Pages

Tuesday, November 27, 2012

CARDINAL MOR BASELIOUS CLEEMIS


ദൈവത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌

ജീവിതത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞപ്പോള്‍ ഐസക്ക്‌   കത്തോലിക്കാ സഭയുടെ രാജകുമാരനായി.പ്രാര്‍ഥനാ സ്‌തോത്രങ്ങള്‍ ഇതള്‍ വിരിയിച്ച പാതകളിലൂടെ അജപാലനത്തിന്റെ ദൗത്യമറിഞ്ഞ്‌ വിശ്വാസ സമൂഹത്തെ നേര്‍വഴി നയിക്കാന്‍ ദൈവത്തിന്റെ ഈ കൈയൊപ്പാണ്‌ ഐസക്കിനെ പിന്നീടു പ്രാപ്‌തനാക്കിയത്‌.റോമിലെ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ ബനഡിക്‌റ്റ് പതിനാറാം മാര്‍പ്പാപ്പയില്‍നിന്നു രാജകുമാരന്റെ അംശങ്ങള്‍ ഏറ്റുവാങ്ങിയ ഐസക്ക്‌ ബസലിക്കയില്‍ ഇന്നു കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അതു ചരിത്രമാകും.മലങ്കര കത്തോലിക്കാ സഭയില്‍നിന്നുള്ള പ്രഥമ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവയായിരിക്കും ഇന്നത്തെ കുര്‍ബാനയ്‌ക്കു നേതൃത്വം നല്‍കുക. മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ളവരുടെ പട്ടികയില്‍ മലങ്കരസഭയും ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവയിലൂടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. കേരളത്തില്‍നിന്നുളള അഞ്ചാമത്‌ കര്‍ദിനാളാണ്‌ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌. സീറോ മലബാര്‍ സഭയില്‍നിന്നു മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ ആയിരുന്നു കേരളത്തിലെ ആദ്യ കര്‍ദിനാള്‍. പിന്നീട്‌ മാര്‍ ആന്റണി പടിയറയും മാര്‍ വര്‍ക്കി വിതയത്തിലും കര്‍ദിനാള്‍മാരായി. അടുത്തിടെ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും കര്‍ദിനാളായി.
കര്‍ദിനാള്‍മാരുടെ നിരയില്‍ ഏറ്റവും പ്രായംകുറഞ്ഞ ആളാകും 53 വയസുകാരനായ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കത്തോലിക്ക ബാവ. ഇദ്ദേഹത്തിനുപുറമേ ഭാരതത്തില്‍ നിലവില്‍ മൂന്നു കര്‍ദിനാള്‍മാരാണുള്ളത്‌. കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, ടെലസ്‌ഫോര്‍ ടോപ്പാ, സീറോ മലബാര്‍ സഭ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ഒരേസമയം കേരളത്തില്‍ രണ്ടു കര്‍ദിനാള്‍മാര്‍ ഉണ്ടാകുന്നതും ഇതാദ്യമാണ്‌. മുംബൈ, ഝാര്‍ഖണ്ഡ്‌, എറണാകുളം എന്നിവയ്‌ക്കുപുറമേ ഇനി തിരുവനന്തപുരത്തും കര്‍ദിനാളുണ്ടാകും. എണ്‍പതു വയസു വരെയുള്ള കര്‍ദിനാള്‍മാര്‍ക്കു പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാം. അതുകൊണ്ടുതന്നെ ബസേലിയോസ്‌ മാര്‍ ക്ലിമീസിനു മുന്‍പില്‍ 27 വര്‍ഷങ്ങളുണ്ട്‌. മലങ്കരസഭയ്‌ക്കു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവി ലഭ്യമായതിനുശേഷം ആ അധികാരം ഉപയോഗിച്ച്‌ സഭാ സിനഡ്‌ തെരഞ്ഞെടുത്ത ആദ്യ ആര്‍ച്ച്‌ ബിഷപ്പും കാത്തോലിക്കാ ബാവയുമാണ്‌ മാര്‍ ക്ലിമീസ്‌്.
പത്തനംതിട്ട, മല്ലപ്പള്ളി, മുക്കൂര്‍, പകലോമറ്റം പൗവത്തിങ്കല്‍ (തോട്ടുങ്കല്‍) പരേതരായ മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി 1959 ജൂണ്‍ 15-നായിരുന്നു ഐസക്കിന്റെ ജനനം. നന്നേ ചെറുപ്പത്തില്‍ത്തന്നെ ദൈവവിളി ഐസക്‌ എന്ന ബസേലിയോസ്‌ മാര്‍ ക്ലിമീസില്‍ പ്രകടമായിരുന്നു. മറ്റു കുട്ടികളില്‍നിന്നു വ്യത്യസ്‌തനായി ചെറുപ്പത്തില്‍ത്തന്നെ ദൈവികകാര്യങ്ങളോട്‌ ഐസക്കിനു പ്രത്യേക ആഭിമുഖ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുന്നന്താനം സെന്റ്‌ മേരീസ്‌ യു.പി. സ്‌കൂളിലെയും ആനിക്കാട്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലെയും പ്രാഥമിക പഠനത്തിനുശേഷം ഐസക്കിനെ വൈദിക പഠനത്തിനു ചേര്‍ക്കാന്‍ വീട്ടുകാര്‍ക്ക്‌ ആലോചിക്കേണ്ടിവന്നില്ല. തിരുവല്ല ഇന്‍ഫന്റ്‌ മേരീസ്‌ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനം. തിരുവല്ല ബിഷപ്പായിരുന്ന സക്കറിയാസ്‌ മാര്അത്തനേഷ്യസ്‌ ആയിരുന്നു ഇദ്ദേഹത്തിനു പ്രവേശനംനല്‍കിയത്‌. ഗീവര്‍ഗീസ്‌ മാര്‍ തിമോത്തിയോസ്‌ ആയിരുന്നു റെക്‌ടര്‍. ചങ്ങനാശേരി എസ്‌.ബി. കോളജില്‍നിന്നു പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം ആലുവ സെന്റ്‌ ജോസഫ്‌ സെമിനാരിയില്‍നിന്നു തത്വശാസ്‌ത്രത്തില്‍ ബിരുദമെടുത്തു. പുനെ പേപ്പല്‍ സെമിനാരിയില്‍നിന്നു ജിയോളജി പഠനം പൂര്‍ത്തിയാക്കി. 1986 മാര്‍ച്ച്‌ 22-ന്‌ പുനെ ബിഷപ്‌ വെലേറിയന്‍ ഡിസൂസയില്‍നിന്നു ഡീക്കണ്‍ പദവി ഏറ്റെടുത്തു. അതേവര്‍ഷം ജൂണ്‍ 11 ന്‌ റവ. ഡോ. സിറില്‍ മാര്‍ ബസേലിയോസ്‌ മെത്രാപ്പോലീത്തയില്‍നിന്നു വൈദിക പട്ടം സ്വീകരിച്ച്‌ ബത്തേരി രൂപതയ്‌ക്കു കീഴിലുളള മുക്കൂര്‍ സെന്റ്‌ ജോസഫ്‌ മലങ്കര കത്തോലിക്ക പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചു. പിന്നീട്‌ ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍നിന്നു തത്വശാസ്‌ത്രത്തില്‍ എം.എ. ബിരുദം നേടി.
റോമിലെ സെന്റ്‌ തോമസ്‌ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്‌ടറേറ്റ്‌ നേടി. ബാംഗ്ലൂര്‍ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ വികാരി, ബത്തേരി പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പെരിബൈസ്‌ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി, എപ്പാരിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ സ്‌ഥാനങ്ങള്‍ വഹിച്ചു. ബത്തേരി സെന്റ്‌ തോമസ്‌ മൈനര്‍ സെമിനാരിയില്‍ വൈസ്‌ റെക്‌ടറായും ആധ്യാത്മിക ഗുരുവായും റെക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1997-ല്‍ ബത്തേരി രൂപത ചാന്‍സിലറും 98-ല്‍ വികാരി ജനറലുമായി. ബാംഗ്ലൂര്‍ മലങ്കര കത്തോലിക്ക രൂപതയുടെ പ്രഥമ വികാരിയായി. സുല്‍ത്താന്‍ബത്തേരി എക്യുമെനിക്കല്‍ ഫോറത്തിന്റെ സ്‌ഥാപക മെമ്പറായി. റോമിലെ സെന്റ്‌ തോമസ്‌ ഫെലോഷിപ്പ്‌ (മാര്‍ത്തോമ യോഗം) സെക്രട്ടറിയായി. 2011 ജൂണ്‍ 18ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരുവനന്തപുരം സഹായമെത്രാനായി നിയമിച്ചു.
ഇക്കാലയളവില്‍ നോര്‍ത്ത്‌ അമേരിക്കയിലും യൂറോപ്പിലും അപ്പോസ്‌തലിക്‌ വിസിറ്ററായി. 2001 ഓഗസ്‌റ്റ് രണ്ടിന്‌ റവ. ഡോ. സിറിള്‍ മാര്‍ ബസേലിയോസ്‌ മെത്രാപൊലീത്തയില്‍നിന്നു റമ്പാന്‍ പദവി സ്വീകരിച്ചു. സിറിള്‍ മാര്‍ ബസോലിയോസില്‍നിന്നുതന്നെ ഓഗസ്‌റ്റ് 15ന്‌ ബിഷപ്‌ പദവി സ്വീകരിച്ചു. 2001 ഒക്‌ടോബര്‍ 23ന്‌ അമേരിക്കന്‍ -യൂറോപ്യന്‍ നാടുകളില്‍ സേവനത്തിനായി പോയ അദ്ദേഹം സെപ്‌റ്റംബര്‍ ഒന്‍പതിനാണ്‌ തിരികെയെത്തിയത്‌. ഇതേമാസം 11 ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ തിരുവല്ല ബിഷപ്പായി നിയമിച്ചു. 2006 മാര്‍ച്ച്‌ 15ന്‌ തിരുവല്ല അതിരൂപതയുടെ പ്രഥമ മെത്രാപൊലീത്തന്‍ ആര്‍ച്ച്‌ ബിഷപ്പായി. 2007 ഫെബ്രുവരി പത്തിനാണ്‌ മലങ്കര കത്തോലിക്ക സഭയുടെ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്‌. മാര്‍ച്ച്‌ അഞ്ചിന്‌ പട്ടം സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ചുമതലകളേറ്റെടുത്തു. റോമിലെ ഓറിയന്റല്‍ ചര്‍ച്ചസ്‌ ഓഫ്‌ കോണ്‍ഗ്രിയേഷന്റെ സ്‌ഥിരാംഗമായ ഇദ്ദേഹം ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും സ്‌ഥിരാംഗമാണ്‌. സീറോ മലങ്കര കത്തോലിക്ക സഭാ തലവനായും കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ്‌ വൈസ്‌ പ്രസിഡന്റായും സേവനമനുഷ്‌ഠിക്കുന്നു. കമ്മിഷന്‍ ഓഫ്‌ എക്യൂമെനിസം ആന്‍ഡ്‌ ഡയലോഗ്‌ (മലങ്കര കത്തോലിക്ക എപ്പിക്‌സ് സ്‌കോപ്പല്‍ സിനഡ്‌), കമ്മിഷന്‍ ഫോര്‍ യൂത്ത്‌ (എം.സി.ഇ.എസ്‌) എന്നിവയുടെ ചെയര്‍മാനും കമ്മിഷന്‍ ഫോര്‍ ഫാമിലി (കെ.സി.ബി.സി), കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത്‌ (കെ.സി.ബി.സി), കമ്മിഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ (കെ.സി.ബി.സി) എന്നിവയുടെ വൈസ്‌ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡിന്റെ പ്രസിഡന്റാണ്‌. മികച്ച പണ്ഡിതനും വാഗ്മിയുമായ ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്‌. മലങ്കര സഭയ്‌ക്ക് ഇദ്ദേഹം നല്‍കിവരുന്ന സേവനങ്ങള്‍ നിരവധിയാണ്‌. സഭാ ഐക്യത്തിനായി ഇദ്ദേഹം നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌.
സഹൃദയനും സേവനതല്‍പരനുമാണു കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ കാതോലിക്ക ബാവ. ആര്‍ച്ച്‌ ബിഷപ്പായി ചുമതലയേറ്റെടുത്തശേഷം തിരുവനന്തപുരത്തിന്റെ വികസനത്തിനായി ഇദ്ദേഹം ഏറെ യത്നിച്ചു. അനന്തപുരിയിലെ പൊതുചടങ്ങുകളിലെ നിറസാന്നിധ്യമായിരുന്നു. 30 കിടക്കകളോടുകൂടിയ കമ്മ്യൂണിറ്റി കെയര്‍ സെന്ററും പാലിയേറ്റീവ്‌ കെയര്‍ സെന്ററും നിര്‍മിക്കാന്‍ മുന്‍കൈയെടുത്തു. 30 കിടക്കകളുള്ള സെന്റ്‌ജോണ്‍സ്‌ കെയര്‍ ഹോമിനും ഇദ്ദേഹം നിമിത്തമായി. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ഗ്രിഗോറിയോസിന്റെ സ്‌മരണാര്‍ഥം നാലാഞ്ചിറയില്‍ സ്‌നേഹവീട്‌ നിര്‍മിച്ചു. ആണ്‍കുട്ടികള്‍ക്കായി ബത്തലേഹം ബോയ്‌സ് ഹോമും മാനസിക ബുദ്ധിമുട്ടുളള വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ടയില്‍ ആശ്വാസ്‌ ഭവനും നിര്‍മിച്ചത്‌ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്‌. പിരപ്പന്‍കോട്‌ 50 കിടക്കകളോടുകൂടിയ കമ്മ്യൂണിറ്റി ഹോസ്‌പിറ്റല്‍ നിര്‍മിച്ചതിനൊപ്പം ഭവനരഹിതര്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിലും കര്‍ദിനാള്‍ ശ്രദ്ധാലുവാണ്‌. വത്തിക്കാന്‍ സുന്നഹദോസിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ കൂടി പങ്കെടുത്ത കുര്‍ബാനമധ്യേയാണ്‌ കര്‍ദിനാളായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്‌ മാര്‍പാപ്പ ബനഡിക്‌ട് പതിനാറാമന്‍ വായിച്ചത്‌.
1930 സെപ്‌റ്റംബര്‍ 20-ന്‌ മാര്‍ ഇവാനിയോസിന്റെ നേതൃത്വത്തിലാണ്‌ പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട്‌ മുണ്ടന്‍മലയില്‍ മലങ്കര സഭയ്‌ക്കു തുടക്കംകുറിക്കുന്നത്‌. 1932 ജൂണ്‍ 11-നു പതിനൊന്നാം പീയൂസ്‌ മാര്‍പാപ്പ മലങ്കര കത്തോലിക്കാ ഹയറാര്‍ക്കി സ്‌ഥാപിച്ചു. തിരുവനന്തപുരം അതിഭദ്രാസനം രൂപീകൃതമാകുകയും ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ഇവാനിയോസ്‌ നിയമിതനാകുകയും ചെയ്‌തു. സഫ്രഗന്‍ രൂപതയായി തിരുവല്ലയും ബിഷപ്പായി മാര്‍ തെയോഫിലോസും നിയമിതനായി. പിന്നീട്‌ ബഥനി മിശിഹാനുകരണ സന്യാസ പ്രസ്‌ഥാനത്തിന്‌ മാര്‍ ഇവാനിയോസ്‌ തുടക്കം കുറിച്ചു. 1953 ജൂലൈ 15-നു കാലം ചെയ്‌ത മാര്‍ ഇവാനിയോസിനെ 2007 ജൂണ്‍ 14-നു ദൈവദാസനായി ഉയര്‍ത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ മാര്‍ ഗ്രിഗോറിയോസിന്റെ കാലത്ത്‌ മലങ്കര കത്തോലിക്കാ സഭ കേരളത്തിനു പുറത്തേക്കും വിദേശ രാജ്യങ്ങളിലേക്കും വളര്‍ന്നു. 1994 ഒക്‌ടോബര്‍ 10-ന്‌ മാര്‍ ഗ്രിഗോറിയോസ്‌ കാലം ചെയ്‌തു. പിന്നീട്‌ സിറില്‍ മാര്‍ ബസേലിയോസിനായി സഭയെ നയിക്കാനുള്ള ഉത്തരവാദിത്തം. 2007 ജനുവരി 18-നു അദ്ദേഹവും കാലം ചെയ്‌തു. 2007 ഫെബ്രുവരി പത്തു മുതല്‍ മലങ്കര സഭയ്‌ക്ക് ധീരമായ നേതൃത്വം നല്‍കി വരവേയാണ്‌ ബസേലിയോസ്‌ മാര്‍ ക്ലീമിസിനെ തേടി കര്‍ദിനാള്‍ പദവിയെത്തുന്നത്‌.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: