Pages

Saturday, December 29, 2012

ഹിംസ്രജീവികള്‍ മേയുന്ന ഡല്‍ഹി


ഹിംസ്രജീവികള്‍ മേയുന്ന ഡല്‍ഹി
എം. മുകുന്ദന്‍

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. പിന്നീട് 
ങ്ങനെയാണ് ഡല്‍ഹി ഇങ്ങനെ പൈശാചികമായി മാറിയത്? 
ഈ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. നിര്‍വികാരതയാണ് ഡല്‍ഹി നിവാസികളുടെ സ്വഭാവ വിശേഷങ്ങളില്‍ ഒന്ന്. കണ്‍മുമ്പില്‍ വെച്ച് എന്തുസംഭവിച്ചാലും ഒന്നും കാണാത്തത്പോലെ 'ഛലോ യാര്‍' എന്നുപറഞ്ഞ് അവര്‍ നടന്നുപോകും
ഇപ്പോള്‍ ഡല്‍ഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം മാത്രമല്ല, ഹിംസയുടെ തലസ്ഥാനം കൂടിയാണ്. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്നത് ഡൊമസ്റ്റിക് വിമാനത്താവളത്തിനരികിലെ ദ്വാരകയിലാണ്. ദ്വാരക സബ്‌സിറ്റി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നോവലെഴുത്തില്‍ ഒരു രീതിയുണ്ട്. ഒരു നോവലിനുള്ളില്‍ മറ്റൊരു നോവല്‍ എഴുതിയുണ്ടാക്കുക. അത്തരം നോവലിനെ പോസ്റ്റ് മോഡേണ്‍ നോവലെന്നു വിളിക്കുന്നു. ഡല്‍ഹി മഹാ നഗരത്തിനുള്ളിലെ മറ്റൊരു നഗരമായ ദ്വാരക സബ്‌സിറ്റി എന്ന പോസ്റ്റ്‌മോഡേണ്‍ നഗരത്തിലേക്ക് പോകുന്ന ബസ്സിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. രാത്രി സിനിമ കണ്ടതിനുശേഷം പാര്‍പ്പിടത്തിലേക്ക് പോകാന്‍ സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബസ്സില്‍ കയറിയതാണ്. പക്ഷേ, അവര്‍ വീട്ടിലെത്തിയില്ല.
ബസ്സിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും രണ്ടു ചങ്ങാതിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ആ വൈകിയ വേളയില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്, ആ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സുരക്ഷിതരായി ദ്വാരകയില്‍ എത്തിക്കുക എന്നതായിരുന്നു. പകരം അവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ചെറുത്തുനിന്ന ആണ്‍കുട്ടിയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കി. പെണ്‍കുട്ടിയെ ഉപയോഗം കഴിഞ്ഞതിനുശേഷം, ആണ്‍കുട്ടിയോടൊപ്പം റോഡിലേക്ക് വലിച്ചെറിഞ്ഞു.
 

പിടിച്ചുപറിയും കൊലയും മാനഭംഗപ്പെടുത്തലും ഡല്‍ഹിക്കാര്‍ക്ക് ഒരു പുതിയ വാര്‍ത്തയല്ല. പക്ഷേ, ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച രീതിയാണ് നമ്മളില്‍ നടുക്കമുണ്ടാക്കുന്നത്. കാമമടക്കിയശേഷം പെണ്‍കുട്ടിയുടെ വേദനയും കണ്ണീരും നിറഞ്ഞ നിലവിളികള്‍ക്ക് ചെവികൊടുക്കാതെ കൈയില്‍ കിട്ടിയ എന്തൊക്കെയോ അവര്‍ അവളുടെ ഉള്ളിലേക്ക് കുത്തിക്കയറ്റുകയായിരുന്നു. അങ്ങനെ ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെണ്‍കുട്ടിയുടെ നാഭിയും വയറും അവര്‍ പിച്ചിച്ചീന്തി. ഇതിനെ വിശേഷിപ്പിക്കാന്‍ 'പൈശാചികം' എന്ന വാക്കുപോലും അപര്യാപ്തമാണ്. പിശാചുക്കള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണത്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ദല്‍ഹി 1981' എന്ന ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. കൈയില്‍ കുഞ്ഞുമായി ഭര്‍ത്താവിനോടൊപ്പം നടന്നുവരുന്ന മഞ്ഞസാരി ചുറ്റിയ ഒരു ചെറുപ്പക്കാരിയെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി രണ്ട് ഗുണ്ടകള്‍ മാനഭംഗപ്പെടുത്തുന്നു. ഒരു എടുപ്പിന്റെ മുകളില്‍ നിന്നുകൊണ്ട് ചിലര്‍ ആ കാഴ്ച കണ്ട് രസിക്കുന്നു. അതാണ് ആ കഥയുടെ പ്രമേയം. ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരം ലഭിച്ച ഡോ. എം. ലീലാവതിയാണ് ഒരു ലേഖനത്തിലൂടെ ആ കഥ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിനുശേഷം മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എന്നെപ്പോലെ പലരും ഡല്‍ഹിയുടെ ക്രൂരമുഖത്തെക്കുറിച്ച് എഴുതി, പ്രസംഗിച്ചു. പക്ഷേ, ഡല്‍ഹി മാറിയില്ല. അതിന്റെ ക്രൂരത വര്‍ധിച്ചിട്ടേയുള്ളൂവെന്ന് ദ്വാരക ബസ്സിലെ സംഭവം ചൂണ്ടിക്കാണിക്കുന്നു.ഇതുപോലെ നടുക്കുന്ന ഒരു സംഭവം ഉണ്ടായിട്ടും ഡല്‍ഹിയിലെ ഭരണാധികാരികള്‍ പ്രതികരിച്ചില്ല. രണ്ടുദിവസങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഇന്ത്യാഗേറ്റിലിറങ്ങിയപ്പോള്‍ മാത്രമാണ് അവര്‍ മിണ്ടാന്‍ തുടങ്ങിയത്. അതുവരെ അവര്‍ കാഴ്ചക്കാരായി നിന്നു. 'ദല്‍ഹി 1981'-ലെ കാഴ്ചക്കാരെപ്പോലെ.

അരനൂറ്റാണ്ടിന് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ഡല്‍ഹി സ്വന്തം വീടുപോലെ സുരക്ഷിതമായിരുന്നു. സ്ത്രീകളും കുട്ടികളും അര്‍ധരാത്രി പോലും പുറത്തിറങ്ങി നടക്കുമായിരുന്നു. അക്കാലത്ത് ഞങ്ങള്‍ക്ക് മലയാളം സിനിമ കാണുക എന്നത് അപൂര്‍വമായി കൈവരുന്ന ആഹ്ലാദമായിരുന്നു. റേസ്‌കോഴ്‌സ് സൈനിക ക്യാമ്പില്‍ സൈനികര്‍ക്ക് കാണാന്‍വേണ്ടി ഒരു കൊച്ചു സിനിമാ ടാക്കീസുണ്ടായിരുന്നു. അവിടെപ്പോയി മലയാളം സിനിമ സെക്കന്‍ഡ്‌ഷോ കണ്ട് പാതിരാവില്‍ ലോധി കോളനിയില്‍ താമസിക്കുന്ന ഞങ്ങള്‍ മലയാളി കുടുംബങ്ങള്‍ വെളിച്ചമില്ലാത്ത റോഡുകളിലൂടെ രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് നിര്‍ഭയം വീട്ടിലേക്ക് മടങ്ങുമായിരുന്നു. മെയ് മാസത്തിലെ കൊടുംചൂടില്‍ മുറ്റത്തോ ഗേറ്റിനു പുറത്ത് നിരത്തുവക്കിലോ കയറ്റുകട്ടില്‍ എടുത്തിട്ട് സ്ത്രീകളും കുട്ടികളും കാറ്റേറ്റ് കിടന്നുറങ്ങുമായിരുന്നു. പലപ്പോഴും വീട് പൂട്ടാതെ വാതില്‍ വെറുതെ ചാരിവെച്ചാണ് ഞങ്ങള്‍ പുറത്ത് കിടന്നുറങ്ങിയത്. അത്തരം കാഴ്ചകള്‍ അന്ന് മലയാളികള്‍ ധാരാളമായി താമസിക്കുന്ന ലജ്പത് നഗര്‍ പോലുള്ള ഇടങ്ങളില്‍ സാധാരണമായിരുന്നു. അന്ന് അങ്ങനെ റോഡുവക്കില്‍ കിടന്നുറങ്ങുന്ന സ്ത്രീകളെ ആരും തൊടാന്‍പോലും തുനിഞ്ഞിരുന്നില്ല. അവരുടെ കഴുത്തിലെയും കൈകകളിലെയും ആഭരണങ്ങള്‍ തട്ടിപ്പറിക്കാന്‍ പോലും ആരും വരില്ലായിരുന്നു. അന്ന് ഡല്‍ഹി ഞങ്ങള്‍ക്ക് സ്വന്തം വീടായിരുന്നു.പിന്നീട് എങ്ങനെയാണ് ഡല്‍ഹി ഇങ്ങനെ പൈശാചികമായി മാറിയത്? ഈ മാറ്റം പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല. നിര്‍വികാരതയാണ് ഡല്‍ഹി നിവാസികളുടെ സ്വഭാവവിശേഷങ്ങളില്‍ ഒന്ന്. കണ്‍മുമ്പില്‍ വെച്ച് എന്തുസംഭവിച്ചാലും ഒന്നും കാണാത്തതുപോലെ 'ഛലോ യാര്‍' എന്നുപറഞ്ഞ് അവര്‍ നടന്നുപോകും. സ്വന്തം കാര്യത്തിനല്ലാതെ സഹജീവികള്‍ക്കുവേണ്ടി പ്രതികരിക്കാന്‍ അവര്‍ക്കറിയില്ല. ഒരു സംഭവം ഓര്‍മ വരുന്നു. ഒരു ശീതകാലത്ത് രാവിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുമ്പിലൂടെ ഞാന്‍ ഹൗസ് ഖാസിലെ ഓഫീസിലേക്ക് നടന്നുപോവുകയായിരുന്നു. അതിന്റെ മുമ്പില്‍ത്തന്നെയാണ് കൂട്ടമാനഭംഗത്തിനിരയായി ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി കിടന്ന സഫ്ദര്‍ജങ് ആസ്പത്രിയും. സദാ തിരക്കുള്ള റോഡാണ് ഇത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോള്‍ എന്റെ കാലില്‍ എന്തോ തട്ടി. ഒരു മൃതദേഹമായിരുന്നു അത്. വേഷം കൊണ്ട് അയാളൊരു ഗ്രാമീണനാണെന്നു തോന്നി. ഡല്‍ഹിക്കരികിലുള്ള ഏതോ ഗ്രാമത്തില്‍ നിന്ന് ചികിത്സയ്ക്കായി വന്ന രോഗിയായിരിക്കണം അത്. മരിച്ച് വിറങ്ങലിച്ചുകിടക്കുന്ന ആ മനുഷ്യനെ അതിലേ കടന്നുപോകുന്ന ആരും ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. കാലുകുത്താന്‍ ഇടമില്ലാത്ത ബസ്സില്‍ നിന്ന് കഠാരി കാണിച്ച് കവര്‍ച്ച നടത്തി പിടിച്ചുപറിക്കാര്‍ ഇറങ്ങിപ്പോകും. ആരും മിണ്ടില്ല. ഫാഷന് പേരുകേട്ട സൗത്ത് എക്‌സറ്റന്‍ഷനില്‍ പട്ടാപ്പകല്‍ ഒരാള്‍ മറ്റൊരാളെ ഓടിപ്പിടിച്ച് പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ട് വയറ്റില്‍ കുത്തി ഒരു കൂസലുമില്ലാതെ ആള്‍ക്കൂട്ടത്തിലൂടെ നടന്നുപോകുന്നതിനും ഞാനൊരിക്കല്‍ സാക്ഷിയായിരുന്നു. ആരും അത് കണ്ടതായി നടിച്ചില്ല.

അതിമനോഹരമായ നഗരമാണ് ന്യൂഡല്‍ഹി. ആദ്യമായി ഡല്‍ഹിയില്‍ വണ്ടിയിറങ്ങി നഗരക്കാഴ്ചകള്‍ കണ്ടപ്പോള്‍ ഉറൂബിന്റെ ഒരു നോവലിന്റെ ശീര്‍ഷകമാണ് ഓര്‍മ വന്നത്. 'സുന്ദരികളും സുന്ദരന്മാരും' ഡല്‍ഹിയിലെ ആണും പെണ്ണും ഒരുപോലെ സൗന്ദര്യമുള്ളവരാണ്. പക്ഷേ, ഈ മനോഹാരിതയുടെ മറയില്‍ ചളിയും മലവും മണക്കുന്ന ചേരികളുണ്ട്. രക്തച്ചാലുകളുണ്ട്. 'ദല്‍ഹി ഗാഥകള്‍' എന്ന നോവലില്‍ നിങ്ങള്‍ക്ക് ആ കാഴ്ചകള്‍ കാണാം. ഇന്ന് നമ്മുടെ കേരളത്തിലും കളവും പിടിച്ചുപറിയുമുണ്ട്. മുകളിലെ ഓടിളക്കിയോ മറ്റോ വീട്ടിനുള്ളില്‍ കയറി ഒച്ചവെക്കാതെ കളവുമുതലുമായി സ്ഥലം വിടുകയാണ് നമ്മുടെ കള്ളന്മാര്‍ ചെയ്യുക. എന്നാല്‍, ഡല്‍ഹിയിലെ കള്ളന്മാര്‍ പ്രായമായി അവശരായിക്കിടക്കുന്ന വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം തല ഇരുമ്പുവടികൊണ്ട് അടിച്ചുതകര്‍ത്ത ശേഷമാണ് കളവുനടത്തുന്നത്.

1982-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ അവസരത്തില്‍ സര്‍ക്കാര്‍ ഡല്‍ഹി നഗരത്തെ മോടിപിടിപ്പിച്ചു. 2010-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാലത്ത് ദശകോടികള്‍ ചെലവഴിച്ച് നഗരത്തെ വീണ്ടും മോടിപിടിച്ചിച്ചു. ഇന്ന് വിശാലമായ റോഡ് ശൃംഖലകളും മെട്രോ ട്രെയിനുകളും പൂന്തോപ്പുകളുമുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നാണ് ഡല്‍ഹി. പക്ഷേ, നഗരത്തിന്റെ ഉടലിനുമാത്രമേ ഈ ലാവണ്യം കൈവന്നിട്ടുള്ളൂ. ഉള്ളില്‍ രക്തദാഹവും കാമവും മൂത്തുവരികയാണ്. സുന്ദരികളും സുന്ദരന്മാരും തോളുരുമ്മി നടക്കുന്ന രാജവീഥികളിലും ആധുനിക ഷോപ്പിങ് മാളുകളിലും പൂന്തോപ്പുകളിലുമെല്ലാം പിടിച്ചുപറിക്കാരും കാമവെറിക്കാരും പതിയിരിപ്പുണ്ട്. ഡല്‍ഹിയില്‍ ഒരിടത്തും ആരും പകല്‍ പോലും സുരക്ഷിതരല്ല. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ നിങ്ങളറിയില്ല എപ്പോഴാണ് ഇരുമ്പുവടിവന്ന് നിങ്ങളുടെ തല തകര്‍ക്കുക എന്ന്. കോളേജുകളിലും സ്‌കൂളുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എപ്പോഴാണ് കൂട്ട മാനഭംഗത്തിന് ഇരയാകുക എന്ന് അച്ഛനമ്മമാര്‍ക്കറിയില്ല. ബലാത്സംഗവും കൊലപാതകവും ഇവിടെ നിത്യസംഭവമാണ്. സ്ത്രീധനം ഇത്തിരി കുറഞ്ഞുപോയതിന്റെ പേരില്‍ നവവധുവിനെ വരന്റെ അച്ഛനമ്മമാര്‍തലയില്‍ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊല്ലുന്നതും പതിവുസംഭവം. ഇപ്പോള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പോലും താത്പര്യമില്ലാത്ത വാര്‍ത്തകളാണ് അതെല്ലാം.

എല്ലാ നഗരങ്ങള്‍ക്കും ഓര്‍മകളുണ്ട്. ഡല്‍ഹിക്കുമുണ്ട് ഓര്‍മകള്‍. വിഭജന കാലത്ത് പതിനായിരങ്ങളാണ് ഡല്‍ഹിയില്‍ മരിച്ചുവീണത്. ഡല്‍ഹിയുടെ വിദൂരമായ ഓര്‍മയില്‍ ആ ചോരക്കുരുതിയുണ്ട്. ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ വംശീയ ഹത്യയില്‍ ആയിരക്കണക്കിന് സിഖ് വംശജര്‍ കശാപ്പ് ചെയ്യപ്പെട്ടു. ഡല്‍ഹിയുടെ സമീപകാല ഓര്‍മയില്‍ അതുണ്ട്. ഡല്‍ഹി നഗരത്തിന്റെ പൈതൃകമാണ് ഹിംസ.എന്തു സംഭവിച്ചാലും നഗരവാസികളും സര്‍ക്കാറും ഒന്നും കണ്ടില്ലെന്ന മട്ടില്‍ കണ്ണടച്ചുകളയും. എന്നാല്‍, എല്ലാം കാണുന്ന ഒരു യുവതലമുറ ഡല്‍ഹിയില്‍ വളര്‍ന്നുവരുന്നുണ്ട്. അവരുടെ ആധികളും നിലവിളികളുമാണ് നമ്മള്‍ ഇപ്പോള്‍ ഇന്ത്യാ ഗേറ്റിലും ജന്തര്‍ മന്ദറിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കാണുന്നത്. ഡല്‍ഹി നഗരത്തിന്റെ പ്രതീക്ഷ അവരിലാണ്. ഹിംസയ്‌ക്കെതിരായുള്ള ചെറുപ്പക്കാരുടെ ഈ പോരാട്ടത്തില്‍ രാജ്യം മുഴുവനും അവരോടൊന്നിച്ച് നില്ക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: