Pages

Monday, December 31, 2012

സ്ത്രീപീഡനവും ജനാധിപത്യസമൂഹവും


സ്ത്രീപീഡനവും ജനാധിപത്യസമൂഹവും
കെ. വേണു
ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമവ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായും വേഗത്തിലും നടപ്പാക്കപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. നിലവിലുള്ള ബലാത്സംഗക്കേസുകളില്‍ വിചാരണ തുടര്‍ച്ചയായും വേഗത്തിലും തീര്‍ക്കാന്‍ ചില ഹൈക്കോടതികളും സുപ്രീംകോടതിയും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞിട്ടുള്ളത് നല്ല തുടക്കമാണ്
ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തോടുള്ള ബഹുജനപ്രതിഷേധം കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് ചില അടിയന്തര നടപടികളെടുപ്പിക്കുവാന്‍ നിര്‍ബന്ധിത സാഹചര്യം സൃഷ്ടിച്ചു എന്നത് ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായം മെച്ചപ്പെട്ട പുതിയൊരു തലത്തിലേക്കുയരുന്നു എന്നതിന്റെ സൂചനയായി കാണാമോ എന്ന ചോദ്യം അതീവ പ്രസക്തമെന്നപോലെ ഗൗരവമേറിയതുമാണ്. സ്ത്രീപീഡന സംഭവങ്ങള്‍ നാട്ടിലെമ്പാടും നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഡല്‍ഹി സംഭവത്തിന്റെ അസാധാരണമാംവിധമുള്ള മൃഗീയസ്വഭാവമാണ് ജനരോഷത്തെ വൈകാരികതലത്തിലേക്കുയര്‍ത്തിയതെന്ന് കാണാം. ഇരകളുടെയും വേട്ടക്കാരുടെയും സാമ്പത്തിക-സാമൂഹികാടിസ്ഥാനവും മറ്റും താരതമ്യേന അപ്രധാന ഘടകങ്ങളാണ്. സ്ത്രീപീഡന സംഭവങ്ങളുണ്ടാകുമ്പോള്‍ ഒളിഞ്ഞുനോട്ടമനോഭാവത്തോടെ കാഴ്ചക്കാരായി നില്‍ക്കുന്ന രീതിവിട്ട് ഏറെ രാഷ്ട്രീയ സ്വഭാവത്തോടെ ജനങ്ങള്‍ ഇടപെട്ടു എന്നതാണ് ഡല്‍ഹി സംഭവവികാസങ്ങളുടെ പ്രധാന സവിശേഷത. തികച്ചും സ്വയോത്ഭവമായി ഉയര്‍ന്നുവന്ന വമ്പിച്ച ജനമുന്നേറ്റത്തിന്റെ സ്വഭാവം കണ്ടിട്ട് അരാജകവാദവും അരാഷ്ട്രീയപ്രവണതയുമാണ് അതില്‍ പ്രകടമായതെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവര്‍ കുറവല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പതിവുള്ള അനുഷ്ഠാന പ്രതികരണങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ ചട്ടപ്പടിയല്ലാത്ത സാമൂഹിക ചലനങ്ങളോടുള്ള ഈ അസഹിഷ്ണുതയും ഭയാശങ്കകളും തനി യാഥാസ്ഥിതിക മനസ്സുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.മനുഷ്യസമൂഹത്തിന്റെ ജൈവികത അന്തര്‍ലീനമായിരിക്കുന്നത് അതിന്റെ ചലനാത്മകതയിലാണ്. പല ചരിത്രസന്ദര്‍ഭങ്ങളിലും വിവിധ സമൂഹങ്ങള്‍ ചലിക്കാനാകാതെ ബന്ധിതാവസ്ഥയില്‍ കഴിയാറുണ്ട്. പക്ഷേ, ആ അവസ്ഥ ഏറെക്കാലം തുടരാറില്ല. ഓരോ സമൂഹവും പുത്തന്‍ ചലനരീതികള്‍ കണ്ടെത്തിക്കൊണ്ട് ആ ജഡാവസ്ഥയെ മറികടക്കാറുമുണ്ട്. അതൊരു ചരിത്രനിയമം തന്നെയാണ്.

സ്വതന്ത്ര ഇന്ത്യ വളര്‍ത്തിയെടുത്ത ജനാധിപത്യസമ്പ്രദായം പൊതുവെ സജീവവും ചലനാത്മകവുമാണെന്ന് കണക്കാക്കപ്പെടുന്നു. ശരിയാണത്. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തിന് അതിന്റേതായ പരിമിതികളും അപചയോന്മുഖതകളുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരുടെ അധികാരത്തില്‍ ഇടപെടാനോ തിരുത്താനോ കഴിയാതെ, പൊതുസമൂഹം നിസ്സഹായരായ കാഴ്ചക്കാരായി മാറുന്ന അവസ്ഥ, പാശ്ചാത്യ ജനാധിപത്യത്തിലെന്നപോലെ ഇന്ത്യന്‍ ജനാധിപത്യത്തിലും സമീപകാലത്ത് ശക്തമാവാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി വളര്‍ന്ന് ഭീമാകാരം പൂണ്ടുനില്‍ക്കുന്ന അഴിമതിയും അധികാരദുര്‍വിനിയോഗവുമെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തെവിഴുങ്ങുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലാണ് സിവില്‍ സമൂഹത്തിന്റെ ശബ്ദമെന്ന നിലയ്ക്ക് അണ്ണഹസാരെ പ്രസ്ഥാനം ഉയര്‍ന്നുവന്നത്. ഒരു വിഭാഗം അതിനെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയാക്കാന്‍ ശ്രമിച്ചതോടെ, അതിന്റെ ബഹുജനസ്വഭാവം നഷ്ടമായെങ്കിലും അതുണ്ടാക്കിയ സാമൂഹിക ഉണര്‍വ് കെട്ടടങ്ങിയിരുന്നില്ല. ആ ഉണര്‍വിന്റെ പുതിയ രൂപമാണ് ഇപ്പോഴത്തെ ജനമുന്നേറ്റത്തില്‍ കാണാവുന്നത്.
 

നവസാമൂഹികമാധ്യമങ്ങള്‍ ഈ മുന്നേറ്റത്തിലും മുമ്പെന്നപോലെ സജീവമായ പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം മുന്നേറ്റങ്ങളെ അരാജകവാദപരമെന്ന് മുദ്രകുത്തുന്നത് ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാതെയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന ഇടുങ്ങിയ രാഷ്ട്രീയക്കളികള്‍ മാത്രമല്ല രാഷ്ട്രീയം. പൊതുസമൂഹത്തിന്റെ താത്പര്യസംരക്ഷണത്തിനായി നിര്‍ദേശങ്ങളും പദ്ധതികളും ഉന്നയിക്കുന്നതാണ് യഥാര്‍ഥ രാഷ്ട്രീയ ഇടപെടല്‍. അഴിമതിക്കെതിരായി ജനലോക്പാല്‍ബില്ലിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതും സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമനിര്‍മാണം ആവശ്യപ്പെടുന്നതും ശുദ്ധരാഷ്ട്രീയമാണ്. ഇപ്പോഴത്തെ സ്വയോത്ഭവ ജനമുന്നേറ്റം സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനായി ഉന്നയിച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ ശരിതെറ്റുകളേക്കാള്‍, ഇത്തരം നിര്‍ദേശങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിന്റെ അടിയന്തര പരിഗണന അര്‍ഹിക്കും വിധം ഉന്നയിച്ചിരിക്കുന്നു എന്നതിന്റെ രാഷ്ട്രീയ പ്രാധാന്യമാണ് തിരിച്ചറിയപ്പെടേണ്ടത്.

ബലാത്സംഗക്കേസുകളില്‍ നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നത് പരമാവധി ജീവപര്യന്തമാണ്. അത് വധശിക്ഷയാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുകയുണ്ടായി. തികച്ചും വൈകാരികാന്തരീക്ഷത്തിലാണ് അത് ഉന്നയിക്കപ്പെട്ടത്. ശിക്ഷയുടെ കാര്‍ക്കശ്യം കുറ്റകൃത്യങ്ങളെ തടയുമെന്നുള്ള ചിന്തയും അതിന് പിന്നിലുണ്ട്. ബലാത്സംഗക്കേസുകളില്‍ മാത്രമല്ല, ഇപ്പോള്‍ വധശിക്ഷ നല്‍കുന്നതുപോലുള്ള അത്യപൂര്‍വ കൊലക്കേസുകളില്‍പ്പോലും വധശിക്ഷപാടില്ലെന്നും ജനാധിപത്യസമൂഹങ്ങള്‍ ഫ്യൂഡല്‍ ശിക്ഷാസമ്പ്രദായമായ വധശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നുള്ള വാദം ലോകനിലവാരത്തില്‍ ശക്തമാണ്. ഐക്യരാഷ്ട്ര സഭ ഈ സമീപകാലത്താണ് വധശിക്ഷ നിര്‍ത്തലാക്കണമെന്ന പ്രമേയം ബഹുഭൂരിപക്ഷ രാജ്യങ്ങളുടെ പിന്തുണയോടെ പാസാക്കിയത്. ഈ പ്രമേയത്തെ എതിര്‍ത്ത ന്യൂനപക്ഷം രാജ്യങ്ങളിലാണ് ഇന്ത്യയുടെ സ്ഥാനം. വധശിക്ഷയെ നിലനിര്‍ത്തുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദമാണ് ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. പകരം ബലാത്സംഗത്തിനുകൂടി വധശിക്ഷ ഉള്‍പ്പെടുത്താനുള്ള നീക്കം പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ.ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമവ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലുള്ള നിയമങ്ങള്‍ തന്നെ ഫലപ്രദമായും വേഗത്തിലും നടപ്പാക്കപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. നിലവിലുള്ള ബലാത്സംഗക്കേസുകളില്‍ വിചാരണ തുടര്‍ച്ചയായും വേഗത്തിലും തീര്‍ക്കാന്‍ ചില ഹൈക്കോടതികളും സുപ്രീംകോടതിയും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞിട്ടുള്ളത് നല്ല തുടക്കമാണ്. ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക അതിവേഗ കോടതികള്‍ എല്ലാ തലങ്ങളിലും രൂപവത്കരിച്ച് അടിയന്തരമായി പ്രവര്‍ത്തനമാരംഭിക്കുകയാണ് സര്‍ക്കാര്‍തലത്തില്‍ ചെയ്യേണ്ട പ്രധാന കാര്യം.നിലവിലുള്ള പഴുതുകളടച്ച് നിയമങ്ങളെ ഫലപ്രദവും കര്‍ക്കശവുമാക്കുംവിധമുള്ള നിയമനിര്‍മാണങ്ങളും ആവശ്യമാണ്. ബലാത്സംഗക്കേസുകളില്‍ ഇരകളെ കൂടുതല്‍ പീഡിപ്പിക്കുംവിധമുള്ള ഇപ്പോഴത്തെ വിചാരണ രീതിയില്‍ ഫലപ്രദമായ മാറ്റങ്ങള്‍ ആവശ്യമാണ്. ബലാത്സംഗക്കേസുകളും ബന്ധപ്പെട്ട പരാതികളും ഇപ്പോഴത്തെനിലയില്‍ പോലീസിന്റെ പക്കല്‍ എത്തിയാല്‍ അവഗണനയും അലംഭാവവും പൊതുരീതിയാണ്. കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍, പ്രോസിക്യൂഷന്‍, കോടതികള്‍ എന്നീ തലങ്ങളിലെല്ലാം വിവേചനം പ്രകടമാണെന്ന പരാതികള്‍ വ്യാപകമാണ്. നിയമവാഴ്ചയുടെ പൊതുവിലുള്ള ദുര്‍ബലാവസ്ഥ ഒരു ഘടകമാണ്. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതുകൊണ്ട് ആ വശം പരിഹരിക്കപ്പെട്ടേക്കാം. പക്ഷേ, അതിനേക്കാള്‍ പ്രധാനം സ്ത്രീപുരുഷ ബന്ധങ്ങളെ സംബന്ധിച്ച് സമൂഹം പുലര്‍ത്തിപ്പോരുന്ന പൊതു ധാരണകളിലുള്ള ഏകപക്ഷീയവും വിവേചനങ്ങളുമാണ്. സ്ത്രീപുരുഷ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സദാചാരസങ്കല്പങ്ങളില്‍ സ്ത്രീവിരുദ്ധമായ ഏകപക്ഷീയത അതിശക്തമാണ്. ഈ ഏകപക്ഷീയത നിയമവാഴ്ച നടപ്പാക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി തുടരുന്നതിന് അന്തരീക്ഷമൊരുക്കുകയും ചെയ്യുന്നുണ്ട്.

സ്ത്രീപുരുഷ ബന്ധത്തില്‍ പുരുഷന് ഏകപക്ഷീയമായ മേധാവിത്വം ലഭിച്ചത് മനുഷ്യസമൂഹത്തിന്റെ പൊതു ചരിത്രത്തിന്റെ ഭാഗമായിട്ടാണ്. സ്വകാര്യ സ്വത്ത് സമ്പ്രദായം നിലവില്‍ വരികയും പുരുഷന് അതില്‍മേല്‍ക്കൈ ലഭിക്കുകയും ചെയ്തപ്പോള്‍ പുരുഷന്‍ തന്റെ സ്വത്ത് തന്റെ സന്തതിപരമ്പരകള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന ദായക്രമം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് സ്ത്രീയുടെ മേല്‍ ചാരിത്ര്യസങ്കല്പം അടിച്ചേല്‍പ്പിച്ചത്. ഏകദാമ്പത്യക്രമത്തില്‍ ഇണകള്‍ തമ്മിലുള്ള പരസ്പര വിശ്വാസം ഉറപ്പിക്കുന്നതിന് വേണ്ടിയാണെങ്കില്‍ രണ്ടുപേരെയും ഒരുപോലെ ബാധിക്കുന്നതാകണമായിരുന്നു ഈ ചാരിത്ര്യസങ്കല്പം. പക്ഷേ, അത് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കപ്പെട്ടതുകൊണ്ട് സ്ത്രീ തീരേ ദുര്‍ബലയും എല്ലാം നഷ്ടപ്പെടാനുള്ളവളുമായിത്തീര്‍ന്നു. പുരുഷനാകട്ടെ, ശക്തനും ഒന്നും നഷ്ടപ്പെടാനില്ലാത്തവനുമായിത്തീര്‍ന്നു. നമ്മുടെ നാട്ടില്‍, സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും ഈ ചാരിത്ര്യസങ്കല്പം സ്വയം ബാധ്യതയായി ഏറ്റെടുത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ്.
 അങ്ങേയറ്റം വിവേചനപരവും പ്രാകൃതവുമായ ഈ സ്ത്രീപുരുഷബന്ധത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാന്‍ സ്ത്രീസമൂഹം ഒട്ടും സജ്ജരല്ല. ഇവിടത്തെ സ്ത്രീ വിമോചന പ്രസ്ഥാനക്കാര്‍പോലും ഈ അടിസ്ഥാന പ്രശ്‌നം ഉന്നയിക്കാന്‍ തയ്യാറാവുന്നവരല്ല. അത്രമാത്രം ശക്തമാണ് ചാരിത്ര്യസങ്കല്പത്തില്‍ അധിഷ്ഠിതമായ സദാചാരബോധം. വികസിത മുതലാളിത്ത രാജ്യങ്ങളിലും സാമൂഹിക രാഷ്ട്രീയഘടനയില്‍ പുരുഷമേധാവിത്വം ശക്തം തന്നെയാണ്. പക്ഷേ, സ്ത്രീ പുരുഷ ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ചാരിത്ര്യസങ്കല്പത്തിന്റെ പിടി ഗണ്യമായി അയഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും വ്യാപകമാവുന്നതുകൊണ്ടാണ് ചാരിത്ര്യസങ്കല്പം അപ്രസക്തമായിത്തീരുന്നത്. അത്തരം സമൂഹങ്ങളില്‍ കുടുംബബന്ധങ്ങള്‍ ജനാധിപത്യപരമായി മാറാന്‍ തുടങ്ങുന്നു എന്ന് പറയാം. കൃത്രിമമായി അടിച്ചേല്‍പ്പിക്കപ്പെട്ട കുടുംബബന്ധങ്ങളുടെ സ്ഥാനത്ത്, മനുഷ്യന്റെ നൈസര്‍ഗിക ചോദനയായി ലൈംഗികതയെ കാണാനും പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ സ്ത്രീപുരുഷ ബന്ധത്തെ പുനഃക്രമീകരിക്കാനും കഴിഞ്ഞാലേ ജൈവത്തായ കുടുംബബന്ധങ്ങള്‍ ഉടലെടുക്കുകയുള്ളൂ. സാമൂഹിക സാമ്പത്തികഘടനയില്‍ ജനാധിപത്യപരമായ മാറ്റങ്ങള്‍ വ്യാപകമാവുമ്പോള്‍ മാത്രമേ ഇത്തരം ആരോഗ്യകരമായ കുടുംബഘടനയും രൂപം കൊള്ളൂ.

ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാജ്യങ്ങളില്‍ ഈ കൃത്രിമമായ കുടുംബഘടനയുടെ തുടര്‍ച്ചയെന്നോണം ചെറുപ്പംമുതല്‍ക്കേ ആണ്‍, പെണ്‍കുട്ടികള്‍ കൃത്രിമമായി വേര്‍തിരിച്ച് വളര്‍ത്തപ്പെടുന്നു. അവര്‍ക്കിടയിലെ സ്വാഭാവികമായ ഇടപഴകല്‍ തടയപ്പെടുന്നു. കൗമാരപ്രായം കഴിയുമ്പോഴേക്കും ആണ്‍, പെണ്‍ സമൂഹങ്ങള്‍ കൃത്രിമമായ വിഭജനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ലൈംഗികപട്ടിണിക്ക് വിധേയരാവുന്നു. പെണ്‍സമൂഹങ്ങളുടെ മേല്‍ കൃത്രിമമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതുകൊണ്ട് അവര്‍ക്കിടയില്‍ ഈ പട്ടിണി വലിയൊരു പരിധിവരെ മൂടിവെക്കപ്പെടുന്നു. ആണ്‍സമൂഹങ്ങളില്‍ നിയന്ത്രണങ്ങള്‍ കുറവായതുകൊണ്ട് പല രീതിയില്‍ ഈ പട്ടിണി പ്രകടിതമാവുന്നു. സ്ത്രീകള്‍ക്കുമേല്‍ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കു പിന്നില്‍ ഈ സാമൂഹികയാഥാര്‍ഥ്യം വഹിക്കുന്ന പങ്കിനെ കുറച്ചുകാണാനാവില്ല. പക്ഷേ, ഈ അവസ്ഥയുടെ സങ്കീര്‍ണത തിരിച്ചറിഞ്ഞുകൊണ്ട് സാമൂഹികമായി ഇടപെടാന്‍ കെല്പുള്ള ശക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഇല്ലെന്നതും വസ്തുതയാണ്. വോട്ടുബാങ്ക് സംരക്ഷണം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇതിനാവില്ല. മാത്രമല്ല രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങള്‍ പുരുഷമേധാവിത്വ സംഘടന സംരക്ഷിക്കുന്നവരുമാണ്.രാഷ്ട്രീയാധികാര മത്സരത്തിനപ്പുറത്ത് ജനാധിപത്യ-സാമൂഹികക്രമത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി നിലകൊള്ളുന്ന പുതിയ സാമൂഹികപ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നാലേ, ഇത്തരം സാമൂഹികഘടനയിലെ പൊളിച്ചെഴുത്ത് സാധ്യമാവുകയുള്ളൂ. നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നിയമവാഴ്ചയെ ഫലപ്രദമാക്കുകയും ചെയ്യുന്നതോടെ, കുടുംബബന്ധങ്ങളുടെ തലത്തില്‍ ആരംഭിക്കുന്ന ജനാധിപത്യവത്കരണത്തെക്കുറിച്ചുകൂടി നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: