ഗതാഗതത്തിന്റെ നട്ടെല്ലാണ്
റെയില്‍പ്പാതകള്‍
തീവണ്ടിയാത്രക്കാരെ കഷ്ടപെടുത്തരുത്

സംസ്ഥാനത്തെ ഗതാഗതത്തിന്റെ
നട്ടെല്ലാണ് റെയില്‍പ്പാതകള്‍. റോഡുവഴിയുള്ള യാത്ര പലപ്പോഴും വിഷമം പിടിച്ചതാവും.
ഗതാഗതക്കുരുക്കുകള്‍ മൂലം യാത്രാസമയം വല്ലാതെ നീളുകയും ചെയ്യും. അതിനാല്‍ ദീര്‍ഘദൂര
യാത്രയ്ക്കുമാത്രമല്ല ചെറിയ യാത്രകള്‍ക്കുപോലും തീവണ്ടിയെ ആശ്രയിക്കുന്നവരേറെ.
എന്നാല്‍ തീവണ്ടിപ്പാതയിലെ മണ്ണിടിച്ചിലും പാളത്തിലെ വിള്ളലുമൊക്കെ യാത്രയുടെ താളം
തെറ്റിക്കുന്നു. ഈയിടെ ചാലക്കുടിയില്‍ റെയില്‍വേ അടിപ്പാതയുടെ നിര്‍മാണത്തിനിടെ
മണ്ണിടിഞ്ഞത് തീവണ്ടിഗതാഗതം താറുമാറാക്കി. ഇത് യാത്രക്കാരെ വലച്ചു. വെള്ളിയാഴ്ച
മൂന്നരയോടെയാണ് മണ്ണിടിഞ്ഞത്. സംഭവം നടന്നയുടന്‍ ഗതാഗതം പൂര്‍ണമായി
തടസ്സപ്പെട്ടെങ്കിലും പിന്നീട് ഒരു പാളത്തിലൂടെ വേഗംകുറച്ച്
അങ്ങോട്ടുമിങ്ങോട്ടുമുള്ള വണ്ടികള്‍ കടത്തിവിടുകയായിരുന്നു. എന്നാല്‍ ഇതുവഴി
കടന്നുപോകുന്ന പല തീവണ്ടികളും ഇരുവശവും പല സ്റ്റേഷനുകളിലായി നിര്‍ത്തിയിടേണ്ടി
വന്നു. അവയിലെ യാത്രക്കാര്‍ക്ക് പ്രശ്‌നം സംബന്ധിച്ചുള്ള വിവരങ്ങള്‍ യഥാസമയം നല്‍കുന്നതില്‍
റെയില്‍വേ പരാജയമായിരുന്നു. തടസ്സം നീളുമെന്ന് വ്യക്തമായാല്‍ കെ. എസ്. ആര്‍. ടി.
സി. യുമായി ചേര്‍ന്ന് ബദല്‍ യാത്രാസൗകര്യം ഒരുക്കാന്‍ ശ്രമിക്കാമായിരുന്നു.
അതുണ്ടായില്ല. സംസ്ഥാനസര്‍ക്കാറിന്റെ സഹായത്തോടെ റെയില്‍വേസ്റ്റേഷനുകളില്‍ നിന്ന്
ബസ്സ് ഏര്‍പ്പെടുത്തുന്നത് യാത്രക്കാര്‍ക്ക് ഇത്തരം ഘട്ടങ്ങളില്‍ ഏറെ സൗകര്യമാവും. മണ്ണിടിച്ചില്‍ പോലെ മുന്‍കൂട്ടി അറിയാനാവാത്ത അപകടങ്ങളും ബോംബ് സ്‌ഫോടനം
പോലെ മനുഷ്യര്‍ വരുത്തിവെക്കുന്ന അത്യാഹിതങ്ങളും തീവണ്ടി ഗതാഗതത്തെയും
യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കാറുണ്ട്. സ്‌ഫോടനം പോലുള്ള റെയില്‍ അപകടങ്ങള്‍ക്കുള്ള
സാധ്യത സംസ്ഥാനത്ത് കൂടിവരികയാണെന്നാണ് സൂചന. മയക്കുമരുന്നു കലര്‍ത്തിയ
ഭക്ഷണസാധനങ്ങള്‍ നല്‍കിയും മറ്റും തീവണ്ടിയാത്രക്കാരുടെ ആഭരണങ്ങളും വില പിടിച്ച
വസ്തുക്കളും കവരുന്ന സംഭവവും സാധാരണമാണ്. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നിരീക്ഷണം
വേണം. തീവണ്ടിയില്‍ മദ്യപിച്ച് മറ്റു യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെ
പിടികൂടുന്നത് റെയില്‍വേ കര്‍ശനമാക്കിയിട്ടുണ്ടെന്നത് നല്ല കാര്യമാണ്. ഇതുമൂലം
അതിക്രമം സംബന്ധിച്ച പരാതികള്‍ കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
മണ്ണിടിച്ചില്‍ പോലുള്ള അപകടങ്ങള്‍ കേരളത്തില്‍ മുന്‍പ് പൊതുവെ കുറവായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവിടെയും ഇടയ്ക്കിടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നു.
അടുത്തകാലത്ത് മുളന്തുരുത്തിക്കടുത്ത് പാളത്തിലെ മണ്ണിടിച്ചില്‍ മൂലം റെയില്‍ഗതാഗതം
തടസ്സപ്പെട്ടപ്പോള്‍ തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനായി. അന്നും
അപകടസമയത്ത് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേക്ക് സാധിച്ചില്ല.
അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലും വേണമെന്ന്
ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച റെയില്‍പാളത്തിലെ മണ്ണിടിച്ചില്‍ മൂലം ഗതാഗതം
തടസ്സപ്പെട്ടപ്പോള്‍ വഴിയില്‍ കുടുങ്ങിയത് വാരാന്ത്യത്തില്‍ ജോലിസ്ഥലത്തുനിന്ന്
വീടുകളിലേക്കും മറ്റും പോകുന്ന ഒട്ടേറെപ്പേരാണ്. തിരുവനന്തപുരത്തുനിന്ന്
കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരും
അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നവരും കഷ്ടപ്പെട്ടു. ഗതാഗതതടസ്സത്തിന്റെ
കാരണമെന്തെന്നോ അത് എപ്പോള്‍ പരിഹരിക്കപ്പെടുമെന്നോ അറിയാനാവാതെ യാത്രക്കാര്‍
വിഷമിച്ചു. ഒരു രാത്രിയിലധികം നീണ്ട ശ്രമത്തിനു ശേഷം പാളത്തിനടിയില്‍ മണ്ണുറപ്പിച്ച്
ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും അതുവരെയുള്ള കാത്തിരിപ്പുസമയം യാത്രക്കാര്‍ക്ക് ഏറെ
ക്ലേശകരമായിരുന്നു. ഗതാഗതം മുടങ്ങാനോ വൈകാനോ ഉള്ള സാധ്യത അപകടം നടന്ന സമയത്തുതന്നെ
റെയില്‍വേ പൊതുജനങ്ങളെ അറിയിച്ചിരുന്നെങ്കില്‍ ഒട്ടേറെ പേര്‍ യാത്ര മാറ്റി
വെക്കുകയോ മറ്റു യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കുകയോ ചെയ്യുമായിരുന്നു. മേലിലെങ്കിലും
യാത്രക്കാര്‍ക്ക് ഇത്തരം മുന്നറിയിപ്പ് റെയില്‍വേ നല്‍കേണ്ടതാണ്. പാളത്തിലെ
വിള്ളലോ പൊട്ടലോ ഉള്‍പ്പെടെയുള്ളവ കണ്ടെത്താന്‍ നിതാന്തജാഗ്രതയും വേണം. കേരളത്തില്‍റെയില്‍പ്പാളമധികവും.ജനവാസപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
അന്യസംസ്ഥാനങ്ങളിലെപ്പോലെ വിജനമായ പ്രദേശങ്ങള്‍ ഇവിടെ കുറവാണ്. അതിനാല്‍
പതിവായുള്ള പരിശോധന വിഷമകരമല്ല.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment