Pages

Tuesday, November 27, 2012

SABARIMALA PILGRIMAGE-2012


ശബരിമല തീര്‍ഥാടനം:
അലംഭാവം അരുത്
. കോടിക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഉത്സവസീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് എല്ലാ മുന്നൊരുക്കവും നടത്താറുണ്ട്. ഇത്തവണ അത് നടത്തിയില്ലെന്നല്ല- ആവശ്യത്തിനുള്ളതൊന്നും ചെയ്തില്ല. തീര്‍ഥാടകരെ സ്വാഗതംചെയ്യുന്നത് ഇല്ലായ്മകളും അസൗകര്യങ്ങളുമാണ്. സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ സുഗമമായ നടത്തിപ്പിന് മൂന്ന് അംഗങ്ങള്‍ വേണ്ടതില്‍ മൂന്നാമത്തെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ തെരഞ്ഞെടുക്കേണ്ട പ്രതിനിധിയുടെ ഒഴിവാണുള്ളത്. പട്ടികജാതിയില്‍പ്പെട്ട അംഗത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുപ്പു നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. തീര്‍ഥാടനം തുടങ്ങുന്നതിന് ഏതാനും നാള്‍മുമ്പാണ് പ്രസിഡന്റായി പി ഗോവിന്ദന്‍നായരെയും അംഗമായി സുഭാഷ് വാസുവിനെയും നിയമിച്ചത്. മറ്റെല്ലാ രംഗങ്ങളിലുമെന്നപോലെ കക്ഷിരാഷ്ട്രീയത്തിന്റെയും ഇതര സങ്കുചിത താല്‍പ്പര്യങ്ങളുടെയും കേളീരംഗമായി ദേവസ്വംഭരണത്തെ മാറ്റാനുള്ള യുഡിഎഫ് തന്ത്രമാണ് ശബരിമലയില്‍നിന്ന് നിരന്തരം അസുഖകരമായ വാര്‍ത്തകള്‍ വരുന്നതിനു കാരണമെന്ന് നിസ്സംശയം പറയാം.സീസണ്‍ ആരംഭിക്കുന്നതിനുമുമ്പ് പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള കരാര്‍ അനുവദിച്ചതില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനടക്കം മൂന്നുപേര്‍ക്കാണ് നിലയ്ക്കല്‍, പമ്പ, ഹില്‍ടോപ് എന്നിവിടങ്ങളിലെ പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള കരാര്‍ അനുവദിച്ചത്. സ്റ്റാളുകള്‍ ലേലംവഴി അനുവദിക്കുന്നതിലും കൊപ്രലേലത്തിലും ക്രമക്കേട് നടന്നതായി ആരോപണം ഉണ്ടായി. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പൂപ്പല്‍ ബാധിച്ച രണ്ടു ലക്ഷത്തോളം പായ്ക്കറ്റ് ഉണ്ണിയപ്പം കത്തിച്ചുകളയേണ്ടിവന്നത്. കത്തിച്ച അപ്പത്തില്‍ വിഷാംശമെന്ന കണ്ടെത്തലും പുറത്തുവന്നു. അപ്പത്തിലെ പൂപ്പല്‍ബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോന്നിയിലെ കേന്ദ്ര ഭക്ഷ്യ ഗവേഷണകേന്ദ്രത്തില്‍ നടന്ന പരിശോധനയിലാണ് അപ്പത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വിഷാംശം കലര്‍ന്നതായി വ്യക്തമായത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവ തയ്യാറാക്കിയതെന്നും ഇത് വന്‍ ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കിയെന്നും പാചകസ്ഥലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു. ഇത്രയേറെ വിവാദം ഉയര്‍ന്നിട്ടും ദേവസ്വംമന്ത്രി വി എസ് ശിവകുമാര്‍ പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പ്രതികരിക്കാനില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. ഇത് ഒരുദാഹരണം മാത്രമാണ്.

കേരളത്തിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയോട് എന്തിന് ഈ അനാസ്ഥ എന്ന ചോദ്യം ജനങ്ങളില്‍ സ്വാഭാവികമായും ഉദിക്കുന്നു. തീര്‍ഥാടകര്‍ക്ക് താമസസൗകര്യം, കാനപ്പാത ഒരുക്കല്‍ എന്നിവയുടെ കാര്യത്തിലും സര്‍ക്കാര്‍ നിസ്സംഗത വ്യക്തമാണ്. സീസണ്‍ കണക്കിലെടുത്ത് ഈ വര്‍ഷം വൈദ്യുതി തടസ്സപ്പെടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ് പാഴ്വാക്കായി. ഉത്സവസീസണ്‍ ആരംഭിച്ച 15ന് ശബരിമലയില്‍ ഏഴു മണിക്കൂറിലേറെയാണ് വൈദ്യുതി മുടങ്ങിയത്. തുടര്‍ന്ന് അഞ്ചുനാളിനകം നാലുതവണ വൈദ്യുതി തടസ്സപ്പെട്ടു. തിങ്കളാഴ്ച പകല്‍ 10 മുതല്‍ നാലുവരെ വൈദ്യുതി മുടങ്ങി. ഉത്സവാഘോഷം മുന്നില്‍ കണ്ട് മതിയായ ഒരുക്കങ്ങള്‍ കൈക്കൊള്ളുന്നതിനുപകരം വിശ്വാസികളെ ദുരിതത്തിലാക്കുന്ന രീതിയാണ് അധികാരികള്‍ സ്വീകരിച്ചത്.ഭൂഗര്‍ഭ വൈദ്യുതി ലൈന്‍ പദ്ധതി എങ്ങുമെത്തിയില്ല. വൈദ്യുതിബോര്‍ഡും ദേവസ്വംബോര്‍ഡും തമ്മിലുള്ള ഭിന്നതയാണ് ആ പദ്ധതി അനിശ്ചിതാവസ്ഥയിലായത്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. അതീവ സുരക്ഷാമേഖലയായ ശബരിമല സന്നിധാനത്ത് അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തെതുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കെഎസ്ഇബി രൂപരേഖ തയ്യാറാക്കി. പമ്പമുതല്‍ സന്നിധാനംവരെ അഞ്ചു കിലോമീറ്റര്‍ ഭൂഗര്‍ഭ വൈദ്യുതിലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. രൂപരേഖ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. 1.5 കോടി രൂപയാണ് അന്ന് പദ്ധതിക്കായി കണക്കാക്കിയത്. ഉപയോക്താവായ ദേവസ്വം ബോര്‍ഡ് പണം കണ്ടെത്തണമെന്നായിരുന്നു വൈദ്യുതിബോര്‍ഡിന്റെ ആവശ്യം. ഇത് അംഗീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. അതോടെ പദ്ധതി എങ്ങുമെത്താതെയായി. വൈദ്യുതി മുടക്കം തുടര്‍ക്കഥയാകുമ്പോള്‍ ഭൂഗര്‍ഭലൈനിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നുപോലുമില്ല.

നട വരുമാനത്തിലും തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ നടവരുമാനത്തില്‍മാത്രം 40 ശതമാനം കുറവുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ നാളില്‍മാത്രം ഒരു കോടി രൂപയാണ് ലഭിച്ചത്. ഇത്തവണ 60 ലക്ഷംമാത്രം. ഒരാഴ്ച പിന്നിടുമ്പോള്‍ ചുരുങ്ങിയത് ആറു കോടിയോളം രൂപ വരുമാനം ലഭിക്കേണ്ടതാണ്. ഈ വരുമാനത്തിലാണ് 40 ശതമാനത്തിന്റെ ഇടിവുണ്ടായത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുന്നതിനാല്‍ പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന 13 ബസ് കെഎസ്ആര്‍ടിസി തിരിച്ചയച്ചു. തിരക്ക് വര്‍ധിച്ചാല്‍മാത്രം ബസുകള്‍ തിരിച്ചുകൊണ്ടുവന്നാല്‍ മതിയെന്നാണ് തീരുമാനം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: