Pages

Thursday, November 1, 2012

ലക്ഷ്യം മാതൃഭാഷയിലൂന്നി കേരളത്തിന്റെ വികസനം


ലക്ഷ്യം മാതൃഭാഷയിലൂന്നി
കേരളത്തിന്റെ വികസനം

മാതൃഭാഷ പഠനമാധ്യമമായി ഉപയോഗിക്കാത്ത സമൂഹങ്ങള്‍ സാംസ്‌കാരികമായി എന്നതുപോലെ സാമ്പത്തിക മേഖലയിലും തകര്‍ന്നടിഞ്ഞിട്ടുണ്ട് ഏറ്റവും ഭാഷാഭിമാനം കുറഞ്ഞ ജനതകളിലൊന്നാണ് മലയാളികള്‍. വാസ്തവത്തില്‍ ഭാഷയുടെ കാര്യത്തില്‍ ഏറെ അഭിമാനിക്കാനര്‍ഹതയുള്ളവരാണ് നാം. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ആദ്യത്തെ മുപ്പത്തഞ്ച് ഭാഷകളില്‍ മൂന്നിലൊന്നുമുള്ളത് ഇന്ത്യയിലാണ്. അതില്‍ ദക്ഷിണേന്ത്യയിലെ നാലുഭാഷകളും ഉള്‍പ്പെടുന്നു. അതില്‍ത്തന്നെ പൊതുവായ ജനസംഖ്യയില്‍ ഏറ്റവുമധികം ശതമാനം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ മലയാളമാണ്. കന്നഡ കര്‍ണാടകയില്‍ 65% ആളുകളുടെ മാത്രം മാതൃഭാഷയാണ്. തെലുങ്ക് ആന്ധ്രയില്‍ 83% ജനങ്ങള്‍ മാതൃഭാഷയായി ഉപയോഗിക്കുന്നു. ഏറെ ഭാഷാഭിമാനികളായ തമിഴ്‌നാട്ടില്‍ തമിഴ് മാതൃഭാഷയായിട്ടുള്ളവര്‍ 89 % മാത്രമാണ്. എന്നാല്‍ കേരളത്തില്‍ മലയാളം 96 % ജനങ്ങളുടെയും മാതൃഭാഷയാണ്. കര്‍ണാടകത്തില്‍നിന്നും ആന്ധ്രയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ മലയാളം എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെയും മാതൃഭാഷയാണ്. മൊഹിയുദ്ദീന്‍മാലയും പുത്തന്‍പാനയും ജ്ഞാനപ്പാനയും എഴുതപ്പെട്ടത് മലയാളത്തിലാണ്. നമ്മുടെ മതേതരത്വത്തിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ് നമ്മുടെ ഭാഷതന്നെയാണ്. അതിനാല്‍ത്തന്നെ മലയാളത്തിന്റെ എല്ലാ നേട്ടങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവായ നേട്ടമാണ്. 

ലോകഭാഷകളില്‍ മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തില്‍ കേരളം ഇരുപത്തിയാറാമത്തെ സ്ഥാനത്താണ് ( ഉപഭാഷകള്‍ക്കുകൂടി ഭാഷാപദവി കൊടുക്കുന്ന ചില കണക്കുകളില്‍ അത് മുപ്പത്തിനാലാം സ്ഥാനം വരെ പോകും). യൂറോപ്യന്‍ഭാഷകളായ ഗ്രീക്കിനെക്കാളും സ്വിസ് ഭാഷയെക്കാളും സ്വീഡിഷ്ഭാഷയെക്കാളുമൊക്കെ ഏറെ ആളുകള്‍ മലയാളം മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. നമ്മെക്കാള്‍ എത്രയോ കുറഞ്ഞ ആളുകള്‍ സംസാരിക്കുന്ന ഭാഷകള്‍ ലോകത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഭാഷയായി ഉപയോഗിക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും സര്‍വകലാശാലയിലെ പഠനമാധ്യമമായി മലയാളം ഉപയോഗിക്കുന്നില്ല. സാമൂഹികശാസ്ത്രവും ശാസ്ത്രവുമുള്‍പ്പെടെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ പഠിക്കാന്‍ സാധ്യതയുള്ള സര്‍വകലാശാലയാകണം മലയാള സര്‍വകലാശാല. അന്യഭാഷകള്‍ മാധ്യമമായി ഉപയോഗിച്ച് വിജയിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രമേവരൂ എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ബഹുഭൂരിപക്ഷത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് ഉപയുക്തമാകുന്ന ഭാഷ മാതൃഭാഷയായിരിക്കും. അതുകൊണ്ടാണ് മാതൃഭാഷ പഠനമാധ്യമമായി ഉപയോഗിക്കാത്ത സമൂഹങ്ങള്‍ സാംസ്‌കാരികമായി എന്നതുപോലെത്തന്നെ സാമ്പത്തിക മേഖലയിലും തകര്‍ന്നടിഞ്ഞത്.
 

ഭാഷാസര്‍വകലാശാലകള്‍ക്ക് ഏറ്റവും മികച്ച മാതൃക ഹീബ്രു സര്‍വകലാശാലയാണ്. മരണാസന്നമായിക്കിടന്ന ഹീബ്രുവിനെ അവര്‍ സര്‍വകലാശാല വഴി തിരിച്ചുകൊണ്ടുവന്നു. രണ്ടുകാര്യങ്ങളാണ് അവര്‍ ചെയ്തത്. ശാസ്ത്രവും സാമൂഹികശാസ്ത്രവുമെല്ലാം മാതൃഭാഷയില്‍ പഠിപ്പിച്ചു. ഒരുവശത്ത് പഠനമാധ്യമം ഹീബ്രുവായി നിലനിര്‍ത്തുമ്പോള്‍ത്തന്നെ പ്രധാനപ്പെട്ട ലോകഭാഷകളെല്ലാം അവിടെ പഠിപ്പിച്ചു. അതുവഴി ലോകഭാഷകളിലെ എല്ലാ വിജ്ഞാനസമ്പത്തുമായി ഹീബ്രുവിനെ ബന്ധപ്പെടാന്‍ അനുവദിച്ചു. 64 ലോകഭാഷകളാണ് ഹീബ്രു സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നത്. ഹീബ്രു സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തത് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നാണത്. ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന ഇന്ത്യയിലെ ഒരു സര്‍വകലാശാലയും അതിനടുത്തെങ്ങും എത്തുകയില്ല. ഹീബ്രുവിന്റെ അഞ്ചിരട്ടിയാണ് മലയാളം സംസാരിക്കുന്ന ആളുകളുടെ എണ്ണം. മലയാള സര്‍വകലാശാലയിലും ശാസ്ത്രവും സാമൂഹികശാസ്ത്രവുമുള്‍പ്പെടെ എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിപ്പിക്കണം. ലോകഭാഷകള്‍ക്കെല്ലാം അവിടെ പഠനവകുപ്പുകള്‍ ഉണ്ടാകണം. വിദേശഭാഷകള്‍ പഠിപ്പിക്കാനായി പ്രത്യേക സര്‍വകലാശാല സ്ഥാപിക്കുകയല്ല, അവയെല്ലാം മലയാള സര്‍വകലാശാലയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്.
 

തുഞ്ചന്‍ പറമ്പില്‍ ഉദ്ഘാടനം നടന്നുവെന്നുള്ളതിന്റെ പേരില്‍ മാത്രം സര്‍വകലാശാല ഇല്ലാത്ത സ്ഥലത്ത് വെട്ടിമുറിച്ച് സ്ഥാപിക്കരുത്. തിരൂരില്‍ സ്ഥലമില്ലെങ്കില്‍ അതിനുപറ്റിയ സ്ഥലമുള്ളിടത്താണ് അത് സ്ഥാപിക്കേണ്ടത്. വിശാലമായ ഒറ്റ കാമ്പസ് മതി. അലിഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് മാത്രമായി നാനൂറ് ഏക്കര്‍ കൊടുക്കാമെങ്കില്‍ മലയാള സര്‍വകലാശാലയ്ക്ക് അതിന്റെ ഇരട്ടിയെങ്കിലും സ്ഥലം അനുവദിക്കാന്‍ കഴിയണം. 1956-ല്‍ അവസാനിച്ച പ്രക്രിയയല്ല, ആരംഭിച്ച പ്രക്രിയയാണ് കേരളത്തിന്റെ നിര്‍മിതി എന്നത്. ആത്മാഭിമാനവും ജനാധിപത്യബോധവുമുള്ള ഒരു കേരളത്തിന്റെ നിര്‍മിതിയില്‍ നിര്‍ണായകമാണ് മലയാള സര്‍വകലാശാലയുടെ സ്ഥാപനത്തിന്റെ ഈ നിമിഷം. കേരളത്തിന്റെ ഭൂതകാലത്തിന്റെ പ്രദര്‍ശനശാല മാത്രമായി അത് ഒതുങ്ങിക്കൂടാ.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar