Pages

Thursday, November 15, 2012

പാദസംരക്ഷണം കരുതലോടെ വേണം


പാദസംരക്ഷണം
 കരുതലോടെ വേണം
ഡോ. പ്രിയ ദേവദത്ത്
പ്രമേഹം- കാല്‍മുറിക്കല്‍ ഒഴിവാക്കാം:
പ്രമേഹംമൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് പാദസംബന്ധമായ പ്രശ്നങ്ങള്‍. പ്രധാനമായും മൂന്നു കാരണങ്ങള്‍ പ്രമേഹരോഗിയില്‍ പാദരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

1 ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

നാഡികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് കാലുകളെയാണ്. ചൂട്, തണുപ്പ്, വേദന തുടങ്ങി എല്ലാ സംവേദനങ്ങളെയും തിരിച്ചറിയാനും അതനുസരിച്ച് പ്രതികരിക്കാനും നമ്മെ സഹായിക്കുന്നത് നാഡികളാണ്. പ്രമേഹം ഗുരുതരമാകുമ്പോള്‍ നാഡികളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ തുടങ്ങും. ഇതുമൂലം പാദങ്ങളിലെ സ്പര്‍ശനശേഷി കുറയാനും, പാദങ്ങള്‍ വിയര്‍ക്കാതിരിക്കാനും കാരണമാകും. വരണ്ടകാലുകളില്‍ വിള്ളലുകളും വ്രണങ്ങളും ഉണ്ടാകും. സ്പര്‍ശനശേഷി കുറയുന്നതുമൂലം കാലുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം രോഗി തിരിച്ചറിയുന്നുമില്ല. വ്രണങ്ങളുണ്ടാകാനും അവ ശ്രദ്ധിക്കപ്പെടാതെ പോകാനും ഇടയാക്കും.

2. രക്തയോട്ടം കുറയുന്നത് പാദരോഗങ്ങള്‍ക്കിടയാകും

കടുത്ത പ്രമേഹമുള്ളവരില്‍ ചെറിയ രക്തലോമികകളും, ഒപ്പം വലിയ രക്തക്കുഴലുകളും അടഞ്ഞിരിക്കും. രക്തയോട്ടം നടക്കാതെവരുമ്പോള്‍ കോശങ്ങള്‍ നിര്‍ജീവമാകുകയും, കാലിലുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാതെ വളരെ വേഗം പഴുത്ത് വലുതാകുകയും ചെയ്യും. പ്രമേഹരോഗി പുകവലിക്കാരനാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെ രൂക്ഷമാകും.

3. അണുബാധ

പ്രമേഹം അണുബാധയ്ക്കുള്ള സാധ്യത കൂട്ടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. കാലിലുണ്ടാകുന്ന വ്രണം മിക്കപ്പോഴും രോഗാണുക്കള്‍ക്ക് ശരീരത്തിലേക്കു കടന്നുകയറാനുള്ള കവാടമാണ്. അണുബാധ കയറിപ്പോകുന്നതിനാലാണ് പലപ്പോഴും കാലുകള്‍ മുറിച്ചുമാറ്റേണ്ടിവരുന്നത്. വിരലിന്റെ അറ്റത്ത് ചെറിയൊരു മുറിവേ കാണുന്നുള്ളൂവെങ്കിലും ചിലപ്പോള്‍ അണുബാധ മുട്ടുവരെയോ, അതിലധികമോ എത്തിയിട്ടുണ്ടാകും.

പാദപരിചരണം ശ്രദ്ധയോടെ

പാദങ്ങള്‍ എന്നും ഇളം ചൂടുവെള്ളത്തില്‍ കഴുകി ഒട്ടും നവ് അവശേഷിക്കാതെ തുടയ്ക്കുക. പാദങ്ങളിലെ വരള്‍ച്ച ഒഴിവാക്കാന്‍ പ്രമേഹരോഗി എന്നും പാരന്ത്യാദികേരം, ഏലാദികേരം ഇവയിലേതെങ്കിലുമൊന്ന് മൃദുവായി പുരട്ടുക. വിരലുകള്‍ക്കിടയില്‍ പുരട്ടുന്നത് പൂപ്പല്‍ബാധ ഒഴിവാക്കും. ത്രിഫല കഷായംവച്ച് അരിച്ചു തണുപ്പിച്ച് പാദങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകുന്നത് മുറിവുകള്‍ ഉണ്ടാകാതെ പാദംസംരക്ഷിക്കാന്‍ ഉത്തമമാണ്. മഞ്ഞള്‍, വേപ്പില ഇവ വെന്ത വെള്ളം തണുപ്പിച്ച് കാല്‍ കഴുകുന്നത് നഖം പൊട്ടിപ്പോകുന്നത് തടയും. കാലിലുണ്ടാകുന്ന തടിപ്പുകളും കല്ലിപ്പുകളും സ്വയം വെട്ടിമാറ്റരുത്. കാല്‍വിരലുകള്‍ ഇടയ്ക്കിടെ മടക്കുകയും നിവര്‍ത്തുകയും ചെയ്യുന്നത് തഴമ്പു വരുന്നത് തടയും. രക്തക്കുഴലുകള്‍ ചുരുക്കുമെന്നതിനാല്‍ പുകവലി, പുകയിലയുടെ ഉപയോഗം ഇവ പാടില്ല. മഞ്ചട്ടി, മുത്തങ്ങ, അമൃത്, പടവലം, വിഴാലരി, രക്തചന്ദനം, വേപ്പ്, മഞ്ഞള്‍, നെല്ലിക്ക, കരിങ്ങാലി, കാട്ടുവെള്ളരി തുടങ്ങിയവ പ്രമേഹം നിയന്ത്രിക്കുന്നതോടൊപ്പം ത്വക്കിനെയും സംരക്ഷിക്കുന്ന ഔഷധികളില്‍ ചിലതാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: