Pages

Saturday, November 17, 2012

BAL THACKERY'S LAST JOURNEY


                            ബാല്‍ താക്കറെയ്ക്ക് 
                   പതിനായിരങ്ങളുടെ പ്രണാമം

ശിവസേനാസ്ഥാപകനും അധ്യക്ഷനുമായിരുന്ന ബാല്‍ താക്കറെയുടെ അന്ത്യയാത്രക്ക് പതിനായിരങ്ങളുടെ പ്രണാമം. മുംബൈ ബാന്ദ്രിയിലെ വസതിയായ ' മാതോശ്രീ' യില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ വിലാപയാത്ര ആരംഭിച്ചത്. ത്രിവര്‍ണ പതാക പുതപ്പിച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. ശിവജി പാര്‍ക്കില്‍ വൈകീട്ട് 6 മണിക്കാണ് സംസ്‌കാരം. മുംബൈ ബാന്ദ്രയിലെ സ്വവസതിയില്‍ ശനിയാഴ്ച(17th November,2012) പകല്‍ 3.33-നായിരുന്നു ബാല്‍ താക്കറെ(86)യുടെ അന്ത്യം. മകന്‍ ഉദ്ധവ് താക്കറെയും മരുമകന്‍ രാജ്താക്കറെയും അടുത്തബന്ധുക്കളും ശിവസേനാനേതാക്കളും അന്ത്യസമയത്ത് അടുത്തുണ്ടായിരുന്നു. ഉദരരോഗവും ശ്വാസകോശ രോഗവുംമൂലം കുറച്ചുദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു താക്കറെ. 'മാതോശ്രീ'യില്‍ സജ്ജീകരിച്ച അതിതീവ്രപരിചരണ സംവിധാനത്തിലായിരുന്നു ചികിത്സ. 

ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ജലീല്‍ പാര്‍ക്കര്‍ അറിയിച്ചു. ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ശിവാജി പാര്‍ക്കില്‍ നടക്കും. ദാദറിലും പീന്നീട് ശിവാജിപാര്‍ക്കിലും മൃതദേഹം അന്ത്യോപചാരമര്‍പ്പിക്കാന്‍ വെക്കും.
 അമിതാഭ് ബച്ചന്‍, അഭിഷേക്ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.മകന്‍ ഉദ്ധവ് താക്കറെയെ വിളിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അനുശോചനമറിയിച്ചു. പ്രമുഖ ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനി, നരേന്ദ്രമോഡി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞായറാഴ്ച മുംബൈയിലെത്തും.ഫ്രീപ്രസ്സ് ജേണലിലും ടൈംസ് ഓഫ് ഇന്ത്യയിലും കാര്‍ട്ടൂണുകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളുതിര്‍ത്ത താക്കറെയാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് മറാഠിവികാരം ജ്വലിപ്പിച്ച് രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്നു. താക്കറെയുടെ തന്ത്രമാണ് 1995-ല്‍ ബി.ജെ.പി.ക്കൊപ്പം ശിവസേനയെ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിച്ചത്. ശിവസേനാ അധ്യക്ഷന്‍ എന്നതല്ലാതെ ഭരണത്തിലോ രാഷ്ട്രീയത്തിലോ മറ്റ് അധികാരസ്ഥാനങ്ങളൊന്നും അദ്ദേഹം വഹിച്ചിട്ടില്ല.1926-ല്‍ പുണെയിലാണ് ജനിച്ചത്. പഠനശേഷമാണ് വരയുടെ ലോകത്തേക്ക് തിരിഞ്ഞത്. പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ് ജോലി ഉപേക്ഷിച്ചശേഷം താക്കറെ മാര്‍മിക് എന്ന കാര്‍ട്ടൂണ്‍മാസിക തുടങ്ങി. ഇതിലൂടെ മറാഠികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ച് കടുത്ത മഹാരാഷ്ട്രാപ്രേമിയായി. 1966 ജൂണ്‍ 19ന് ദാദറിലെ ശിവാജിപാര്‍ക്കില്‍ നടന്ന റാലിയില്‍ ശിവസേനയ്ക്ക് രൂപംനല്‍കി. കടുവയെന്നാണ് അടുത്ത അനുയായികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. 

അലറുന്ന കടുവയെത്തന്നെ പാര്‍ട്ടിചിഹ്നമാക്കുകയും ചെയ്തു. സേന പിന്നീട് പടര്‍ന്നുപന്തലിച്ച് മഹാരാഷ്ട്രയുടെ രാഷ്ട്രീയചരിത്രത്തില്‍ വന്‍സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയായി. മറാഠി ദിനപ്പത്രമായ സാമ്‌നയും ഹിന്ദിദിനപ്പത്രമായ ദോപ്പഹര്‍ കാ സാമ്‌നയും തുടങ്ങിയത് താക്കറെയാണ്. ഈ പത്രങ്ങളിലൂടെയാണ് ശിവസേനയുടെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിച്ചത്.
 
സിനിമാനിര്‍മാണരംഗത്ത് സജീവമായിരുന്ന മൂത്തമകന്‍ ബിന്ദുമാധവ് 1996-ല്‍ റോഡപകടത്തിലും ആ വര്‍ഷം തന്നെ ഭാര്യ മീനതായ് താക്കറെ ഹൃദയസ്തംഭനംമൂലവും മരിച്ചു. ഉദ്ധവ് താക്കറെ, ജയ്‌ദേവ് താക്കറെ എന്നിവരാണ് മറ്റുമക്കള്‍. മകന്‍ ഉദ്ധവ് താക്കറെയെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാക്കിയിരുന്നെങ്കിലും കടിഞ്ഞാണ്‍ ബാല്‍താക്കറെയുടെ കൈകളില്‍ ത്തന്നെയായിരുന്നു.ഉദ്ധവിന്റെ മകന്‍ ആദിത്യയെ മുന്നില്‍നിര്‍ത്തി യുവസേനയും രൂപവത്കരിച്ചു. എന്നും തന്റെ അരുമയായിരുന്ന സഹോദരപുത്രന്‍ രാജ്താക്കറെ ഉദ്ധവുമായി ഇടഞ്ഞ് ശിവസേന വിട്ടതാണ് താക്കറെയുടെ ജീവിതത്തിലെ ഏറ്റവുംവലിയ തിരിച്ചടി. രാജ്താക്കറെ ആരംഭിച്ച മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന ശക്തിയാര്‍ജിക്കുന്നതും താക്കറെ കണ്ടു.കുറച്ചുകാലമായി രോഗപീഡകളുടെ പിടിയിലായിരുന്നു. ദാദറിലെ ശിവാജിപാര്‍ക്കില്‍ നടന്ന ദസറ റാലിയില്‍ സംസാരിക്കാന്‍ എത്തിയിരുന്നില്ല. വീഡിയോയിലൂടെ ശിവസേനാ പ്രവര്‍ത്തകരെ അഭിസംബോധനചെയ്യുകയായിരുന്നു. അവസാനഘട്ടത്തില്‍ തീവ്രഹിന്ദുത്വ നിലപാടുകളുമായി താക്കറെ സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ-പാക് ക്രിക്കറ്റ്മത്സരം അനുവദിക്കാനാവില്ലെന്ന നിലപാടാണ് വിവാദമായത്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: