Pages

Tuesday, October 9, 2012

കേരളം മാലിന്യത്തില്‍ മുങ്ങിനില്‍ക്കുന്ന അവസ്ഥ അതി ദയനീയം തന്നെയാണ്


കേരളം മാലിന്യത്തില്‍  മുങ്ങിനില്‍ക്കുന്ന അവസ്ഥ  അതി ദയനീയം തന്നെയാണ്

കേരളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന  കാഴ്ചയാണ് തിരുവനന്തപുരം മുതല്‍  കാസര്‍കോട് വരെ  നമുക്ക്‌  കാണാന്‍ കഴിയുന്നത് . തിരുവനന്തപുരം നഗരത്തിൽ ജില്ലാകളക്​ടർ കഴിഞ്ഞദിവസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് തടയുക എന്നതാണ് നിരോധനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഡെങ്കിപ്പനി, കോളറ തുടങ്ങിയവ പടരുന്ന സാഹചര്യംകൂടി മനസിൽ കണ്ടാണ് ഈ നടപടി. എന്നാൽ, നഗത്തിലെ വീടുകളിലും കടകമ്പോളങ്ങളിലും ചന്തകളിലും അറവുശാലകളിലും നിത്യേന ഉണ്ടാകുന്ന ടൺ കണക്കിന് മാലിന്യം എവിടെ എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് നഗരഭരണക്കാരോ ജില്ലാ ഭരണകൂടമോ ആലോചിക്കുന്നേയില്ല. മാലിന്യസംസ്കരണത്തിന് കുറ്റമറ്റ മാർഗങ്ങൾ തേടുന്നതിനുപകരം നിരോധനാജ്ഞ പുറപ്പെടുവിച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് അധികൃതർ ശ്രമിക്കുന്നത്. നിരോധനാജ്ഞ പേടിച്ച് പകർച്ചവ്യാധികൾ പിന്തിരിയുമെന്നോ ഒരു നിവൃത്തിയുമില്ലാതെ ജനം വഴിവക്കിൽ മാലിന്യം ഉപേക്ഷിക്കുന്നത് നിറുത്തുമെന്നോ കരുതുന്നവർ മൂഢസ്വർഗത്തിലാണ് കഴിയുന്നത്. മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നവരെ പിടികൂടി ശിക്ഷിക്കാൻ ഏകോപനസമിതിവരെ രൂപീകരിച്ചുകഴിഞ്ഞു. നിരോധനാജ്ഞ പുറപ്പെടുവിച്ചതിനെത്തുടർന്ന് അതിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുമത്രെ. നിയമം ലംഘിക്കുന്നവരെ പിടികൂടിയാൽ പിഴശിക്ഷയ്​ക്ക് പുറമേ തടവുശിക്ഷയും നൽകുമെന്നാണ് മുന്നറിയിപ്പ്. ജാമ്യംപോലും നിഷേധിച്ച് റിമാൻഡിലാക്കുമെന്നും അറിയിപ്പു വന്നിട്ടുണ്ട്. എന്നാൽ, മാലിന്യനിർമ്മാർജ്ജനത്തിനു ചുമതലപ്പെട്ട നഗരസഭയും നഗരസഭാ കാര്യങ്ങളുടെ ചുമതലയുള്ള തദ്ദേശവകുപ്പും ഇത്രകാലമായിട്ടും ജനങ്ങളെ അലട്ടുന്ന മാലിന്യപ്രശ്​ന പരിഹാരത്തിന് പോംവഴിയൊന്നും കണ്ടുപിടിക്കാത്ത സ്ഥിതിക്ക് കൃത്യവിലോപത്തിന്റെ പേരിൽ ആദ്യം പിടികൂടി ജയിലിൽ അടയ്ക്കേണ്ടത് ഇക്കൂട്ടരെയല്ലേ?
വിളപ്പിൽശാലയിലെ മാലിന്യസംസ്കരണ കേന്ദ്രം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അടച്ചുപൂട്ടിയിട്ട് പത്തുമാസമായി. ഈ പത്തുമാസവും തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സജീവ ചർച്ചാവിഷയമാണ്. നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഇരുനൂറു ടണ്ണിലധികം വരുന്ന മാലിന്യങ്ങൾ ഉത്ഭവസ്ഥാനങ്ങളിൽത്തന്നെ സംസ്കരിക്കണമെന്ന് ശഠിക്കുന്നത് ഇതേക്കുറിച്ച് ശരിയായ കാഴ്​ചപ്പാടില്ലാത്തതുകൊണ്ടാണ്. പ്രശ്​നത്തിന് ശാശ്വതപരിഹാരം കണ്ടുപിടിക്കേണ്ടത് നഗരസഭയും സർക്കാരും തന്നെയാണ്. എന്നാൽ, രാഷ്​ട്രീയമായി നഗരസഭയും സർക്കാരും ഭിന്ന ചേരിയിലായതിനാൽ ഒരു കാര്യത്തിലും യോജിക്കാൻ കഴിയുന്നില്ല. പരസ്​പരം കുറ്റപ്പെടുത്തി നാളുകൾ നീക്കുന്നതല്ലാതെ ജനങ്ങളുടെ ദുരിതം ഇല്ലാതാക്കാൻ ഇതുവരെ ചെറുവിരൽപോലും അനക്കുന്നില്ല. നഗരസഭയ്​ക്കും സർക്കാരിനും ഈ പ്രശ്​നത്തിൽ ആത്മാർത്ഥതയുടെ കണികയെങ്കിലുമുണ്ടായിരുന്നെങ്കിൽ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഏതാനും മാലിന്യസംസ്കരണ പ്ളാന്റുകൾ ഇതിനകം സ്ഥാപിച്ച് ഈ വിഷയത്തിൽ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുമായിരുന്നു. നഗരസഭയോട് ഇടഞ്ഞ് സ്വന്തം നിലയിൽ പ്ളാന്റുകൾ സ്ഥാപിക്കുമെന്ന് വീരവാദം മുഴക്കിയ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും ഇപ്പോൾ ഇതേപ്പറ്റി ഒന്നും പറയുന്നില്ല. അതിനുപകരം പരിഹാസ്യമായ നിരോധന നിയമങ്ങൾ കൊണ്ടുവന്ന് നഗരവാസികളെ വിരട്ടാനാണ് നോക്കുന്നത്. നഗരവാസികൾ നല്ലവരും ശുചിത്വബോധമുള്ളവരും ആയതുകൊണ്ടുമാത്രമാണ് ഇന്നത്തെ നിലയിലെങ്കിലും ഈ നഗരം ഇത്രയെങ്കിലും ശുചിയോടെ കിടക്കുന്നതെന്ന കാര്യം ഭരണാധികാരികൾ മനസ്സിലാക്കണം. പക്ഷേ, ക്ഷമയ്​ക്കും ഒരു അതിരുണ്ടെന്ന കേവലസത്യം അവർ ഓർക്കണം. പത്തുമാസമായിട്ടും നഗരത്തിലോ പുറത്തോ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനികരീതിയിലുള്ള മാലിന്യസംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ കഴിയാത്തവർക്ക് ജനങ്ങളെ കുറ്റപ്പെടുത്താൻ അവകാശമില്ല. ഇപ്പോഴത്തെ അനാസ്ഥയും പിടിപ്പുകേടും തുടരാൻ തന്നെയാണ് ഭാവമെങ്കിൽ സഹികെട്ട് ജനം മാലിന്യസഞ്ചികളുമായി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നകാലം അകലെയല്ല. ഏതു പ്രശ്​നത്തിനും പരിഹാരമുണ്ടാകുന്നത് 'പ്രത്യക്ഷ' സമരത്തിന് ജനം ഒരുങ്ങുമ്പോഴാണല്ലോ.
വീടുകളിലെ പൈപ്പ് കമ്പോസ്റ്റോ ആലോചനയിലുള്ള പാറമട നിക്ഷേപമോ പ്ളാറ്റ്ഫോം നിർമ്മാണമോ ഒന്നും മാലിന്യ പ്രശ്​നത്തിന് ശാശ്വത പരിഹാരമല്ലെന്ന് സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. ശാസ്​ത്രീയമായ സംസ്കരണസംവിധാനം മാത്രമാണ് ഒരേയൊരു പോംവഴി. ജനങ്ങൾ എതിർക്കുന്നതിനാൽ ഒരിടത്തും പ്ളാന്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് പറയുന്നത് ഒഴിഞ്ഞുമാറലാണ്. ആൾ പാർപ്പ് കുറവായ സ്ഥലങ്ങൾ കണ്ടുപിടിക്കാനോ കുറഞ്ഞ സമയമെടുത്ത് പ്ളാന്റ് സ്ഥാപിക്കാനോ സർക്കാർ വിചാരിച്ചാൽ ഒരു പ്രയാസവുമില്ല. വഴിവക്കിൽ ചവറിടുന്നവരെ പിടികൂടി ജയിലിലടയ്​ക്കാൻ നിയമമുണ്ടെങ്കിൽ മാലിന്യസംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തുന്നവരെ ശിക്ഷിക്കാനും അതേ നിയമംതന്നെ മതിയാകും. സർക്കാരിന് ഇച്ഛാശക്തിയില്ലാത്തതുമാത്രമാണ് പ്രശ്​നം. മന്ത്രിമാരിൽ കുറച്ചുപേരെങ്കിലും നഗരത്തിലെ ഇടറോഡുകളിലും ബൈപ്പാസ് റോഡിലുമൊക്കെ ഒന്ന് ഇറങ്ങിനടക്കണം. മാലിന്യപ്രശ്​നം എത്രത്തോളം ഭയാനകമാണെന്ന് അപ്പോൾ അറിയാം. മന്ത്രിമന്ദിരങ്ങളിൽ മാലിന്യനിർമ്മാർജ്ജനം പ്രശ്​നമല്ലായിരിക്കാം. ആവശ്യംപോലെ സ്ഥലവും പരിചാരകരുമൊക്കെയുള്ളതിനാൽ എല്ലാം എളുപ്പമാണ്. എന്നാൽ, നഗരത്തിൽ ഒന്നും രണ്ടും മൂന്നും നാലും സെന്റിൽ വീടുവച്ച് താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം മാലിന്യനിർമ്മാർജ്ജനം വലിയ പ്രശ്​നം തന്നെയാണ്. നഗരഭരണക്കാരോ സർക്കാർ തന്നെയോ ആണ് അതിനു പരിഹാരം കാണേണ്ടത്. മാലിന്യം  അതിന്‍റെ ഉറവിടത്തില്‍  തന്നെ  സംസ്ക്കരിക്കാന്‍  കഴിയണം . പഞ്ചായത്ത് തോറും  മാലിന്യ സംസ്ക്കരണ  പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ കഴിയണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: