കുഞ്ഞുജീവന് അമൃതാണ് അമ്മിഞ്ഞപ്പാൽ
കുഞ്ഞുജീവന് അമൃതാണ് അമ്മിഞ്ഞപ്പാൽ. കാത്തുകാത്തിരുന്ന് പൊന്നോമന
പിറക്കുന്നതോടെ അമ്മമാർക്ക് ആധിയും സംശയങ്ങളും തുടങ്ങും. കുഞ്ഞിന് ആവശ്യത്തിന്
പാൽ കിട്ടുന്നുണ്ടോ? കുഞ്ഞു കരയുന്നത് വിശന്നിട്ടാണോ? വളരെ സ്വാഭാവികവും സുന്ദരവുമായ ഒരു പ്രക്രിയയായ മുലയൂട്ടൽ പലർക്കും ഇന്ന്
വളരെ സങ്കീർണ്ണമായി തീർന്നിരിക്കുന്നു. നൂറുനൂറു സംശയങ്ങളാണ് അമ്മമാർക്ക്
ഇക്കാര്യത്തിൽ. മുലയൂട്ടലിന്റെ വിവിധ വശങ്ങളെക്കുറിച്ച് നമുക്കൊന്നു
ചിന്തിക്കാം.കുഞ്ഞിനു നൽകാൻ ഇതിലേറെ പോഷക സമ്പൂർണമായ മറ്റൊരു പ്രകൃതിദത്ത
ഭക്ഷണവുമില്ല. നവജാതശിശുവിന് സുരക്ഷിതമായ ആഹാരവും ഇതുതന്നെ. ഗർഭാവസ്ഥയിലും
പ്രസവശേഷവും അമ്മ കഴിക്കുന്ന പോഷകാഹാരമാണ് ഗുണമേന്മയുള്ള മുലപ്പാൽ
ഉത്പാദിപ്പിക്കുന്നതിന് വേണ്ടിവരുന്ന ആകെ ചെലവ്.
ഇളം
മഞ്ഞനിറത്തോടുകൂടിയതും പ്രസവാനന്തരം ആദ്യത്തെ മൂന്നുദിവസങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ
മഞ്ഞപ്പാൽ അഥവാ കൊളസ്ട്രം കുഞ്ഞിനാവശ്യമായ പോഷകങ്ങൾ നിറഞ്ഞതാണ്. കുഞ്ഞിന്റെ രോഗപ്രതിരോധശക്തിക്ക് ആവശ്യമായ ഇമ്മുണോ ഗ്‌ളോബുലിൻ, ലിംഫോസൈറ്റുകൾ, മാക്രോഫേജുകൾ, ലാക്‌ടോഫെറിൻ, ആന്റീ സ്ട്രപ്റ്റോകോക്കൽ ഫാക്ടർ, ലൈസോസൈം എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ആദ്യമാസങ്ങളിൽ വയറിളക്കം, ശ്വസനവ്യവസ്ഥയിലെ അണുബാധകൾ, കുടലിലെ ചില രോഗാവസ്ഥകൾ എന്നിവയിൽ
നിന്ന് സംരക്ഷണം നൽകാൻ ഇവ സഹായിക്കും.മുലപ്പാൽ കുഞ്ഞിന്റെ ദഹനവ്യവസ്ഥയ്ക്ക്
എളുപ്പത്തിൽ ദഹിപ്പിക്കാൻ പറ്റിയതാണ്. നവജാത ശിശുക്കളിൽ ഉണ്ടാകാനിടയുള്ള
കാത്സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവുനികത്താൻ മുലപ്പാലിനു കഴിയും.
രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കും. അതിനാലാണ് ജനിച്ച് ആറുമാസം വരെ
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ എന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത്.
ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത് കുറഞ്ഞത് രണ്ടുവർഷം കുഞ്ഞിനെ
മുലയൂട്ടണമെന്നാണ്.കുഞ്ഞിനു
കുടിക്കാൻ ആവശ്യത്തിന് പാലില്ല എന്ന പരാതി പല അമ്മമാരും പറയാറുണ്ട്. ഇത്
പലപ്പോഴും തെറ്റിദ്ധാരണയാണ്. മിക്കവാറും എല്ലാ അമ്മമാർക്കും സാധാരണഗതിയിൽ
കുഞ്ഞിനാവശ്യമായ പാൽ ഉണ്ടായിരിക്കും. കുഞ്ഞിനെ ശരിയായ രീതിയിൽ മുലയൂട്ടാത്തതും
മറ്റു ചില തെറ്റിദ്ധാരണകളുമാണ് ആവശ്യമായ പാൽ ഉത്പാദിപ്പിക്കാൻ കഴിയാതെ
പോകുന്നതിനു കാരണം. കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ച്
മുലയൂട്ടിയാലേ ആവശ്യത്തിനു പാൽ ലഭിക്കൂ. അമ്മ ഏറ്റവും സൗകര്യമായ രീതിയിൽ
ചാരിയിരുന്നുവേണം മുലയൂട്ടാൻ. കുഞ്ഞിനെ അമ്മയുടെ മാറോട് ചേർത്ത്, കുഞ്ഞിന്റെ വയർ അമ്മയുടെ ദേഹത്ത് മുട്ടിയിരിക്കുന്ന വിധത്തിൽ ചരിച്ച്
പിടിക്കണം. അപ്പോൾ മുലക്കണ്ണും
അതിനുചുറ്റുമുള്ള ഇരുണ്ടഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളിലായിരിക്കും.ഇങ്ങനെ
പിടിച്ചാൽ കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകുമെന്ന് പേടിച്ച് കുഞ്ഞിനെ
മലർത്തിക്കിടത്തി മുലയൂട്ടുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്ത് പൂർണമായി
ചരിച്ചുപിടിച്ച് പാൽകുടിക്കാൻ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും. മാത്രമല്ല, ഇങ്ങനെ പിടിക്കുമ്പോൾ മുലക്കണ്ണുമാത്രമേ കുഞ്ഞിന്റെ വായിൽ ചെല്ലൂ. ഇങ്ങനെ
മുലയൂട്ടിയാൽ കുഞ്ഞിന് പാൽ ലഭിക്കില്ലെന്ന് മാത്രമല്ല, അമ്മയുടെ മിലക്കണ്ണിന് വേദനയും പൊട്ടലുമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിനുള്ള
പരിഹാരം കുഞ്ഞിനെ ശരിയായ രീതിയിൽ പിടിച്ച് മുലയൂട്ടുന്നതുമാത്രമാണ്
മുലയൂട്ടുന്ന സമയം അമ്മ കുഞ്ഞിന്റെ മുഖത്തേക്കും കണ്ണിലേക്കും വാത്സല്യത്തോടെ
നോക്കുകയും തലോടുകയും ചെയ്യണം. ഒരു മുലയിൽനിന്ന് മുഴുവനും
കുടിച്ചുതീർത്തതിനുശേഷം വേണം അടുത്തത് കൊടുക്കാൻ. എത്രപ്രാവശ്യം അമ്മ മുലപ്പാൽ
നൽകുന്നുവോ അത്രയും കൂടുതലായിരിക്കും പാലുദ്പാദനവും.
ഡോക്ടര്‍ .മഞ്ജു കുരാക്കാര്‍
|
No comments:
Post a Comment