Pages

Sunday, December 16, 2012

COMMON CHILDHOOD DISEASES


കുഞ്ഞുങ്ങൾക്ക് രോഗം വന്നാൽ
 
കുഞ്ഞുങ്ങൾക്ക് രോഗം വന്നാൽ കുടുംബമൊന്നാകെ ആധിയും ആശങ്കയുമാകും. അൽപ്പം മുൻകരുതൽ ഈ കാര്യത്തിലുണ്ടെങ്കിൽ ടെൻഷന്റെ ആവശ്യമേയില്ല. കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ കൃത്യമായ നിരീക്ഷണം നടത്തുകയാണെങ്കിൽ വളരെയെളുപ്പത്തിൽ തന്നെ രോഗമെത്തുന്ന വഴികൾ തിരിച്ചറിയാൻ സാധിക്കും. അങ്ങനെ രോഗ പ്രതിരോധ മാർഗങ്ങൾ കൂടുതൽ എളുപ്പമാകും.            പനി-കുഞ്ഞുങ്ങളിലെ പതിവ് അസുഖങ്ങളിൽ പ്രധാനമാണ് പനി. പനി പലപ്പോഴും രോഗലക്ഷണമായതിനാൽ തന്നെ ഒട്ടും അശ്രദ്ധ കാണിക്കരുത്. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് തുടയ്ക്കുന്നത് വളരെ നല്ലതാണ്. പനി ഒട്ടും കുറയുന്നില്ലെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടണം. പാരസെറ്റാമോൾ സിറപ്പ് ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഉപയോഗിക്കുക.

ജലദോഷം-കുഞ്ഞുങ്ങളെ തേടി പതിവായി എത്തുന്ന പകർച്ചവ്യാധിയാണ് ജലദോഷം. ഇതൊരു വൈറസ് രോഗമാണ്. മൂക്കൊലിപ്പ്, തുമ്മൽ, നിർത്താതെയുള്ള കരച്ചിൽ, പനി എന്നിവയൊക്കെ ജലദോഷത്തിന്റെ കൂടെയെത്തും. ശ്വസനേന്ദ്രിയത്തിലെ അണുബാധ നീക്കം ചെയ്യുന്ന നാസൽ ഡ്രോപ്പ്സ് കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകും. ജലദോഷമുള്ള സമയത്ത് കുഞ്ഞുങ്ങൾക്ക് പാൽ കുടിക്കാൻ മടിയുണ്ടാകും. ഇതും അവരുടെ വാശി കൂട്ടും.

ഹൃദ്രോഗങ്ങൾ-ശൈശവദശയിൽ ഏറെ സങ്കീർണമായ രോഗാവസ്ഥയാണ് ഹൃദ്രോഗം. പലപ്പോഴും ജന്മനായുള്ള അസുഖമാണിത്. രക്തം ശ്വാസകോശത്തിനുള്ളിൽ വെച്ച് ശുദ്ധീകരിക്കപ്പെടാതെ പോകുന്ന പ്രശ്നമാണിത്. ഹൃദയത്തിന്റെ അറകൾക്കിടയിൽ അസാധാരണമായ സുഷിരമോ,വിള്ളലുകളോ ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരം രോഗാവസ്ഥയുണ്ടാകുന്നത്. വളരെ ഗുരുതരമായ രോഗാവസ്ഥയായതിനാൽ തന്നെ ഏറെ ശ്രദ്ധ ചെലുത്തണം. ജന്മനായുള്ള മിക്ക ഹൃദ്രോഗങ്ങളും ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളൂ.

അലർജി-അലർജി കാരണം ഒട്ടേറെ അസ്വസ്ഥതകൾ കുട്ടികളെ തേടിയെത്താം. മൂക്കൊലിപ്പും തുമ്മലുമാണ് പ്രധാന ലക്ഷണങ്ങൾ. ശ്വാസംമുട്ടൽ കുഞ്ഞുങ്ങൾക്ക് വിമ്മിഷ്ടമുണ്ടാക്കിയേക്കാം.

ഛർദ്ദി-കുഞ്ഞുങ്ങളിലെ ഛർദ്ദി പലപ്പോഴും അച്ഛനമ്മമാരെയാണ് കൂടുതൽ ടെൻഷനടിപ്പിക്കുക. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയോ, ഛർദ്ദിയുടെ കാരണങ്ങൾ എന്താണ് തുടങ്ങിയ അസ്വസ്ഥതകൾ ദൈനംദിന ജീവിതത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. കുടലിൽ എന്തെങ്കിലും തടസമുണ്ടാകുകയോ ദഹനക്കേടുണ്ടാകുകയോ ചെയ്യുന്നത് ഛർദ്ദിക്ക് കാരണമാകും. അതേ പോലെ വയറിളക്കവും പലപ്പോഴും ഛർദ്ദിയോടൊപ്പം പതിവാണ്.

വയറുവേദന-പലപ്പോഴും തീരെ ചെറിയ കുഞ്ഞുങ്ങൾ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ നിർത്തലില്ലാതെ കരയുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. പലപ്പോഴും വയറുവേദനയാണ് ഇത്തരം കാരണമില്ലാ കരച്ചിലുകളുടെ മുഖ്യകാരണം. ഗ്യാസ് ട്രബിൾ, വയറിളക്കം, ദഹനപ്രശ്നങ്ങൾ എന്നിവയല്ലാം വയറുവേദനയുടെ കാരണങ്ങളാകാം. വിരശല്യം, മൂത്രത്തിൽ പഴുപ്പ് എന്നീ സാഹചര്യങ്ങളിലും വയറുവേദനയുണ്ടാകാം.

ചുമ-അലർജിയാണ് ചുമയുടെ പ്രധാനകാരണം. വൈറസ് അണുബാധയാണ് അലർജിയുടെ പ്രധാനകാരണം. ജലദോഷത്തെയും പനിയെയും തുടർന്നാണ് ചുമ സാധാരണയുണ്ടാകുന്നത്. പനിയും ശ്വാസതടസവും ചുമയും ചികിത്സിച്ചിട്ടും മാറിയില്ലെങ്കിൽ എക്സ്‌റേ, രക്ത പരിശോധന എന്നിവയും വിദഗ്ദ്ധ ചികിത്സയും വേണ്ടി വരും.

വയറിളക്കം-കുഞ്ഞുങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്നതാണ് വയറിളക്കം. എന്നാൽ ഈ അവസ്ഥ കൂടുകയാണെങ്കിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും പറഞ്ഞറിയിക്കാൻ സാധിക്കില്ല. നന്നായി ഇളകി വെള്ളം പോലെയുള്ള വയറിളക്കമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. തളർന്നു പോകാവുന്ന കുഞ്ഞിന് ശരീരത്തിൽ നിന്ന് തീരെ വെള്ളം നഷ്ടപ്പെട്ട് നിർജ്ജലീകരണാവസ്ഥയിൽ എത്തപ്പെടുകയാണെങ്കിൽ വളരെ അപകടകരമാണ്. ശരീരത്തിൽ നിന്ന് തുടർച്ചയായി നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും ഉടനടി ശരീരത്തിന് തിരിച്ചു നൽകുന്നതാണ് ഏറ്റവും ആദ്യത്തെ ചികിത്സ. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവയോടൊപ്പം ഒ. ആർ. എസ് പൊടി തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ലയിപ്പിച്ചിട്ടും കുഞ്ഞുങ്ങൾക്ക് നൽകാം. മുലപ്പാൽ നൽകുന്നത് നൽകാതിരിക്കരുത്.

റുമാറ്റിക് ഫീവർ-പ്രത്യേകതരം സന്ധിവാതമാണിത്. അഞ്ചുവയസ്സിനും പതിനഞ്ചുവയസ്സിനുമിടയ്ക്കാണ് സാധാരണ കണ്ടുവരുന്നത്. പനിയും മാറി മാറിയുള്ള സന്ധിവേദനയുമാണ് പ്രധാനലക്ഷണങ്ങൾ. നീരും വേദനയും മാറി മാറി പ്രത്യക്ഷപ്പെടുകയും ചെയ്യും. കൈമുട്ടുകളെയും കാൽമുട്ടുകളെയുമാണ് സാധാരണയായി ഇത് ബാധിക്കുന്നത്. പിന്നീട് ഹൃദയവാൾവുകളെ ബാധിക്കുന്നു എന്നതാണ് ഏറെ കരുതലെടുക്കേണ്ടത്.

കോങ്കണ്ണ്-കുഞ്ഞുങ്ങളിലെ ഏതുതരം വൈകല്യങ്ങളും രക്ഷിതാക്കൾക്ക് തീരാ സങ്കടമാണ്. ആറുമാസത്തിന് മുമ്പുള്ള കോങ്കണ്ണാണെങ്കിൽ പിന്നീട് മാറും. ആ കാലത്തിന് ശേഷവും കോങ്കണ്ണ് നിലനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടണം. ശസ്ത്രക്രിയവഴി പ്രശ്നം പരിഹരിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

ഡോ. മഞ്ജു കുരാക്കാര്‍

No comments: