Pages

Saturday, November 17, 2012

ബാല്‍ താക്കറെ -മുംബൈയുടെ ഏകഛത്രാധിപതി

ബാല്‍ താക്കറെ -മുംബൈയുടെ ഏകഛത്രാധിപതി
thakkareyശിവസേനയുടെ തലവന്‍ എന്ന ആലങ്കാരികസ്ഥാനം മാത്രമല്ലാതെ രാഷ്ട്രീയത്തിലോ ഭരണത്തിലോ ഒരു സ്ഥാനവും വഹിച്ചിട്ടില്ല ബാല്‍ താക്കറെ. 
ന്നാല്‍ ബാന്ദ്രയിലെ 'മാതോശ്രീ'യില്‍ രാഷ്ട്രത്തലവന്‍മാര്‍ക്കുമാത്രംകിട്ടുന്ന 'സെഡ്പ്ലസ്' സുരക്ഷാവലയത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. മുംബൈ മഹാനഗരത്തിന്റെ റിമോട്ട്കണ്‍ട്രോള്‍ ഇതുവരെ മുംബൈയുടെ താക്കറെയുടെ കൈകളിലായിരുന്നു. മുംബൈയില്‍ എന്തൊക്കെ നടത്തണമെന്ന് തീരുമാനിക്കാന്‍ മറ്റുള്ളകക്ഷികള്‍ക്ക് കഴിഞ്ഞിരുന്നെങ്കിലും എന്തുനടത്തേണ്ട എന്നുതീരുമാനിക്കാന്‍ കഴിവുള്ളത് ബാല്‍താക്കറെയ്ക്കും ശിവസേനയ്ക്കും മാത്രമായിരുന്നു. ഏതുസിനിമ ഇറങ്ങാന്‍ പാടില്ല, ഏതു ടീം കളിക്കാന്‍ പാടില്ല, ഏതു പുസ്തകം വില്‍ക്കാന്‍ പാടില്ല, ഏതാഘോഷം നടത്താന്‍ പാടില്ല എന്നെല്ലാം താക്കറെ കല്‍പ്പിച്ചാല്‍ മറിച്ച് സംഭവിക്കുന്നത് അചിന്ത്യമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിലെ വീരനായകന്‍മാരായ ബോളിവുഡ്താരങ്ങളും സംവിധായകരും വരെ താക്കറെയുടെ പിന്തുണയും സൗഹൃദവുംതേടി. ചെന്നുകണ്ട് അപേക്ഷിച്ചാല്‍ എല്ലാപിന്തുണയും നല്‍കുന്ന ആശ്രിതവത്സലനായിരുന്നു അദ്ദേഹം. മുംബൈ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ആയുധം കൈയില്‍വെച്ച കേസില്‍ അറസ്റ്റിലായ സഞ്ജയ്ദത്തിനെ കൂടുതല്‍ ഉപദ്രവിക്കരുതെന്ന് പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുനില്‍ദത്ത് ചെന്നുകണ്ട് പറഞ്ഞപ്പോള്‍ മറക്കാനും പൊറുക്കാനും താക്കറെ തയ്യാറായി. മുംബൈ കലാപം പ്രമേയമാക്കി 'ബോംബെ' എന്ന പേരില്‍ ചലച്ചിത്രമൊരുക്കിയ മണിരത്‌നത്തിന് സിനിമയെക്കുറിച്ച് താക്കറെയെ ചെന്നുകണ്ട് വിശദീകരിച്ച ശേഷമേ പടം തിയേറ്ററിലെത്തിക്കാനായുള്ളൂ. സിനിമയ്ക്കുപുറമേ ക്രിക്കറ്റിന്റെ കാര്യത്തിലും താക്കറെയുടെ ശാഠ്യങ്ങള്‍ തന്നെയാണ് വിജയംകണ്ടത്. ക്രിക്കറ്റ്പിച്ച് കുത്തിപ്പൊളിച്ച് പാക് ക്രിക്കറ്റ്ടീമിന്റെ കളി തടഞ്ഞ ചരിത്രവും ശിവസേനയ്ക്കുണ്ട്. 
പാശ്ചാത്യസംസ്‌കാരം വളര്‍ത്തുന്ന വാലന്റൈന്‍സ് ഡേ പോലുള്ള ആഘോഷങ്ങളെ താക്കറെ ശക്തമായി എതിര്‍ത്തു. എതിര്‍പ്പ് മറികടന്ന് ആഘോഷിക്കാന്‍ നോക്കിയവര്‍ ശിവസൈനികരുടെ കൈക്കരുത്തറിഞ്ഞു. എന്നാല്‍, പാശ്ചാത്യസംഗീതത്തിന്റെ ചക്രവര്‍ത്തിയായിരുന്ന മൈക്കല്‍ ജാക്‌സന്റെ ആട്ടവും പാട്ടും മുംബൈയില്‍ ഒരു തടസ്സവുമില്ലാതെ നടന്നു. കാരണം പരിപാടി സംഘടിപ്പിച്ചത് അന്ന് ശിവസേനയിലായിരുന്ന രാജ് താക്കറെയുടെ ശിവ ഉദ്യോഗ്‌സേന എന്ന സംഘടനയായിരുന്നു. 27 ലക്ഷം മറാഠി യുവാക്കള്‍ക്ക് സ്വയംതൊഴിലിനുള്ള പണം സ്വരൂപിക്കാനായിരുന്നു ഈ പരിപാടി. 
ജാക്‌സണെ ബാല്‍ താക്കറെ തന്റെ വസതിയില്‍ സ്വീകരിക്കുകയും പരിപാടിക്കുവേണ്ട പ്രോത്സാഹനം നല്‍കുകയുംചെയ്തു. സംഗീതപരിപാടി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പായി ജാക്‌സണ്‍ തന്റെ തൊപ്പി ശിവസേനാനേതാവിന് സ്‌നേഹസമ്മാനമായി നല്‍കുകയും ചെയ്തു. നിലപാടുകളിലെ ഈ വൈരുദ്ധ്യത്തിനെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണ്‍ നല്ല കലാകാരനാണ്, അതുമാത്രം കണക്കിലെടുത്താല്‍ മതിയെന്നായിരുന്നു താക്കറെയുടെ ന്യായീകരണം.
 
'സാത്താന്റെ വചനങ്ങള്‍' എന്ന കൃതിയുടെ പേരില്‍ മുസ്‌ലിം മതമൗലികവാദികള്‍ വധശിക്ഷയ്ക്കുവിധിച്ച സല്‍മാന്‍ റുഷ്ദിക്ക് താക്കറെ അനുയായികളുടെയും വിദ്വേഷം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. 'ദ മൂര്‍സ് ലാസ്റ്റ് സൈ' എന്ന നോവലിലെ രാമന്‍ ഫീല്‍ഡിങ് എന്ന കഥാപാത്രത്തിന് ബാല്‍താക്കറെയുടെ ഛായയായതിന്റെ പേരിലായിരുന്നു ഇത്. പുസ്തകം പരസ്യമായി കത്തിച്ചായിരുന്നു പ്രതിഷേധം.
 
താക്കറെയ്‌ക്കെതിരായ പരാമര്‍ശങ്ങളുള്ള മാധ്യമങ്ങളുടെ ഓഫീസില്‍ക്കയറി അനുയായികള്‍ അക്രമമഴിച്ചുവിട്ടിട്ടുണ്ട്. മഹാനഗര്‍പത്രവും ഐ.ബി. എന്‍. ലോക്മത് ചാനലുമെല്ലാം ഇത്തരത്തിലുള്ള പ്രതിഷേധം നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ താക്കറെയെ തുറന്നെതിര്‍ക്കാന്‍ ചങ്കൂറ്റമുള്ളവര്‍ ചുരുങ്ങി. നാടകകൃത്ത് വിജയ് തെണ്ടുല്‍ക്കര്‍ മാത്രമായിരുന്നു ഇതിനൊരപവാദം. തെണ്ടുല്‍ക്കറുടെ 'ഗാന്‍ഷി റാം കോട്‌വാള്‍' എന്ന നാടകത്തിനെതിരെ ശിവസേന തുടര്‍ച്ചയായി പ്രക്ഷോഭമഴിച്ചുവിട്ടെങ്കിലും തെണ്ടുല്‍ക്കര്‍ കൂസിയില്ല. നാടകം അനേകം വേദികളില്‍ കളിച്ചു. തെണ്ടുല്‍ക്കറെ കോമാളിയെന്നുവരെവിശേഷിപ്പിച്ചാണ് താക്കറെ രോഷംതീര്‍ത്തത്. എങ്കിലും തെണ്ടുല്‍ക്കര്‍ മരിച്ചപ്പോള്‍ താക്കറെ തങ്ങളുടെ പഴയ സൗഹൃദം ഓര്‍ക്കുകയും അനുശോചനമര്‍പ്പിക്കുകയും ചെയ്തു. ബോംബെ ഇന്ത്യക്കാരുടേതാണെന്ന് പറഞ്ഞ ക്രിക്കറ്റ്താരം തെണ്ടുല്‍ക്കര്‍ക്കും കിട്ടിയിരുന്നു താക്കറെയുടെ ശകാരം.
 
സ്‌നേഹിച്ചാല്‍ ഏതളവുവരെയും പ്രോത്സാഹിപ്പിക്കുകയും ഇടഞ്ഞാല്‍ പരിഹാസവും ഭര്‍ത്സനവുംകൊണ്ട് മൂടുകയും ചെയ്യുകയെന്നതായിരുന്നു താക്കറെയുടെ രീതി. തന്റെ സുഗ്രീവാജ്ഞകള്‍ ശിരസ്സാവഹിക്കാനും മുന്‍പിന്‍ നോക്കാതെ നടപ്പാക്കാനും ശേഷിയുള്ള കേഡറുകളാണ് താക്കറെയുടെ ശക്തികേന്ദ്രമായത്. പടിപടിയായി വളര്‍ത്തിയെടുത്തവയായിരുന്നു അവ. നിത്യേനയെന്നോണം ജനങ്ങളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരംകാണാനും അതുവഴി വിശ്വാസമാര്‍ജിക്കാനും താക്കറെ തന്റെ അനുയായികളെ പരിശീലിപ്പിച്ചു. സദാ ചലിച്ചുകൊണ്ടിരിക്കുന്ന മുംബൈ നഗരത്തെ നിശ്ചലമാക്കാന്‍ കഴിയുംവിധത്തില്‍ താക്കറെയെ വളര്‍ത്തിയ ഈ ആരാധന, അതേഅളവില്‍ പിടിച്ചുപറ്റാന്‍ ഇനിയൊരു നേതാവിനും അത്ര എളുപ്പമാവില്ല.
 

പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: