വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍
സംരംഭങ്ങള്‍ തുടങ്ങാന്‍ പരിശീലനം നല്‍കണം
സംരംഭകത്വ ആശയങ്ങളുള്ളവരാണ് വിദ്യാര്‍ഥികളില്‍ പലരുമെങ്കിലും പഠനകാലത്ത് അവരില്‍ പലര്‍ക്കും മതിയായ പ്രോത്സാഹനം കിട്ടുന്നില്ല. ഇത്തരം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രമേളകളിലും മറ്റും ശ്രദ്ധേയമാകാറുണ്ട്. എന്നാല്‍, അവ വേണ്ടവിധം പ്രചരിപ്പിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ, ബിരുദം നേടി പുറത്തിറങ്ങുന്നവരില്‍ സംരംഭകരാകുന്നവര്‍ ചുരുക്കമാണ്. പഠനകാലത്തു തന്നെ പരിശീലനവും പ്രോത്സാഹനവും ലഭിച്ചാലേ ഇതില്‍ താത്പര്യമുള്ളവരില്‍ വൈദഗ്ധ്യവും ആത്മവിശ്വാസവും വളരൂ. നിര്‍ദിഷ്ട പദ്ധതി അതിന് സഹായകമാകുമെന്ന് ആശിക്കാം. എന്‍ജിനീയറിങ്ങിലും ഇതര മേഖലകളിലുമായി ഒരു ലക്ഷത്തിലധികം ബിരുദധാരികളാണ് സംസ്ഥാനത്ത് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. അവരില്‍ ഒരു ചെറിയ വിഭാഗമെങ്കിലും സംരംഭകരായാല്‍, അവര്‍ക്കെന്നപോലെ, തൊഴിലന്വേഷകര്‍ക്കും പ്രയോജനം ചെയ്യും.മൂന്ന് ഘട്ടങ്ങളായി നടപ്പാക്കേണ്ട വിധത്തിലാണ് സംരംഭക പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനുവേണ്ട സംവിധാനങ്ങളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്.
കേരളത്തില്‍ പരമ്പരാഗത കോഴ്‌സുകളിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിജയം നേടുന്നു. എന്നാല്‍, 'പഠനം കഴിഞ്ഞാല്‍ ജോലി' എന്ന സങ്കല്പത്തിന് ഇവിടെ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന് പഴയകാലത്തേതിനേക്കാള്‍ പ്രാധാന്യം കിട്ടിയതോടെയാണ് സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടത്. വിപുലവും നാടിന്റെ വികസനാവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്നവയുമായ സംരംഭങ്ങള്‍ ഉണ്ടാകണമെങ്കില്‍ അതിനനുസൃതമായ പരിശീലനപദ്ധതി അനിവാര്യമാണ്. നിര്‍ദിഷ്ട പദ്ധതിയുടെ വിജയം അത് നടപ്പാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം പരിപാടികള്‍ വൈകുകയോ നിലച്ചുപോകുകയോ ചെയ്യുന്നത് കേരളത്തില്‍ സാധാരണമാണ്. സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമൊപ്പം ബന്ധപ്പെട്ട അധികൃതരുടെ ഇച്ഛാശക്തികൂടി ഉണ്ടായാലേ നിര്‍ദിഷ്ട പദ്ധതികള്‍ ലക്ഷ്യം നേടൂ. പഠനം കഴിയുമ്പോഴേക്കും വിദ്യാര്‍ഥികളെ തൊഴിലിന് യോഗ്യരാക്കാനുള്ള നൈപുണ്യ വിദ്യാഭ്യാസ പദ്ധതിയും വിപുലമാക്കാവുന്നതാണ്. മൂന്നുലക്ഷത്തിലേറേ കുട്ടികള്‍ക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. തൊഴിലില്ലായ്മ പ്രശ്‌നമായി തുടരുന്ന നിലയ്ക്ക് തൊഴില്‍പരിശീലനവും സ്വയംതൊഴില്‍ സംരംഭങ്ങളും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. കേരളീയരുടെ തൊഴില്‍സങ്കല്പം കുറേക്കൂടി വിശാലവും സാര്‍ഥകവുമാകാനും ഇത്തരം പദ്ധതികള്‍ ആവശ്യമാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment