Pages

Friday, October 5, 2012

കേര കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം


കേര കര്‍ഷകരെ  സഹായിക്കാന്‍
  സര്‍ക്കാര്‍ തയ്യാറാകണം
കേരകര്‍ഷകരുടെ രക്ഷയ്ക്കായി സര്‍ക്കാര്‍  രംഗത്ത് വരണം . മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കാര്യമായ നേട്ടമുണ്ടാക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിലത്തകര്‍ച്ചകൊണ്ട് ലക്ഷക്കണക്കിന് കേരകര്‍ഷകര്‍ വലയുമ്പോഴും ഈ സ്ഥിതി തുടരുന്നത് അപലപനീയമാണ്. ശീതളപാനീയങ്ങളുടെ നിര്‍മാതാക്കളായ പല ബഹുരാഷ്ട്രക്കമ്പനികളും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇളനീര്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു. എന്നാല്‍, ഈ സാധ്യതപോലും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കേരളം. ഇളനീര്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനുള്ള യൂണിറ്റുകള്‍ ഇവിടെ ഇല്ലാത്തതാണ് ഇതിന് പ്രധാന തടസ്സമാകുന്നത്. കൃത്രിമ ശീതളപാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് പല വിദേശരാജ്യങ്ങളിലും അവയ്ക്ക് പ്രിയം കുറഞ്ഞിരിക്കുന്നു. ഇളനീര്‍ അടക്കമുള്ള പ്രകൃതിദത്തപാനീയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍മുന്നോട്ടുവന്നിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.കേരകര്‍ഷകരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആദായകരമാണ് ഇളനീര്‍വില്പന. അടുത്തകാലത്താണ് അവര്‍ ഇതില്‍ താത്പര്യം കാണിച്ചുതുടങ്ങിയത്. എന്നാല്‍, കേരളത്തില്‍ ഇതു വ്യാപകമായിട്ടില്ല. ബഹുരാഷ്ട്രക്കമ്പനികള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് സര്‍ക്കാറിന്റെ സഹായം അനിവാര്യമാണ്. അമേരിക്ക, ഓസ്‌ട്രേലിയ, ജര്‍മനി, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നാണ് ഇളനീരിനായുള്ള അന്വേഷണം വന്നിരിക്കുന്നത്. സംസ്‌കരണ യൂണിറ്റുകള്‍ വേണ്ടത്ര ഉണ്ടെങ്കിലേ ആവശ്യമനുസരിച്ച് ഇളനീര്‍ കയറ്റി അയയ്ക്കാനാവൂ. ഒരു കൊല്ലം മുന്‍പു തന്നെ ഇത്തരം വിപണന സാധ്യത തെളിഞ്ഞിട്ടും കേരളത്തില്‍ വേണ്ടത്ര യൂണിറ്റുകള്‍ സ്ഥാപിക്കാനായില്ല. ആ നിലയ്ക്ക് അധികൃതര്‍ ഇനിയെങ്കിലും ഇതിന് മുന്‍കൈയെടുക്കണം. നിര്‍മാണ യൂണിറ്റുകള്‍ക്ക് സഹായവുമായി സര്‍ക്കാറും നാളികേര വികസന ബോര്‍ഡും മുന്നോട്ടു വന്നിട്ടുള്ളത് നല്ല കാര്യമാണ്. യൂണിറ്റുകള്‍ക്ക്, നിബന്ധനകള്‍ക്ക് വിധേയമായി മൂലധന ചെലവിന്റെ 25 ശതമാനം വീതം സര്‍ക്കാറും നാളികേര വികസന ബോര്‍ഡും സബ്‌സിഡി നല്‍കുമെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. യൂണിറ്റിന്റെ ഉടമയ്ക്ക് പരിശീലനത്തിനും ബോര്‍ഡിന്റെ സഹായമുണ്ടാകും. തേങ്ങവിപണിയിലെ അസ്ഥിരത കരിക്കു വിപണിയെ കാര്യമായി ബാധിക്കാറില്ല. ഇതും കര്‍ഷകര്‍ക്ക് അനുകൂലമാണ്. 

കേരളത്തില്‍ ഇപ്പോള്‍ കുപ്പികളില്‍ കരിക്കിന്‍വെള്ളം വിപണിയിലിറക്കുന്നവര്‍ക്കു തന്നെ വേണ്ടത്ര കരിക്ക് കിട്ടുന്നില്ല. വിദേശ, ആഭ്യന്തര വിപണികളിലെ ആവശ്യം കണക്കാക്കുമ്പോള്‍ ദിവസം 10000 കരിക്കെങ്കിലും സംസ്‌കരിക്കാനുള്ള യൂണിറ്റുകളാണ് ഉണ്ടാകേണ്ടത്. ഇവയെക്കുറിച്ചെല്ലാം വ്യാപകമായ പ്രചാരണം നടത്തിയാലേ യൂണിറ്റുകള്‍ തുടങ്ങാനും കരിക്ക് വില്‍ക്കാനും കൂടുതല്‍ പേര്‍ മുന്നോട്ടുവരൂ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന 580 കോടി നാളികേരത്തിന്റെ നാലിലൊന്നു പോലും കരിക്കായി വിപണനം നടത്താന്‍ കഴിയുന്നില്ല. ഇതില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ കേരളത്തിന്റെ സാധ്യത എത്ര വലുതാണെന്ന് മനസ്സിലാക്കാം. നാളികേരത്തില്‍ നിന്ന് മറ്റനേകം മൂല്യവര്‍ധിതവസ്തുക്കള്‍ നിര്‍മിക്കാവുന്നതാണ്. ചില സംരംഭങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ടെങ്കിലും പൊതുവേ സ്ഥിതി തൃപ്തികരമല്ല. പല അയല്‍സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളുമുള്ള കേരളത്തില്‍, വേണമെന്നുവെച്ചാല്‍, ഈ രംഗത്തും വന്‍പുരോഗതി നേടാനാവും.കേര കര്‍ഷകരെ സഹായിക്കാന്‍  സര്‍ക്കാര്‍  രംഗത്ത്  വരണം .

              പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: