Pages

Saturday, December 29, 2012

ദുഖം, പ്രതിഷേധം; ഡല്‍ഹിയില്‍ ആയിരങ്ങള്‍ അണിനിരന്നു


ദുഖം, പ്രതിഷേധം; ഡല്‍ഹിയില്‍ ആയിരങ്ങള്‍ അണിനിരന്നു
 കൂട്ടമാനഭംഗത്തിനിരയായ യുവതി മരിച്ച പശ്ചാത്തലത്തില്‍ അധികൃതരൊരുക്കിയ കര്‍ക്കശ സുരക്ഷാസന്നാഹവും നിരോധനാജ്ഞയും മറികടന്ന് ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും ധര്‍ണയും നടന്നു. ജന്തര്‍ മന്ദിറില്‍ ആയിരങ്ങളാണ് യുവതിയുടെ വേര്‍പാടില്‍ മനംനൊന്ത് തടിച്ചുകൂടിയത്. യുവതിയുടെ വേര്‍പാടില്‍ ദുഖവും പ്രതിഷേധവും രേഖപ്പെടുത്താന്‍ രാജ്യമെങ്ങും പ്രകടനങ്ങളും ജാഥകളും നടന്നു. കഴിഞ്ഞയാഴ്ച്ചത്തേതില്‍ നിന്ന് വിരുദ്ധമായി സമാധാനപരമായ പ്രതിഷേധത്തിനും അനുശോചനയോഗങ്ങള്‍ക്കുമാണ് ഇന്ന് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. അതിനിടെ, സമരക്കാര്‍ക്കൊപ്പം ചേരാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി തടഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പാഞ്ഞടുത്തവരെ പോലീസ് തടഞ്ഞു. കുറച്ചുനേരം ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രി മടങ്ങി. 
കൂട്ടബലാത്സംഗത്തിനിരയായ ഇരുപത്തിമൂന്നുകാരി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യശ്വാസം വലിച്ചത്. യുവതി മരിച്ച വാര്‍ത്ത പുറത്തു വന്നയുടന്‍ ഡല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം അധികൃതര്‍ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ സൈന്യവും രംഗത്തുണ്ട്. മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഡല്‍ഹിയിലെത്തിക്കും.അതേസമയം, സുപ്രീം കോടതി അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കമുള്ള മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന കുന്ന്, ഇന്ത്യാഗേറ്റ്, ജന്തര്‍മന്തര്‍ തുടങ്ങിയിടത്തെല്ലാം വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗേറ്റ് പരിസരത്തേക്ക് ജനങ്ങളെത്തുന്നത് തടയാന്‍ പത്ത് മെട്രോ സ്‌റ്റേഷനുകള്‍ രാവിലെ മുതല്‍ അടച്ചിട്ടു. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഇന്ത്യാഗേറ്റിനു സമീപം ജനങ്ങളെ അനുവദിക്കണമെന്ന ഷീലാ ദീക്ഷിത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. 
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരിപ്പ് സമരവും അരങ്ങേറി. പതിവിന് വിപരീതമായി മൗനം അവലംബിച്ചാണ് കെജ് രിവാള്‍ പ്രതിഷേധമറിയിച്ചത്. ജനങ്ങള്‍ ആത്മസംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പെണ്‍കുട്ടിയുടെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.ഡല്‍ഹിയില്‍ മാത്രമല്ല മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. ബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വന്‍ ജനകീയപ്രക്ഷോഭത്തിനാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. ഒട്ടേറെ തവണ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു പോലീസുകാരന്‍ മരിക്കുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: