Pages

Saturday, January 12, 2013

വെടിവെപ്പ്: മറ്റുവഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവി


വെടിവെപ്പ്: മറ്റുവഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവി
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ തുടര്‍ന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയ്ക്ക് മറ്റുവഴികള്‍ ആലോചിക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണെ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍, നിയന്ത്രണ രേഖ എന്നിവ മാനിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ലംഘിക്കുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ലംഘനം തുടര്‍ന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയ്ക്ക് മറ്റുവഴികള്‍ തേടേണ്ടിവരും. മറ്റുവഴികള്‍ എന്തൊക്കെയാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത്. ഇതോടെ നിയന്ത്രണ രേഖയില്‍ വെടിവെപ്പും രൂക്ഷമായി. കൃഷ്ണ ഘടി, സോണ ഗലി സെക്ടറുകളില്‍ അഞ്ചിടത്ത് പാക് മേഖലയില്‍ നിന്ന് വെള്ളിയാഴ്ച വൈകിട്ട് രൂക്ഷമായ വെടിവെപ്പുണ്ടായതായി പ്രതിരോധവക്താവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീറിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ ഇസ് ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിയേയും പാകിസ്താന്‍ വിളിച്ചു വരുത്തി. ഒരു പാകിസ്താന്‍ സൈനികന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്താന്റെ ആരോപണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: