Pages

Tuesday, November 6, 2012

ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ചില മുന്‍ കരുതലുകള്‍ വേണം


ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ചില മുന്‍ കരുതലുകള്‍ വേണം

(ഡോ. റെജി,സീനിയര്‍ ഗൈനക്കോളജിസ്റ്റ് ,ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ )
ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭിണിയായശേഷവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഈ മാറ്റങ്ങള്‍ അടുത്തറിയുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക. കുഞ്ഞിനെ താലോലിക്കാനും ഓമനിക്കാനും ഇഷ്ടപ്പെടാത്ത സ്ത്രീകളില്ല. പക്ഷേ, അതിനുമുമ്പ് ഗര്‍ഭധാരണം, പ്രസവം എന്നീ മഹനീയ കര്‍മങ്ങള്‍ കൂടിയുണ്ട്. ആരും മോഹിക്കുന്ന കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിച്ചാല്‍ മാത്രം പോരാ മനസുകൊണ്ടും ശരീരംകൊണ്ടും അതിനായി ഒരുങ്ങണം. ഭാര്യ മാത്രമല്ല ഭര്‍ത്താവിനും ആരോഗ്യമുള്ള കുഞ്ഞിനായി അവരവരുടേതായ പങ്കുവഹിക്കാനുണ്ട്. ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും സ്ത്രീയാണെങ്കില്‍ അവരെ പരിരക്ഷിക്കുന്നതില്‍ പുരുഷന് മുന്‍കൈയെടുക്കാം. കുഞ്ഞുവാവക്കുള്ള കാത്തിരിപ്പില്‍ അതുവരെ പുലര്‍ത്തിവന്ന ജീവിതചര്യകളില്‍ പലതും ഉപേക്ഷിക്കേണ്ടി വരാം. പുതിയ ചിന്തയോടെ പുതിയ തീരുമാനത്തോടെ ഒരു നല്ല കുഞ്ഞിനായി ദമ്പതികള്‍ ഒരുങ്ങണം. അതിനായി ഗര്‍ഭാവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. 

ഗര്‍ഭസ്ഥ ശിശുവിന്റെ രോഗപ്രതിരോധശേഷിക്കും അംഗവൈകല്യം തടയാനും ഗര്‍ഭിണിയാകുന്നതിന് മൂന്ന് മാസം മുമ്പ് മുതല്‍ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങണം. കുഞ്ഞിന്റെ നട്ടെല്ലിനും തലച്ചോറിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഒരുപരിധിവരെ സഹായിക്കും.  അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന്മുമ്പ് വണ്ണം കുറയ്ക്കണം. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറയ്ക്കാം.  ഗര്‍ഭിണിയാകുന്ന പ്രായം 20 വയസില്‍ കുറയുന്നതും 35 വയസില്‍ കൂടുന്നതും ജനിക്കുന്ന കുഞ്ഞിന് ജന്മവൈകല്യങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. അമ്മയാകാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രധാനം മാനസികമായ തയാറെടുപ്പാണ്്. സംശയകരമായ മനസോടെ ഗര്‍ഭം ധരിക്കരുത്. മുന്‍ നിശ്ചയപ്രകാരം ഗര്‍ഭധാരണം നടന്നെങ്കില്‍ മാത്രമേ അത് സന്തോഷകരമാകുകയുള്ളൂ.  ഗര്‍ഭധാരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ മനസിലാക്കി പരിഹരിച്ചശേഷം ഗര്‍ഭിണിയാകുന്നതാണ് നല്ലത്. ഗര്‍ഭധാരണത്തിനായി ഒരുങ്ങുന്നകാലയളവില്‍ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും നന്നായി മനസിലാക്കുക.  അപസ്മാരം, മാനസികപ്രശ്‌നങ്ങള്‍ എന്നിവയ്ക്കു കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന് ജന്മവൈകല്യങ്ങളുണ്ടാകുന്നതിന് കാരണമാകാം. അതിനാല്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് ഡോക്ടറുടെ നിര്‍ദേശപ്രകാരം അവ ഒഴിവാക്കുകയോ മരുന്നുകളില്‍ മാറ്റം വരുത്തുകയോ ചെയ്യണം. തൈറോയിഡ്, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടറെ കണ്ട് അവ നിയന്ത്രണ വിധേയമാക്കിയശേഷം ഗര്‍ഭിണിയാകുന്നതാണ് നല്ലത്. 
 
ഗര്‍ഭിണിയാകുന്നതിനുമുമ്പ് ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും പ്രവര്‍ത്തനം നന്നായി നടുക്കുന്നുണ്ടോയെന്ന് അറിയുന്നത് നല്ലതാണ്. അതുപോലെ പാരമ്പര്യ രോഗങ്ങളുള്ളവര്‍ ആ വിവരങ്ങള്‍ ഡോക്ടറോടു പറയണം. 

*
ഗര്‍ഭാവസ്ഥയിലെ രക്തസമ്മര്‍ദം അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കാം. കുഞ്ഞിന് വളര്‍ച്ചക്കുറവ്, കുട്ടി വയറ്റില്‍ കിടന്ന് മരിക്കുക തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും അമ്മയുടെ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനത്തെയും അമിതരക്തസമ്മര്‍ദ നിരക്ക് ബാധിക്കാം. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദമുള്ളവര്‍ കൃത്യ സമയത്ത് പരിശോധനകള്‍ നടത്തണം. ഗര്‍ഭിണിയാകുന്നതിനുമുമ്പുതന്നെ നല്ല ഭക്ഷണം കഴിച്ചു തുടങ്ങണം. കൊഴുപ്പു കൂടിയതും വറുത്തതുമായ ഭക്ഷണം കുറക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, നാരുകൂടിയ ഭക്ഷണം ഇവയും ഒഴിവാക്കരുത്. അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം ബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകവൈകല്യത്തിനുള്ള സാധ്യത കൂടുതലാണ്. 

*
ഗര്‍ഭകാലത്ത് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇത് ഗര്‍ഭം അലസുന്നതിനു കാരണമാകാം.അണുബാധ ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. മൂത്രം പിടിച്ചു വയ്ക്കാതിരിക്കുക. ഗര്‍ഭിണികള്‍ ഹീലുള്ള ചെരുപ്പ് ഉപേക്ഷിക്കുക. ഇത് നടുവുവേദനക്കു കാരണമാകാം.  20 -30 വയസിനിടക്കുള്ള പ്രായമാണ് ഒരു സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭം ധരിച്ചു പ്രസവിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്രായം. താമസിച്ചുള്ള പ്രസവം ജനിതകപ്രശ്‌നങ്ങള്‍ക്കു കാരണമാകാം. നേരത്തെയുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടകരമാണ്.   ഗര്‍ഭിണിയ്ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്റെ അംഗവൈകല്യത്തിലേക്കു നയിക്കാം. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പ് അണുബാധകള്‍ ചികിത്സിച്ചു മാറ്റണം. 
സാധാരണ ഗര്‍ഭിണികളെക്കാള്‍ അസ്വസ്ഥത കൂടുതലാണ് ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിക്കുന്നവര്‍ക്ക്. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ വിശ്രമം ആവശ്യമാണ്. രണ്ടാഴ്ച കൂടുമ്പോള്‍ ഇവര്‍ ഡോക്ടറെകണ്ട് പരിശോധന നടത്തണം. ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിക്കുമ്പോള്‍ മാസംതികയാതെ പ്രസവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭാശയമുഖത്ത് തുന്നല്‍ ഇടാന്‍ ഡോക്ടര്‍ നിര്‍ദേശിക്കാം. ശരീരത്തിലെ ഹിമോോബിന്റെ അളവ്, തൈറോയിഡ് പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്ത പരിശോധന എന്നിവ ഗര്‍ഭിണിയായ ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം നടത്തണം.  അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹത്തിനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാല അസ്വസ്ഥതകളും മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് കൂടുതലായിരിക്കും. അതിനാല്‍ അമിതവണ്ണമുള്ളവര്‍ വണ്ണം കുറച്ചശേഷം ഗര്‍ഭിണിയാകുന്നതാണ് നല്ലത്. കുഴപ്പങ്ങളൊന്നും ഇല്ലാ
ത്തവര്‍ ശരീരം അനങ്ങി ജോലി ചെയ്യാവുന്നതാണ്. എന്നാല്‍ ശരീരം കൂടുതല്‍ അനങ്ങിയുള്ള ജോലികള്‍ ചെയ്യുന്നത് നടുവുവേദനയ്ക്കു കാരണമാകാം.  ഗര്‍ഭിണി ശരിയായ ശരീര ശുചിത്വം പാലിക്കേണ്ടതും ശുചിയായ വസ്ത്രങ്ങള്‍ ധരിക്കേണ്ടതുമാണ്. 

*
പ്രമേഹമുള്ളവരുടെ കുട്ടികള്‍ക്ക് ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. കൃത്യമായി മരുന്നു കഴിക്കുന്നതിലൂടെയും ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നതിലൂടെയും ഗര്‍ഭാവസ്ഥയില്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്.  ഗര്‍ഭിണികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് മസിലുകള്‍ക്ക് അയവ് കിട്ടുന്നതിനും പ്രസവം സുഖകരമാക്കാനും വേദന കുറയ്ക്കാനും സഹായിക്കും. നടത്തം നല്ല വ്യായാമമാണ്. 

*
ഗര്‍ഭിണികളില്‍ കാലുകളിലും മറ്റും നീരു കാണുന്നത് സ്വാഭാവികമാണ്. ഉച്ചകഴിഞ്ഞായിരിക്കും ഇത് കൂടുതലായി കാണപ്പെടുന്നത്. വൃക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍ രാവിലെയും അസ്വഭാവികമായ രീതിയില്‍ മുഖത്തും കാലിലും നീര് ഉണ്ടാകാം. അതിനാല്‍ നീര് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ രക്തപരിശോധന, മൂത്രപരിശോധന എന്നിവയിലൂടെ മറ്റ് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. 
 
അമിതരക്തസമ്മര്‍ദത്തിന്റെ ഫലമായി ഉണ്ടാകുന്ന നീരാണെങ്കില്‍ അത് രക്തസമ്മര്‍ദത്തിന്റെ മരുന്നു കഴിക്കുമ്പോള്‍ മാറുന്നതാണ്. 
 
രാത്രികിടക്കുമ്പോള്‍ കാലിന്റെ അടിഭാഗത്തായി തലയിണ വയ്ക്കുന്നത് സാധാരണ കാലില്‍ കാണപ്പെടുന്ന നീര് കുറയാന്‍ സഹായിക്കും ഗര്‍ഭാവസ്ഥയില്‍ യാത്ര പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. എന്നാല്‍ പ്രായം കൂടി ഗര്‍ഭിണിയായവര്‍, കുറേ നാളത്തെ ചികിത്സക്കുശേഷം ഗര്‍ഭിണിയായവര്‍, അപസ്മാരം പോലെയുള്ള രോഗങ്ങളുള്ളവര്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസവും ഗര്‍ഭാവസ്ഥയുടെ അവസാന രണ്ടാഴ്ചയും ഗര്‍ഭിണികള്‍ യാത്ര കുറയ്ക്കുക. ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നത് നടുവുവേദന ഉണ്ടാക്കാം. അതുപോലെ കുഴിയുള്ള റോഡില്‍കൂടി ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വയറിനു ആയാസം ഉണ്ടാകുന്നതിനു കാരണമാകാം. വയറിന് അധിക സമ്മര്‍ദം ഉണ്ടാകാത്ത രീതിയില്‍ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക. 
കിടക്കുമ്പോള്‍ ഇടുതുവശം ചെരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ഇതുമൂലം ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം ത്വരിതപ്പെടുകയും കുഞ്ഞിന് ആവശ്യത്തിനു ഓക്‌സിജനും പോഷകങ്ങളും ലഭിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ നേരെ കിടക്കുന്നത് ഒഴിവാക്കുക.  ഉച്ച ഭക്ഷണത്തിനുശേഷം രണ്ടു മണിക്കുറെങ്കിലും ഗര്‍ഭിണി വിശ്രമിക്കണം. 

*
അലര്‍ജിയുള്ളവര്‍ ഗര്‍ഭാവസ്ഥയില്‍ അലര്‍ജി ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുക. നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ പൊടിയടിയാതെ സൂക്ഷിക്കുക.  കൂടുതല്‍ സമയം ഗര്‍ഭിണികള്‍ ടി. വി കാണുന്നതും ഒഴിവാക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ മാനസികാവസ്ഥകള്‍ ഗര്‍ഭസ്ഥശിശുവിനെ സ്വാധീനിക്കുന്നു. അതിനാല്‍ ആക്രമണവും സങ്കടം നിറയ്ക്കുന്നതുമായ കാഴ്ചകള്‍ അമ്മയുടെ ആകുലതകള്‍ ഉണ്ടാക്കാം. ഇത് കുഞ്ഞിനെ ബാധിക്കാനിടയുണ്ട്.  കംപ്യൂട്ടറിനെക്കാള്‍ അപകടകരമാണ് ഗര്‍ഭിണികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയേഷന്‍ കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

*
ഗര്‍ഭാവസ്ഥയില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രമേ കഴിക്കാവൂ. മറ്റുള്ളവര്‍ പറയുന്ന മരുന്നകള്‍ ഗര്‍ഭാവസ്ഥയില്‍ പരീക്ഷിക്കരുത്.  ചെറിയ ജലദോഷ പനിയ്ക്ക് കുറഞ്ഞ അളവില്‍ പാരസെറ്റമോള്‍ കൊടുക്കാവുന്നതാണ്. ഗര്‍ഭിണികള്‍ ചുമയ്ക്ക് ആവി കൊള്ളുന്നത് നല്ലതാണ്.  ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങള്‍ വേണം ഗര്‍ഭിണികള്‍ ധരിക്കാന്‍. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യം .ചുരിദാിന്റെ പാന്റ് അടിപ്പാവാട എന്നിവ അധികം അമര്‍ത്തി വയറില്‍ കെട്ടരുത്. 

ഡോക്ടര്‍ .മഞ്ജു  കുരാക്കാര്‍















No comments: