Pages

Sunday, November 25, 2012

43rd INTERNATIONAL FILM FESTIVAL OF INDIA,GOA 20TH-30TH NOVEMBER-2012


ബഷീറിന്റെ ഹൃദയംതൊട്ട
 ഭൂമിയുടെ അവകാശികള്‍
ഉറുമ്പിനും പാമ്പിനും തേളിനും തവളയ്ക്കും എട്ടുകാലിക്കുമൊക്കെ ഇടമുള്ള സാഹിത്യത്തിന്റെ അവകാശി മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ബഷീറിന്റെ കഥാലോകത്തിന് സിനിമയില്‍ ഒരു പിന്തുടര്‍ച്ചയായി മാറിയിരിക്കുകയാണ് ടി.വി. ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രമായ ഭൂമിയുടെ അവകാശികള്‍. ബഷീറില്‍ നിന്നും ബാബുരാജില്‍ നിന്നും ഒഴുകിയെത്തിയ ഭാവപ്രപഞ്ചം. ചലച്ചിത്രത്തില്‍ സ്വാംശീകരിച്ച ഉജ്ജ്വലമായ അനുഭവമായി മാറി ടി.വി. ചന്ദ്രന്റെ സിനിമ.ഭൂമിയുടെ അവകാശികള്‍ ആദ്യപ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ ഐനോക്‌സില്‍ അരങ്ങേറിയപ്പോള്‍ അത് ഗോവയില്‍ മലയാളസിനിമയ്ക്ക് തന്നെ അഭിമാനമുഹൂര്‍ത്തമായി മാറി. മലയാളസിനിമ ഭൂമിയുടെ അവകാശികള്‍വരെ എത്തിയെന്ന് അഭിമാനപൂര്‍വം പറയാവുന്ന ഒരു ചിത്രമായിരിക്കും തന്‍േറതെന്ന സംവിധായകന്റെ പ്രദര്‍ശനത്തിന് മുമ്പുള്ള പരാമര്‍ശത്തിന് തീര്‍ത്തും അനുയോജ്യമായ വിധത്തിലാണ് സിനിമ ഗോവയില്‍ ആസ്വദിക്കപ്പെട്ടത്. നടന്‍ കൈലാഷിന്റെ അഭിനയ ജീവിതത്തിലും സിനിമ ഒരു വഴിത്തിരിവായി മാറും. രാഷ്ട്രീയവും പ്രകൃതിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള തത്ത്വചിന്തയുമെല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമ ടി.വി.ചന്ദ്രന്റെ തന്നെ കഥാവശേഷന്റെയും ഭൂമി മലയാളത്തിന്റെയും ഒരുതുടര്‍ച്ച കൂടിയായി കണക്കാക്കാവുന്നതാണ്. 

ചലച്ചിത്രവേദിയില്‍ തന്റെ പത്താമത്തെ സിനിമയുമായി എത്തിയ ടി.വി. ചന്ദ്രന്‍ സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍പ്പോലും ആരാലും ക്ഷണിക്കപ്പെടാതെയും അകത്തുകയറാന്‍ ടിക്കറ്റില്ലാതെ തടഞ്ഞു നിര്‍ത്തപ്പെട്ടും അപമാനിതനായാണ് ഐനോക്‌സിന്റെ ഉള്ളിലേക്ക് രോഷാകുലനായി എത്തിയത്. ഋതുപര്‍ണഘോഷിന്റെ ചിത്രാംഗദയാണ് വ്യാഴാഴ്ച ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മികച്ച ചിത്രങ്ങളിലൊന്ന്. ലിംഗപദവിയെ സ്ത്രീപുരുഷ വീക്ഷണങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന് പ്രശ്‌നവത്കരിക്കുന്ന ഋതുപര്‍ണഘോഷിന്റെ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഘോഷ് തന്റെ സമീപകാല സിനിമകളിലൂടെ മുന്നോട്ടുവെക്കുന്ന അതിശക്തമായ ലിംഗപഠനങ്ങളിലൊന്നാണ്. മികച്ച ഇന്ത്യന്‍ സിനിമയെന്ന ബഹുമതി നേടിയ ബ്യാരിയുടെ സംവിധായകന്‍ സുവീരന്‍ ഫെസ്റ്റിവലിലെത്തി. വെള്ളിയാഴ്ചയാണ് ബ്യാരിയുടെ ആദ്യ പ്രദര്‍ശനം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: