതിയ ബസിലാണു പീഡനം നടന്നതെന്നു പോലീസിനു ചെറുപ്പക്കാരന്‍ സൂചന നല്‍കിയതോടെ സിസി ടിവിയിലെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പോലീസ്‌ ബസ്‌ കണ്ടെത്തി. അടുത്ത ദിവസങ്ങളിലായി പ്രതികളെ അറസ്‌റ്റ് ചെയ്‌തു.
പെണ്‍കുട്ടിക്കു നേരേയുണ്ടായ ഡിസംബര്‍ 18 നു പാര്‍ലമെന്റില്‍ പീഡനം ചര്‍ച്ചയായി. കേന്ദ്രമന്ത്രി ശരദ്‌പവാറിനെ അടിച്ചപ്പോള്‍ ചെയ്‌തപോലുളള ചര്‍ച്ചയും നടത്തി പാര്‍ലമെന്റ്‌ പിരിഞ്ഞതു യുവജനങ്ങളെ കോപാകുലരാക്കി. അവര്‍ രാഷ്‌ട്രപതി ഭവനിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അശോകസിംഹാസനത്തെ പിടിച്ചുലച്ചു. സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടേയിരുന്നു. മൂന്നു തവണ ശസ്‌ത്രക്രിയ നടത്തി. ഏതാനും ഇഞ്ച്‌ മാത്രം ബാക്കിനിര്‍ത്തി കുടല്‍ മുറിച്ചു മാറ്റിക്കഴിഞ്ഞു. എന്നിട്ടും 'എനിക്കു ജീവിക്കണം' എന്നായിരുന്നു അമ്മയോടു പെണ്‍കുട്ടി അറിയിച്ചത്‌. പത്തു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞു. 26-ന്‌ നില വഷളായതിനെത്തുടര്‍ന്ന്‌ പാതിരാത്രി സിംഗപ്പൂര്‍ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 29-ന്‌ പുലര്‍ച്ചെ 2.15-ന്‌ ആ ജ്യോതി പൊലിഞ്ഞു. അവസാന ശ്വാസംവരെ പ്രതീക്ഷ കാത്തു സൂക്ഷിച്ച അവളെ സംരക്ഷിക്കുന്നതില്‍ വൈദ്യശാസ്‌ത്രം പരാജയപ്പെട്ടു.
പൊട്ടിക്കരഞ്ഞു പ്രതിഷേധിക്കാന്‍ പോലും അവസരം നല്‍കാതെ ഡല്‍ഹി നഗരത്തിന്റെ വായമൂടിക്കെട്ടി മെട്രോ സ്‌റ്റേഷനുകള്‍ സര്‍ക്കാര്‍ അടച്ചു. ജീവിച്ചിരുന്ന 23 കാരിയേക്കാള്‍ അപകടകാരി മരിച്ചവളാണെന്നു മനസിലാക്കിയ സര്‍ക്കാര്‍ വി.വി.ഐ.പികള്‍ക്കു കനത്ത സുരക്ഷ ഒരുക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റേസ്‌കോഴ്‌സ് റോഡ്‌ ഏഴിനും സോണിയാഗാന്ധിയുടെ വസതിയായ ജന്‍പഥ്‌ പത്തിനും ചുറ്റും യുദ്ധകാലത്തുപോലും ഇല്ലാത്ത സുരക്ഷാ വലയം തീര്‍ത്തു.
മടങ്ങിവരവ്‌
പെണ്‍കുട്ടിയുടെ മൃതദേഹം വഹിച്ചുളള എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ 3.20ന്‌ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങി. യാത്രാ വിമാനങ്ങള്‍ വന്നിറങ്ങുന്ന ടെര്‍മിനലുകള്‍ ഒഴിവാക്കി എയര്‍ഫോഴ്‌സിന്റെ നിയന്ത്രണത്തിലുളള സാങ്കേതിക മേഖലയിലാണു വിമാനം ലാന്‍ഡ്‌ ചെയ്‌തത്‌. ഡല്‍ഹി പോലീസ്‌, ദ്രുതകര്‍മ സേന, സി.ഐ.എസ്‌.എഫ്‌. എന്നീ സേനകളില്‍നിന്നായി 500 പേര്‍ വിമാനത്താവളത്തിനു കാവല്‍നിന്നു. 60 ബാരിക്കേഡുകള്‍ ഉയര്‍ത്തി. മൃതദേഹം കൊണ്ടുപോകാന്‍ തയാറാക്കിയ ആംബുലന്‍സിനു പിന്നാലെ മറ്റൊരു ആംബുലന്‍സ്‌, 20 പോലീസ്‌ വാനുകള്‍, 15 ബസുകള്‍ എന്നിവ അവളെ കാത്തുകിടന്നു. പിതാവിന്റെ സ്വദേശമായ ഉത്തര്‍പ്രദേശിലെ ബലിയയിലേക്കു കൊണ്ടുപോകാന്‍ പോലീസ്‌ നിര്‍ദേശം നല്‍കിയെങ്കിലും ഡല്‍ഹിയില്‍ത്തന്നെ സംസ്‌കരിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതിനാലാണ്‌ അവള്‍ വളരുകയും പഠിക്കുകയും വിജയിക്കുകയും ഒടുവില്‍ അപമാനിതയാകുകയും ചെയ്‌ത ഡല്‍ഹിയിലേക്കു മടങ്ങിവന്നത്‌. 4.10-ന്‌ വിമാനത്താവളത്തില്‍നിന്നും അന്ത്യയാത്ര തുടങ്ങി. ദ്വാരകയിലുളള വീടും പരിസരവും ഇതിനകം പോലീസ്‌ വളഞ്ഞിരുന്നു. 100 ദ്രുതകര്‍മ സേനാംഗങ്ങളും രണ്ടു ജില്ലയിലെ പോലീസും അവിടെ ക്യാമ്പ്‌ ചെയ്‌തു. അഞ്ചു മീറ്റര്‍ ഇടവിട്ടാണ്‌ ഓരേ സേനാംഗത്തേയും വിന്യസിച്ചത്‌. മാധ്യമങ്ങളോടു വായ തുറക്കരുതെന്ന്‌ അയല്‍ക്കാര്‍ക്കു പോലീസ്‌ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.
4.30-നു വീട്ടിലെത്തിയ ഉടന്‍ സംസ്‌കാരം നടത്തണമെന്നായിരുന്നു പോലീസ്‌ നിര്‍ദേശം. 6.30-ന്‌ മൃതദേഹവുമായി ആംബുലന്‍സ്‌ ശ്‌മശാനത്തിലെത്തി. ആയിരം പോലീസുകാരാണ്‌ അവിടെ കാവല്‍നിന്നിരുന്നത്‌. ചിതയ്‌ക്കു ചുറ്റും മാത്രം 200 പേരെ വിന്യസിച്ചു. കുടുംബാംഗങ്ങളെ മാത്രമാണു നില്‍ക്കാന്‍പോലും അനുവദിച്ചത്‌. രാത്രിയില്‍ പിച്ചിച്ചീന്തപ്പെടുകയും പുലരും മുമ്പേ മരണത്തെ പുല്‍കുകയും ചെയ്‌ത പെണ്‍കുട്ടിയെ സൂര്യോദയത്തിനുശേഷം ദഹിപ്പിച്ചാല്‍ മതിയെന്നു മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. തണുത്തു വിറച്ച ഡല്‍ഹിയില്‍ മടിച്ചുമടിച്ച്‌ പ്രകാശരശ്‌മികളെ ഉളളിലൊതുക്കി ഉണര്‍ന്ന സൂര്യനെ സാക്ഷിയാക്കി 7.30-ന്‌ ചിതയ്‌ക്കു തീകൊളുത്തി.
ദ്വാരകയിലെ ഒറ്റമുറിയില്‍ അടുക്കിവച്ചിരിക്കുന്ന നോട്ട്‌ ബുക്കുകള്‍ക്കിടയില്‍ അവളുടെ സ്വപ്‌നങ്ങള്‍ ഒളിച്ചു. നല്ല കൈയക്ഷരമുളള, നന്നായി ചിത്രം വരയ്‌ക്കുന്ന, ഭംഗിയായി വസ്‌ത്രം ധരിച്ചിരുന്ന, ഈ കൊച്ചു മാലാഖ അവസാന ദിവസങ്ങളില്‍ മനസാന്നിധ്യം കൊണ്ട്‌ ഡോക്‌ടര്‍മാര്‍ക്കു വിസ്‌മയമായി മാറിയിരുന്നു. മനസിനൊപ്പം എത്താനാവാതെ ശരീരം കിതച്ചപ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു വിവിധ മതങ്ങളില്‍, വിവിധ വര്‍ണങ്ങളില്‍പെട്ടവര്‍ അവള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി പ്രാര്‍ഥിച്ചു. ജീവന്‍ തിരിച്ചുകൊടുക്കണമെന്ന്‌ ഒരുവേള ദൈവത്തിനും തോന്നിയിരിക്കാം. 38000 അടി ഉയരത്തില്‍ പറന്നിട്ടും സിംഗപ്പൂരില്‍ എത്തുന്നതുവരെ ജീവന്‍ മുറുകെപ്പിടിച്ചത്‌ ഈ കാരുണ്യം കൊണ്ടാവാം. മരണത്തെ പലവട്ടം അവള്‍ മാറ്റി നിര്‍ത്തി. പക്ഷേ, പിശാചിന്റെ മക്കള്‍ അവളില്‍ ഏല്‍പ്പിച്ച മാരക മുറിവും അപമാനവും ദൈവത്തിനുപോലും രക്ഷിക്കാന്‍ സാധിക്കുന്നതിനപ്പുറമായിരുന്നു. അങ്ങനെ തന്റെ സഹോദരിമാര്‍ക്കുവേണ്ടി അവള്‍ രക്‌തസാക്ഷിയായി. ഡിസംബര്‍ രാവില്‍ അവളുടെ രക്‌തസാക്ഷിത്വത്തില്‍ ലോകം മുഴുവന്‍ തേങ്ങി. ഐക്യരാഷ്‌ട്ര സഭ മുതല്‍ ഗൂഗിള്‍ വരെ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. 'നാരികള്‍ പൂജിക്കപ്പെടുന്നിടത്ത്‌ ദേവതകള്‍ വരു'മെന്നു ചൊല്ലിയ നാട്‌ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അപമാനഭാരത്താല്‍ തലതാഴ്‌ത്തി. സ്‌ത്രീയെ അപമാനിക്കുന്നവനെ ഷണ്ഡനാക്കണമെന്നും തൂക്കുകയര്‍ നല്‍കണമെന്നുമുളള ചര്‍ച്ചകളെ തീപിടിപ്പിച്ച്‌ അഗ്നിയില്‍ എരിഞ്ഞപ്പോഴും അവളുടെ ഓര്‍മ അണയാത്ത ജ്വാലയായി ഓരോ ഇന്ത്യക്കാരനും ഏറ്റുവാങ്ങുകയായിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: