മലയാളികളുടെ ഭക്ഷണസംസ്ക്കാരം
|
||
മുതിര്‍ന്നവരെ മാത്രമല്ല കുട്ടികളെപ്പോലും മാരകരോഗങ്ങള്‍
കീഴടക്കുന്ന ഭയാനക അവസ്ഥയിലേക്കാണ് മോഡേണ്‍ ഭക്ഷണ സംസ്‌കാരം വന്നെത്തി നില്‍ക്കുന്നത്. ഒഴിവാക്കണമെന്ന്
അറിയാമായിരുന്നിട്ടും അറിഞ്ഞും അറിയാതെയും മലയാളി ഫാസ്റ്റ് ഫുഡ് സംസ്‌കാരം പിന്‍തുടരുകയാണ്.
ഫാസ്റ്റ് ഫുഡ് ഭക്ഷണം ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ശരീരത്തിനാവശ്യമായ
പോഷകങ്ങളില്ലാത്ത വിഭവങ്ങള്‍ വലിയ വിലകൊടുത്തു വാങ്ങി കഴിക്കാനുള്ള വ്യഗ്രത.
എങ്ങനെയാണ്? എപ്പോഴാണ്്
പോഷകസമൃദ്ധമായ തനതായ കേരളീയ ഭക്ഷണരീതി നമുക്ക് കൈമോശം വന്നത്. മുതിര്‍ന്നവരെ
മാത്രമല്ല കുട്ടികളെപ്പോലും മാരകരോഗങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ
അവസ്ഥയിലേക്കാണ് ഈ മോഡേണ്‍ ഭക്ഷണസംസ്‌കാരം കൊണ്ടെത്തിച്ചിരിക്കുന്നത്. 90 കളുടെ ആരംഭത്തോടെയാണ് ഭക്ഷണരീതിയില്‍ പ്രകടമായ പരിവര്‍ത്തനം
സംഭവിച്ചുതുടങ്ങിയത്. അതായത് സാമ്പത്തികമായും സാമൂഹികമായും കൈവരിച്ച നേട്ടങ്ങള്‍
നമ്മുടെ ജീവിതശൈലിയിലും പ്രകടമായി ത്തുടങ്ങിയതോടെ. അതോടെ പരമ്പരാഗത ഭക്ഷണശൈലി
മലയാളിക്ക് പ്രിയമല്ലാതായി. മോഡേണ്‍ വസ്ത്ര ധാരണവും ജീവിതരീതികള്‍ക്കുമിടയില്‍
നാടന്‍ വിഭവങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞു. പിറന്നാള്‍, അവാര്‍ഡ് കിട്ടിയതിന്, സമ്മാനം കിട്ടിയതിന്
എന്നിങ്ങനെ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും എണ്ണം കൂടിയതോടെ ഭക്ഷണം എങ്ങനെയും
അകത്താക്കാനുള്ള അവസരങ്ങളും വര്‍ധിച്ചു. ഒരുദിവസംതന്നെ വിവിധ പരിപാടികളുടെ
പേരില്‍ നാം അറിയാതെ ശരീരത്തിലെത്തുന്ന കൊഴുപ്പും മധുരവും വേറെ. തിരക്കുപിടിച്ച
ജീവിതവും അണുകുടുംബങ്ങളുടെ കടന്നു വരവും ഒരുനേരത്തെ ഭക്ഷണം പുറത്തുനിന്നാക്കാം
എന്ന നിലയില്‍ കൊണ്ടെത്തിച്ചു കാര്യങ്ങള്‍.
വേഗത്തില്‍ തയാറാക്കുന്ന വിഭവങ്ങളാണല്ലോ ഫാസ്റ്റ് ഫുഡുകള്‍. കുറഞ്ഞ സമയംകൊണ്ട് തയാറാക്കാമെങ്കിലും ഇവയുടെ ഭവിഷ്യത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കാം. പോഷകങ്ങള്‍ വളരെക്കുറഞ്ഞ, കൂടുതല്‍ ഊര്‍ജ്ജവും ഉപ്പും നിറഞ്ഞ ഭക്ഷണമാണ് ജങ്ക്ഫുഡ്. ഉദാഹരണമായി ചിപ്‌സ്, കേക്ക്, സോഫ്റ്റ് ഡ്രിങ്ക്‌സ്,ബര്‍ഗര്‍, പിറ്റ്‌സ മുതലായവ. പരമ്പരാഗതമായ നമ്മുടെ ഭക്ഷണരീതി എന്നു പറയുന്നത് ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിങ്ങനെ പോഷകസമൃദ്ധമായിരുന്നു. ഇവയില്‍ കൊഴുപ്പു കുറവും നാരിന്റെ അംശം കൂടുതലുമായിരുന്നു. പഞ്ചസാരയ്ക്കു പകരം ഇരുമ്പടങ്ങിയ ശര്‍ക്കര, കരുപ്പെട്ടി തുടങ്ങിയ മധുരങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ന് യാതൊരു ഗുണവും വിറ്റാമിനുകളുമില്ലാത്ത പൊറോട്ട മലയാളിയുടെ ദേശീയ ഭക്ഷണമായി മാറിക്കഴിഞ്ഞു. പൊറോട്ടയും ചിക്കനുമായുള്ള കോമ്പിനേഷനും കഴിച്ചാല്‍ പെട്ടെന്ന് വയറു നിറയുമെന്നതുമാണ് ഇതിനൊരു പ്രധാന കാരണം. കൊഴുപ്പിന്റെ അളവ് കൂടുതലാണ്. ഒരു പെറോട്ടയില്‍ നാലഞ്ച് ടീസ്പൂണ്‍ എണ്ണ കാണും. ശുദ്ധീകരിച്ച മൈദയില്‍ നാരും വിറ്റാമിനുകളും കുറവായിരിക്കും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണയില്‍ വറുത്ത ആഹാര സാധനങ്ങള്‍ പൂര്‍ണമായും കഴിക്കരുതെന്നു പറയാനാവില്ല. എന്നാല്‍ എണ്ണയുടെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡുകളില്‍ എണ്ണയുടെ അളവ് വളരെ കൂടുതലായിരിക്കും. വളരുന്ന കുട്ടിക്ക് ഒരു ദിവസം 6-7 ടീസ്പൂണ്‍ എണ്ണയുടെ ആവശ്യമേയുള്ളൂ. മുതിര്‍ന്നവര്‍ക്ക് 4 ടീസ്പൂണും. എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് 2-3 ടീസ്പൂണ്‍ മതിയാകും. കടയില്‍നിന്നു വാങ്ങുന്ന വറുത്ത പലഹാരങ്ങള്‍ അപകടകാരിയാകുന്നത് അത് തയാറാക്കുന്ന എണ്ണയിലൂടെയാണ്. ഉയര്‍ന്ന താപനിലയില്‍ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് വിഷമയമുള്ളതായി മാറുകയും ചീത്ത കൊളസ്‌ട്രോളായ എല്‍. ഡി. എല്‍ ന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, അമിതരക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കും. അതുപോലെതന്നെ എണ്ണ കേടുകൂടാതിരിക്കാന്‍ സസ്യ എണ്ണകളില്‍ ഹൈഡ്രജന്‍ ചേര്‍ത്ത് തയാറാക്കുന്ന ട്രാന്‍സ്ഫാറ്റി ആസിഡ്‌സ് വളരെ അപകടകാരിയാണ്. ഫാസ്റ്റ് ഫുഡുകള്‍, മധുര പദാര്‍ഥങ്ങള്‍, പേസ്ട്രികള്‍ എന്നിവയിലെല്ലാം ട്രാന്‍സ്ഫാറ്റി ആസിഡ്‌സ് വനസ്പതി, ഡാല്‍ഡ തുടങ്ങിയവയുടെ രൂപത്തിലടങ്ങിയിട്ടുണ്ട്. അമിത ചൂടില്‍ എണ്ണ ചൂടാക്കുന്നതുമൂലം ഉണ്ടാകുന്ന മറ്റൊരു വിഷപദാര്‍ഥമാണ് ആക്രിലമൈഡ്. ചെറുപ്പത്തിന്റെ പ്രിയ വിഭവങ്ങളായ ഫ്രഞ്ചുഫ്രൈയ്സിലും ചിപ്‌സിലുമെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കു കഴിച്ചു വളരാന്‍ മാതാപിതാക്കള്‍ സ്‌നേഹത്തോടെ വാങ്ങി നല്‍കുന്നത് പോഷകസമൃദ്ധമായ ഭക്ഷണമല്ല. മറിച്ച് വിഷമാണെന്ന് സാരം. അനാരോഗ്യകരമായ ഒരു ആഹാരരീതി ബുദ്ധിയും ആത്മവിശ്വാസവുമുള്ള ഒരു തലമുറയുടെ വളര്‍ച്ചയ്ക്കുതന്നെ തടസം നില്‍ക്കുന്നു. കൊഴുപ്പു കൂടുതലുള്ള വിഭവങ്ങള്‍ കഴിക്കുമ്പോള്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യമോ മറ്റ് അവശ്യ വിറ്റാമിനുകളോ ശരീരത്തിനു ലഭിക്കാതെ പോകുന്നു. മുതിര്‍ന്നവരില്‍ ഇത് ഓസ്റ്റിയോപോറോസിസിനുവരെ കാരണമാകാം. പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ പല വിഭവങ്ങളും എണ്ണയില്‍ മുക്കി പൊരിച്ചെടുത്ത് അനാരോഗ്യകരമായി ആവിഷ്‌കരിക്കുന്ന ദൃശ്യമാധ്യമങ്ങളിലെ കുക്കറിഷോയും പാചകപംക്തികളും അമ്മമാരെ ഹരം പിടിപ്പിച്ചേക്കാം. എന്നാല്‍ അവ എത്രത്തോളം ആരോഗ്യകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉപ്പും കൊഴുപ്പും പഞ്ചസാരയും സമൃദ്ധമായ ഫാസ്റ്റ് ഫുഡിന് അടിമപ്പെടുന്ന കുട്ടികള്‍ ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാതെ പൊണ്ണത്തടിയന്മാരായി വളരുന്നു. ഇരുമ്പിന്റെ അഭാവത്താല്‍ വിളര്‍ച്ച, നൂട്രീഷന്റെ കുറവുകൊണ്ടുള്ള രോഗങ്ങള്‍ തുടങ്ങിയ ശാരീരികപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകുമ്പോള്‍ അവരെ വഴക്കു പറഞ്ഞതുകൊണ്ടു മാത്രം കാര്യമായില്ല. പോഷാകാഹാരക്കുറവ് അവരുടെ ബുദ്ധിശക്തിയേയും ഓര്‍മശക്തിയേയും വരെ ബാധിച്ചേക്കാം. €ാസില്‍ തൂങ്ങിയിരിക്കുക, ശ്രദ്ധക്കുറവ് എന്നിവയാണ് ഇത്തരം കുട്ടികളില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍. രാത്രി ഭക്ഷണത്തിനുശേഷം മണിക്കൂറുകള്‍കഴിഞ്ഞ് കഴിക്കുന്ന പ്രാതലിന് പ്രത്യേകം പ്രാധാന്യം പഴയ തലമുറ നല്‍കിയിരുന്നു. പ്രഭാതഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രാതലിന് പുട്ടും കടലയും ദോശയും സാമ്പാറും എന്നിവ. ഉച്ചയ്ക്ക് പറമ്പില്‍നിന്നുള്ള ശുദ്ധമായ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള സാമ്പാര്‍, അവിയല്‍, പരിപ്പുവര്‍ഗങ്ങള്‍ തുടങ്ങിയ സമീകൃത വിഭവങ്ങള്‍ എന്നിങ്ങനെ ആരോഗ്യകരമായ ഒരു ഭക്ഷണസംസ്‌കാരത്തിന് ഉടമകളായിരുന്നു നമ്മള്‍. ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണ, അമ്മിയില്‍ പൊടിച്ചെടുത്ത കറിപ്പൊടികള്‍ എന്നിവയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ന് അമിത പരസ്യ പ്രാധാന്യത്തോടെയെത്തുന്ന കറിപ്പൊടികളും മസാലച്ചേരുവകളും അടുക്കളയില്‍ ഇടം പിടിച്ചതോടെ വീട്ടുജോലി എളുപ്പമാക്കിയിരിക്കാം. എന്നാല്‍ ആരോഗ്യം തകിടം മറിഞ്ഞു. 25 വര്‍ഷംമുമ്പു ഭക്ഷണം വിലയ്ക്കു വാങ്ങുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. ഗ്രാമത്തിന്റെ ഏതു മുക്കിലും മൂലയിലും ഫാസ്റ്റ് ഫുഡ് തട്ടുകടകള്‍ കയറിക്കൂടി. ആകര്‍ഷകമായി അലങ്കരിച്ച വിഭവങ്ങളും കൊതിയൂറുന്ന മണവും ഇവ വാങ്ങാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെപ്പോലും പ്രേരിപ്പിക്കുന്നു. എല്ലാ രോഗങ്ങളും പ്രതിരോധിക്കാനുള്ള കഴിവ് നാടന്‍ ഭക്ഷണത്തിനുണ്ട്. എന്നാല്‍ അന്ധമായ അനുകരണ ഭക്ഷണരീതി നമ്മുടെ നാടന്‍ ഭക്ഷണ സംസ്‌കാരത്തെ തകര്‍ത്തുകളഞ്ഞു. എന്തിന്റെയും ദോഷവശങ്ങള്‍ മാത്രം കണ്ടെത്തുന്ന മലയാളി ആഹാരകാര്യത്തില്‍ അതെല്ലാം മറന്നു. എന്നാല്‍ കേരളീയ ഭക്ഷണത്തിന്റെ മഹത്വം തേടി കടല്‍കടന്നെത്തുന്നവര്‍ ഏറെയാണ്. വിദേശികള്‍ നാടന്‍ ഭക്ഷണരീതിയുടെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. നമ്മുടെ കപ്പയും മീനും പുട്ടും കടലക്കറിയുമെല്ലാം അന്വേഷിച്ച് അവര്‍ കടല്‍കടന്നെത്തി. തനതായ ആ ഭക്ഷണ പാരമ്പര്യത്തിലേക്ക് തിരികെ പോകാന്‍ ഇതെങ്കിലും മലയാളിയെ പ്രേരിപ്പിച്ചിരുന്നെങ്കില്‍. കൃത്രിമമായി തയാറാക്കിയെടുക്കുന്ന നിറങ്ങളും വെണ്ണ, നെയ്യ് ഇവയെല്ലാം സസ്യഭക്ഷണത്തിന്റെ നന്മയും ഇല്ലാതാക്കി. കുട്ടികളുടെ പ്രിയ വിഭവമായ നൂഡില്‍സില്‍ അജിനോമോട്ടോയുടെ അളവ് വളരെ കൂടുതലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെവരെ അജിനോമോട്ടോയുടെ അമിത ഉപയോഗം ബാധിക്കാം. രണ്ടു വയസിനുതാഴെയുള്ള കുട്ടികള്‍ക്ക് ഇത് കൊടുക്കരുതെന്ന് പായ്ക്കറ്റില്‍തന്നെ എഴുതിവച്ചിട്ടുണ്ട്. എങ്കിലും നമ്മള്‍ അതൊന്നും അത്ര ഗൗരവമായി എടുക്കാറില്ലെന്നു മാത്രം. മുതിര്‍ന്ന കുട്ടികള്‍ക്ക് ഗോതമ്പില്‍നിന്നുണ്ടാക്കുന്ന നൂഡില്‍സില്‍ പച്ചക്കറികള്‍ ചേര്‍ത്തു സന്തുലിതമാക്കി വല്ലപ്പോഴും കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. വല്ലപ്പോഴും ഫാസ്റ്റ് ഫുഡ് കഴിച്ചതുകൊണ്ട് കുഴപ്പമില്ല. അത് ഒരു ശീലമാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊഴുപ്പ്, ഉപ്പ്, മധുരം തുടങ്ങിയ ഹാനികരമായ ഘടകങ്ങളാണ് ഇവയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 30 -40 പീസ് ഫ്രെഞ്ച്‌ഫ്രൈസില്‍ 355 കലോറിയും 19 ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ചോക്‌ലേറ്റ് ഷേക്ക് ഒരു വലിയ ാസിന് 360 കലോറിയും 11 ഗ്രാം കൊഴുപ്പും 270 മില്ലിഗ്രാം ഉപ്പും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഐസ്‌ക്രീമില്‍ 100 കലോറിയും കൊഴുപ്പ് 16 ഗ്രാം അടങ്ങിയിരിക്കുന്നു.ശരീരത്തില്‍ കൊഴുപ്പും ഊര്‍ജ്ജവും കൂടുന്നത് അമിതവണ്ണത്തിന് കാരണമാകാം. ട്രാന്‍ഫാറ്റി ആസിഡ്‌സ് നെഞ്ചെരിച്ചില്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കൂടുന്നു. നാര് കുറവുള്ള ഭക്ഷണത്തിന്റെ അഭാവം കൊളസ്‌ട്രോള്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ചെറുപ്പക്കാര്‍ക്ക് ഒഴിവാക്കാനാകാത്ത സോഫ്റ്റ് ഡ്രിങ്ക്‌സില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് വൃക്കയിലെ കല്ലിനു കാരണമാകാം. അമിത മധുരം ദന്തക്ഷയത്തിനും ശരീരഭാരം വര്‍ധിക്കുന്നതിനും ഇടയാക്കാം. ഒരു ലിറ്റര്‍ സോഫ്റ്റ് ഡ്രിങ്കില്‍ 300 കലോറിയും ആറു സ്പൂണ്‍ പഞ്ചസാരയും ഉണ്ട്. അതിനാല്‍ ദിവസവും സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിക്കുമ്പോള്‍ ഊര്‍ജ്ജം കൂടുതലായി ശരീരത്തില്‍ അടിയുകയും ആഴ്ചയില്‍ അരക്കിലോ വണ്ണം കൂടുന്നതിനുവരെ കാരണമായിത്തീരുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചതുകൊണ്ടു മാത്രമായില്ല. അത് കൃത്യ സമയത്തു കഴിക്കാനും ശ്രദ്ധിക്കണം. രണ്ടു ഭക്ഷണനേരങ്ങള്‍ തമ്മിലുള്ള ഇടവേള കൂടുന്നതാണ് നല്ലത്. രാവിലത്തെ ഭക്ഷണം 7.30 നും ഉച്ചയ്ക്ക് ഒരു മണിക്കും അത്താഴം ഏഴിനും എന്ന രീതിയില്‍ ഭക്ഷണരീതി ക്രമീകരിക്കുന്നത് നല്ലതാണ്. ഈ സമയക്രമം പിന്‍തുടരാന്‍ കഴിയാത്തവര്‍ കൃത്യമായി പാലിക്കാവുന്ന ഒരു സമയക്രമം കണ്ടെത്തുക. വണ്ണം കുറയ്ക്കാന്‍ ഒരു നേരം ഭക്ഷണം ഉപേക്ഷിക്കുന്നതിലുംനല്ലത് ഇടവിട്ട് നാലോ അഞ്ചോ തവണകളായി കഴിക്കുന്നതാണ്. ഇത് പിന്നീട് കൂടുതലായി കഴിക്കാനുള്ള പ്രവണത കുറയ്ക്കും. ഉല്പന്നത്തില്‍ ചേര്‍ത്തിരിക്കുന്ന സാധനങ്ങളുടെ അളവ് പായ്ക്കറ്റില്‍ കാണിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ടാകും. പലപ്പോഴും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലായിരിക്കുമെന്നു മാത്രം. അതായത് ബ്രൗണ്‍ ഷുഗര്‍, കോണ്‍സിറപ്പ്, ഇന്‍വര്‍റ്റര്‍ ഷുഗര്‍ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളിലായിരിക്കും പഞ്ചസാരയുടെ അളവ് കാണിച്ചിരിക്കുക. പഞ്ചസാര കൂടുതലാണെന്ന് അതില്‍നിന്നും മനസിലാക്കാം. ഫാറ്റിനെ രൂപമാറ്റം നടത്തി മാര്‍ജറിനിലേക്കും ഷോര്‍ട്ടനിംഗ്‌സ്, പാര്‍ഷലി ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയിലിലേക്കും സോഡിയം അല്ലെങ്കില്‍ ഉപ്പിന്റെ അംശം ബേക്കിംഗ്‌സോഡ, സോഡിയം ബൈ കാര്‍ബണേറ്റ്, അജിനോമോട്ടോ എന്ന രീതിയിലും രേഖപ്പെടുത്തുന്നു. തെറ്റായ ആഹാരരീതിക്കൊപ്പം വ്യായാമശീലമില്ലാത്ത ഒരു സമൂഹം കൂടിയാണിന്നുള്ളത്. അരകിലോ മീറ്റര്‍ നടക്കുന്നതുപോലും ഉപേക്ഷിച്ച് വാഹനങ്ങളെ ആശ്രയിക്കുക, ലിഫ്റ്റില്ലാതെ പടികള്‍ കയറാന്‍ കഴിയില്ല എന്നിങ്ങനെ എല്ലാത്തിനും മടിവിചാരിക്കുന്ന ജീവിതശൈലി രോഗങ്ങളിലേക്ക് തള്ളിയിടുന്നു. പഴയകാലത്ത് അമ്പത് വയസു കഴിഞ്ഞുമാത്രം കേട്ടിരുന്ന ഹാര്‍ട്ടറ്റാക്ക് ഇന്ന് 20 വയസിലും സംഭവിക്കാമെന്ന ഗുരുതരമായ അവസ്ഥയിലെത്തി. ടൈപ്പ് 2 പ്രമേഹം നേരത്തെ 30 വയസിനു മുകളിലായിരുന്നെങ്കില്‍ ഇന്ന് 11 വയസിന് മുകളിലുള്ളവരിലാണ് അധികവും കണ്ടുവരുന്നത്. നമുക്ക് ചെലവാക്കാന്‍ കഴിയുന്ന അളവില്‍ മാത്രം ഊര്‍ജ്ജം ശരീരത്തിലെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. കൂടുതല്‍ അധ്വാനിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ശരീരമനങ്ങിയുള്ള ജോലികുറയുകയും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. ഇത്തരം കാര്യങ്ങള്‍ സ്വയം മനസിലാക്കി വ്യായാമം ചെയ്തു തുടങ്ങാന്‍ തീരുമാനിച്ചാലും മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്തി ആ വ്യായാമം പകുതിവഴിക്കു നിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. മഴ, വെയില്‍, സമയക്കുറവ് തുടങ്ങി നിസാര കാര്യങ്ങള്‍ ഇതിനായി കണ്ടെത്തുകയും ചെയ്യും. ഒരു ദിവസം അരമണിക്കൂറെങ്കിലും നടന്നാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ആപത്കരമായ കൊഴുപ്പ് നല്ലൊരു ശതമാനം കത്തിച്ചു കളയാം. ആഹാരം കഴിക്കുന്നതിനൊപ്പം കായികാധ്വാനം കൂടിയുണ്ടെങ്കില്‍ മാത്രമേ അധിക ഊര്‍ജ്ജം ശരീരം കൊഴുപ്പായി ശേഖരിക്കാതെ ഊര്‍ജമായി വിനിയോഗിക്കുകയുള്ളൂ. ശരീരത്തിനകത്തേക്കു അധികമായി തള്ളുന്ന കൊഴുപ്പ് പുറത്തേക്കു കളയാതെ വരുമ്പോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നു. ഇതുമൂലം ബ്ലോക്കുണ്ടായി ഹൃദയാഘാതത്തിന് കാരണമായിത്തീരുന്നു. നമുക്ക് ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ആരോഗ്യകരമായി ഭക്ഷണം തയാറാക്കുകയെന്നതാണ് ഇതിനൊരു മറുവശം. കഴിയുന്നതും വീട്ടില്‍ തന്നെ ആരോഗ്യകരമായരീതിയില്‍ ഭക്ഷണം പാകം ചെയ്യുക. കടയില്‍നിന്നു വാങ്ങുന്ന ബര്‍ഗറിനു പകരം കട്‌ലറ്റ് ഉണ്ടാക്കി ധാരാളം പച്ചക്കറികള്‍ ഉപയോഗിച്ച് ഗോതമ്പ് ബ്രഡിലോ ബണ്ണിലോവച്ച് കഴിക്കാവുന്നതാണ്. അതായത് ജീവിതരീതി മാറി എങ്ങനെയിനി നാടന്‍ ഭക്ഷണത്തിലേക്ക് തിരികെപ്പോകുമെന്ന് ചിന്തിക്കുന്നവര്‍ നാടന്‍ ഭക്ഷണത്തിന് മോഡേണ്‍ രൂപം നല്‍കി ആരോഗ്യകരമാക്കാം. ഭക്ഷണക്രമത്തില്‍ പേരയ്ക്ക, പപ്പായ, ഓറഞ്ച്, നാടന്‍ പഴങ്ങള്‍ ഇവയെല്ലാം കൂടുതലായി ഉള്‍പ്പെടുത്തുക. ദിവസവും പച്ചക്കറി വിഭവങ്ങള്‍ കഴിക്കാന്‍ മടിയുള്ളവര്‍ വ്യത്യസ്ത രീതിയില്‍ തയാറാക്കി കഴിക്കുക. ക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കണം. ഊര്‍ജ്ജം കുറവുള്ളതാണ് പഴങ്ങളും പച്ചക്കറികളും. സൗകര്യങ്ങള്‍കൂടിയതോടെ ഇന്നത്തെ ആളുകള്‍ക്ക് അധ്വാനം കുറവാണ്. പണ്ട് സൈക്കിള്‍ ചവിട്ടിയോ നടന്നോ പോയിരുന്ന കുട്ടി ഇന്ന് സ്‌കൂള്‍ബസില്‍ പോകുന്നു. വൈകിട്ട് പുറത്തിറങ്ങി കളിക്കുന്ന ശീലവുമില്ല. അതുകൊണ്ട് ഭക്ഷണത്തില്‍ ഊര്‍ജ്ജം കുറവുമതി. ഉദാഹരണമായി 250 കലോറിയാണ് ഒരു മുറി കേക്കിലുള്ളത്. ഒരു മൈല്‍ എങ്കിലും നടന്നാല്‍ 100 കലോറി മാത്രാണ് ഇതില്‍ നിന്നും എരിഞ്ഞടങ്ങുന്നത്. ദിവസവും നമ്മുടെ ശരീരത്തിലെത്തുന്ന ഊര്‍ജജത്തില്‍ എത്ര ശതമാനം പുറംതള്ളുന്നുണ്ടെന്ന് ഇതില്‍നിന്നു മനസിലാക്കാം. ഒരു ദിവസം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് എത്ര കലോറി ശരീരത്തിലെത്തുന്നു അതില്‍ എത്ര ശതമാനം എരിഞ്ഞടങ്ങുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ സ്വയം മനസിലാക്കി ഭക്ഷണരീതി ക്രമപ്പെടുത്തണം. സാധാരണ ഓഫീസ് ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 1800 കലോറിയും പുരുഷന്മാര്‍ക്ക് 2000 കലോറിയുമാണ് ഒരു ദിവസം ഭക്ഷണത്തില്‍നിന്നു വേണ്ടിവരിക. എന്നാല്‍ ഏതു ജോലിയാണ് ചെയ്യുന്നത് എന്നതിനനുസരിച്ചും ജീവിതരീതിക്കനുസരിച്ചും ഊര്‍ജ്‌ജോപയോഗത്തില്‍ വ്യത്യാസം വരാം. പഴങ്ങളിലും പച്ചക്കറികളിലും പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളുടെ അംശം ഒഴിവാക്കാന്‍ നന്നായി ഉപ്പുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക. ഇലക്കറികള്‍ കഴുകി ഒരു മണിക്കൂര്‍ മഞ്ഞളും ഉപ്പും ചേര്‍ത്തു വയ്ക്കുക. നന്നായി പിഴിഞ്ഞെടുത്തുവേണം ഉപയോഗിക്കാന്‍. ഓട്‌സ് പോലുള്ളവ കഴിക്കുകയാണെങ്കിലും അവയുടെ അളവ് പ്രധാനമാണ്. മലയാളിയുടെ വിഭവങ്ങളില്‍ പ്രഥമ സ്ഥാനത്താണ് തേങ്ങയടങ്ങിയ വിഭവങ്ങള്‍. ഒരാള്‍ക്ക് ഒരാഴ്ച ഒരു തേങ്ങ എന്ന നിലയില്‍ കൊണ്ടുവരുക. പച്ചക്കറികളുടെ തൊലിയിലാണ് വിറ്റാമിനുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളതെങ്കിലും കീടനാശിനികളുടെ തോത് കുറയ്ക്കാന്‍ തൊലി നീക്കം ചെയ്ത് ഉപയോഗിക്കുക. 400 ഗ്രാം പച്ചക്കറികളും 300 ഗ്രാം പഴങ്ങളും നിര്‍ബന്ധമായി ഒരു ദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണ പരിപ്പ്, ഗോതമ്പ്, റാഗി ഇവയും ദിവസവുമുള്ള ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കുക. ധാന്യത്തില്‍ നാരുകള്‍, വിറ്റാമിന്‍സ്, മിനറല്‍സ്, ധാതുക്കള്‍ ഇവയുടെ അളവ് കൂടുതലാ മത്സ്യം, കൊഴുപ്പുകുറഞ്ഞ മാംസം ഇവയും ഉള്‍പ്പെടുത്താവുന്നതാണ്. നോണ്‍വെജ് ഒരു ദിവസം 50- 60 ഗ്രാം മാത്രം ഉപയോഗിക്കുക. അതായത് 2 ചെറിയ കഷണം മീനോ, 2 ടേബിള്‍ സ്പൂണ്‍ ഇറച്ചിയോ 2 ചെറിയ കഷണം ചിക്കനോ. നോണ്‍വെജ് ഫ്രൈ ചെയ്യാതെ കറിയായെടുക്കുക. ഠ കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. ഠ പയറുവര്‍ഗങ്ങള്‍ അരക്കപ്പ് ഒരു ദിവസം കഴിക്കണം. ഇവ കാല്‍സ്യം, നാരുകള്‍, മറ്റു വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഠ അണ്ടിവര്‍ഗങ്ങള്‍ ഇടഭക്ഷണമായി കുറഞ്ഞ അളവില്‍ കഴിക്കാവുന്നതാണ്. ഠ പ്രത്യേകിച്ച് പോഷകമൂല്യങ്ങളൊന്നുമില്ലാത്ത മൈദയടങ്ങിയ വിഭവങ്ങളേക്കാള്‍ ആട്ടയുടെ വിഭവങ്ങളാണു നല്ലത്. ഠ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തണം. പച്ചക്കറിയില്‍ പുതുമകള്‍ പരീക്ഷിച്ച് ആകര്‍ഷകമാക്കാവുന്നതാണ്. ഠ ജൈവകൃഷിയില്‍ ഉല്പാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉപയോഗിക്കുക. ഠ ചോറിന്റെ അളവ് കുറയ്ക്കുക. ഠ വൈകുന്നേരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഹെല്‍ത്തി സ്‌നാക്ക് തെരഞ്ഞെടുക്കുക. അല്ലെങ്കില്‍ പഴവര്‍ഗങ്ങള്‍ കഴിക്കാം. ഠ കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകം നിറഞ്ഞ ആഹാര സാധനങ്ങള്‍ ചെറുപ്പത്തില്‍തന്നെ നല്‍കി തുടങ്ങണം. Prof. John Kurakar |
Tuesday, October 30, 2012
മലയാളികളുടെ ഭക്ഷണസംസ്ക്കാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment