Pages

Wednesday, November 28, 2012

കുവൈത്തില്‍ 20,000-ത്തിലേറെ സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുന്നു


കുവൈത്തില്‍ 20,000-ത്തിലേറെ സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുന്നു

കുവൈറ്റില്‍ അഭ്യസ്തവിദ്യരായ 20,000-ത്തിലേറെ സ്വദേശികള്‍ തൊഴില്‍രഹിതരായി തുടരുന്നത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. വിദേശികള്‍ കൈയടക്കിയിരിക്കുന്ന സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കണമെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിരവധി സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുപ്രചരണവുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നത്.വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 20,000ത്തിലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കാത്ത അവസ്ഥ രാജ്യപുരോഗതിയെയും സാമൂഹികജീവിതത്തെയും ഏറെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. സര്‍ക്കാര്‍പരിഗണനയിലുള്ള സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുകയും തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയും പൂര്‍വാധികം പ്രാധാന്യത്തോടെ കാണണമെന്നും സ്ഥാനാര്‍ഥികള്‍ പ്രചാരണവേളയില്‍ വിശദീകരിച്ചു.

സര്‍ക്കാര്‍മേഖലയില്‍ ഏറെക്കുറെ സ്വദേശിവത്കരണം നടപ്പിലാക്കിയതുപോലെ സ്വകാര്യമേഖലയില്‍ ക്വാട്ട സംവിധാനം നിര്‍ബന്ധമാക്കണം. സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂടുതല്‍ സ്‌ക്രീനിങ് ഇതുസംബന്ധിച്ച് നടപ്പിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വകാര്യസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിന് ഉന്നതതലസമിതിയെ നിയമിച്ച് ഉറപ്പുവരുത്തണമെന്നാണ് സ്ഥാനാര്‍ഥികള്‍ ആവശ്യമുന്നയിക്കുന്നത്.
കുവൈത്ത് സര്‍ക്കാര്‍മേഖലയില്‍ ഏറെക്കുറെ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പിലാക്കിവരികയാണ്. ആരോഗ്യമേഖലയില്‍ നഴ്‌സിങ് മേഖലയില്‍മാത്രമാണ് കൂടുതല്‍ വിദേശികള്‍ തൊഴില്‍ചെയ്യുന്നത്. കുവൈത്ത് ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം വരുന്ന വിദേശികള്‍തന്നെയാണ് സ്വകാര്യമേഖലയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.സ്വകാര്യമേഖലയിലെ തൊഴിലുകള്‍ ചെയ്യുന്നതിനാവശ്യമായ സ്വദേശികളെ ലഭ്യമല്ല എന്ന കാരണത്താലാണ് സ്വകാര്യ തൊഴില്‍സ്ഥാപനങ്ങള്‍ വിദേശികളെക്കൊണ്ട് തൊഴില്‍ ചെയ്യിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ക്വാട്ടസംവിധാനം നടപ്പിലാക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും നിര്‍ബന്ധിതരാകുന്നതോടെ വലിയൊരു വിഭാഗം വിദേശതൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയും ശക്തമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: