വ്യക്തിയുടെയോ
കൂട്ടായ്മയുടെയോ വ്യക്തവും സുനിശ്ചിതവുമായ ആചാര/വിചാര ഘടനയെ സാമ്പ്രദായികമായി
മതമെന്നു വിളിക്കാം. മതം എന്ന വാക്കിന് അഭിപ്രായം, ധര്‍മ്മം, അറിവ്, സിദ്ധാന്തം, ഇഷ്ടം,
വിശ്വാസം, സമ്മതം, നിരപ്പാക്കല്‍
തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. മതത്തിന് തുല്യമായി ആംഗലേയത്തിലുള്ള‘Religion,
‘Religio Onins’, (Re Back, Ligare Bind) എന്ന ലാറ്റിന്‍ പദത്തില്‍
നിന്നും വന്നതാണ്. യഥാര്‍ത്ഥത്തില്‍ സംയോജിപ്പിച്ചിരുന്നതും താല്‍ക്കാലികമായി
വിയോജനം സംഭവിച്ചതുമായ ഒന്നിനെ അതിന്റെ സാരാംശത്തിലേക്ക്, ഉള്ളടക്കത്തിലേക്ക്
തളച്ചുറപ്പിക്കുന്നതാണ് മതം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ
വിവിധ നിലവാരത്തിലുള്ള അന്വേഷണത്തിന്റെ സദ്ഫലമാണത്. വ്യക്തിയെയും സമൂഹത്തെയും
ചേര്‍ത്തുനിര്‍ത്തുന്ന വീക്ഷണവൈവിദ്ധ്യങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. ഇങ്ങനെ
അന്യോന്യമുള്ള കോര്‍ത്തിണക്കങ്ങളെല്ലാം വ്യാപ്തവും അമൂര്‍ത്തവുമായതിനാല്‍ അവ
താരതമ്യേന സ്വതന്ത്രവും, നിരപേക്ഷവുമായിരിക്കുമെന്ന് ഒരര്‍ത്ഥത്തില്‍
പറയാം. യാതൊന്നിനെയും സമാശ്രയിക്കാതെ സര്‍വ്വസ്വതന്ത്രമായി നില്‍ക്കുന്ന
ഒരവസ്ഥയാണല്ലോ നിരപേക്ഷത. ഈ ദൃഷ്ടിയില്‍ എല്ലാ മതങ്ങളും നിരപേക്ഷതലത്തിനാണ്
ഊന്നലേകുന്നത്. അങ്ങനെയെങ്കില്‍ മതത്തിന് അതിന്റെ നിരപേക്ഷതലത്തെ കുറിച്ച്
ബോദ്ധ്യപ്പെടുത്തേണ്ടി വരുമോ? മതമില്ലാതെ എങ്ങനെയാണ്
ആത്മീയത നടപ്പിലാകുകയും നിലനില്‍ക്കുകയും ചെയ്യുക? തുടങ്ങിയ
പ്രശ്‌നങ്ങള്‍ക്ക് അപ്പോള്‍ പോംവഴി കണ്ടെത്തേണ്ടതായി വരും.
ബാഹ്യപരിണാമത്തോടൊപ്പം
മനുഷ്യനില്‍ സംഭവിച്ച ആന്തരികവികാസമാണ് മതാവബോധം (Religious awareness) രൂപപ്പെടുത്തിയത്. ഇച്ഛാശക്തിയും, ജ്ഞാനശേഷിയും
ഉള്‍ച്ചേര്‍ന്ന സര്‍ക്ഷകൗശലത്തിന്റെ ആവിഷ്‌കാരമായിരുന്നു അത്.
ബാഹ്യാഭ്യന്തരങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള അഭിവാഞ്ഛയാണ് ഒരു കര്‍ത്തൃഭാവത്തിന്റെ
ആവശ്യകതയിലേക്ക് മനുഷ്യനെ നയിച്ചത്. കൂടാതെ വ്യക്തി എന്ന നിലയില്‍ തന്റെ
പരിമിതികളെക്കുറിച്ചുള്ള ബോധവും, അപരിമേയമായചരാചരപ്രപഞ്ചത്തോടുള്ള
അത്ഭുതാദരങ്ങളും, അജ്ഞാതരഹസ്യങ്ങളിലേക്കുള്ള
അന്വേഷണവ്യഗ്രതയും, സത്യത്തോടുള്ള സഹജമായ ആഭിമുഖ്യവും,
ആന്തരികമായ സ്വാതന്ത്ര്യദാഹവും, രക്ഷനേടാനുള്ള
ആവേശവും അതിനോടൊപ്പം ഉണ്ടായിരുന്നു. ആത്മീയതയുടെ അനുഭൂതിമണ്ഡലത്തിന്
ജ്ഞാനപദ്ധതികള്‍ ചിട്ടപ്പെടുത്തി പ്രതീകത്തിലൂടെയും, ആചരണത്തിലൂടെയും
വികസിപ്പിച്ചവയാണ് ലോകത്തിലെ വിവിധ മതങ്ങളെന്നു പറയാം.
അറിവ്, ആചാരനുഷ്ഠാനങ്ങള്‍, വിശ്വാസം, വിനിമയം എന്നിങ്ങനെ സോപാധിക
സവിശേഷതയാര്‍ന്ന പ്രത്യയങ്ങളിലൂടെയാണ് മനുഷ്യവളര്‍ച്ച തുടര്‍ന്നത്. വ്യക്തിയുടെ
അന്തരാളത്തിലെ സാമൂഹികമാനത്തെ പൊലിപ്പിച്ചെടുക്കുന്ന ഉദാരമായ നൈതിക പ്രവര്‍ത്തനമാണ്
മതം നിര്‍വ്വഹിക്കുന്നത്. ആന്തരികമായ വൈവിദ്ധ്യ ഘടകങ്ങളെ ഒരു പൊതുമൂല്യത്തിന്റെ അടിസ്ഥാനത്തില്‍
ഒത്തുതീര്‍പ്പാക്കാന്‍ അത് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. സത്യം, ധര്‍മ്മം, ത്യാഗം, സ്‌നേഹം,
ദയ, സഹിഷ്ണുത തുടങ്ങിയ നൈതികപ്രബോധനങ്ങള്‍
അത്തരം സഹവര്‍ത്തിത്ത്വത്തിന്റെ മൂലമന്ത്രങ്ങളാണ്. മതത്തിന് ഒരു തരത്തിലുള്ള
അതീതസ്വഭാവം നല്‍കുന്നത് കൂട്ടായ്മയോട് സംശ്ലേഷിപ്പിക്കുന്ന അതിന്റെ നിര്‍വ്വഹണതലമാണ്.
ഇഹ/പരലോകങ്ങളും ജീവിതരഹസ്യങ്ങളും യുക്ത്യതീതമായ സങ്കല്പങ്ങളും അണിനിരത്തി
പ്രസ്തുത മൂല്യങ്ങളുടെ അനുല്ലംഘ്യത അത് തുറന്നിടുന്നു. അതിന് ആചരണക്രമവും നിര്‍ദ്ദേശിക്കുന്നു.
ഇങ്ങനെ ദൃഢമാക്കിയ വിശ്വാസത്തിന്റെ അടിത്തറയിലാണ് മതസ്ഥാപനം നിലകൊള്ളുന്നത്.
ആശ്രയിക്കുന്നവന്റെ ആവശ്യമനുസരിച്ച് നിത്യജീവിതത്തില്‍ വേണ്ടുന്ന വിശേഷവിധികളെ
മതം നല്‍കുന്നു. മനുഷ്യനെ അശാന്തതീരങ്ങളില്‍ നിന്ന് പ്രത്യാശയുടെ
പ്രശാന്തതയിലേക്ക് നയിക്കുന്നു. അങ്ങനെ അറിയപ്പെടാത്ത അനിവാര്യതകളുടെ പൂര്‍ത്തീകരണമായി
മതതത്ത്വങ്ങള്‍ വര്‍ത്തിക്കുന്നുവെന്നത് അനിഷേദ്ധ്യ വസ്തുതയാണ്.
ചൂഷണപ്രക്രിയയ്ക്കുള്ള
ഉപകരണമായും മതത്തെ വിനിയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം.
ജനങ്ങളെ
മയക്കുന്ന കറുപ്പെന്ന് മാര്‍ക്‌സിനെപ്പോലുള്ളവര്‍ക്ക് വിലയിരുത്തേണ്ടിവന്നത്
അതുകൊണ്ടാണ്. മതത്തിന്റെ നന്മകള്‍ കണ്ടിട്ടില്ലെന്ന് അതുകൊണ്ട് അര്‍ത്ഥമില്ല.
അദ്ദേഹം എഴുതുന്നു. ‘മതപരമായ വ്യാകുലത യഥാര്‍ത്ഥ വ്യാകുലതയുടെ
പ്രകാശനവും യഥാര്‍ത്ഥ വ്യാകുലതയ്‌ക്കെതിരായ പ്രതിഷേധവുമാണ്. മതം മര്‍ദ്ദിതജീവിതത്തിന്റെ
ദീര്‍ഘനിശ്വാസമാണ്; ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്;
ആത്മാവില്ലാത്തിടത്തെ ആത്മാവാണ്. മനുഷ്യന്റെ ആവശ്യങ്ങളുടെയും
അഭിലാഷങ്ങളുടെയും വെളിപ്പെടത്തലുകളായാണ് മതവിശ്വാസങ്ങളെ ഫ്രോയ്ഡ്, നീത്‌ഷെ തുടങ്ങിയവര്‍ കണ്ടത്. പൂര്‍വ്വഗാമികളുടെ മനസ്സിന്റെയും
ഹൃദയത്തിന്റെയും സ്വാധീനം എല്ലാ മതങ്ങളില്‍നിന്നും ചോര്‍ന്നുപോകുന്നതായി അര്‍നോള്‍ഡ്
ടോയില്‍ബിയും വിലയിരുത്തി. ചുരുക്കത്തില്‍ പള്ളിമതവും, ഫ്യൂഡല്‍പ്രഭുക്കന്മാരും,
ഭരണകൂടവും മതത്തിന്റെ അതിവര്‍ത്തനസാദ്ധ്യതയെ മറച്ചുപിടിച്ച്
ചൂഷണസമര്‍ത്ഥമാക്കിയ കാലത്തായിരുന്നു മേല്പറഞ്ഞ ചിന്തകന്മാര്‍ അതിനെതിരെ
ശബ്ദമുയര്‍ത്തിയത്. സമത്വാധിഷ്ഠിതമായ ലോകക്രമത്തിന് വിഘാതമായിരുന്ന മതപ്രവര്‍ത്തനങ്ങളെ
വിമര്‍ശിക്കുമ്പോഴും മതത്തിന്റെ സന്മാര്‍ഗപ്രബോധനത്തെ അവര്‍
മാനിച്ചിരുന്നുവെന്ന് കാണാം. പ്രത്യക്ഷമായും പരോക്ഷമായും മതത്തെ പൊതുമണ്ഡലത്തില്‍
നിന്നും വേര്‍പെടുത്തി രണ്ടിനും അതാതിടങ്ങളില്‍ സ്വാതന്ത്ര്യം
അനുവദിച്ചുകൊണ്ടുള്ള നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടിരുന്നത്. നിര്‍മ്മാണാത്മക
സാദ്ധ്യതകള്‍ പോലെത്തന്നെ പ്രതിലോമപരതയേയും മതത്തില്‍നിന്ന്
പൊലിച്ചെടുക്കാമെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ?
ലോകചരിത്രം
പരിശോധിച്ചാല്‍ മതങ്ങള്‍ അവയുടെ പ്രചരണാര്‍ത്ഥം നടത്തിയ കലാപങ്ങളും, രക്തച്ചൊരിച്ചിലുകളും
അവിസ്മരണീയങ്ങളാണ്. മതാനുയായികള്‍ തമ്മിലും ഇതരമതക്കാര്‍ക്കെതിരായും അവ
നടന്നിട്ടുണ്ട്. നൈതികസ്രോതസ്സായ മതങ്ങള്‍ക്ക് ഇതിനെങ്ങനെ കഴിഞ്ഞുവെന്ന്
പരിശോധിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ മതത്തിന്റെ പ്രത്യശാസ്ത്രഘടന അമൂര്‍ത്തവും
വ്യാപ്തവുമാണെന്ന് കാണാം. ഉദാരമായ സംവേദന/വിനിമയ തലങ്ങളും അതിനുണ്ട്.
ബഹുസ്വരതയാര്‍ന്ന ഇത്തരം സവിശേഷതകളാണ് മതത്തെ ഏതു നിലയിലും സമീപിച്ച്
സ്വേച്ഛാനുസൃതം സ്വീകരിച്ച് പുനരാവിഷ്‌കരിക്കുവാന്‍ പര്യാപ്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍
മതത്തിന്റെ അന്തസ്സത്തയോടടുക്കുമ്പോഴാണ് അനിര്‍വ്വചനീയമായ രചനാത്മകവൈഭവം
വെളിപ്പെടുന്നത്. അവിടെയെത്താതെ ഉപരിമണ്ഡലത്തില്‍ തടഞ്ഞു നില്‍ക്കുമ്പോഴാണ്
വിഭാഗീയതകളെല്ലാം ഉരുത്തിരിയുന്നത്. അതായത്, ഉപരിതലം
അധസ്തലത്തില്‍ നിന്ന് വിച്ഛേദിക്കുമ്പോഴാണ് മതത്തിന്റ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്
കോട്ടംതട്ടുക. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മതങ്ങള്‍ക്കെല്ലാം ആത്മീയോന്നതിയുടെ
ലക്ഷ്യതലവും ആചാരാനുഷ്ഠാനങ്ങളുടെ മാര്‍ഗതലവുമുണ്ട്. മാര്‍ഗത്തില്‍
കുടുങ്ങുമ്പോള്‍ മതം ലക്ഷീകരിക്കുന്ന സര്‍വ്വതിന്റെയും നിരാസം സംഭവിക്കുന്നു.
അപ്പോള്‍ ജീവിതം ലക്ഷ്യവൈമുഖ്യമാര്‍ന്ന് മതത്തിന്റെ പുറംപോക്കിലേക്ക്
തള്ളപ്പെടുകയാണ് ചെയ്യുന്നത്.
മറ്റു
മാര്‍ക്ഷങ്ങളെല്ലാം ശ്രേഷ്ഠമായിരിക്കാമെങ്കിലും തങ്ങള്‍ നിര്‍ദേശിക്കുന്ന മാര്‍ഗം
അതിലൊരുപടി മുന്നിലാണെന്ന വാദമാണ് മറ്റൊന്ന്. അതിന് അനുബന്ധമായി തങ്ങളുടെ പ്രവാചകനും
ദൈവദത്തമായ പ്രമാണഗ്രന്ഥവും അന്തിമവും സര്‍വ്വോല്‍കൃഷ്ടവുമെന്ന് വരുത്തി, വീക്ഷണവൈവിദ്ധ്യങ്ങളെ
അച്ചടക്കത്തിന്റെയും ഏകീകരണത്തിന്റെയും പേരില്‍ അതിന്റെ വരുതിയില്‍
തളച്ചിടാനുള്ള ശ്രമവും ഇതിനോടൊപ്പം നടക്കുന്നു. ഏകനെന്നും, അരൂപിയെന്നും വിവിക്ഷിച്ചുകൊണ്ടുതന്നെ സംഘടിതമതങ്ങള്‍ താന്താങ്ങളുടെതായ
ദൈവത്തെ പരികല്പിച്ച് സ്വകാര്യസ്വത്തുപോലെ കൊണ്ടുനടക്കുകയാണ് അപ്പോള്‍
ചെയ്യുന്നത്. പ്രസ്തുത ദൈവത്തിന് തൃപ്തികരമായ പ്രത്യേകം ജീവിതക്രമമുണ്ടെന്നും
അതിലൂടെ മാത്രമെ മുക്തി ലഭിക്കുകയുള്ളുവെന്നും അങ്ങനെ പ്രചരിതമാകുന്നു. മനുഷ്യജീവികളെല്ലാം
ഇങ്ങനെയൊരു മാര്‍ഗത്തില്‍ കൊണ്ടുവരാന്‍ നിയുക്തരായവരാണ് തങ്ങളോരോരുത്തരുമെന്ന്
സ്വയം തോന്നുന്നു. വരാത്തവര്‍ക്കെതിരെ സന്ധിയില്ലാത്ത സമരത്തിനും തയ്യാറാകുന്നു.
കലുഷിതമായ
പരിസരം മതതത്ത്വങ്ങളെ വീണ്ടും ഇരുളിലേക്കു തള്ളുന്നു. ഇപ്രകാരം ഇതരവീക്ഷണങ്ങളും
വിശ്വാസങ്ങളും ഹൃദയസംവാദമില്ലാതെ സത്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താതെ
അതിനെ വളച്ചൊടിച്ച് മതപരിവര്‍ത്തനത്തിനും മറ്റും വിധേയമാക്കുന്നു. അപ്പോള്‍
മതത്തില്‍ ജീവിക്കുന്നതിനു പകരം മതംകൊണ്ട് ജീവിക്കേണ്ടി വരുന്നു.
ചുരുക്കത്തില്‍ ദേശം, വിഭാഗം, പ്രയോജനം,
സാഹചര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മതങ്ങളെ
സ്ഥാപിതതാല്പര്യത്തോടെ രാഷ്ട്രീയവും സാമൂഹികവും, സാമ്പത്തികവുമായി
ദുരാഖ്യാനം ചെയ്ത് വിനിയോഗിക്കുന്നതാണ് മതസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
|
No comments:
Post a Comment