Pages

Saturday, October 6, 2012

SHORTAGE OF MONSOON RAINFALL

മണ്‍സൂണ്‍ മഴ 24 ശതമാനം കുറഞ്ഞു; കേരളം  കനത്ത വരള്‍ച്ചയിലേക്ക് 
മണ്‍സൂണ്‍ സീസണ്‍ അവസാനിച്ചപ്പോള്‍ വയനാട്‌ രൂക്ഷമായ വരള്‍ച്ചയുടെ വക്കില്‍. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളിലും മഴക്കുറവ്‌ ഇത്തവണ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. സെപ്‌റ്റംബര്‍ 30 ന്‌ മണ്‍സൂണ്‍ സീസണ്‍ അവസാനിച്ചപ്പോള്‍ സംസ്‌ഥാനത്ത്‌ 24 ശതമാനത്തിന്റെ മഴക്കുറവാണുണ്ടായിരിക്കുന്നത്‌. തുലാവര്‍ഷം സാധാരണ പോലെ പെയ്‌തു പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ്‌ കാലാവസ്‌ഥാ നിരീക്ഷകര്‍ക്കും ശാസ്‌ത്രലോകത്തിനും.

ജൂണ്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ 30 വരെയുളള മണ്‍സൂണ്‍ കാലയളവില്‍ സംസ്‌ഥാനത്ത്‌ 204 സെന്റീമീറ്റര്‍ മഴയാണ്‌ ലഭിക്കേണ്ടിയിരുന്നത്‌. ഈ ദിവസങ്ങളില്‍ പെയ്‌തതാകട്ടെ വെറും 155 സെന്റീമീറ്റര്‍ മഴയും. മഴക്കുറവ്‌ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്‌ വയനാടിനെയാണ്‌. ജില്ലയില്‍ മഴയില്‍ 49 ശതമാനത്തിന്റെ കുറവുണ്ടായതായി കാലാവസ്‌ഥാനിരീക്ഷണ വിഭാഗ
ത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. വയനാടു കഴിഞ്ഞാല്‍ മഴക്കുറവില്‍ മുന്നില്‍ നില്‍ക്കുന്നത്‌ തിരുവനന്തപുരവും കൊല്ലവുമാണ്‌, യഥാക്രമം 43, 40 ശതമാനം.പതിവില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌ മലബാര്‍ മേഖലയിലാണ്‌. ജില്ല തിരിച്ചുള്ള കണക്കുകളില്‍ കാസര്‍ഗോഡ്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌; 274 സെന്റീമീറ്റര്‍. 

മണ്‍സൂണ്‍ മഴയുടെ അളവില്‍ 50 ശതമാനത്തിനു മേല്‍ കുറവുണ്ടായാല്‍ കഠിന വരള്‍ച്ചയെന്നു വിശേഷിപ്പിക്കാമെന്നു വിദഗ്‌ധര്‍ പറയുന്നു. 25 മുതല്‍ 50 വരെ ശതമാനം കുറവുണ്ടായാല്‍ അതു ലഘുവരള്‍ച്ചയാണ്‌. ഇതനുസരിച്ച്‌ വയനാട്‌, തിരുവനന്തപുരം ജില്ലകള്‍ വരള്‍ച്ചയുടെ വക്കിലാണ്‌. തുലാവര്‍ഷം ചതിക്കില്ലെന്നും മൊത്തം ശരാശരിയില്‍ മഴക്കുറവുണ്ടാകില്ലെന്നും കഴിഞ്ഞ 11 വര്‍ഷത്തെ കണക്കുകള്‍ ആധാരമാക്കി കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ 11 വര്‍ഷവും തുലാവര്‍ഷം സാധാരണ നിലയില്‍ പെയ്‌തിരുന്നു. ഈ മാസം പത്തിനും ഇരുപത്തഞ്ചിനും ഇടയ്‌ക്കുളള ദിവസങ്ങളില്‍ തുലാവര്‍ഷം എത്തുമെന്നാണു നിഗമനം. ഇതുവരെ തുലാവര്‍ഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. 1992, 2000 വര്‍ഷങ്ങളില്‍ തുലാവര്‍ഷം നവംബര്‍ രണ്ടിനാണ്‌ പെയ്‌തു തുടങ്ങിയതെന്ന്‌ ആശങ്ക ജനിപ്പിക്കുന്നു. മഴക്കുറവിനെത്തുടര്‍ന്ന്‌ ഇടുക്കി, വയനാട്‌ ജില്ലകളില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില ഗ്രാമങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധമുളള ജലക്ഷാമത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ്‌. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: