Pages

Thursday, January 3, 2013

നവജാത ശിശുവിനെ വീട്ടുവളപ്പില്‍ മറവുചെയ്ത അമ്മ അറസ്റ്റില്‍


നവജാത ശിശുവിനെ വീട്ടുവളപ്പില്‍ മറവുചെയ്ത അമ്മ അറസ്റ്റില്‍

ആനക്കോട്ടൂരില്‍ നവജാത ശിശുവിനെ വീട്ടുവളപ്പില്‍ മറവുചെയ്ത സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റുചെയ്തു. ആനക്കോട്ടൂര്‍ മഞ്ജുസദനത്തില്‍ മഞ്ജുവി (36) നെയാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര സി.ഐ. ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മഞ്ജുവിനെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തതോടെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ തെളിവെടുപ്പിനായി ആനക്കോട്ടൂരില്‍ കൊണ്ടുവന്നു. തുടര്‍ന്ന് കോടതി റിമാന്‍ഡു ചെയ്തു. 

കുട്ടി ജനിച്ചയുടന്‍ കത്തി ഉപയോഗിച്ച് പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയശേഷം തോര്‍ത്തുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കി. വീട്ടിന്റെ പരിസരത്ത് അതേ തോര്‍ത്തില്‍ പൊതിഞ്ഞ് കുഴിച്ചിട്ടതായും മഞ്ജു സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
 ഇതിനിടെ മഞ്ജുവിന്റെ മകള്‍ പത്തുവയസ്സുകാരി ആതിരയെ നാട്ടുകാര്‍ പത്തനാപുരം ഗാന്ധിഭവനില്‍ ഏല്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്​പദമായ സംഭവം നടന്നത്. കശുവണ്ടിത്തൊഴിലാളിയായ മഞ്ജു വെള്ളിയാഴ്ച രാത്രിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് കുട്ടിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ശനിയാഴ്ച രാവിലെ പതിവുപോലെ ഫാക്ടറിയില്‍ ജോലിക്കെത്തി. മഞ്ജുവില്‍ കണ്ട ശാരീരികമായ മാറ്റം ശ്രദ്ധിച്ച സഹതൊഴിലാളികള്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ രണ്ടു ലക്ഷം രൂപയ്ക്ക് കുണ്ടറയിലുള്ള ദമ്പതിമാര്‍ക്കു വിറ്റുവെന്നാണ് മഞ്ജു സഹപ്രവര്‍ത്തകരോടു പറഞ്ഞത്. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടനിലയില്‍ കണ്ടത്. കൊട്ടാരക്കര താലൂക്ക് ആസ്​പത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു ഇവര്‍. ഇളയമകള്‍ മാത്രമേ ഇവരോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: