Pages

Wednesday, November 21, 2012

തെന്മല ഡാം വരള്‍ച്ചയില്‍ വേനല്‍ക്കാല ജലവിതരണം പ്രതിസന്ധിയില്‍


തെന്മല ഡാം വരള്‍ച്ചയില്‍ വേനല്‍ക്കാല ജലവിതരണം പ്രതിസന്ധിയില്‍

തുലാവര്‍ഷവും കനിയാതെ കടന്നുപോയതോടെ തെന്മല പരപ്പാര്‍ ഡാമും കൊടിയ വരള്‍ച്ചയില്‍. ഇനിയൊരു മഴയ്ക്ക് സാധ്യത കുറവായതിനാല്‍ ജനവരിമുതല്‍ തുടങ്ങേണ്ട വേനല്‍ക്കാല ജലസേചനം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പായി. 98.98 മീറ്ററാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. തുലാമഴയില്‍ പൂര്‍ണ്ണസംഭരണശേഷിക്കും (115.82 മീറ്റര്‍) മീതെ വെള്ളം ഉണ്ടാകാറുള്ള ഡാമില്‍ നവംബറില്‍ ഇത്രകണ്ട് വെള്ളം താഴ്ന്നുപോകുന്നത് ഇതാദ്യം. ഡാമില്‍നിന്നുള്ള വൈദ്യുതി ഉത്പാദനവും ജലവിതരണവും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാക്കി ചുരുക്കി. വെള്ളം താഴുന്നതിനാല്‍ സമയം വീണ്ടും രണ്ടുമണിക്കൂര്‍കൂടി വെട്ടിക്കുറയ്ക്കാന്‍ വൈദ്യുതി ഉത്പാദനകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. മഴ കൂടിയില്ലാതിരിക്കെ ജലവിതരണവും വൈദ്യുതി ഉത്പാദനവും കുറച്ചതോടെ ഡാമിന് താഴെയുള്ള ഒറ്റക്കല്‍ ലുക്കൗട്ട് തടയണയും കല്ലടയാറും കനാലുകളും വരണ്ട് കിടക്കുകയാണ്. തീരങ്ങളിലെല്ലാം കുടിവെള്ളക്ഷാമം അതിരൂക്ഷമായി. മുഴുവന്‍ സമയവും വെള്ളം ഒഴുക്കണമെന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തുകള്‍ ഡാം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെന്മല ഡാമാണ് ഈ മൂന്ന് ജില്ലകളുടെയും വരള്‍ച്ച പരിഹരിച്ചിരുന്നത്. ഒരു മാസം മാത്രം അകലെ വേനല്‍ക്കാല വിതരണം തുടങ്ങുമെന്നിരിക്കെ ഡാം അധികൃതര്‍ ആശങ്കയിലാണ്. ഇക്കുറി വേനല്‍ക്കാല വിതരണം അസാധ്യമാക്കുമെന്ന് കെ.ഐ.പി. (കല്ലട ഇറിഗേഷന്‍ പദ്ധതി) അധികൃതര്‍ ജലസേചനമന്ത്രിയെ ധരിപ്പിച്ചിട്ടുള്ളതായി അറിയുന്നു. വേനല്‍ക്കാല ജലവിതരണത്തിനായി ഡിസംബര്‍ മാസം വരെ ഡാം പൂര്‍ണ്ണസംഭരണശേഷിയില്‍ നിലനിര്‍ത്തുകയാണ് ചെയ്തിരുന്നത്. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: