Pages

Friday, December 21, 2012

NINGALENNE COMMUNISTAKKI



കാലത്തെ അതിജീവിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിന് നാളെ(22-12-2012) 60 വയസ്
                              പിഎസ് സുരേഷ്
മലയാള നാടകചരിത്രത്തിലും കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലും നിര്‍ണായകസ്ഥാനം നേടിയ തോപ്പില്‍ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന കെപിഎസി നാടകം അരങ്ങിലെത്തിയിട്ട് നാളെ 60ര്‍ഷം തികയുകയാണ്. ചവറ തട്ടാശേരിയിലെ സുദര്‍ശന എന്ന പേരിലുള്ള ഓലക്കൊട്ടകയില്‍ നാടകം അവതരിപ്പിച്ചപ്പോള്‍ അതൊരു ചരിത്രസംഭവത്തിന് സാക്ഷിയാവുകയാണെന്ന് നിറഞ്ഞുകവിഞ്ഞ സദസിന് അന്ന് തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ അതാണ് സംഭവിച്ചത്. കേരള രാഷ്ട്രീയത്തെയും സാമൂഹ്യജീവിതത്തെയും ഇറക്കിമറിച്ച ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു അവിടെ നടന്നത്. പുരോഗമനസാഹിത്യകാരനും അന്നത്തെ ചെറുപ്പക്കാരുടെ ഹരവുമായിരുന്ന ഡിഎം പൊറ്റക്കാടായിരുന്നു നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
1952 ഡിസംബര്‍ നാലാം തീയതി 'ജനയുഗം' വാരികയില്‍ വന്ന പരസ്യം ഇങ്ങനെയായിരുന്നു. 'നിങ്ങള്‍ ഉല്‍കണ്ഠയോടെ പ്രതീക്ഷിച്ചിരുന്ന ഉദ്ഘാടന മഹാമഹം- നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നാണ് കൊടുത്തിരുന്നത്. രചയിതാവ് സോമനാണെന്നും (അന്ന് രചയിതാവായ തോപ്പില്‍ ഭാസി ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ മകന്റെ പേരാണ് സോമന്‍) പരസ്യം ചെയ്തു. അഭിനേതാക്കളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയും വിശദമായ വിവരങ്ങള്‍ പരസ്യത്തില്‍ ചേര്‍ത്തിരുന്നു. കാമ്പിശേരി(പരമുപിള്ള), ഒ മാധവന്‍ (പപ്പു), ജി ജനാര്‍ദ്ദനക്കുറുപ്പ്(കേശവപിള്ള), തോപ്പില്‍ കൃഷ്ണപിള്ള (കറമ്പന്‍), സുധര്‍മ്മ(മാല), സുലോചന (സുമ), ഭാര്‍ഗവി (കല്യാണി അമ്മ), വിജയകുമാരി (മീന) എന്നിവരായിരുന്നു ആദ്യത്തെ അഭിനേതാക്കള്‍.
നാടകത്തിന്റെ അവതരണഗാനം മുതല്‍ ഓരോ രംഗങ്ങളും കാണികളെ വല്ലാത്ത ഒരു അനുഭൂതിയിലാണെത്തിച്ചത്. 'ദീപങ്ങള്‍ മങ്ങി- കൂരിരുള്‍ തിങ്ങി- മന്ദിരമൊന്നതാ കാണ്‍മൂ മുന്നില്‍....' എന്ന അവതരണഗാനം കെഎസ് ജോര്‍ജിന്റെ ഘനമുള്ള ശബ്ദത്തില്‍ മുഴങ്ങുമ്പോഴാണ് കര്‍ട്ടന്‍ ഉയരുന്നത്. നായകനടന്‍ ഇതാ രംഗത്തെത്തി. എല്ലാവരും പ്രതീക്ഷിച്ചത് പട്ടുകുപ്പായവും കിന്നരി തലപ്പാവുമണിഞ്ഞ് ഒരു പ്രഭുകുമാരനെയാണ്. ചുണ്ടില്‍ കര്‍ണാടകസംഗീതവും ഉണ്ടാകേണ്ടതാണ്. എന്നാല്‍ എല്ലുന്തിയ അര്‍ദ്ധനഗ്നനായ ഒരു വയസന്‍ ഉണങ്ങിയ ഓലമടലുമായി പിറുപിറുത്തുകൊണ്ട് പ്രവേശിക്കുന്ന ആ രംഗം കണ്ടപ്പോള്‍ അത്ഭുതവും ഞെട്ടലുമാണുണ്ടായതെന്ന് പില്‍ക്കാലത്ത് പലരും ഓര്‍മ്മിച്ചുകണ്ടു. കാണികള്‍ കണ്ണുമിഴിച്ചിരുന്നു. ഓരോ സംഭാഷണവും ഓരോ കഥാപാത്രവും തന്റെ ചുറ്റിലുള്ളതാണെന്ന തോന്നലാണ് കാണികള്‍ക്കുണ്ടായത്. അത് തങ്ങള്‍തന്നെയാണെന്ന് നാടകത്തിലൂടെ അവര്‍ ദര്‍ശിച്ചു. 
കടിച്ചാല്‍ പൊട്ടാത്ത സംസ്‌കൃതപദങ്ങള്‍ക്ക് പകരം തങ്ങളുടെ നാടന്‍ഭാഷയാണ് അവിടെ കേട്ടത്. കറമ്പനും മാലയും പപ്പുവും എല്ലാം വിളിച്ചുപറയുന്ന സത്യങ്ങള്‍ കേട്ട് കാണികള്‍ കോരിത്തരിച്ചു. നാടകം അവസാനിക്കുമ്പോള്‍ കൈയടി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ഉച്ചത്തിലുള്ള മുദ്രാവാക്യമാണ് ഉയര്‍ന്നത്. ആ രംഗം ഒരിക്കലും തന്റെ മനസ്സില്‍ നിന്ന് മായുന്നില്ലെന്നാണ് ആ നാടകത്തിലെ ബാലനടിയായി അഭിനയിച്ച വിജയകുമാരി കുറച്ചുനാള്‍ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞത്.
ഡിസംബര്‍ 19ലെ 'ജനയുഗം' വാരികയില്‍ ആനന്ദ് എഴുതിയ ആസ്വാദനക്കുറിപ്പില്‍ നാടകത്തെപ്പറ്റി പറഞ്ഞതിങ്ങനെ- 'അതൊരു നാടകാഭിനയമല്ല, ഒരര്‍ദ്ധരാത്രിക്കിടയില്‍ ഒരു നാടിന്റെ ജീവിതം കണ്‍മുന്നിലൂടെ നീങ്ങുകയാണ്. നമ്മുടെ മലയാള നാടകവേദിയില്‍ വിപ്ലവകരമായ ഒരദ്ധ്യായത്തിന് വിഭാതരശ്മികള്‍ വീഴ്ത്തിക്കൊണ്ടാണ് ഈ നാടകം കേരളാ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ് രംഗത്ത് കൊണ്ടുവന്നിരിക്കുന്നത്. കലയും ജീവിതവും സമഞ്ജസമായി സമ്മേളിച്ച നാടകാഭിനയം ഇരുളിലാണ്ട നമ്മുടെ നാടകകലയ്ക്ക് നൂതനമായ ഒരു പൊന്‍വെളിച്ചം വിതറുകയാണ് ചെയ്തിട്ടുള്ളത്. ഏറിയ കാലമായി ബൂര്‍ഷ്വാ ലൈംഗിക അരാജകത്വത്തിന്റെ വികൃതമായ പ്രേമാഭാസങ്ങളുടെ മനശാസ്ത്രാപഗ്രഥന പാണ്ഡിത്യത്തിന്റെ പേരിലുള്ള മടുപ്പിക്കുന്ന വാചക കസര്‍ത്തുകളുടെയും ഇസങ്ങളുടെ പുറംമോടി ധരിച്ച് കാശ് മാറുന്ന പിന്‍തിരിപ്പന്‍ ആശയപ്രകടനങ്ങളുടെ ഇടയില്‍ നിന്നും വീര്‍പ്പുമുട്ടുന്ന സഹൃദയര്‍ക്ക് കലയുടെ സ്വതന്ത്രവായു ശ്വസിക്കുവാന്‍ കഴിയുമെന്ന് നിസന്ദേഹമായി പ്രഖ്യാപിക്കാം'.
മലയാളക്കരയില്‍ ആദ്യമായി ചെങ്കൊടിയേന്തിയ ഈ നാടകം തോപ്പില്‍ ഭാസി സമര്‍പ്പിച്ചത് ശൂരനാട് രക്തസാക്ഷികള്‍ക്കുവേണ്ടിയായിരുന്നു. അന്ന് യുവകവികളില്‍ ശ്രദ്ധേയനായിരുന്ന ഒഎന്‍വി കുറുപ്പിന്റെ ഗാനങ്ങള്‍ നാടകത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഒഎന്‍വിയുടെ ഗാനവും ദേവരാജന്റെ സംഗീതവും കൂടിയായപ്പോള്‍ സംഗീതരംഗത്ത് അതൊരു പുതിയ ചരിത്രമായി മാറി. അന്നോളമുണ്ടായിരുന്ന ലളിത സംഗീതത്തിന്റെ രീതികളില്‍ നിന്ന് ഇവര്‍ വരുത്തിയ വ്യത്യാസം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 
ഇത്രയധികം നിരോധന ഉത്തരവ് ഏറ്റുവാങ്ങിയ, എതിര്‍പ്പുകളെ നേരിട്ട നാടകം മലയാളക്കരയില്‍ വേറെയില്ല. ഏറ്റവും അധികം വേദികളില്‍ അവതരിപ്പിച്ചതും ഈ നാടകം തന്നെ. ഈ നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നതും ചവറയിലായിരുന്നു. കോടാകുളങ്ങര വാസുപിള്ളയുടെ വീടായിരുന്നു റിഹേഴ്‌സല്‍ ക്യാമ്പ്. അതില്‍ രംഗത്ത് വന്ന മഹാരഥന്‍മാരാരും ഇന്ന് നമ്മോടൊപ്പമില്ല. ആദ്യമായി അഭിനയിച്ച വിജയകുമാരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഇന്നും ജനമനസുകളില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞത്  ഈ നാടകം ഉയര്‍ത്തിയ സന്ദേശത്തിന്റെ മഹത്വമാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ മലയാളക്കരയില്‍ എത്രയോ നാടകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇന്നും നാം ചര്‍ച്ച ചെയ്യുന്ന നാടകമായി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' മാറിയത് അതിന്റെ ജനപ്രീതിയും വിശ്വാസ്യതയും കൊണ്ട്് മാത്രമാണെന്ന് നിസ്സംശയും പറയാം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: