Pages

Friday, November 23, 2012

വായിച്ചു വായിച്ചു മതിവരാത്ത പ്രതിഭാശാലി


വായിച്ചു വായിച്ചു  മതിവരാത്ത പ്രതിഭാശാലി
pg

പി. ഗോവിന്ദപ്പിള്ളയുടെ വായനാസഞ്ചാരങ്ങളെ തൊട്ടടുത്തുനിന്നുകണ്ട മകന്‍ രാധാകൃഷ്ണന്‍ എം.ജി.യുടെ കുറിപ്പില്‍  നിന്ന് ഏതാനം  ഭാഗങ്ങള്‍ :എന്നും അച്ഛന്റെ പരിഗണനാപ്പട്ടികയില്‍ വായന കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് അച്ഛന്റെ പുസ്തകങ്ങളോട് അസൂയ കലര്‍ന്ന ഒരു വിരോധമായിരുന്നു എന്നു തോന്നുന്നു. ഏതുനേരവും എവിടെയായാലും അച്ഛനില്‍ പുസ്തകങ്ങള്‍ കുത്തകാവകാശം സ്ഥാപിച്ചു. വീട്ടില്‍ മാത്രമല്ല, പുറത്തുപോകുമ്പോഴും അതില്‍ മാറ്റമില്ല. അഞ്ചുമിനിട്ട് നേരത്തേക്ക് പുറത്തിറങ്ങുമ്പോള്‍ പോലും അച്ഛന്‍ ഒപ്പം കൂട്ടിയിരുന്നത് ഒരു പുസ്തകത്തെയാണ്; യാത്രയ്ക്കിടയിലും വാഹനം കാത്തുനില്‍ക്കുമ്പോഴും. വിവാഹം, മരണം തുടങ്ങിയവ നടക്കുന്ന ഇടങ്ങളില്‍ ചെന്നാല്‍ മറ്റെല്ലാവരും ചടങ്ങുകള്‍ക്ക് ഓടിനടക്കുമ്പോഴും ഏതെങ്കിലും ഒഴിഞ്ഞ കോണ്‍ നോക്കി ഒരു പുസ്തകത്തിലോ പത്രത്തിലോ മുഴുകി ലോകമാകെ മറന്നിരിക്കുന്ന അച്ഛന്‍ പതിവുകാഴ്ചയായിരുന്നു.അച്ഛന്റെ വായനാക്കമ്പം - വായനാഭ്രാന്തെന്നോ വായനാരതി (ബിബ്ലിയോഫീലിയ) എന്നതോ ആകും കൂടുതല്‍ പറ്റിയ പദം - കുട്ടിയായ എനിക്ക് ശത്രു ആയതിന് അസൂയ മാത്രമല്ല കാരണം. അത് ചിലപ്പോഴെങ്കിലും ഞങ്ങളെ അപായപ്പെടുത്തിയിട്ടുമുണ്ട്. അഞ്ച് വയസ്സുകാരനായ എന്നെ ദില്ലിയിലെ തിരക്കേറിയ തീവണ്ടി സ്റ്റേഷനില്‍ അച്ഛന് കളഞ്ഞുപോയത്, ഞാന്‍ ഒപ്പമുണ്ടെന്നോര്‍ക്കാതെ സകലതും മറന്ന് ഒരു പുസ്തകക്കടയിലേക്ക് ഒരു സ്വപ്നാടനക്കാരനെപ്പോലെ കയറിപ്പോയതിനാലായിരുന്നു. അക്കാലത്ത് ദില്ലിയില്‍ ഒരു രാത്രി ഞങ്ങളുടെ കുടുംബം കാണാന്‍ പോയ ഉത്പല്‍ ദത്തിന്റെ നാടകത്തിനിടയില്‍ കരഞ്ഞ് ബഹളമുണ്ടാക്കിയ, എന്റെ ആറുമാസം പ്രായക്കാരിയായ അനിയത്തിയുമായി പുറത്തുപോയ അച്ഛന്‍ നാടകം കഴിഞ്ഞ് രാത്രി വൈകിയിട്ടും എന്നെയും അമ്മയെയും വിളിക്കാനെത്തിയില്ല. രാത്രി വൈകി അപരിചിതമായ മഹാനഗരത്തില്‍ എങ്ങനെയൊക്കെയോ ഞങ്ങള്‍ രണ്ടുപേരും കൂടി താമസസ്ഥലമായ 89 സൗത്ത് അവന്യൂവില്‍ - 'പി.കെ.വി..യുടെ ധര്‍മശാല' - എത്തിയപ്പോള്‍ എല്ലാംമറന്ന് വായനയില്‍ മുഴുകിയിരിക്കുന്ന അച്ഛന്‍.യാത്രകള്‍ കഴിഞ്ഞ് - വിദേശങ്ങളില്‍ അടക്കം - എത്തുന്ന അച്ഛന്‍ ഒപ്പം കൊണ്ടുവരുന്ന വലിയ പായ്ക്കറ്റുകള്‍ കൊതിയോടെ വലിച്ചുകീറി തുറന്നുനോക്കുമ്പോള്‍ അട്ടിയട്ടിയായി കാണുന്ന പുത്തന്‍ തടിയന്‍ പുസ്തകങ്ങള്‍ കണ്ട് നിരാശയും രോഷവും സഹിക്കാനാവാതെ പോയ എത്രയോ സന്ദര്‍ഭങ്ങള്‍ എന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നു.ഞങ്ങളുടെ വീട്ടില്‍ നിമിഷം തോറും പടരുന്ന ചിതല്‍ പോലെയായിരുന്നു അച്ഛന്റെ പുസ്തകങ്ങളുടെ വ്യാപനം. എല്ലാ അലമാരകളും നിറഞ്ഞ പുസ്തകം പിന്നീട് മറ്റിടങ്ങളെയും ആക്രമിച്ചു. മറ്റ് വസ്തുക്കള്‍ക്കുള്ള ഇടങ്ങളെല്ലാം പുസ്തകങ്ങള്‍ കൈയേറിവന്നു. കിടപ്പുമുറിയില്‍ മാത്രമല്ല, ഊണുമുറിയിലും അടുക്കളയിലും അവ വെട്ടുകിളികളെപ്പോലെ ആക്രമിച്ചപ്പോള്‍ അമ്മ ഉയര്‍ത്തിയ പ്രതിഷേധം സാധാരണനിലയില്‍ സ്ത്രീപക്ഷവാദിയാണെങ്കിലും അച്ഛന്‍ അവഗണിച്ചു. പലപ്പോഴും ഞങ്ങളുടെ മുറികളിലെ അലമാരകള്‍ മാത്രമല്ല, കട്ടിലുകളിലും അവ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ പൊറുതി ഉറപ്പിച്ചു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മാസംതോറും വന്നിരുന്ന വന്‍തുകയ്ക്കുള്ള ബില്ലുകള്‍ക്കായിരുന്നു അച്ഛന്റെ വരുമാനം മുഴുവന്‍ ചെലവഴിച്ചത്. അമ്മയുടെ ശമ്പളം മാത്രമേ വീട്ടുചെലവുകള്‍ക്ക് ഉപകരിച്ചുള്ളൂ.അച്ഛന്റെ പുസ്തകപ്രണയം മുമ്പെന്നേക്കാളും എന്നെ അമ്പരപ്പിച്ചത് ഇക്കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളിലാണ്. വാര്‍ധക്യം, ഗുരുതരമായ അനാരോഗ്യം, അങ്ങേയറ്റം മോശമായ കാഴ്ചശക്തി, കേള്‍വി എന്നീ ഭീമമായ പ്രതികൂലഘടകങ്ങളുടെ നിരന്തരമായ ആക്രമണത്തെ അച്ഛന്‍ സാഹസികമായി ചെറുത്തത് ഒരൊറ്റ ആയുധം കൊണ്ടായിരുന്നു - വായന. സ്ഥിരമായി വായിച്ചുകൊടുക്കാന്‍ സന്നദ്ധരായി ചില സഖാക്കള്‍ എത്തി. ഞങ്ങളൊക്കെ ഊഴംവെച്ച് ആ ജോലി നിര്‍വഹിച്ചു. ഓരോ വായനക്കാരനും രുചിക്കുന്ന പുസ്തകങ്ങള്‍ അദ്ദേഹം വെവ്വേറെ എടുത്തുവെച്ചു. ആരും വായിച്ചുകൊടുക്കാനെത്താത്ത ദിവസങ്ങളില്‍ അഞ്ച് ലൈറ്റുകളും വലിയ ലെന്‍സുകളും കൊണ്ട് അച്ഛന്‍ മണിക്കൂറുകള്‍ കഷ്ടപ്പെട്ട് സ്വയം വായിച്ചുതീര്‍ത്തു. ഏഴാച്ചേരി രാമചന്ദ്രന്‍ അച്ഛന്റെ വായനയെപ്പറ്റി പറയുന്നത് ചങ്ങമ്പുഴയുടെ വാക്കുകള്‍ കടംകൊണ്ടാണ്. 'വായന, വായന ലഹരി പിടിക്കും വായന, ഞാനതില്‍ മുഴുകട്ടെ' എന്നാണ്. വായിക്കുക മാത്രമല്ല അച്ഛന്‍ തന്റെ ഏറ്റവും വലിയ അഞ്ച് പുസ്തകങ്ങള്‍ ഈ അഞ്ചു വര്‍ഷത്തില്‍ എഴുതിത്തീര്‍ക്കുകയും ചെയ്തു. വായിക്കാന്‍ ഒട്ടും വയ്യാത്തപ്പോള്‍ കഷ്ടപ്പെട്ട് ഗോവണിപ്പടി കയറി മുകള്‍ നിലയിലെ തന്റെ ലൈബ്രറിയിലെത്തി മണിക്കൂറുകള്‍ പുസ്തകങ്ങളുടെ ഗന്ധം നുകര്‍ന്നും തൊട്ടുതലോടിയും തുടച്ചുമിനുക്കിയും ആണ് ഇപ്പോള്‍ അച്ഛന്റെ ജീവിതദൗത്യനിര്‍വഹണം. വളരെ ദരിദ്രമായ ലൈബ്രറികള്‍ക്ക് സ്വന്തം പുസ്തകങ്ങളില്‍ പലതും സംഭാവന ചെയ്യുന്നതാണ് ആര്‍ക്കും പുസ്തകമൊഴിച്ച് മറ്റെന്തും നല്‍കിയിരുന്ന അച്ഛന്റെ ഈയിടെയായുള്ള ഒരു സന്തോഷം. ഇപ്പോഴും ഒരു പുതിയ പുസ്തകം കിട്ടിയാല്‍ കൊച്ചുകുട്ടികള്‍ മിഠായി കിട്ടുമ്പോഴെന്ന പോലെ ആഹ്ലാദഭരിതനാകും അച്ഛന്‍.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: