Pages

Wednesday, December 5, 2012

പൊതുമാപ്പ്: യു.എ.ഇ.യിലെ 45,000 ഇന്ത്യക്കാര്‍ക്ക് ഗുണംചെയ്യും


പൊതുമാപ്പ്: യു.എ.ഇ.യിലെ 45,000 ഇന്ത്യക്കാര്‍ക്ക് ഗുണംചെയ്യും

യു.എ.ഇ.യില്‍ അനധികൃതമായി കഴിയുന്ന 45,000ത്തോളം പ്രവാസികള്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.ഈ അവസരം ഉപയോഗിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അര്‍ഹരായവര്‍ക്ക് സൗജന്യ വിമാനടിക്കറ്റടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് വയലാര്‍ രവി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി.

പൊതുമാപ്പ് സമയത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് യു.എ.ഇ. വിട്ടുപോവുകയോ വിസ നിയമവിധേയ മാക്കുകയോ ചെയ്യാനുള്ള അവസരം ലഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഫിബ്രവരി മൂന്നുവരെ നീണ്ടുനില്‍ക്കും.
2007-ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് സമയത്ത് 40,000 ഇന്ത്യക്കാര്‍ യു.എ.ഇ.യില്‍നിന്ന് നാട്ടിലെത്തിയിട്ടുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു.അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പാവപ്പെട്ട തൊഴിലാളികളാണ്. അവര്‍ക്ക് വിമാനക്കൂലി താങ്ങാന്‍ കഴിയില്ല. ഇക്കാരണത്താല്‍ സംസ്ഥാന സര്‍ക്കാറുകള്‍ അവര്‍ക്കാവശ്യമായ സൗകര്യം ചെയ്തുകൊടുക്കണമെന്ന് മന്ത്രി കത്തില്‍ നിര്‍ദേശിക്കുന്നു. പ്രവാസികാര്യവകുപ്പിന്റെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് അപര്യാപ്തമായതിനാലാണ് സംസ്ഥാനങ്ങളോടും സഹായിക്കാന്‍ അഭ്യര്‍ഥിക്കുന്നതെന്നും കത്തില്‍ പറയുന്നു.

വിസ കാലാവധി കഴിഞ്ഞവര്‍ക്കും റെസിഡന്‍റ് വിസയില്‍ വന്ന് ജോലി ചെയ്യുന്നവര്‍ക്കുമാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുകയെന്ന് യു.എ.ഇ.സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാരെ കുറ്റവാളികളായി കണക്കാക്കുമെന്നും യു.എ.ഇ. പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത താമസക്കാര്‍ റെസിഡന്‍സി വിഭാഗം അധികൃതരുമായി ബന്ധപ്പെട്ട് ഔട്ട് പാസ് വാങ്ങണമെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് പിഴയില്ല. അല്ലെങ്കില്‍ നിയമപ്രകാരമുള്ള പിഴയൊടുക്കി വിസ നിയമവിധേയമാക്കാം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: