Pages

Saturday, October 6, 2012

TOILETS IN SCHOOLS


സ്‌കൂളുകളിലെ ശൗചാലയങ്ങള്‍ വൃത്തിയുള്ളതായി സൂക്ഷിക്കണം

 

ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട നാനാ വിഷയങ്ങളെക്കുറിച്ച് കോടതികള്‍ അഭിപ്രായം പറയുമ്പോഴാണ് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അധികാരികള്‍ പലപ്പോഴും പരിഗണിക്കുന്നതു തന്നെ.കോടതികള്‍ ഇടപെട്ടാലേ പൊതു താത്പര്യമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുകയുള്ളൂ എന്ന സ്ഥിതി ഉണ്ടായിരിക്കുകയാണോയെന്ന്, അടുത്തിടെ കോടതികള്‍ പുറപ്പെടുവിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ചാല്‍ സംശയിച്ചുപോവും. മണല്‍വാരലിലും മലിനീകരണത്തിലും മുതല്‍ മദ്യപാനത്തില്‍വരെ കോടതികള്‍ക്ക് ഇടപെടേണ്ടിവരുന്നു. മറ്റു തര്‍ക്കവിഷയങ്ങളും വ്യവഹാരങ്ങളും കൈകാര്യം ചെയ്യുന്നതിന് പുറമേയാണല്ലോ ഇത്. സ്‌കൂളുകളില്‍ മൂത്രപ്പുരകള്‍ നിര്‍മിക്കുന്നതിനും കുടിവെള്ളസൗകര്യം ഏര്‍പ്പെടുത്തുന്നതിനുമാണ് കഴിഞ്ഞദിവസം സുപ്രീം കോടതി കല്പന പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കോടതി കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതെ വന്നതോടെ, ഒരു ഹര്‍ജിയെ തുടര്‍ന്ന് കോടതി വീണ്ടും ഇടപെടുകയായിരുന്നു.കേരളത്തിലെ സ്കൂളിലെ  മൂത്രപുരകളുടെ  സ്ഥിതി  വളരെ  ദയനീയമാണ് . 
സ്‌കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ടി, വിശേഷിച്ചും പെണ്‍കുട്ടികള്‍ക്ക്, ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇതിന് സമയം നല്‍കിയിരുന്നത്. സംസ്ഥാനങ്ങള്‍ കൂടുതല്‍സമയം ചോദിച്ചതിനാല്‍ ആറുമാസം വരെ കോടതി ഇതിന് അനുവദിച്ചിരിക്കയാണ്. ആറു മുതല്‍ പതിനാറ് വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം ഭരണഘടന നല്‍കുന്ന അവകാശമാണ്. ഈ വിദ്യാഭ്യാസം നിര്‍ബന്ധവുമാണ്. അടിസ്ഥാന സൗകര്യം ഭരണകൂടം തന്നെ ഒരുക്കിയില്ലെങ്കില്‍ ഈ അവകാശം എങ്ങനെ അനുഭവിക്കും എന്ന് കോടതി ചോദിക്കുന്നു. ശൗചാലയങ്ങള്‍ പോലുള്ള അടിസ്ഥാനസൗകര്യമില്ലാത്ത ഇടങ്ങളിലേക്ക് കുട്ടികളെ, വിശേഷിച്ചും പെണ്‍കുട്ടികളെ, അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചത് വാസ്തവമാണ്. രക്ഷിതാക്കള്‍ ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കുന്നത് ഇക്കാര്യത്തെക്കുറിച്ചാണെന്ന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍, ചുരുങ്ങിയ വരുമാനക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. നഗരങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍, അവികസിതമായ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി ഊഹിക്കാം. ഛത്തീസ്ഗഢില്‍ 20 ശതമാനം സ്‌കൂളുകളില്‍ മാത്രമേ ഉപയോഗിക്കാവുന്ന ശൗചാലയങ്ങളുള്ളൂ.ഇന്ത്യയില്‍ 11 മുതല്‍ 18 വരെ പ്രായക്കാരായ പെണ്‍കുട്ടികളുടെ എണ്ണം 8.3 കോടിയാണ്. 49.65 കോടി വരുന്ന മൊത്തം സ്ത്രീ ജനസംഖ്യയില്‍ 17 ശതമാനം വരും ഇത്. രാജ്യത്ത് സ്ത്രീകളുടെ സാക്ഷരതാനിരക്ക് 53.87 ശതമാനമാണ്. അപ്പോള്‍ സ്‌കൂളുകളില്‍ നിന്ന് പലകാരണങ്ങളാലും പെണ്‍കുട്ടികള്‍ വിട്ടുനില്‍ക്കുക കൂടി ചെയ്താല്‍ ഈ സ്ഥിതി മെച്ചപ്പെടുകയില്ല. ഒരു സര്‍ക്കാറിതര സന്നദ്ധസംഘടന നടത്തിയ സര്‍വേയില്‍, സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന് കണ്ടെത്തിയ പ്രധാനകാരണങ്ങളിലൊന്ന് ശൗചാലയങ്ങളുടെ അഭാവമായിരുന്നു. ഇത്തരത്തില്‍, വളരെ അടിസ്ഥാനപരമായ ഒരു കാര്യത്തില്‍, നമ്മുടെ താത്പര്യമില്ലായ്മ ജീവിതോല്‍ക്കര്‍ഷത്തിനും മാനവശേഷിയുടെ വികാസത്തിനും പൊതുവേ രാജ്യത്തിന്റെ അഭിവൃദ്ധിക്കും തടസ്സമാവുന്നത് ഭരണാധികാരികള്‍ തിരിച്ചറിയാതെ പോവുന്നു. സാമ്പത്തികശക്തിയാവാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ ഇത്തരം അപര്യാപ്തതകള്‍ പിറകിലേക്ക് വലിക്കുന്നു. വളര്‍ച്ചനിരക്കിന്റെ സംഖ്യ നോക്കാതെയും ഒരു രാജ്യത്തിന്റെ പുരോഗതിയെ അളക്കാം. ശുചിയായ പരിസരം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് ലജ്ജിക്കാനാണ് കൂടുതല്‍ സന്ദര്‍ഭമുണ്ടാവുക. 42 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നത് ലജ്ജാകരമാണെന്ന് ഈയ്യിടെ പ്രധാനമന്ത്രി തന്നെ പറയുകയുണ്ടായി. ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമങ്ങളിലും ഇപ്പോഴും ജനങ്ങള്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം ചെയ്യേണ്ട സ്ഥിതിയാണ്. ഇതിന്റെ ദുരിതമനുഭവിക്കുന്നത് കൂടുതല്‍ സ്ത്രീകളായിരിക്കുമെന്ന് വിശേഷിച്ച് പറയേണ്ടതില്ല. ശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ നമ്മള്‍ അതു ചെയ്‌തേക്കും. അവ വൃത്തിയുള്ളതായിരിക്കണമെന്നു ഉറപ്പുവരുത്താന്‍ കോടതി ഒരു തവണ കൂടി ഇടപെടേണ്ടിവരും.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

Print
SocialTwist Tell-a-Friend

No comments: