Pages

Thursday, October 4, 2012

C. .A.G REPORT


സി.എ.ജി. റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വിധേയമാക്കണം
ധനവിനിയോഗവും മറ്റ് ഇടപാടുകളും വ്യവസ്ഥാനുസൃതവും ഫലപ്രദവുമായാണ് നടക്കുന്നതെന്നുറപ്പാക്കാന്‍ കൂടി ഉദ്ദേശിച്ചുള്ള ഭരണഘടനാ സ്ഥാപനമാണ് സി.എ.ജി.
 സി.എ.ജി. വെറും കണക്കപ്പിള്ളയല്ലെന്നും കേന്ദ്രസര്‍ക്കാറിന്റെ വരവുചെലവുകളും പ്രവര്‍ത്തനവും പരിശോധിക്കാന്‍ അവര്‍ക്ക് അധികാരമുണ്ട്  എന്ന്  സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) പ്രാധാന്യത്തെയും അധികാരത്തെയും കുറിച്ച് സുപ്രീം കോടതി പറഞ്ഞകാര്യങ്ങള്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ആത്മപരിശോധനയ്ക്ക് പ്രേരകമാകുമെന്നു  വിശ്വസിക്കുന്നു . അഴിമതിമുക്തവും സുതാര്യവുമായ ഭരണം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പരമോന്നത നീതിപീഠത്തിന്റെ വിലയിരുത്തലുകളോട് യോജിക്കാതിരിക്കില്ല. രാഷ്ട്രീയ, ഭരണതലങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന അഴിമതികളും മറ്റുക്രമക്കേടുകളും ഇന്ത്യന്‍ ജനാധിപത്യത്തിന് മങ്ങലേല്പിക്കാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. ഇത്തരം ദുഷ്പ്രവണതകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനനും സഹായകമാകുന്ന ഏതു സംവിധാനത്തിനും ഇന്ത്യയില്‍ പ്രസക്തി വര്‍ധിച്ചിരിക്കുന്നു. സി.എ.ജി. വെറും കണക്കപ്പിള്ളയല്ലെന്നും കേന്ദ്രസര്‍ക്കാറിന്റെ വരവുചെലവുകളും പ്രവര്‍ത്തനവും പരിശോധിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും വിലയിരുത്തുന്നതിന് സി.എ.ജി.ക്ക് ഭരണഘടനാപരമായും നിയമപരമായും അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഏറേ ശ്രദ്ധേയമായ ഈ വിലയിരുത്തല്‍. ജസ്റ്റിസുമാരായ ആര്‍.എം. ലോധ, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന ബെഞ്ച്, ഹര്‍ജി ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്.

കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതില്‍ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചുകൊണ്ടിരിക്കെയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതും കോടതിവിധി വന്നതും. ആ നിലയ്ക്ക് ഇത് കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനുള്ള ശക്തമായ മറുപടി കൂടിയാണ്. സര്‍ക്കാറിന്റെ കണക്കുകള്‍ ഓഡിറ്റു ചെയ്യാനുള്ള സംവിധാനമാണ് സി.എ.ജി. അതിന്റെ വിലയിരുത്തലുകളെ ആ നിലയ്ക്ക് കാണുകയാണുവേണ്ടത്. രാജ്യത്തിന്റെ പൊതുസ്വത്ത് പ്രയോജനപ്രദമായ രീതിയിലാവണം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അത് പരിശോധിക്കേണ്ട ചുമതല സി.എ.ജി.ക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. സര്‍ക്കാറിന്റെ കണക്കുകള്‍ സി.എ.ജി. ഓഡിറ്റു ചെയ്തില്ലെങ്കില്‍ പിന്നെ ആരുചെയ്യുമെന്ന കോടതിയുടെ ചോദ്യത്തില്‍ ജനതാത്പര്യം തന്നെയാണ് പ്രതിഫലിക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ധനവിനിയോഗശൈലിയെക്കുറിച്ചറിയാന്‍ സി.എ.ജി. റിപ്പോര്‍ട്ടുകള്‍ സഹായകങ്ങളാകാറുണ്ട്.സി.എ.ജി. റിപ്പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാറിനുള്ള വിയോജിപ്പ്, സി.എ.ജി.യുടെ അധികാരം ചോദ്യംചെയ്യുന്ന പൊതുതാത്പര്യഹര്‍ജി എന്നിവയ്ക്കാസ്പദമായ സമീപനത്തെ മൂല്യശോഷണത്തിന്റെ ദുഷ്ഫലമായും കാണാം.
 ധനവിനിയോഗവും മറ്റ് ഇടപാടുകളും വ്യവസ്ഥാനുസൃതവും ഫലപ്രദവുമായാണ് നടക്കുന്നതെന്നുറപ്പാക്കാന്‍ കൂടി ഉദ്ദേശിച്ചുള്ള ഭരണഘടനാ സ്ഥാപനമാണ് സി.എ.ജി. ഇത്തരം സംവിധാനങ്ങളെ രചനാത്മകമായി കാണാനുള്ള ആര്‍ജവവും ആദര്‍ശധീരതയുമാണ് നമ്മുടെ രാഷ്ട്രീയ, ഭരണതലങ്ങളില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സി.എ.ജി. നിയമം അതിന്റെ സത്തയില്‍ തന്നെ കാണണമെന്ന അഭിപ്രായത്തിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നതും മറ്റൊന്നല്ല. സി.എ.ജി.യുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കാണ് സമര്‍പ്പിക്കുന്നത്. രാഷ്ട്രപതി അത് പാര്‍ലമെന്റിന് നല്‍കുന്നു. റിപ്പോര്‍ട്ട് അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത് പാര്‍ലമെന്റാണ്. അതു കൊണ്ടുതന്നെ റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും കണ്ടെത്തലുകള്‍ സമര്‍പ്പിക്കണമെന്ന ഭരണഘടനാപരമായ ബാധ്യത സി.എ.ജി.ക്കുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി. സി.എ.ജി. അതിന്റെ അധികാരപരിധിയും മറ്റും കടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള പരമാധികാരം പാര്‍ലമെന്റിനാണെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. കല്‍ക്കരിപ്പാടം കൈമാറ്റം ചെയ്തത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടിനെ നിരാകരിക്കുന്നതാണ് കോടതിയുടെ ഈ വിലയിരുത്തല്‍. സി.എ.ജി. തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളെ ഗൗരവമായി കാണാനും വ്യവസ്ഥാനുസരണം തുടര്‍ നടപടിയെടുക്കാനും അതാതു സമയത്തെ  കേന്ദ്ര സര്‍ക്കാരുകള്‍ക്ക്  കഴിയണം .

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: