Pages

Sunday, December 30, 2012

പരമാവധി ശിക്ഷ ഉറപ്പാക്കണം


പരമാവധി ശിക്ഷ ഉറപ്പാക്കണം
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. രാജ്യം ആ വിയോഗത്തിന്റെ ദുഃഖത്തിലാണ്. അതിനുകാരണക്കാരായവരുടെ നേര്‍ ക്കുള്ള രോഷവും എവിടെയും അലയടിച്ചുയരുന്നു. അക്രമിസംഘത്തിന് എത്രയും വേഗം പരമാവധി ശിക്ഷ ഉറപ്പാക്കാനെങ്കിലും ഭരണകൂടത്തിന് സാധിക്കണം. പെണ്‍കുട്ടി മരിച്ചതോടെ പ്രതികളുടെ പേരില്‍ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ അക്രമികള്‍ക്കെതിരായ നടപടി മാത്രമല്ല ഉണ്ടാകേണ്ടത്. രാജ്യത്തെ ക്രമസമാധാനപാലനത്തിലെയും നീതിന്യായസംവിധാനത്തിലെയും സാമൂഹികക്രമത്തിലെയും പാളിച്ചകള്‍ തിരുത്താനും ഈ ദുരന്തം പ്രേരകമാകണം. രാഷ്ട്രീയകക്ഷികളുടെയോ സംഘടനകളുടെയോ ആഹ്വാനമില്ലാതെ കാമ്പസുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചതാണ് ഡല്‍ഹിസംഭവം ജനശ്രദ്ധയില്‍ വരാന്‍ കാരണം. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രായഭേദമില്ലാതെ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നുണ്ട്. ഈ മൂല്യച്യുതിക്ക് അറുതി വരുത്താന്‍ സാമൂഹിക, ഭരണ, നീതിനിര്‍വഹണസംവിധാനം ഉടച്ചുവാര്‍ക്കണം. 

കുറ്റം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന് വന്നാല്‍ കുറ്റകൃത്യങ്ങള്‍ ഒരുപരിധിവരെയെങ്കിലും കുറയും. കേസ് നടത്തിപ്പിലെ വീഴ്ചകളും കാലതാമസവും കാരണം അതിക്രമങ്ങളിലധികവും പരാതി പോലുമില്ലാതെ പോകുന്നു. വൈകാതെ വിചാരണ നടത്തി തീര്‍പ്പുപറയുന്ന കേസുകളില്‍പ്പോലും ശിക്ഷ പരമാവധി പത്തുവര്‍ഷം തടവിലൊതുങ്ങുകയാണ്. കോടതിക്കു മുന്നില്‍ ശക്തമായ തെളിവുകള്‍ എത്താത്തതായിരിക്കാം ഏറ്റവും കുടുത്ത ശിക്ഷയ്ക്കു തടസ്സമാകുന്നത്. ഈ നിലയില്‍ മാറ്റം വന്നേ തീരൂ.പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച നാട്ടിലെ യുവജനതയും സന്നദ്ധസംഘടനകളും ഉള്‍പ്പെട്ട സമൂഹത്തിന് ഇക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സാധിക്കും. കേസ് നടത്തിപ്പിലെ വീഴ്ച, കോടതികളിലെ കാലതാമസം, ശിക്ഷയിലെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടുന്നതിനും അവര്‍ ശബ്ദമുയര്‍ത്തണം. സ്ത്രീപീഡനക്കേസുകള്‍ക്ക് പ്രത്യേക കോടതികള്‍ ഏര്‍പ്പെടുത്തുകയും കേസന്വേഷണം ശാസ്ത്രീയമാക്കുകയും ചെയ്യണം. വൈകാരികമായ പ്രതിഷേധമല്ല, ഇത്തരം ക്രിയാത്മകനടപടികളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പറയുന്നു. ആ നിലയ്ക്ക്, നാട്ടുകാരുടെ ഇത്തരം ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന്റെ സമയക്രമം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അതനുസരിച്ച് ഒരോ ഘട്ടത്തിലും സര്‍ക്കാര്‍ കര്‍ശനനടപടിയെടുക്കുന്നുവെന്ന് സന്നദ്ധസംഘടനകള്‍ ഉറപ്പാക്കണം.നിലവിലുള്ള പോലീസ് സേനയിലേറെപ്പേരും വി.ഐ.പി. സംരക്ഷണം, കേസന്വേഷണം തുടങ്ങിയ ജോലികള്‍ക്കാണ് പ്രധാനമായും നിയോഗിക്കപ്പെടുന്നത്. ക്രമസമാധാനപാലനത്തിന് കുറച്ചുപേരെ മാത്രമേ കിട്ടുന്നുള്ളൂ എന്ന് പോലീസധികാരികള്‍ പരാതിപ്പെടാറുണ്ട്. വേണ്ടത്ര ആളുകളെ പോലീസ്‌സേനയിലെടുക്കണം. ജനസംഖ്യയും കേസുകളുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് കോടതികളുടെയും ന്യായാധിപന്മാരുടെയും എണ്ണം കുറവാണ്. ഒരു ജഡ്ജി മറ്റു കോടതിയുടെ അധികച്ചുമതല ഏറ്റെടുക്കുമ്പോള്‍ ഇരുകോടതികളിലെയും കേസുകളുടെ നടത്തിപ്പ് നീണ്ടുപോകും. ന്യായാധിപരുടെ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തി അവ നികത്താന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം. ഡല്‍ഹി സംഭവത്തിലുള്‍പ്പെടെ ചില രാഷ്ട്രീയനേതാക്കള്‍ സ്ത്രീകളെ അപമാനിക്കുന്നവിധം സംസാരിച്ചതും കാര്യം കൈവിട്ടുപോകുമെന്നായപ്പോള്‍ പേരിനൊരു മാപ്പു പറഞ്ഞതും ജനങ്ങള്‍ അത്ര വേഗം മറക്കാനിടയില്ല. കേസില്‍പ്പെടുന്നവര്‍ നിയമനിര്‍മാണസഭകളിലെത്തുന്നത് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പുവ്യവസ്ഥകളില്‍ മാറ്റം വരുത്തുന്ന കാര്യവും ആലോചിക്കേണ്ടതാണ്. തെളിഞ്ഞ മനസ്സുകളില്‍ നിന്നേ സ്വാര്‍ഥതാത്പര്യങ്ങളില്ലാത്ത ജനോപകാരപ്രദമായ നടപടികള്‍ പ്രതീക്ഷിക്കാനാവൂ. ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഡല്‍ഹി സംഭവത്തിലുണ്ടായ പ്രതിഷേധം. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും മാനം കാക്കാനുമുള്ള നടപടികള്‍ ഭരണാധികാരികളില്‍ നിന്ന് ഉടന്‍ ഉണ്ടാകുമോ എന്നാണ് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: