Pages

Saturday, December 22, 2012

കൂട്ടബലാത്സംഗം ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം


കൂട്ടബലാത്സംഗം
ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം
 ബസ്സില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം. രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം തന്ത്രപ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന കുന്നിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയാണ്. രാവിലെ ഒമ്പതരയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. പോലീസ് നിരവധി തവണ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ബലാത്സംഗക്കസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ സമ്മേളിച്ചിരിക്കുന്നത്. 

ചരിത്രത്തിലിന്നുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധ പ്രകടനത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. രാഷ്ട്രപതി ഭവനും റെയ്‌സീന കുന്നും ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നത്.
 സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയുള്ള ആഹ്വാനത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടികളടക്കം ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇന്ത്യാഗേറ്റിന് മുമ്പില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് വിജയ്ചൗക്ക് കടന്ന് റെയ്‌സിന ഹില്‍സിലെ പോലീസ് ബാരിക്കേഡ് തകര്‍ത്ത് രാഷ്ട്രപതി ഭവന്റെയും നോര്‍ത്ത് സൗത്ത്-സൗത്ത് ബ്ലോക്കുകളുടെ നേരേയും നീങ്ങി. രാഷ്ട്രപതി ഭവനുമുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടത്തി. പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി രാഷ്ട്രപതിഭവന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ വെള്ളക്കുപ്പികളും ചെരിപ്പും എറിഞ്ഞു. ഒരു പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. മുന്‍ സൈനിക മേധാവി വി.കെ സിങ് രാവിലെ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്തു.
 പ്രകടനം നടത്തുന്നവര്‍ സമാധാനമായി പിരിഞ്ഞു പോകണമെന്നും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിങ് അറിയിച്ചു. സമരം അവസാനിപ്പിച്ചാല്‍ മാത്രമെ ചര്‍ച്ച സാധ്യമാകു. പൊതുമുതല്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കില്ല. ഡല്‍ഹി സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 

വെള്ളിയാഴ്ചയും ഇതേ രീതിയില്‍ രാഷ്ട്രപതിഭവന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടന്നിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍, വൈ.ഡബ്ല്യൂ.സി.എ., ജെ.എന്‍.യു. സ്റ്റുഡന്‍റ്‌സ് യൂണിയന്‍, ഡി.വൈ.എഫ്.ഐ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച പ്രതിഷേധമാര്‍ച്ച് നടത്തിയത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: