|
മലയാളം
ലോക ഭാഷയായി വളരണം
മലയാളം ലോകഭാഷയായി വളരണം .
കേരളീയരുടെ അഭിമാനം നിറഞ്ഞ സ്വത്വബോധത്തിന്റെ അടിത്തറയാണ് മലയാള ഭാഷ. സഹ്യപര്വതത്തിന്റെയും
അറബിക്കടലിന്റെയും നടുവില്‍ മലനാട്,
ഇടനാട്, തീരനാട് എന്നു വിളിക്കപ്പെട്ട
ഭൂപ്രദേശത്തെ ഭാഷയായാണ് മലയാളം വളര്‍ന്നത്. ലോകത്തിലെ ഏതു ഭാഷയുമെന്നതുപോലെ
ജനജീവിതത്തിന്റെ ചൂരും ചൂടും ഏറ്റുവാങ്ങിയ ഭാഷയാണ് നമ്മുടേതും ''പച്ചയാംവിരിപ്പിട്ട സഹ്യനില്‍ തലചായ്ച്ചും സ്വച്ഛാബ്ധി മണല്‍ത്തിട്ടില്‍
പാദോപദാനം പൂണ്ടും'' പള്ളികൊള്ളുന്ന കേരളം ജനങ്ങളുടെ ഉണര്‍വ്വിന്റെയും
അന്വേഷണത്തിന്റെയും ഔത്സുക്യം ഏറ്റുവാങ്ങിയാണ് വളര്‍ന്നത്. മലയാളികളുടെ മാതൃഭൂമി
രാജ്യാന്തരങ്ങളില്‍ കൈവരിച്ച അംഗീകാരത്തിന്റെ അടിയില്‍ തലകുനിക്കാത്ത ഒരു
ജനതയുടെ ആത്മചൈതന്യം തുടിച്ചുനിന്നു. അവരുടെ സര്‍ഗശേഷിയുടെ കൊടിയടയാളമാണ്
മലയാളഭാഷ. ആ മലയാളത്തെ മുന്‍നിര്‍ത്തി ഒരു വിശ്വമഹോത്സവം നടക്കുമ്പോള്‍ കേരളം
അതിനെ ഉദ്വേഗഭരിതമായി ഉറ്റുനോക്കും.സംസ്ഥാന ഗവണ്മെന്റും
കേരളസാഹിത്യ അക്കാദമിയും വിശ്വമലയാളമഹോത്സവത്തിന്റെ സംഘാടകരാകുമ്പോള് അതിന്റെ
നടത്തിപ്പ് കുറ്റമറ്റതാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കും. സര്‍ക്കാരിന്റെ
ഔദ്യോഗിക സന്നാഹങ്ങളും സാഹിത്യ അക്കാദമിയുടെ സാഹിതീയ സിദ്ധികളും ഒത്തുചേരുമ്പോള്‍
സംഘാടക മികവിന്റെ പൂര്ണതയുണ്ടാകുമെന്നാണ് പലരും പ്രതീക്ഷിച്ചത്. മലയാളം
എക്കാലവും അഭിമാനപൂര്‍വം നെഞ്ചേറ്റുന്ന പെരുമ്പടവം ശ്രീധരനാണ് ഇപ്പോള്‍ സാഹിത്യ
അക്കാദമി പ്രസിഡന്റ്. അദ്ദേഹത്തിന്റെ സൗമ്യതയാര്‍ന്ന സര്‍ഗ വൈഭവം ഒരു 'സങ്കീര്‍ത്തനം പോലെ' തന്നെയാണ് ഭാഷാ പ്രേമികള്‍ എന്നും കൊണ്ടാടുന്നത്. അത്തരം വലിയ മനുഷ്യര്‍ക്കുപോലും
അപമാനമുണ്ടാക്കും വിധമാണ് ഈ മഹോത്സവത്തിന്റെ നടത്തിപ്പ് എന്നറിയുമ്പോള്‍ കേരളം
ദുഃഖിക്കുകയാണ്.മലയാള ഭാഷയേയും അതിന്റെ
മഹനീയ പൈതൃകത്തേയും അറിയാത്ത അരെല്ലാമോ ചേര്‍ന്ന് ഈ മഹോത്സവത്തെ
റാഞ്ചിയെടുത്തുവോ എന്ന് പല കേന്ദ്രങ്ങളില്‍ നിന്നും ചോദ്യമുയരുന്നു. ''ദീപസ്തംഭം മഹാശ്ചര്യം......''
എന്ന മട്ടില്‍ സര്‍വതിനെയും സമീപിക്കുന്നവരുടെ കൈയാല്‍ ഭാഷയ്ക്ക്
സംഭവിക്കുന്ന മുറിവുകളുടെ കഥയാണ് വിശ്വമലയാള മഹോത്സവം പറയുന്നത്. സി വി രാമന്
പിള്ളയേയും സി വി രാമനേയും തിരിച്ചറിയാത്ത അത്തരം കമ്മിറ്റിക്കാര്‍ക്ക് മലയാള
കാല്പനികതയുടെ നിത്യഹരിത പ്രതീകമായ ചങ്ങമ്പുഴയ്ക്ക് വാര്‍ധക്യം സമ്മാനിക്കാന്‍
മടിയുണ്ടാകില്ല. മരിച്ചവരെ ജീവിപ്പിക്കാനും അവരെ മുഖ്യപ്രഭാഷകരാക്കാനും ഇത്തരം
വിരുതന്മാര്ക്കു കഴിയും.
ബംഗാളി സാഹിത്യത്തിലൂടെ
ഇന്ത്യന്‍ സാഹിത്യത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയ സുനില്‍ ഗംഗോപാധ്യായ
അന്തരിച്ചിട്ട് ഒരാഴ്ചയിലേറെയായി. അദ്ദേഹത്തെ കന്നട കവി ഡോ. സിദ്ധലിംഗ
പട്ടണഷെട്ടിയുടെ പേരിലാണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. ആ പേരുതന്നെ വാര്‍ത്താ
പത്രികയില്‍ തെറ്റായാണ് അച്ചടിച്ചിട്ടുള്ളത്. 'ഒരു പേരില്‍ എന്തുകാര്യം' എന്ന ചോദ്യം കൊണ്ട് അവര്‍ അഭിനയ ഷേക്സ്പിയര്മാരായി വിമര്‍ശകരുടെ
വായടപ്പിക്കുകയില്ലെന്ന് നമുക്ക് ആശിക്കാം. കവികള്‍ക്കു ഗ്രേഡു തിരിക്കാനും
യാത്രാപ്പടി തദനുസൃതമാക്കാനും മറ്റും കാണിച്ച വിവേകശൂന്യമായ തിരക്കുകള്‍ അവരുടെ
ഉദ്ദേശശുദ്ധിയെപ്പറ്റി ആരിലും സംശയമുണ്ടാക്കുന്നതാണ്. 35
കൊല്ലം മുമ്പ് ഇവിടെ നടന്ന ലോകമലയാള സമ്മേളനത്തിന്റെ അനുഭവങ്ങളില്‍ നിന്ന്
നേരായതു പലതും തങ്ങള്‍ക്കു പഠിക്കാനുണ്ടെന്ന് അവര്‍ക്കു തോന്നിയില്ല അന്ന് 8,38,183 രൂപയാണ് ആകെ ചെലവ് എന്ന് സാക്ഷ്യപ്പെടുത്തുന്നത് അതിന്റെ
മുഖ്യസംഘാടകനായ ഡോ. പുതുശ്ശേരി രാമചന്ദ്രനാണ്. അന്നു മിച്ചം വന്ന പണം
കൊണ്ടാണത്രെ കേരള സര്‍വകലാശാലയില്‍ അന്തര്‍ദേശീയ മലയാള പഠനകേന്ദ്രം സ്ഥാപിച്ചത്.
ഈ ചരിത്രമൊന്നും സാഹിത്യമൊഴികെ മറ്റെല്ലാറ്റിലും സര്വ്വജ്ഞരാകാന്
മത്സരിക്കുന്നവര്‍ക്കു അറിയാന്‍ താല്പര്യമുണ്ടാകില്ല. 'കാട്ടിലെ
തടി തേവരുടെ ആന' തുടങ്ങിയ പഴഞ്ചൊല്ലുകളില്‍
പതിരില്ലെന്നാണ് ഇത്തരക്കാര്‍ നമ്മെ അറിയിക്കുന്നത്. വിശ്വമലയാള മഹോത്സവം ഭാഷാ
പ്രേമികളില്‍ കൊളുത്തിവച്ച പ്രതീക്ഷകളുടെ നാളങ്ങള്‍ കെട്ടുപോവുകയാണ്. ഈ വൈകിയ
വേളയില്‍ അതിനെ നേര്‍വഴിയിലേയ്ക്കു തിരിച്ചു കൊണ്ടുവരാന്‍ ആര്‍ക്കും കഴിയില്ല.
ഏതുലോക ഭാഷയോടും കിടപിടിക്കാന്‍ പോന്ന സാഹിത്യവും വ്യാകരണവും പദസമ്പത്തും ലിപി
ഘടനയും മലയാളത്തിനുണ്ട്. അവയുടെയെല്ലാം പുതിയ കാലഘട്ടത്തിലെ വളര്‍ച്ചയുടെ സാധ്യത
ആരായാനുള്ള ഫലപ്രദമായ വേദിയായി അതിനെ മാറ്റാന്‍ കഴിയേണ്ടതായിരുന്നു. അതാണിപ്പോള്‍
അലസിപ്പോകുന്നത്. ഇന്റര്‍നെറ്റിന്റെയും യൂണിക്കോഡിന്റെയും കാലഘട്ടത്തിലാണ്
മലയാളത്തിനു ഇനി വളരേണ്ടത്. 'പശ്ചിമ ഘട്ടങ്ങളെ മാത്രമല്ല
അതിനു കേറിയും കടന്നും കൊണ്ട്' വളരാനുള്ളത്.
വിക്കിപീഡിയയില്‍ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഏറ്റവും പ്രാമുഖ്യം ഇന്നു മലയാളം
കരസ്ഥമാക്കിയിരിക്കുന്നു എങ്കിലും ലോകം തീരെ ചെറുതായിക്കഴിഞ്ഞ ഈയുഗത്തില്‍
മനുഷ്യനോടൊപ്പം മലയാളവും ഇനിയും വലുതാകേണ്ടതുണ്ട്.
പുതിയ ജീവിതം
മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികള്‍ പുറകെ ഭാവുകത്വവും നേരിടുന്നുണ്ട്.
ഭാഷാന്തരണവും (ലിപ്യന്തരണവും (വേഗതയിലും കുറ്റമറ്റതുമാക്കാന്‍ കഴിയുന്ന
സാങ്കേതിക സിദ്ധികള്‍ യൂണിക്കോഡ് ഇന്ന് പ്രദാനം ചെയ്യുന്നുണ്ട്. ഈ സാധ്യതയെ
മനുഷ്യന്റെ സര്‍ഗസൗന്ദര്യ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെടുത്തിവേണം മലയാളത്തിനു
വളരാന്‍. അതില്‍ പങ്കുവഹിക്കാന്‍ കഴിയുന്ന എല്ലാവരേയും ഒന്നിച്ചണിനിരത്താന്‍
കഴിയുമായിരുന്ന ഒരു വേദിയാണ് നമുക്ക് നഷ്ടമായത്. രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ
ഇരുണ്ട താല്പര്യങ്ങള് മലയാള ഭാഷയോട് ചെയ്ത കൊടുംചതിയുടെ മഹോത്സവമായി അതുമാറി.
ഭരണാധികാരികള്‍ ഇതില്‍ നിന്ന് എന്തെങ്കിലും പാഠം പഠിക്കാനിടയില്ല. ഭാഷയും സംസ്ക്കാരവുമെല്ലാം
കമ്പോളത്തിനു തീറെഴുതി കൊടുക്കുന്ന രാഷ്ട്രീയത്തിന്റെ തടവറയിലാണല്ലോ സര്‍ക്കാര്‍.പുതിയ
തലമുറയുടെ കരുത്തായി മാറേണ്ട
ഭാഷയെ അതിനു സജ്ജമാക്കാന്‍ സര്‍ക്കാരിന് കഴിയണം .സാങ്കേതികവിദ്യ
ഭാഷയുടെ വളര്‍ച്ചക്ക് സഹായകമാകണം .
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
|
Saturday, November 3, 2012
മലയാളം ലോക ഭാഷയായി വളരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment