Pages

Tuesday, January 1, 2013

പുതുതലമുറയ്ക്കു മാതൃകയായി തെങ്ങു കയറാന്‍ ഒരുകുടുംബം


പുതുതലമുറയ്ക്കു മാതൃകയായി തെങ്ങു കയറാന്‍ ഒരുകുടുംബം
പരമ്പരാഗത തൊഴിലുകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതുവര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഉയരങ്ങളിലേക്ക് ഒരു കുടുംബം.തെങ്ങു കയറാന്‍ ആളെ കിട്ടാത്ത ഇക്കാലത്ത് ഒരു കുടുംബം മുഴുവനും തെങ്ങ് കയറുകയാണ്. ഇടമുളയ്ക്കല്‍ പ്ലാവിള പുത്തന്‍വീട്ടില്‍ സജു തങ്കച്ചന്‍, ഭാര്യ ഷീബ തങ്കച്ചന്‍, മക്കളായ സ്റ്റാലില്‍ സജു, സോഫിയ സജു എന്നിവരാണ് ഉയരത്തിലേക്ക് കയറി വ്യത്യസ്തരാവുന്നത്.സജുവിനും ഭാര്യയ്ക്കും തെങ്ങുകയറ്റം തൊഴിലാണ്. മക്കളാകട്ടെ അച്ഛനും അമ്മയും തെങ്ങ് കയറുന്നതു കണ്ട് കൗതുകം തോന്നി പഠിച്ചതാണ്. 7 വയസ്സുകാരനായ സ്റ്റാലിനും 5 വയസ്സുകാരിയായ സോഫിയയും കയറാത്ത തെങ്ങുകളില്ല. എന്നാല്‍ മക്കളെ ജോലിക്ക് കൂട്ടാറില്ല. കുട്ടികളെ ഈ തൊഴില്‍ മേഖലയില്‍ വിടാനും രക്ഷാകര്‍ത്താക്കള്‍ക്ക് ഉദ്ദേശ്യമില്ല.

സ്വന്തം പുരയിടത്തില്‍പ്പോലും തേങ്ങയിടാന്‍ ആളിനെ കിട്ടാതെ വന്നപ്പോഴാണ് തെങ്ങുകയറ്റത്തെപ്പറ്റി സജു ചിന്തിച്ചത്. അപ്പോഴാണ് പത്രത്തില്‍ തെങ്ങു കയറ്റ പരിശീലനത്തെക്കുറിച്ച് വാര്‍ത്ത കണ്ടത്. കൊട്ടാരക്കര സദാനന്ദപുരത്തെ നാളി
കേര വികസന ബോര്‍ഡ് നടത്തുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുത്തത്. രണ്ടു വര്‍ഷമായി തെങ്ങുകയറ്റം തുടരുകയാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെല്ലാം തെങ്ങുകയറാന്‍ പോകാറുണ്ട്. ഒരുദിവസം 50 മുതല്‍ 80 വരെ തെങ്ങില്‍ കയറും. ഒരു തെങ്ങിന് 20 രൂപയാണ് നിരക്ക്. തേങ്ങയിടീലിന് പുറമെ തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നു തളി തുടങ്ങിയ ജോലികളും ചെയ്യാറുണ്ട്. സ്വന്തം ആവശ്യത്തിനായി തുടങ്ങിയ തെങ്ങുകയറ്റം ജീവിത മാര്‍ഗമായി മാറിയതുകൊണ്ട് സജുവും കുടുംബവും വളരെ സന്തോഷത്തിലാണ്. ജീവിക്കുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനുമായി നല്ല സാമ്പത്തികം ഈ തൊഴില്‍വഴി ലഭിക്കുന്നുണ്ടെന്ന് സജു പറഞ്ഞു. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ വാഹനത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോകും. ഫോണില്‍ വിളിച്ച് പറഞ്ഞാലും സജു നിമിഷങ്ങള്‍ക്കുള്ളില്‍ ബൈക്കില്‍ സ്ഥലത്തെത്തും.

ജില്ലയ്ക്ക് പുറത്തേക്ക് പോകുമ്പോള്‍ പലപ്പോഴും ഭാര്യയെ കൊണ്ടുപോകാറില്ല. സജുവിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന 'തെങ്ങിന്‍ ചങ്ങാതിക്കൂട്ടം' എന്ന സുഹൃത്തുക്കളുണ്ട്. അവരുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. അച്ഛനും അമ്മയും മക്കളും മത്സരിച്ച് തെങ്ങില്‍ കയറുന്ന കാഴ്ച മനോഹരമാണ്. തെങ്ങ് യഥാര്‍ത്ഥ കല്പവൃക്ഷമാണെന്ന് ഈ കുടുംബം സന്തോഷത്തോടെ പറയുന്നു.പുര്‍ച്ചെ നാലുമണിയോടെ എഴുന്നേല്‍ക്കുന്ന കുടുംബം സ്വന്തം പുരയിടത്തിലെ റബ്ബര്‍ ടാപ്പിങ് കഴിഞ്ഞ് സമീപത്തുള്ള റബ്ബര്‍വെട്ടാനും പോകും. ഇതിനിടെ വീട്ടിലെ പശുക്കളുടെ കാര്യവും റെഡി. പുരയിടത്തിലെ വാഴ, മരച്ചീനി, ചേന തുടങ്ങിയ മറ്റ് കൃഷികള്‍ വേറെ.തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് അന്യനാട്ടുകാരെ ആശ്രയിക്കുന്ന കേരളത്തിനും പുതുതലമുറയ്ക്കും മാതൃകയാവുകയാണ് ഈ കുടുംബം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: