Pages

Sunday, December 2, 2012

PATTATHUVILA DAMODARAN AWARD


പട്ടത്തുവിള ദാമോദരന്‍ സ്മാരക അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സമ്മാനിച്ചു

ജീവകാരുണ്യപ്രവര്‍ത്തനത്തിന് സ്വന്തം ജീവിതം മാതൃകയാക്കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് പട്ടത്തുവിള ദാമോദരന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മേഘാലയ ഗവര്‍ണര്‍ ആര്‍എസ് മുഷാഹരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
സഹജീവികളോടുള്ള സഹാനുഭൂതിയും സ്‌നേഹവും കാരുണ്യവുമാണ് ഏറ്റവും വലിയ ധര്‍മ്മമെന്ന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് ആര്‍എസ് മുഷാഹരി പറഞ്ഞു. എല്ലാ മതങ്ങളും സ്‌നേഹവും സാഹോദര്യവുമാണ് ഉദ്‌ഘോഷിക്കുന്നതെങ്കിലും അതൊന്നും പ്രവൃത്തിപഥത്തില്‍ എത്തിച്ചേരുന്നില്ല. ധര്‍മ്മം നടപ്പാക്കുന്നതില്‍ മതങ്ങളും പരാജയമടഞ്ഞിരിക്കുന്നു. മക്കളെ ഉദരത്തില്‍ സൂക്ഷിക്കുന്ന കങ്കാരുവിനെ തന്റെ വ്യവസായത്തിന്റെ ചിഹ്നമാക്കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്വന്തം വൃക്ക ദാനം ചെയ്ത പ്രവൃത്തിയിലൂടെ കേരളീയര്‍ക്കൊന്നാകെ മാതൃക കാട്ടിയിരിക്കുകയാണ്. ജനങ്ങള്‍ ശത്രുതാമനോഭാവവും അസഹിഷ്ണുതയും കൈവെടിഞ്ഞ് കരുണയും സ്‌നേഹവും ബഹുമാനവും കാട്ടിയാല്‍ കേരളം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും മുഷാഹരി പറഞ്ഞു.
പ്രശംസ അര്‍ഹിക്കുന്ന തരത്തില്‍ വലിയ കാര്യമൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് മറുപടി പ്രസംഗത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിരവധി പേര്‍ വൃക്കദാനം ചെയ്യുന്നുണ്ട്. തന്റെ വൃക്ക സ്വീകരിച്ച ജോയിയുടെ ഭാര്യ ജോളി, അവരുടെ വൃക്ക മറ്റൊരാള്‍ക്ക് ദാനം ചെയ്തിരുന്നു. നേത്രദാനം സമൂഹത്തില്‍ വ്യാപകമായിട്ടുണ്ട്. മസ്തിഷ്‌കമരണം സംഭവിക്കുന്ന വ്യക്തികളുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകണമെന്നും ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൂട്ടിച്ചേര്‍ത്തു. സ്വന്തം മാതാപിതാക്കള്‍ക്ക് രക്തം ദാനം ചെയ്യാന്‍ പോലും മടിക്കുന്ന ആളുകള്‍ നിറഞ്ഞ സമൂഹത്തില്‍ അജ്ഞാതനായ ഒരാള്‍ക്ക് വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ മഹാനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെന്ന് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിലെ വി ഗംഗാധരന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഐഎച്ച്ആര്‍ഡി സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു. നൂറ് അമ്മമാര്‍ക്ക് 300 രൂപ വീതം പ്രതിമാസം നല്‍കുന്ന 'അമ്മയ്ക്കായ്' എന്ന പദ്ധതിയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യപ്രവര്‍ത്തനം അലങ്കാരത്തിനും പ്രശസ്തിക്കും പ്രചരണത്തിനും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തനായ ജീവകാരുണ്യപ്രവര്‍ത്തകനാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വ്യവസായവും ജനസേവനത്തിനുവേണ്ടി ഉപയോഗിച്ച് മാതൃക കാട്ടിയതുമൂലമാണ് ചിറ്റിലപ്പിള്ളിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ജൂറി അംഗം കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൃക്ക ദാനം ചെയ്ത ജോയിയും കുടുംബവും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വൃക്ക ദാതാവിന് അവര്‍ സ്‌നേഹപുഷ്പങ്ങളും സമ്മാനിച്ചു. അവാര്‍ഡ് തുക ഫാ. ഡേവിസ് ചിറമ്മലിന്റെ കിഡ്‌നി ഫൗണ്ടേഷന് ദാനം ചെയ്തതായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ തെങ്ങമം ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ആര്‍എസ് ബാബു സ്വാഗതം പറഞ്ഞു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സെയ്ത് റഷീദ്, ജി രാജ്‌മോഹന്‍, എന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: