Pages

Thursday, November 1, 2012

രാഷ്ട്രപതിയുടെ വിലപ്പെട്ട നിർദ്ദേശം


രാഷ്ട്രപതിയുടെ വിലപ്പെട്ട നിർദ്ദേശം

ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുംവിധം ധാരാളം സദുപദേശങ്ങൾ നൽകിയശേഷമാണ് രാഷ്ട്രപതി പ്രണബ് മുഖർജി കേരള തലസ്ഥാനത്തുനിന്നു കഴിഞ്ഞരാത്രി മടങ്ങിയത്. അതിവിശിഷ്ട വ്യക്തികളുടെ ഉദ്ബോധനങ്ങൾ അവർ തിരിയെ പോകാൻ വിമാനത്താവളത്തിലെത്തുന്നതിനുമുൻപേ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കാറാണ് പതിവ്. കേരളത്തിന്റെ നാനാമുഖമായ വികസനം ലക്ഷ്യംവച്ച് മുൻപൊരിക്കൽ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്‌ദുൾകലാം നിയമസഭയിൽ ചെയ്ത പ്രസംഗത്തിന്റെ ഗതി എന്തായെന്ന് എല്ലാവർക്കും അറിയാം. ഉദ്ബോധനങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടത് അതു കേട്ടിരിക്കുന്നവരല്ല. ഭരണാധികാരികൾ തന്നെയാണ്. പ്രസംഗവും പ്രവൃത്തിയും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകളായി ശേഷിക്കാൻ കാരണം ഇതാണ്.

നിയമനിർമ്മാണസഭകൾ പാസാക്കുന്ന കോടിക്കണക്കിന് രൂപയുടെ ബഡ്ജറ്റ് ശരിയാംവണ്ണമാണോ വിനിയോഗിക്കപ്പെടുന്നതെന്ന കാര്യംകൂടി സഭകൾ പരിശോധിക്കണമെന്നാണ് നിയമസഭയെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി അഭിപ്രായപ്പെട്ടത്. സർക്കാരിന്റെ ധനവിനിയോഗം കൂലംകഷമായി പരിശോധിക്കാൻ ഭരണഘടനാദത്തമായ സംവിധാനങ്ങൾ നിലവിലുള്ളതു മറന്നുകൊണ്ടല്ല അദ്ദേഹം ഇതു പറഞ്ഞത്. വഴിതെറ്റിയ ചെലവുകളും ചോർച്ചകളും മറ്റും ഒാഡിറ്റർ ജനറലും അക്കൗണ്ടന്റ് ജനറലും സഭാ സമിതികളുമൊക്കെ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ പണം ചെലവഴിക്കാനുള്ള അനുമതി നൽകുന്ന നിയമനിർമ്മാണ സഭയ്ക്കും ഇതിൽ സദാ ഒരു കണ്ണുവേണമെന്ന രാഷ്ട്രപതിയുടെ നിർദ്ദേശത്തിന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. എന്നാൽ പാർലമെന്റിലായാലും നിയമസഭകളിലായാലും ഇപ്പോൾ അത്തരത്തിൽ ഫലപ്രദമായ സംവിധാനം ഉള്ളതായി തോന്നുന്നില്ല. ഇതിനുവേണ്ടി പ്രത്യേകം സഭാസമിതിയൊക്കെ ഉണ്ടെങ്കിലും പണം ചെലവഴിച്ച് എത്രയോ നാൾ കഴിഞ്ഞാവും അവയുടെ പരിശോധന. സഭ പാസാക്കുന്ന ബഡ്ജറ്റ് വിഹിതം എത്തരത്തിലാണ് വിനിയോഗിക്കപ്പെടുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരം പലപ്പോഴും വകുപ്പുമന്ത്രിമാർക്കുപോലുമുണ്ടെന്നു തോന്നുന്നില്ല. സാമ്പത്തിക വർഷാവസാനം ഓരോ വകുപ്പിലും ചെലവഴിക്കപ്പെടാതെ ശേഷിക്കുന്ന ഭീമമായ നീക്കിയിരുപ്പ് ഇതിനു തെളിവാണ്.

വിവാദങ്ങളും കലഹങ്ങളും മാത്രം തഴച്ചുവളരുന്ന വിളഭൂമിയായി നിയമനിർമ്മാണ സഭകൾ മാറിയതോടെ ധനാഭ്യർത്ഥന ചർച്ചകൾ ചുരുങ്ങിച്ചുരുങ്ങി വരികയാണ്. ഇതിനായി നീക്കിവയ്ക്കുന്ന സമയം ഏറ്റുമുട്ടലിനും രാഷ്ട്രീയ വിഴുപ്പലക്കലിനുമായി വഴിമാറുന്ന ദയനീയ കാഴ്ച പാർലമെന്റിലും നിയമസഭകളിലും പതിവായിരിക്കുന്നു. സുപ്രധാന ബില്ലുകൾപോലും ഒരുവിധ ചർച്ചയും കൂടാതെ പാസാക്കുന്ന നിലയിലേക്ക് നിയമനിർമ്മാണ സഭകളിലെ നടപടികൾ എത്തിനിൽക്കുകയാണ്. പാർലമെന്റിൽ 2 ജി വിവാദത്തെച്ചൊല്ലി ഒരു സമ്മേളനകാലം പൂർണമായും നടപടികൾ സ്തംഭിച്ചത് പലരും ഓർക്കുന്നുണ്ടാവും. കഴിഞ്ഞ സമ്മേളനത്തിൽ വിവാദ വിഷയം കൽക്കരിയായിരുന്നു. ഇങ്ങനെ ചൂടും പുകയും പടരുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ബഹളവും ഏറ്റുമുട്ടലും കഴിഞ്ഞാൽ ശേഷിക്കുന്ന തുച്ഛസമയമാണ് നിയമനിർമ്മാണത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ലഭിക്കുന്നത്. സഭാ നടപടികളുടെ തത്സമയ സംപ്രേഷണം മെമ്പർമാരുടെ ഉത്തരവാദിത്വബോധവും സ്വാഭിമാനവും കൂട്ടാനുതകുമെന്ന മുൻ ധാരണയ്ക്കും അടിസ്ഥാനമൊന്നുമില്ലെന്ന് കണ്ടുകഴിഞ്ഞു. തങ്ങളുടെ പ്രകടനം കാമറയ്ക്കുമുന്നിൽ പരമാവധി 'മെച്ച'പ്പെടുത്താനാണ് ഓരോരുത്തരുടെയും ശ്രമം.

നിയമനിർമ്മാണ സഭകളിൽ നടക്കുന്ന അതിരുവിട്ട നടപടികൾ നിയന്ത്രിക്കാൻ കക്ഷി നേതാക്കൾ തന്നെയാണ് മുന്നോട്ടുവരേണ്ടത്. അതിൽ അവർ പരാജയപ്പെട്ടാൽ നിയമംതന്നെ കൊണ്ടുവരണമെന്ന രാഷ്ട്രപതിയുടെ അഭിപ്രായത്തെ അനുകൂലിക്കുന്നവരാകും ജനങ്ങളിൽ ഏറിയപങ്കും. ജനങ്ങളുടെ ശബ്ദമാണ് നിയമനിർമ്മാണ സഭകളിൽ മുഴങ്ങേണ്ടതെന്നു രാഷ്ട്രപതി പറഞ്ഞു. എന്നാൽ ഇന്ന് അവിടെ കേൾക്കുന്നത് അതത് കക്ഷികളുടെ ശബ്ദം മാത്രമാണ്. ഈ രീതിക്കു മാറ്റമുണ്ടാകുന്നില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിനുതന്നെ അർത്ഥമില്ലാതാകും.

നിയമനിർമ്മാണ സഭകൾ ഒരു വർഷം നൂറുദിവസമെങ്കിലും സമ്മേളിക്കണമെന്ന രാഷ്ട്രപതിയുടെ നിർദ്ദേശത്തിന് സ്വീകാര്യത ലഭിക്കുമോ എന്നറിയില്ല. പാർലമെന്റ് സമ്മേളനം പോലും ചുരുങ്ങിച്ചുരുങ്ങി വരുന്നതായാണ് കാണുന്നത്. സമ്മേളിക്കുന്ന ദിവസങ്ങളുടെ കണക്കെടുത്താൽ പാഴായിപ്പോകുന്ന മണിക്കൂറുകളാണ് അധികം. ഉയർത്തിക്കാട്ടാൻ എന്നും എന്തെങ്കിലുമൊരു പ്രശ്നം കാണും. സഭയുടെ ആദ്യ കാര്യപരിപാടിയായ ചോദ്യോത്തരവേളയാണ് ജനങ്ങളെ ബാധിക്കുന്ന പല കാര്യങ്ങൾക്കും ബന്ധപ്പെട്ട മന്ത്രിമാരിൽ നിന്ന് നേരിട്ട് ഉത്തരം ലഭിക്കുന്ന അവസരം. വന്നുവന്ന് ഇപ്പോൾ സഭയിൽ ചോദ്യോത്തരവേള തന്നെ ബഹളത്തിലമരുകയാണ്. പാർലമെന്റിൽ ചോദ്യോത്തരവേളയുടെ സമയം മാറ്റി പരീക്ഷണം നടത്തിയിട്ടും ഫലമൊന്നുമില്ല. സമ്മേളിക്കുന്ന ഉടൻ ബഹളം തുടങ്ങുന്നതോടെ സഭ നിറുത്തിവച്ചു പിരിയുന്ന സന്ദർഭങ്ങളാണ് അധികവും. രാഷ്ട്രീയ കക്ഷികൾ കൂട്ടായി വിചാരിച്ചാൽ മാത്രമേ ഈ ദുർഗതിയിൽ നിന്ന് നിയമ നിർമ്മാണ സഭകളെ രക്ഷിക്കാനാവൂ. സമൂഹത്തെ മൊത്തത്തിൽ ബാധിച്ചിരിക്കുന്ന മൂല്യച്യുതിയിൽ നിന്ന് നിയമനിർമ്മാണ സഭകൾക്കും ഒഴിഞ്ഞു നിൽക്കാനാവില്ല എന്നു പറയാറുണ്ട്. ഏതു നിലയിൽ നോക്കിയാലും അംഗീകരിക്കാനാവാത്ത കാര്യമാണത്. ചങ്ങലയ്ക്കുതന്നെ ഭ്രാന്തു പിടിക്കുന്ന അവസ്ഥ പോലെയാണത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar