Pages

Monday, November 19, 2012

SABARIMALA PILGRIMS -2012


പുണ്യദര്‍ശനം ആരോഗ്യദായകം
ഡോ. ബി. പദ്മകുമാര്‍ അസോസിയേറ്റ് പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം 
,മെഡിക്കല്‍ കോളജ്, ആലപ്പുഴ 

കഠിനമായ മലകയറ്റവും വ്രതാനുഷ്ഠാനങ്ങളും ജീവിതചര്യയില്‍ വരുത്തുന്ന കാതലായ മാറ്റങ്ങളും മനോനിയന്ത്രണങ്ങളുമെല്ലാം തീര്‍ഥാടകരെ സമ്പൂര്‍ണാരോഗ്യത്തിന്റെ സമുന്നതതലത്തിലാണ് കൊണ്ടെത്തിക്കുന്നത്. മണ്ഡലക്കാലം വരവായി. കേരളം ഇനിയൊരു ശരണാലയം. ശബരിമലയിലേക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തിച്ചേരുന്നത്. കഠിനമായ മലകയറ്റവും വ്രതാനുഷ്ഠാനങ്ങളും ജീവിതചര്യയില്‍ വരുത്തുന്ന കാതലായ മാറ്റങ്ങളും മനോനിയന്ത്രണങ്ങളുമെല്ലാം തീര്‍ഥാടകരെ സമ്പൂര്‍ണാരോഗ്യത്തിന്റെ സമുന്നതതലത്തിലാണ് കൊണ്ടെത്തിക്കുന്നത്. ശബരിമല തീര്‍ഥാടനത്തിന് ആചാരപരമായ പ്രത്യേകതയുള്ളതുപോലെതന്നെ ആരോഗ്യപരമായും സവിശേഷതകളുണ്ട്. 

കഠിനം മലയാത്ര 

ദുര്‍ഘടമാണ് കാനനയാത്ര. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വേണ്ടത്ര തയാറെടുപ്പുകളില്ലാതെ മലകയറ്റത്തിനൊരുങ്ങുന്നവര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. കൂടാതെ ചെറിയ ഒരു കാലയളവിനുള്ളില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മലമുകളിലുള്ള ഈ ക്ഷേത്രസങ്കേതത്തില്‍ ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ക്കും പ്രായോഗികമായി പരിമിതികള്‍ ഉള്ളപ്പോള്‍ അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും സാധ്യതയേറുകയാണ്. ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങുന്ന ഓരോ സ്വാമിഭക്തനും സ്വയം ചില മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ സ്വാമീദര്‍ശനം സുഖകരമാക്കാം. 

വേണം, വേണ്ടത്ര മുന്നൊരുക്കം 

കുത്തനേയുള്ള കയറ്റിറക്കങ്ങള്‍ താണ്ടി, തിരക്കിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ച് നീലിമലയും അപ്പാച്ചിമേടും കയറി ക്ഷേത്രദര്‍ശനം നടത്തുന്നത് സാധാരണജീവിതം നയിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം േശകരമായേക്കാം. മുന്‍കാലങ്ങളില്‍ കൃത്യമായ വ്രതാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിച്ച് തയാറായ ശരീരവും മനസുമായാണ് തീര്‍ഥാടകന്‍ മലകയറ്റത്തിനൊരുങ്ങിയിരുന്നതെങ്കില്‍, ആധുനികകാലഘട്ടത്തില്‍ ജീവിതത്തിരക്കുകള്‍മൂലം പലര്‍ക്കും ഇതിന് കഴിയുന്നില്ല. പെട്ടെന്നൊരു ദിവസം മാലയിട്ട് തീര്‍ഥാടനത്തിനിറങ്ങുന്നവരാണ് ഭൂരിപക്ഷവും. ഈ മുന്നൊരുക്കമില്ലായ്മയാണ് ശബരിമല തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ മുഖ്യകാരണം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ മലകയറ്റത്തിനൊരുങ്ങുന്നതിനു മുമ്പായി വൈദ്യപരിശോധനകള്‍ നടത്തി ശാരീരികക്ഷമത ഉറപ്പാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാകുമ്പോള്‍ മാത്രമേ തീര്‍ഥാടനത്തിനൊരുങ്ങാവൂ. രോഗനിര്‍ണയം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചുമുള്ള രേഖകള്‍ കരുതണം. യാത്രയ്ക്കിടെ ഒരു അടിയന്തരാവശ്യം ഉണ്ടാവുകയാണെങ്കില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നതിന് ഈ രേഖകള്‍ സഹായകമാകും. 

വ്യായാമം നേരത്തേ വേണം 

മലകയറ്റത്തിന് തയാറെടുക്കുന്നവര്‍ ഒരു മാസം മുമ്പെങ്കിലും കൃത്യമായി വ്യായാമത്തിലേര്‍പ്പെട്ട് ശരീരത്തെ കാനന യാത്രയ്ക്കായി തയാറാക്കണം. പ്രതിദിനം ഒരു മണിക്കൂറോളം നടക്കുന്നതുതന്നെ ഏറ്റവും ഉത്തമമായ വ്യായാമം. വ്യായാമം ചെയ്യുമ്പോള്‍ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. ദിവസേന കുറച്ചുനേരം പടികള്‍ കയറുന്നതും ഇറങ്ങുന്നതും നല്ലതാണ്. മലകയറ്റം കൂടുതല്‍ ആയാസരഹിതമാക്കുവാന്‍ ഈ വ്യായാമമുറകള്‍ സഹായിക്കും. പനിയോ മറ്റ് ശാരീരിക അസ്വാസ്ഥതകളോ ഉള്ളപ്പോള്‍ തീര്‍ഥാടനത്തിന് ഒരുങ്ങരുത്. ആസ്ത്മപോലെയുള്ള ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളവര്‍ രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായതിനുശേഷമാവണം മലകയറ്റത്തിന് തയാറെടുക്കേണ്ടത്്. ശാരീരികമായി അവശതകള്‍ ഉള്ളവരും വൃദ്ധജനങ്ങളും ഒറ്റയ്ക്ക് യാത്രചെയ്യരുത്. രോഗവിവരങ്ങള്‍ അറിയാവുന്ന ഒരു സഹായിയെ കൂടെ കരുതണം. 

മലകയറ്റം കരുതലോടെ 

പമ്പയില്‍നിന്ന് ശബരിമലവരെ അഞ്ചുകിലോമീറ്റര്‍ ദൂരമാണുള്ളത്. രണ്ടു വഴികളിലൂടെ ക്ഷേത്രത്തിലെത്താം. പരമ്പരാഗതപാതയും സ്വാമി അയ്യപ്പന്‍ റോഡും. പരമ്പരാഗതപാതയിലാണ് കുത്തനേയുള്ള കയറ്റങ്ങളായ നീലിമലയും അപ്പാച്ചിമേടും. മലയാത്രയുടെ തുടക്കത്തില്‍തന്നെയുള്ള നീലിമലകയറ്റത്തില്‍ 1.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അപ്പാച്ചിമേട് കയറ്റത്തിന് 150 മീറ്റര്‍ ദൈര്‍ഘ്യം വരും. പൊതുവേ കയറ്റിറക്കങ്ങള്‍ കുറവായ സ്വാമിഅയ്യപ്പന്‍ റോഡാണ് മലകയറ്റത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മാര്‍ഗം. പമ്പയിലെത്തി മലകയറാന്‍ തയാറെടുക്കുന്ന തീര്‍ഥാടകര്‍ ലഘുവായി മാത്രം എന്തെങ്കിലും കഴിച്ചതിനുശേഷമാവണം മലകയറേണ്ടത്. വയര്‍നിറയെ ഭക്ഷണം കഴിച്ച് പെട്ടെന്ന് മലകയറാന്‍ ശ്രമിക്കരുത്. ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ ദഹനാഗിരണത്തിനായി ശരീരത്തിലെ രക്തപ്രവാഹം ദഹനേന്ദ്രിയവ്യവസ്ഥയിലേക്ക് കൂടുതലായി ഒഴുകിയെത്തേണ്ടിവരും. ഇത് ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹത്തിന്റെ നിരക്ക് ഭാഗികമായി കുറയ്ക്കാനിടയുണ്ട്. ഹൃദയാരോഗ്യം ദുര്‍ബലപ്പെടുന്നത് ഹൃദയാഘാതത്തിനുപോലും ഇടയാക്കാമെന്നതുകൊണ്ട് കഴിയുന്നതും ഒഴിഞ്ഞ വയറുമായോ, ലഘുവായി എന്തെങ്കിലും കഴിച്ചതിനുശേഷമോ മലകയറിത്തുടങ്ങണം.

സാവകാശം മലകയറ്റം 

കുത്തനേയുള്ള കയറ്റങ്ങള്‍ വളരെ സാവധാനം മാത്രമേ കയറാവൂ. കൂടെയുള്ള തീര്‍ഥാടകരോടൊപ്പമെത്താനായി തിരക്കുകൂട്ടി ശാരീരിക അവശതകള്‍ അവഗണിച്ചുകൊണ്ട് മലകയറുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മനസില്‍ ശരണമന്ത്രവുമായി അടിവച്ചടിവച്ച്, സാവധാനം മലകയറുന്നതാണ് ഏറ്റവും സുരക്ഷിതം. കാനനപാതയ്ക്കിരുവശവുമായി സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരുന്ന് ആവശ്യത്തിന് വിശ്രമിക്കാവുന്നതുമാണ്. മലകയറുമ്പോള്‍ നെഞ്ചുവേദനയോ ശ്വാസംമുട്ടലോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ അവഗണിക്കരുത്. വിശ്രമിക്കണം. ആശ്വാസം ലഭിച്ചില്ലെങ്കില്‍ അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ എത്തി വൈദ്യസഹായം തേടണം. പ്രമേഹമുള്ളവര്‍ക്ക് മലകയറുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി താഴാനിടയുണ്ട്. അമിതക്ഷീണം, വിയര്‍പ്പ്, നെഞ്ചിടിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ എന്തെങ്കിലും മധുരം കഴിച്ച് വിശ്രമിക്കണം. 

പുകവലി പാടില്ല 

മലകയറുമ്പോള്‍പോലും പുകവലിക്കുന്നവരെ കണ്ടിട്ടുണ്ട്. അത്യന്തം അപകടകരമായ ഒരു പ്രവൃത്തിയാണിത്. സ്വന്തം ഹൃദയാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്നതു കൂടാതെ, നിര്‍മ്മലമായ കാനനാന്തരീക്ഷത്തെ മലിനപ്പെടുത്തി സഹയാത്രികരെക്കൂടി അസ്വസ്ഥരാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ആസ്ത്മപോലെയുള്ള ശ്വാസകോശപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടാല്‍ പാതയ്ക്കിരുവശവുമുള്ള ഓക്‌സിജന്‍ പാര്‍ലറുകളില്‍ച്ചെന്ന് അല്പനേരം ഓക്‌സിജന്‍ സ്വീകരിക്കണം. 

പുണ്യദര്‍ശനം ക്ഷമയോടെ, സമഭാവനയോടെ 

ശബരിമലയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ തിക്കും തിരക്കും പലപ്പോഴും അനുഭവപ്പെടാറുണ്ട്. എല്ലാ സുരക്ഷാക്രമീകരണങ്ങളെയും മറികടക്കുന്ന തീര്‍ഥാടകപ്രവാഹവും ഭക്തജനത്തിരക്കും ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കാനിടയുണ്ട്. കഴിഞ്ഞ മകരവിളക്കുകാലത്ത് പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ 102 അയ്യപ്പന്മാരാണ് മരണമടഞ്ഞത്. ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ത്ഥാടകനും അല്പമൊന്നു ശ്രദ്ധിച്ചാല്‍ സ്വാമിദര്‍ശനം സുരക്ഷിതമാക്കുവാന്‍ സാധിക്കും. ശബരിമല തീര്‍ഥാടനത്തിന്റെ പ്രത്യേകതതന്നെ സമഭാവനയുടെ, സഹവര്‍ത്തിത്വത്തിന്റെ സന്ദേശമാണ്. ഭക്തനും ഈശ്വരനും ഒരേ പേരിലറിയപ്പെടുന്ന അത്യപൂര്‍വമായ തീര്‍ഥാടനകേന്ദ്രമാണ് ശബരിമല. അവിടെയെല്ലാവരും അയ്യപ്പന്മാരാണ്. വലിയവനും ചെറിയവനുമില്ല. ഉള്ളവനും ഇല്ലാത്തവനുമില്ല. തീര്‍ഥാടകര്‍ പരസ്പരം സമഭാവനയോടെ സഹകരിക്കുകയാണെങ്കില്‍ ക്ഷേത്രദര്‍ശനം കൂടുതല്‍ അനായാസമാക്കാം. അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങളും ദര്‍ശനത്തിന് മുന്‍ഗണനയും നല്‍കുവാന്‍ തീര്‍ഥാടകര്‍തന്നെ മുന്നിട്ടിറങ്ങണം. വിശ്രമം ആവശ്യമുള്ള സഹതീര്‍ഥാടകന് ഇരിപ്പിടം നല്‍കിയും ദാഹിച്ചുവരുന്ന ഭക്തന് വെള്ളവും ഭക്ഷണവും പങ്കിട്ടും, മലകയറാന്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന ഭക്തന് കൈത്താങ്ങ് നല്‍കിയും തീര്‍ഥാടനം കൂടുതല്‍ സാര്‍ഥകമാക്കണം. തീര്‍ഥാടനവേളയില്‍ മത്സരവും സ്വാര്‍ഥതയുംപാടില്ല. അച്ചടക്കമില്ലായ്മയും കാപട്യവും തീര്‍ത്ഥാടകന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. യഥാര്‍ത്ഥഭക്തിയുടെ നിറവില്‍, വ്രതാനുഷ്ഠാനങ്ങളിലൂടെ ആര്‍ജിച്ച സംയമനത്തിന്റെ പിന്‍ബലത്തോടെ തീര്‍ത്ഥാടനം നടത്തുന്ന ഭക്തജനപ്രവാഹത്തില്‍നിന്ന് ഒരു സുരക്ഷാവീഴ്ചയും ഉണ്ടാകാനിടയില്ല. 

തീര്‍ത്ഥാടനം സാഹസികമാകരുത് 

കാനനക്ഷേത്രമായ ശബരിമലയിലെ തീര്‍ഥാടനത്തിനൊരുങ്ങുന്ന ഭക്തര്‍ നിയന്ത്രണത്തിന്റെയും സംയമനത്തിന്റെയും പാതയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. പരിചയമില്ലാത്തയിടങ്ങളിലും കാനനമധ്യത്തിലും സാഹസികമായ നടപടികള്‍ക്കൊരുങ്ങരുത്. തീര്‍ഥാടകരുടെ ബാഹുല്യത്തിനിടയില്‍ നീന്തലറിയാത്തവര്‍ പമ്പയില്‍ മുങ്ങിക്കുളിക്കാനൊരുങ്ങുന്നത് അതീവശ്രദ്ധയോടെയാവണം. കുഞ്ഞുങ്ങളെയും പ്രായമേറിയവരെയുംകൊണ്ട് നദിയിലും യാത്രയ്ക്കിടെ മറ്റ് ജലാശയങ്ങളിലും ഇറങ്ങുമ്പോള്‍ കരുതലുണ്ടാകണം. മലകയറുമ്പോള്‍ ശരിയായ പാതവിട്ട് സമാന്തരപാതകളിലൂടെ യാത്രയ്ക്ക് ശ്രമിക്കുന്നവരെ കാണാറുണ്ട്. കാടിന്റെ മധ്യത്തിലൂടെയുള്ള ഈ വഴികള്‍ ഒട്ടും സുരക്ഷിതമായിരിക്കുകയില്ല. അതോടൊപ്പംതന്നെ കുത്തനേയുള്ള കയറ്റിറക്കങ്ങളുള്ള സമാന്തരപാതകളില്‍ തെന്നിവീണ് അപകടമുണ്ടാകുവാനും ഇടയുണ്ട്. സന്നിധാനത്തും ക്ഷേത്രപരിസരങ്ങളിലും തീര്‍ഥാടകര്‍ തിങ്ങിനിറഞ്ഞുനില്‍ക്കെ പാത്രങ്ങളിലും മറ്റും കര്‍പ്പൂരം നിറച്ച് കത്തിച്ചുകൊണ്ട് തിക്കിത്തിരക്കുന്ന ഭക്തരും അപൂര്‍വമല്ല. അഗ്നിബാധയ്ക്കും മറ്റ് ദുരന്തങ്ങള്‍ക്കും വഴിയൊരുക്കാവുന്ന ഇത്തരം സാഹസികകൃത്യങ്ങളില്‍നിന്നും ഭക്തര്‍ വിട്ടുനില്‍ക്കണം. തീര്‍ഥാടനവേളയില്‍ പോലീസുകാരുടെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ പാലിക്കേണ്ടതുണ്ട്. സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത കാനനപ്രദേശങ്ങളില്‍ തമ്പടിച്ച് സാഹസിക ദര്‍ശനത്തിനൊരുങ്ങരുത്. കാട്ടാനയുടെയും മറ്റ് മൃഗങ്ങളുടെയും ഉപദ്രവമുണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ശ്രദ്ധിക്കണം. 

മല കയറുമ്പോള്‍ ശ്രദ്ധിക്കുക 

* ആവശ്യത്തിന് വിശ്രമിച്ച് സാവധാനം മലകയറുക. കഴിയുന്നതും ഭക്ഷണം കഴിക്കാതെ വേണം മലകയറുവാന്‍. നെഞ്ചുവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാല്‍ വിശ്രമിക്കുക. തുടര്‍ച്ചയായി ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വൈദ്യസഹായം തേടുക. ആസ്ത്മാരോഗികള്‍ ഇന്‍ഹേലറുകള്‍ കരുതുക. 


* ചികിത്സാരേഖകള്‍ കൂടെ കരുതണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരു കൂട്ടാളിയെ കൂടെ കൊണ്ടുപോകണം. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക. 


* തലകറക്കം, ബോധക്ഷയം ഇവ ഉണ്ടായാല്‍ വെറും നിലത്ത് കിടത്തുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: