പാചകവാതകം
നിത്യ
ജീവിതത്തിന്‍റെ ഭാഗം
ഇന്ന്
പാചകവാതകം നിത്യജീവിതത്തിന്റെ ഭാഗമായി
മാറിക്കഴിഞ്ഞു . ക്ഷാമവും വിതരണത്തിലെ പ്രതിസന്ധികളും കേരളത്തില്‍ പലേടത്തും
ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. അവരുടെ നിത്യജീവിത്തെ ബാധിക്കുന്ന പ്രശ്‌നമെന്ന
നിലയ്ക്ക് ഇതിന് അടിയന്തരപരിഹാരം കാണാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ശ്രമം
ഉണ്ടാകണം. ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം ഇടയ്ക്കിടെ നിലയ്ക്കുന്നതാണ്
പാചകവാതകക്ഷാമത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സംസ്ഥാനത്തെ പാചകവാതക
കണക്ഷനുകളില്‍ 60 ശതമാനത്തിലധികം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് (ഐ.ഒ.സി.) കീഴിലാണ്.
എന്നാല്‍, കോര്‍പ്പറേഷന്റെ എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍, കൊല്ലത്തെ പാരിപ്പള്ളി, മലപ്പുറത്തെ ചേളാരി
പ്ലാന്റുകളുടെ പ്രവര്‍ത്തനം പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നു. 20 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ബുക്ക്‌ചെയ്ത് 60
ദിവസമായിട്ടും സിലിണ്ടര്‍ കിട്ടിയില്ലെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്,
വിശേഷിച്ച് വീട്ടമ്മമാര്‍ക്ക് ഉണ്ടാകുന്ന ആശങ്ക എത്രയെന്ന്
ഊഹിക്കാവുന്നതേയുള്ളൂ.
ഉദയംപേരൂര്‍ പ്ലാന്റിന് കീഴില്‍ വരുന്ന ഉപഭോക്താക്കളാണ് കൂടുതല്‍
വിഷമിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍,
പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് ഇവിടെനിന്നാണ്
വാതകം എത്തിക്കുന്നത്. ട്രക്ക് സമരം, കഴിഞ്ഞമാസം
ഉദയംപേരൂരിലുണ്ടായ പാചകവാതകചോര്‍ച്ച എന്നിവയെ തുടര്‍ന്നാണ് ഇന്‍ഡേന്‍ സിലിണ്ടറിന്
ക്ഷാമം തുടങ്ങിയത്. ബുള്ളറ്റ് ടാങ്കര്‍ ലോറി തൊഴിലാളികളുടെ പണിമുടക്കും പ്രശ്‌നം
രൂക്ഷമാകാനിടയാക്കി.പാചകവാതകം ഇന്ന് ഏറ്റവും പ്രചാരമുള്ള ഇന്ധനമാണ്.
പാവപ്പെട്ടവരും അതിന്റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. ജീവിതശൈലിയില്‍ വന്ന
മാറ്റങ്ങള്‍, പരമ്പരാഗത ഇന്ധനങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ
കാരണങ്ങളാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍, പാചകവാതകം ജനങ്ങള്‍ക്ക് മുടങ്ങാതെ ലഭ്യമാക്കിയേ മതിയാകൂ. ഇതിലുണ്ടാകുന്ന
വീഴ്ചകള്‍ ഒട്ടേറെപ്പേരുടെ നിത്യജീവിതത്തിന്റെ താളം തെറ്റിക്കും. അതുകൊണ്ടുതന്നെ,
പാചകവാതക നിര്‍മാതാക്കളും വിതരണക്കാരും മറ്റും തങ്ങളുടെ
ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ജാഗരൂകരായിരിക്കണം. ബന്ധപ്പെട്ടവരെല്ലാം ദീര്‍ഘവീക്ഷണത്തോടെ
പ്രവര്‍ത്തിച്ചാലേ ക്ഷാമം ഒഴിവാക്കാനും വിതരണം സുഗമമാക്കാനും കഴിയൂ. ലോറി സമരം,
ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയ
തടസ്സങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. അധികൃതര്‍ അവ അപ്പപ്പോള്‍ പരിഹരിക്കുകയും
ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്ത് വിതരണത്തെ ബാധിക്കാതെ നോക്കണം.
ബോട്ട്‌ലിങ് പ്ലാന്റുകളിലെ സമരം മൂലം സിലിണ്ടറുകളുടെ വിതരണം
തടസ്സപ്പെടുന്ന സ്ഥിതിക്ക് പരിഹാരം കാണുമെന്ന് മന്ത്രി അനൂപ് ജേക്കബ്
അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ രചനാത്മകമായി ഇടപെടാന്‍ സര്‍ക്കാറിന്
കഴിയണം. പാചകവാതകവിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി വിളിച്ചുചേര്‍ക്കാറുള്ള
യോഗങ്ങളില്‍ പല ഉപഭോക്താക്കളും എണ്ണക്കമ്പനികളെയും വിതരണ ഏജന്‍സികളെയും നിശിതമായി
വിമര്‍ശിക്കാറുണ്ട്. ഉപഭോക്താക്കളില്‍നിന്നുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാനും
ഫലപ്രദമായ സംവിധാനം അനിവാര്യമാണ്. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം
സുതാര്യമാക്കുകയും അവര്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ മാനിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുകയും വേണം. സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുന്നത് തുടരുമെന്ന്
ഏജന്റുമാരുടെ സംഘടനയായ ഓള്‍ ഇന്ത്യ എല്‍.പി.ജി. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍
ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍തുക കൂട്ടിയില്ലെങ്കില്‍ സിലിണ്ടര്‍
വീടുകളില്‍ എത്തിക്കുന്നത് നിര്‍ത്തുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചര്‍ച്ചകളെത്തുടര്‍ന്ന് അവര്‍ തീരുമാനം മാറ്റിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. സബ്‌സിഡി
സിലിണ്ടറുകള്‍, ഉപഭോക്താവിനെ അറിയാനുള്ള ഫോറം തുടങ്ങിയവ
സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചിട്ടില്ല. അടുത്തകാലത്ത് പലേടത്തും
സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് ജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നു. ഇത്തരം
സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും ഒട്ടും വൈകിക്കൂടാ.ബോധവല്‍ക്കരണവും അനിവാര്യമാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment