ഉപഭോക്തൃതര്‍ക്ക പരിഹാരസമിതി
ഉപഭോക്താവ് തന്‍റെ അവകാശങ്ങളെ കുറിച്ചു കൂടുതല്‍ അറിയേണ്ട ഒരു
കാലഘട്ടമാണ് . അരി മുതല്‍ ഒട്ടുമിക്ക വസ്തുക്കളും കടകളില്‍ നിന്ന്
വാങ്ങുന്ന കാലമാണ്. എന്തിനേറെ പറയുന്നു കുടിക്കാനും അടുക്കളയിലെ ഉപയോഗത്തിനുമുള്ള
വെള്ളം പോലും കുപ്പികളിലും ക്യാനുകളിലും വാങ്ങി ഉപയോഗിക്കുന്നവരാണ് നഗരവാസികള്‍.
ഗ്രാമവാസികള്‍ക്കു പോലും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥ വന്നേക്കുമെന്നതാണ്
ഇപ്പോഴത്തെ അവസ്ഥ. അതെന്തുതന്നെയായാലും ആവശ്യക്കാര്‍ വര്‍ധിക്കുമ്പോള്‍
ഉത്പന്നത്തിന്റെ ഗുണമേന്മയിലും മറ്റും ശ്രദ്ധ കുറയാന്‍ സാധ്യത ഏറേയാണ്.
അതുകൊണ്ടുതന്നെ പരാതികള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍
ഉപഭോക്തൃതര്‍ക്ക പരിഹാരസമിതികളുടെ പ്രസക്തിയേറുകയാണ്. ഇവ സാധാരണക്കാര്‍ക്ക്
അപ്രാപ്യമാവുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനുള്ള
സംഘടനകള്‍ പതിവായി ആവശ്യമുന്നയിച്ചുവരുന്നുണ്ട്. അഭിഭാഷകരെ നിയോഗിച്ച് വാദം
നടത്തുന്നത് ഒഴിവാക്കി ഉപഭോക്താവും നിര്‍മാതാവും നേരിട്ട് കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കം
തീര്‍ക്കുന്ന രീതി നടപ്പാക്കണമെന്നാണ് സംഘടനകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന
ആവശ്യം. ഇത് അംഗീകരിച്ച സര്‍ക്കാര്‍ ഉപഭോക്തൃതര്‍ക്ക പരിഹാരസമിതികളില്‍
അഭിഭാഷകരുടെ സാന്നിധ്യം ഒഴിവാക്കുന്ന നിയമഭേദഗതി കൊണ്ടുവരാന്‍
തീരുമാനിച്ചിട്ടുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്.വന്‍കിട സ്ഥാപനങ്ങള്‍ തങ്ങള്‍ക്കെതിരായ സാധാരണക്കാരുടെ പരാതികളെ
പ്രതിരോധിക്കാന്‍ തര്‍ക്കപരിഹാര ഫോറങ്ങളില്‍ വിദഗ്ധ അഭിഭാഷകരെ ഹാജരാക്കുന്നത്
പതിവാണ്. ഉപഭോക്താക്കളുടെ പരാതി ന്യായമായിരിക്കും. എന്നാല്‍,
നിയമത്തിന്റെ പഴുതുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയും സാങ്കേതിക തടസ്സവാദങ്ങള്‍
ഉന്നയിച്ചും കടുത്ത പ്രതിരോധമുയര്‍ത്തുന്ന അഭിഭാഷകരെ മറികടക്കാന്‍ സാധാരണക്കാര്‍ക്കോ
അവര്‍ നിയോഗിക്കുന്ന അഭിഭാഷകര്‍ക്കോ സാധിച്ചുവെന്നു വരില്ല. അഭിഭാഷകനെ വെച്ച്
പരാതി വാദിക്കുകയെന്നത് പണച്ചെലവേറിയ കാര്യമാകും. പലപ്പോഴും വാങ്ങിയ സാരി ആദ്യ
ഉപയോഗത്തില്‍ത്തന്നെ കീറിയതോ വാങ്ങിയ ആഹാരപദാര്‍ഥത്തില്‍ ബ്ലേഡ് കണ്ടതോ ഒക്കെയാകാം
സാധാരണക്കാരന്റെ പ്രശ്‌നം. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍
ഏറേ പ്രാധാന്യമര്‍ഹിക്കുന്നതാവും. എന്നാല്‍, ഇങ്ങനെയുള്ള
പരാതികളില്‍ അഭിഭാഷകനെ വെച്ച് വാദിക്കുന്നതിന്റെ ചെലവ് കണക്കിലെടുക്കുമ്പോള്‍ അത്
വേണ്ടെന്നു വെക്കുകയാവും ചെയ്യുക. ചെലവ് കണക്കിലെടുത്ത്
പരാതിപ്പെടേണ്ടെന്നുവെക്കുന്ന സാഹചര്യമൊഴിവാക്കാന്‍ പുതിയ ഭേദഗതി സാഹയകരമാകും.
പരാതികള്‍ സമയബദ്ധമായി തീര്‍പ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനം
കൂടി സര്‍ക്കാര്‍ കണ്ടെത്തണം. ലഭിക്കുന്ന പരാതി മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്നാണ്
നിലവിലുള്ള വ്യവസ്ഥ. അത്യാവശ്യ ഘട്ടങ്ങളില്‍ അഞ്ച് മാസം വരെ സമയമെടുക്കാം. ഈ
സമയപരിധി കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. ഇല്ലെങ്കില്‍ അതിന്
കാരണമെന്തെന്ന് വിലയിരുത്തി പ്രശ്‌നപരിഹാരമുണ്ടാക്കാനും സംവിധാനം വേണം.
പരാതികളില്‍ അഭിഭാഷകന്‍ മുഖേനയല്ലാതെ ഉപഭോക്താക്കള്‍ നേരിട്ട്
വരുമ്പോള്‍ അതിലെ നടപടിക്രമങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ഓരോ
ഫോറത്തിലും സംവിധാനം ഉറപ്പാക്കണം. പരാതികളില്‍ ആരെയെല്ലാമാണ് എതിര്‍കക്ഷി ചേര്‍ക്കേണ്ടതെന്നുപോലും
സാധാരണക്കാരന് ധാരണയുണ്ടായെന്ന് വരില്ല. അതിനാല്‍ ഇത്തരം സാങ്കേതിക കാര്യങ്ങളിലെ
സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാനും പിഴവില്ലാത്ത രീതിയില്‍ മുന്നോട്ടു പോകാനുമുള്ള
സാഹചര്യമൊരുക്കണം. സാധാരണ ജില്ലാ ഫോറത്തില്‍ പരാതി നല്‍കാനും തന്റെ ഭാഗം
ന്യായാധിപരെ പറഞ്ഞ് ബോധ്യപ്പെടുത്താനും സാധാരണക്കാരന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.
പരാതിക്കാര്‍ ദുരനുഭവത്തിന്റെ ഇരകളായിരിക്കുമല്ലോ. അത് സ്വന്തം ഭാഷയില്‍ പറഞ്ഞ്
മനസ്സിലാക്കിയാല്‍ മതി. എന്നാല്‍, അപ്പീല്‍ ഘട്ടങ്ങളില്‍
പരാതിക്കാരന് അഭിഭാഷകന്റെ സഹായം ആവശ്യമായി വരും. സംസ്ഥാന ഫോറത്തില്‍ ഭാഷ പ്രശ്‌നമാകില്ലെങ്കിലും
ദേശീയ ഫോറത്തില്‍ ഭാഷയായിരിക്കും ഏറ്റവും വലിയ പ്രശ്‌നം. ന്യൂ ഡല്‍ഹിയിലെ
ദേശീയസമിതിയില്‍ ചെന്ന് ഇംഗ്ലീഷിലോ ഹിന്ദിയിലോ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ സാധാരണക്കാരന്
സാധിക്കില്ല. ഹിന്ദി മേഖലയിലുള്ളവര്‍ക്ക് ദേശീയസമിതിയില്‍ ഭാഷ വലിയ പ്രശ്‌നമാകില്ലെങ്കിലും
തെക്കേ ഇന്ത്യക്കാര്‍ക്കും മറ്റും ഇത് ഏറേ വിഷമത സൃഷ്ടിക്കും. ഇത്തരം
ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ളതാവണം പുതിയ ഭേദഗതി.
പ്രൊഫ്
. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment