Pages

Tuesday, December 4, 2012

LEAD IS HARMFUL TO HEALTHLead is Harmful to your Health


കറുത്തീയത്തിന്റെ അളവ് കൂടുന്നത് പഠന-സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു

            കറുത്തീയത്തിന്റെ അളവ് ശരീരത്തില്‍ അധികമാകുന്നതുകൊണ്ട് പഠന-സ്വഭാവ വൈകല്യങ്ങള്‍ കുട്ടികളില്‍ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം അബ്ദുല്‍ ലത്തീഫ്, തിരുവനന്തപുരം റീജണല്‍ റിസര്‍ച്ച് ലാബിലെ സീ-മാര്‍സ് വിഭാഗം തലവനായിരുന്ന ഡോ. സി എസ് പി അയ്യര്‍, റിസര്‍ച്ച് ഫെലോ ജസ്റ്റിന്‍ ജോസഫ് എന്നിവരാണ് ഗവേഷണം നടത്തിയത്. കേരളത്തില്‍ ആദ്യമായാണ് കറുത്തീയംകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് പഠനം നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ കീഴിലുള്ള "ആയുഷ്" ഡിപ്പാര്‍ട്മെന്റിന്റെ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.


തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പുനലൂര്‍ ഭാഗങ്ങളിലെ കുട്ടികള്‍, ചെറുപ്പക്കാര്‍, മുതിര്‍ന്നവരടക്കം 759 ആള്‍ക്കാരുടെ രക്തത്തിലെ ലെഡിന്റെ അളവാണ് പരിശോധിച്ചത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതല്‍ ലെഡ് കണ്ടത്. ഹോമിയോ മരുന്ന് നല്‍കിയ 57 പേരില്‍ മൂന്നുമാസത്തിനുള്ളില്‍ രക്തത്തിലെ ലെഡിന്റെ അളവ് കുറയുകയും രോഗശമനം ഉണ്ടാവുകയും ചെയ്തു. ഹോമിയോപ്പതി മരുന്നുകളുപയോഗിച്ച് രക്തത്തിലെ ലെഡിന്റെ അളവ് കുറയ്ക്കാമെന്നും പ്രകടമായ രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുമെന്നും കണ്ടെത്തിയതായി ഡോ. അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം ഒരു ഡെസീ ലിറ്റര്‍ രക്തത്തില്‍ പത്ത് മൈക്രോഗ്രാം ലെഡ് എന്നാണ് കണക്ക്. എന്നാല്‍, രക്തത്തില്‍ 25 മൈക്രോ ഗ്രാം ലെഡ് ഉണ്ടാകുമ്പോള്‍ ബുദ്ധിശക്തി നശിക്കുക, പഠനവൈകല്യങ്ങള്‍, വളര്‍ച്ചാ മുരടിപ്പ്, അനവധി പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ലെഡിന്റെ അളവ് കൂടുംതോറും മാറാരോഗികളായി മാറും.

അനീമിയ, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, കിഡ്നി- ഹൃദയരോഗങ്ങളും പിടിപെടും. ചെറുപ്പക്കാരിലെ സ്വഭാവമാറ്റങ്ങളും അമിതമായ ദേഷ്യവും വിരല്‍ ചൂണ്ടുന്നത് ശരീരത്തിലെ ലെഡിന്റെ അളവ് കൂടുന്നതിലേക്കാണ്. എന്നാല്‍, കേരളത്തില്‍ ഒരു ലാബിലും രക്തത്തിലെ ലെഡ് പരിശോധന ഇല്ല. ചെന്നൈയിലും മറ്റു പ്രധാന നഗരങ്ങളിലും പരിശോധനയ്ക്ക് 1500 രൂപയ്ക്കു മുകളിലാണ് വില. അതിനാല്‍ കേരളത്തിലും വ്യാപകമായി ചുരുങ്ങിയ ചെലവില്‍ ലെഡിന്റെ അളവ് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ആയുഷ് ഡിപ്പാര്‍ട്മെന്റില്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ഡോ. എം അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: