Pages

Thursday, November 8, 2012

A SUCCESSFUL MODEL IN ORGANIC FARMING

ജൈവകൃഷിയില്‍
 നൂറുമേനി വിളവ്‌
പൈതൃകമായി ലഭിച്ച കൃഷിയിടവും കാര്‍ഷിക അറിവുകളും പിന്‍തുടര്‍ന്ന്‌ ജൈവകൃഷിയിലൂടെ ഒട്ടേറെ ഇനം നാടന്‍ പച്ചക്കറിയിനങ്ങള്‍ വിളയിച്ചെടുക്കുകയാണ്‌ കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടം സ്വദേശി ജോര്‍ജ്‌ ആന്റണി.രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായും ഒഴിവാക്കി ആനക്കൊമ്പന്‍ വെണ്ട, നാരില്ലാ പയര്‍, മുള്ളന്‍ വെള്ളരി, അടതാപ്പ്‌, നിത്യവഴുതന, ചതുരപ്പയര്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ്‌ ഇദ്ദേഹം വിളയിച്ചെടുക്കുന്നത്‌.നിലം ഒരുക്കുന്നതുമുതല്‍ ഇദ്ദേഹം ഓരോ കാര്യങ്ങളും വളരെ ചിട്ടയോടെ ചെയ്യുന്നു. വേനല്‍ക്കാലത്ത്‌ കിളച്ചിടുന്ന തോട്ടത്തില്‍ ചാണകം, മണ്ണിരവളം എന്നിവ ചേര്‍ത്ത്‌ തടം ഒരുക്കുന്നു. മഴക്കാലാരംഭത്തില്‍ നേരത്തെ നഴ്‌സറി കൂടകളില്‍ തയാറാക്കി ഇരിക്കുന്ന തൈകള്‍ നടുന്നു. 


ആനക്കൊമ്പന്‍ വെണ്ട, അടതാപ്പ്‌ എന്നിവയുടെ കൃഷി മഴക്കാലാരംഭത്തിലാണ്‌ തുടങ്ങുന്നത്‌. പയറിനങ്ങളും കാലവര്‍ഷാരംഭത്തോടെ കൃഷി ചെയ്യുന്നു. പയറിന്‌ പടരാന്‍ പന്തല്‍ ഒരുക്കിക്കൊടുക്കും. കീടങ്ങളുടെ ആക്രമണം ക
ണ്ടാല്‍ മഞ്ഞള്‍ക്കെണി, പുകയില കഷായം, പഴക്കെണി എന്നിവ ഉപയോഗിക്കുന്നു. ചുവട്ടില്‍ തടമെടുത്ത്‌ മണ്ണിരവളം ചേര്‍ത്ത്‌ പുതയിട്ടു കൊടുക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ പയറിനങ്ങളില്‍നിന്നു വിളവെടുപ്പ്‌ ആരംഭിക്കാം. എത്ര വിളഞ്ഞാലും പയറില്‍ ഒട്ടും നാരുണ്ടാവാത്ത 'വി' ലേക്കല്‍ എന്ന നാരില്ലാ പയറിന്റെ കായ്‌കള്‍ പച്ച, ചുവപ്പ്‌ നിറങ്ങളില്‍ കാണുന്നു.ഒരു കായ്‌ തന്നെ നാല്‍പതു സെന്റീമീറ്റര്‍ വരുന്ന ധാരാളം ശാഖകളോടെ വളരുന്ന നാടന്‍ വെണ്ട ഇനമാണ്‌ 'ആനക്കൊമ്പന്‍'. വിത്തുകള്‍ ചെറുകൂടകളില്‍ പാകി കിളിര്‍പ്പിച്ച്‌ നടുകയാണ്‌ ഉത്തമം. ജൈവവളം ചേര്‍ത്ത്‌ വെയില്‍ ലഭിക്കുന്ന മണ്ണില്‍ കൃഷിചെയ്‌ത് മണ്ണിരവളം, ഗോമൂത്രം, പച്ചച്ചാണകം എന്നിവ ചേര്‍ത്തു മൂന്നുദിവസം പുളിപ്പിച്ച്‌ നേര്‍പ്പിച്ച്‌ ചെടികള്‍ക്ക്‌ നല്‍കിയാല്‍ വിളവ്‌ കൂടുകയും കീടശല്യം ഒഴിവാകുകയും ചെയ്യും. കറിവയ്‌ക്കാന്‍ യോജിച്ച ആനക്കൊമ്പന്‍ വെണ്ടയില്‍ വഴുക്കല്‍ തീരെയില്ല. നാട്ടിന്‍പുറങ്ങളില്‍നിന്ന്‌ ഏതാണ്ട്‌ അന്യമാകുന്ന നിത്യവഴുതന ജോര്‍ജിന്റെ തോട്ടത്തില്‍ സുലഭമാണ്‌. പരിചരണം ആവശ്യമില്ലാതെതന്നെ ഈ വള്ളിച്ചെടിയില്‍നിന്ന്‌ നിത്യേന വിളവെടുക്കാം.മഴ ലഭിക്കുന്ന സമയത്ത്‌ മുള്ളന്‍ വെള്ളരി, ചതുരപ്പയര്‍, സോയാബീന്‍ എന്നിവ കൃഷി ചെയ്യുന്നു. പച്ചയ്‌ക്കുതന്നെ കായ്‌കള്‍ കഴിക്കാവുന്ന മുള്ളന്‍ വെള്ളരി, സലാഡ്‌ വെള്ളരി എന്ന പേരിലും അറിയപ്പെടുന്നു. കറിവയ്‌ക്കാനും ഇവ യോജിച്ചതാണ്‌. പടര്‍ന്നു വളരാന്‍ പന്തല്‍ ഒരുക്കിയാല്‍ മുള്ളന്‍ വെള്ളരിക്ക്‌ വിളവ്‌ കൂടും.

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌ ചതുരപ്പയര്‍ എന്ന ഇറച്ചിപ്പയര്‍ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്നത്‌. പരിചരണം ആവശ്യമില്ലാതെ ഇവ സമൃദ്ധമായി കായ്‌ക്കുന്നു വള്ളിപ്പയര്‍ ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ ധാരാളം വളരുന്നു. ഒരേക്കറോളം വരുന്ന തോട്ടത്തില്‍ ഓരോ ചെടിയും മറ്റൊന്നിനെ പ്രതിരോധിക്കാതെ പരസ്‌പര പൂരകങ്ങളായി ഇദ്ദേഹം ക്രമീകരിച്ചിരിക്കുന്നു. വര്‍ഷങ്ങളായി സ്വന്തം കൃഷിയിടത്തിലെ നാടന്‍ വിത്തിനങ്ങള്‍ മാത്രമാണ്‌ ഇദ്ദേഹം ഉപയോഗിക്കുന്നത്‌. 

വിഷാംശമില്ലാതെ ശുദ്ധമായ പച്ചക്കറികള്‍ വര്‍ഷം മുഴുവന്‍ കഴിക്കാന്‍ കഴിയുമെന്നതാണ്‌ തന്റെ ജൈവ കൃഷിയിടത്തെക്കുറിച്ച്‌ ഇദ്ദേഹത്തിന്റെ അഭിപ്രായം. രാവിലെ തന്നെ തോട്ടത്തിലിറങ്ങി കൃഷികളെ പരിചരിക്കുന്ന ഇദ്ദേഹത്തിന്‌ നൂറുമേനി വിളവാണ്‌ തിരികെ ലഭിക്കുന്നത്‌. മക്കളായ റോണിയും ഡോണിയും പിതാവിനൊപ്പം കൃഷിയിടത്തില്‍ ചെറുജോലികളില്‍ തല്‍പരരാണ്‌. ഭാര്യ ഷീജയും ജോര്‍ജിന്‌ കൃഷിയില്‍ സഹായമായുണ്ട്‌. ജോര്‍ജിന്‌ കാര്‍ഷിക പാരമ്പര്യം ലഭിച്ചത്‌ പിതാവായ ആന്റണിയില്‍നിന്നാണ്‌. മാതാവായ ഏലിയാമ്മ നാടന്‍ പാചക വിദഗ്‌ധയാണ്‌. ഒ.എഫ്‌.എ.ഐയുടെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം കാര്‍ഷിക അറിവുകളും നാടന്‍ വിത്തിനങ്ങളും മറ്റു കര്‍ഷകരുമായി പങ്കുവയ്‌ക്കാന്‍ താല്‍പരനാണ്‌. ഫോണ്‍: 9447808417, 8547046041.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: