Pages

Sunday, November 25, 2012

ശബരിമലയിലെ അപ്പത്തിലെ പൂപ്പല്‍ ബാധ സ്ഥിരീകരിച്ചു


ശബരിമലയിലെ അപ്പത്തിലെ
പൂപ്പല്‍ ബാധ സ്ഥിരീകരിച്ചു
ശബരിമലയില്‍ വിതരണം ചെയ്യാതെ നശിപ്പിച്ച അപ്പത്തില്‍ പൂപ്പല്‍ ബാധിച്ചിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂപ്പല്‍ബാധ സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിക്ക് കൈമാറും. പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയ 1,66,317 കവര്‍ അപ്പമാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഇതിന് 41.5 ലക്ഷം രൂപ വിലവരും. ഒരു കവറില്‍ ഏഴെണ്ണം എന്ന കണക്കില്‍ 11,64,219 അപ്പമാണ് നശിപ്പിച്ചത്. ഒരു കവര്‍ അപ്പത്തിന് 25 രൂപയാണ് വില. 
വ്യാഴാഴ്ച രാത്രിയുണ്ടാക്കിയവ ഒഴിച്ച് പ്ലാന്റിലുണ്ടായിരുന്ന ബാക്കി അപ്പം മുഴുവന്‍ നീക്കംചെയ്തു. പുതുതായി ഉണ്ടാക്കിയ അപ്പമാണ് വെള്ളിയാഴ്ച വിതരണംചെയ്തത്. നട തുറക്കുന്നതിന് ഒരാഴ്ച മുമ്പാണ് അപ്പം നിര്‍മ്മണം തുടങ്ങിയത്. ബാംഗ്ലൂരിലെ സെന്റട്രല്‍ ഫുഡ് ടെസ്റ്റിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ(സി.എഫ്.ടി.ആര്‍.ഐ.) നിര്‍ദ്ദേശപ്രകാരം, അപ്പത്തിന് കൂടുതല്‍ മാര്‍ദ്ദവമുണ്ടാവാന്‍ പഴം കൂടുതല്‍ ചേര്‍ത്താണ് ഉണ്ടാക്കിത്തുടങ്ങിയത്. 

20 കദളിപ്പഴം, 20 ഞാലിപ്പൂവന്‍പഴം എന്ന കണക്കില്‍ ചേര്‍ത്തു. ദേവസ്വം നിശ്ചയിച്ചിരിക്കുന്ന അളവും ഇതുതന്നെയാണ്. ഇങ്ങനെയുണ്ടാക്കുന്ന അപ്പം സൂക്ഷിച്ചുവച്ചാല്‍ പൂപ്പല്‍ പിടിക്കും. മുന്‍കാലങ്ങളില്‍ 15 പഴം മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. അപ്പത്തിന് കട്ടി കൂടുമെങ്കിലും പൂപ്പല്‍ പിടിക്കാത്തതിന്റെ കാരണവും ഇതായിരുന്നു. പഴം കൂടുതല്‍ ചേര്‍ത്ത് തയ്യാറാക്കിയ അപ്പം വന്‍തോതില്‍ സ്റ്റോക്ക് ചെയ്തപ്പോഴാണ് പൂപ്പല്‍ പിടിച്ചത്. ടൈലിട്ട തറയില്‍ കൂനകൂട്ടിയാണ് സ്റ്റോക്ക് ചെയ്തിരുന്നത്. ഭിത്തിയോടു ചേര്‍ന്നുകിടന്ന ഭാഗത്തുണ്ടായിരുന്ന അപ്പമാണ് കൂടുതല്‍ കേടായത്. കേടായ അപ്പം വിതരണംചെയ്യുന്നതായി പരാതി വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല വഹിക്കുന്ന കെ.അനില്‍കുമാര്‍ വ്യാഴാഴ്ച സന്നിധാനത്ത് എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്റ്റോക്ക് ചെയ്തിരുന്ന മുഴുവന്‍ അപ്പവും നശിപ്പിക്കാന്‍ തീരുമാനിച്ചത്.അഞ്ച് കദളിപ്പഴം മാത്രം ചേര്‍ത്താണ് വെള്ളിയാഴ്ച മുതല്‍ സന്നിധാനത്ത് അപ്പം തയ്യാറാക്കുന്നത്
.(Mathrubhumu)

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: