Pages

Thursday, January 3, 2013

ഈ ലോകംസ്ത്രീകള്‍ക്ക്‌ കൂടി ഉള്ളതാണ്

ഈ ലോകംസ്ത്രീകള്‍ക്ക്‌ കൂടി ഉള്ളതാണ്


ഡല്‍ഹി കൂട്ടമാനഭംഗപ്രതിഷേധത്താല്‍ ആളുകയാണ്, കേരളത്തിലും സംഘടനകള്‍ തങ്ങളാലാകുന്ന രീതിയില്‍ എതിര്‍പ്പുമായി മുന്നേറുകയാണ്. ഡല്‍ഹിയില്‍ ഈ രണ്ട്ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നാലില്‍ കൂടുതല്‍ റേപ്പ് കേസുകളാണ്, പ്രതികള്‍ പലരും ഒളിവില്‍ ചിലരൊക്കെ പോലീസ് കസ്റ്റഡിയില്‍ .പക്ഷേ വിട്ടുപോകരുതാത്ത ഒരു സത്യമുണ്ട്, ഇത്തരം വാര്‍ത്തകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡല്‍ഹിയില്‍ ഇതിനു മുന്‍പും അക്രമണങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ ഉപയോഗശേഷം നടുവഴിയില്‍ ഉപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുപകരം പെണ്‍കുട്ടിയെ അതിദയനീയമായി അക്ഷരാര്‍ത്ഥത്തില്‍ ചീന്തിയെറിഞ്ഞു എന്നതാണ്, ഈ കേസിനെ ഇത്ര ബലപ്പെടുത്തിയത്. ഇതിലിനി സര്‍ക്കാര്‍ എന്തു ചെയ്യാനാണ്, ന്യായമായ ചോദ്യം !!!വഴിനീളെ രാത്രിയില്‍ പോലീസിനെ ഡ്യൂട്ടിക്കിടുക എന്നത് എത്രത്തോളം ഫലപ്രദമാണ് എന്നത് ആലോചിക്കേണ്ടതാണ്. നൈറ്റ് പട്രോളിങ്ങിനിറങ്ങുന്ന പോലീസ് ടൈംടേബിള്‍ മനപാഠമാക്കിയ അക്രമിക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് നിസ്സാരമായ രീതിയില്‍ അവന്റേതായ സാഹചര്യങ്ങള്‍ ഒരുക്കാവുന്നതേയുള്ളൂ. അപ്പോള്‍ എവിടെയാണ്, നമുക്ക് തെറ്റുന്നത്?നൈറ്റ്ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വളരെയേറെ ഉള്ള നാടാണ്, നമ്മുടേത്. പക്ഷേ അവരുടെ സുരക്ഷയുടെ കാര്യം ഫലപ്രദമായി ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ചെയ്യാറുണ്ടോ? സ്ത്രീകള്‍ക്ക് കെ എസ് ആര്‍ടി സിയിലും സ്വകാര്യബസുകളിലും രാത്രികാലങ്ങളിലുള്ള പ്രത്യേക പരിരക്ഷ നടപ്പാകാറുണ്ടോ? ഇതൊക്കെ ചുമതലയോടെ നോക്കി നടത്തേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന്, കൈകഴുകാന്‍ കഴിയില്ല. റേപ്പ് ചെയ്യാന്‍ വേണ്ടി മാത്രമായി ഒരു പുരുഷനും നിയോഗിപ്പെടുന്നില്ല. അവന്‍ ചെയ്യുന്ന ക്രൈമിന്റെ ഒരുഭാഗം മാത്രമാണ്, പലപ്പോഴും റേപ്പ് കേസുകള്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗോവിന്ദച്ചാമി ഒരു റേപ്പിസ്റ്റ് മാത്രമല്ല എന്നത് അയാളുടെ കേസ് കോടതിയിലെത്തിയപ്പോള്‍ നമ്മള്‍ കണ്ടതാണ്. വധശിക്ഷ വിധിച്ചിട്ടും അപ്പീലിന്റെ പുറത്തു ജീവിക്കുന്ന ഗോവിന്ദച്ചാമി ഇപ്പോഴും നമ്മുടെ മുന്നില്‍ ചോദ്യചിഹ്നമാണു താനും. ഡല്‍ഹി കേസിലും ഇരയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനു തൊട്ടുമുന്‍പ് മറ്റൊരാളെ അക്രമിച്ച്
പൈസ തട്ടിയെടുത്തെന്ന കേസും പറയുന്നത് ഇതു തന്നെ.
ഇനി ഇത്തരം റേപ്പ് കേസുകള്‍ നടക്കുമോ എന്നുള്ളതല്ല നോക്കേണ്ടത്, പകരം ഇനി ഇവര്‍ക്ക് മതിയായ ശിക്ഷ നല്‍കുക എന്നതിലാണ്, ശ്രദ്ധ കൊടുക്കേണ്ടത്.സര്‍ക്കാരിനും കോടതിക്കും പൊതുജനങ്ങളോടും സ്ത്രീകളോടും ചെയ്യാനാകുന്ന ഏറ്റവും ഉചിതമായ നീതിയും അതു തന്നെ. മറ്റൊരു അപ്പീലിനു കാത്തിരിക്കാതെ അതിവേഗ കോടതി ശിക്ഷ വിധിയ്ക്കുകയും അത് എത്രയും പെട്ടെന്നു തന്നെ നടപ്പില്‍ വരുത്തുകയും ചെയ്യുക. വ്യവസ്ഥിതി മാറിയാലെ പരിതസ്ഥിതി
മാറുകയുള്ളൂ. തെറ്റുതിരുത്താന്‍ ഒരു അവസരം കിട്ടിയാല്‍ ഒരുപക്ഷേ അവര്‍ നന്നായേക്കാമെന്നു പറയുന്ന പലരേയും ഇപ്പോഴും എനിക്കു കാണാം. സൗമ്യ മരിച്ചപ്പോഴും ഇത് ആവര്‍ത്തിച്ച പല മഹാന്‍മാരുമുണ്ട് നമുക്കുചുറ്റും .പക്ഷേ തികഞ്ഞ ഒരു ക്രിമിനലിന്, ശിക്ഷ നല്‍കാതിരിക്കുന്നതിലൂടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുക എന്നതിലുപരി നന്നാവുക എന്നത് അവിടെ അസംഭവ്യമാണ്. പക്ഷേ അത് ഒരു പാഠമാണ്, ഓരോ തെറ്റിനും അതിനുതക്ക ശിക്ഷ ഏറ്റവും കുറഞ്ഞ കാലയളവുകള്‍ക്കുള്ളില്‍ നല്‍കുക എന്നത് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനെ ഒരു പരിധിവരെയെങ്കിലും കുറയ്ക്കും. തീരെ ഇല്ലാതാകുമെന്ന മൂഢധാരണആര്‍ക്കുമുണ്ടാകില്ലെന്നു കരുതാം. പക്ഷേ സമ്പൂര്‍ണമായ ഒരു മാറ്റം നമുക്കു വേണ്ടേ? അതിനുള്ള വഴികള്‍ എത്ര വിമോചനപ്രസ്ഥാനങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്? എത്ര പാര്‍ട്ടികള്‍ വ്യക്തമാക്കുന്നുണ്ട്?
കുട്ടിക്കാലം മുതലേ ഒരാളില്‍ അടിയുറയ്ക്കുന്ന ഒന്നാണ്, സംസ്‌കാരം . പഠനകാലത്തു വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ അവനു വരുത്തുന്ന മാറ്റം നിസ്സാരമല്ല, പ്രത്യേകിച്ച് വീടുകളില്‍ .അപ്പോള്‍ ഒരുവന്റെ ശിക്ഷണരീതി കുട്ടിക്കാലത്തുതന്നെ ആരംഭിക്കണ്ടേ? വലുതാകുമ്പോള്‍ കതിരില്‍കൊണ്ട് വളംവച്ചിട്ട് എന്തു കാര്യം എന്നത് ചിന്തിക്കേണ്ടതാണ്. ജീവിതം തുടങ്ങുന്ന സമയത്ത് ഒട്ടും പ്രയോജനപ്പെടാത്ത കുറച്ചു വിഷയങ്ങള്‍ സിലബസിന്റെ ഭാഗമായി ഇപ്പോള്‍ നമുക്കുണ്ട്,ഇതിനോടൊപ്പം പ്രയോജനമുള്ള മാനുഷിക മൂല്യങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് ബോധവത്കരണം നടത്തേണ്ടതല്ലേ, അടുത്ത തലമുറയെങ്കിലും നന്നായിരിക്കുമല്ലോ... പക്ഷേ അത് ഒരിക്കലും നടക്കുന്ന ഒന്നല്ലെന്ന് ഇത് വായിക്കുന്ന എല്ലാവര്‍ക്കും അറിയാം കാരണം രാഷ്ട്രത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്ന രണ്ട് മഹത്തായ ശക്തികളായ മതത്തിനും രാഷ്ട്രീയത്തിനും ക്രിമിനലുകളെയാണ്, ആവശ്യം. അതുകൊണ്ടുതന്നെ ഇവിടെ റേപ്പിസ്റ്റുകളായ ക്രിമിനലുകള്‍ ഇനിയുമുണ്ടാകും, അപ്പോള്‍ അവസാനത്തെ അടവെന്ന നിലയില്‍ ഒന്നേ ചെയ്യാനുള്ളൂ, പെണ്‍കുട്ടികളെ അവരുടെ പഠനത്തിനൊപ്പം കുറച്ച് ആയോധന കലകള്‍കൂടി പഠിപ്പിക്കുക. കളരിപ്പയറ്റ്, കരാട്ടേ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സ്വയം രക്ഷ നേടുക എന്നതു മാത്രമാണ്, ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു മുന്നിലുള്ള രക്ഷപെടല്‍ മാര്‍ഗ്ഗം. അതിനുംസര്‍ക്കാര്‍ അവസരമൊരുക്കുന്നില്ലെങ്കില്‍ പെണ്‍കുട്ടികള്‍തന്നെ സ്വയം മുന്നിട്ടിറങ്ങി ചെയ്യണം. ഈ ലോകം നിങ്ങള്‍ക്കു വേണ്ടി കൂടിയാണ് എന്ന സത്യം മനസിലാക്കണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: