Pages

Saturday, October 20, 2012

അഴിമതിയില്‍ പരസ്പര സഹകരണം


അഴിമതിയിയിലും  അഴിമതി മൂടലിലും പരസ്പര  സഹകരണം
             കോണ്‍ഗ്രസ്   അഴിമതിയുടെ കാര്യത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിയിരിക്കുന്നു.  ബിജെപി കോണ്‍ഗ്രസിനെ  കുറ്റപെടുത്തുന്നു .     രണ്ടു കാലിലും മന്തുള്ളയാള്‍ ഒരു കാലിന് മന്തുള്ളയാളെ മന്തുകാലന്‍ എന്നുവിളിക്കുന്നതുപോലെ. ബിജെപി ഭരിക്കുന്ന കര്‍ണാടകം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധിച്ച തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നും എന്തുകൊണ്ട് ബിജെപി ഇതേപ്പറ്റി ശബ്ദിക്കുന്നില്ല എന്നുമാണ്   കോണ്‍ഗ്രസിന്‍റെ    ചോദ്യം. ഡല്‍ഹി, ഹരിയാന തുടങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയെപ്പറ്റിയും കുറ്റകൃത്യങ്ങളെപ്പറ്റിയും സോണിയ ഗാന്ധി എന്തുകൊണ്ട് മൗനംപാലിക്കുന്നു എന്നാണ് ബിജെപി വക്താവിന്‌ അറിയേണ്ടത്. രണ്ട് ചോദ്യവും വളരെ പ്രസക്തമാണ്. ഇരുപാര്‍ടികളുംഅഴിമതിയുടെ കാര്യത്തിലും പരസ്പരം മത്സരിക്കുന്നവരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനവും ബലാത്സംഗവും വ്യാപകമായി നടക്കുന്നുവെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുകയാണെന്നും   ബിജെപി പരാതി പറയുന്നു. ഉന്നതങ്ങളിലെ അഴിമതി കോണ്‍ഗ്രസും ബിജെപിയും പരസ്പര സഹകരണത്തോടെ മറച്ചുവയ്ക്കുന്ന  കാഴ്ച  ജനങ്ങള്‍  കാണുന്നു .അഴിമതി പുറത്തുകൊണ്ടുവരുന്നവരെ വധിക്കുമെന്ന് പരസ്യമായി ഭീഷണിയുയര്‍ത്തുന്ന  മന്ത്രിമാര്‍  വരെ  ഇന്നുണ്ട് ഭരണരാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഭാഗത്ത് എന്തെങ്കിലും ധാര്‍മികതയുടെ അംശം അവശേഷിച്ചിട്ടുണ്ടോ ? അഴിമതി ദേശീയഭരണ രാഷ്ട്രീയത്തിന് പുതുതല്ല. അമ്പതുകളിലെ ജീപ്പ്-മുണ്‍റോ കുംഭകോണങ്ങള്‍ മുതല്‍ക്കിങ്ങോട്ട് 2012ലെ കല്‍ക്കരിപ്പാട കുംഭകോണം വരെയായി അത് അനുക്രമമായി വളര്‍ന്നുപോരുകയായിരുന്നു ഭരണ രാഷ്ട്രീയത്തില്‍. എന്നാല്‍ ഇന്ന്, അത് അത്യന്തം അപകടകരമായ ഒരു പുതിയ രാഷ്ട്രീയ സമവാക്യം മുമ്പോട്ടുവയ്ക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ തലത്തിലെ അഴിമതികള്‍ പരസ്പര സഹകരണത്തോടെ ഭരണ- പ്രതിപക്ഷഭേദമില്ലാതെ ഒതുക്കിവയ്ക്കുക എന്നതാണ് ഈ സമവാക്യം.
അഴിമതി നടക്കുന്നുവെന്നതിനേക്കാള്‍ ആപല്‍ക്കരമാണ് ആ അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രമുഖ രാഷ്ട്രീയപാര്‍ടികള്‍ പരസ്പര സഹായത്തോടെ ശ്രമിക്കണമെന്ന് പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നുവെന്നത്. നമ്മുടെ ഭരണ രാഷ്ട്രീയം ഏത് താഴ്ന്നതലത്തിലേക്കാണ് തലകുത്തിവീണിരിക്കുന്നത് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. 1,76,643 കോടിയുടെ 2ജി സ്പെക്ട്രം കുംഭകോണമോ അതേക്കാള്‍ വലിയ കല്‍ക്കരിപ്പാട കുംഭകോണമോ പുറത്തുവന്നപ്പോഴൊന്നും പുറത്തെടുക്കാതിരുന്ന ഈ പരസ്പരസഹായ സഹകരണ സൂക്തം ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത് സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയുടെ ഭൂമി കുംഭകോണങ്ങള്‍ പുറത്തായതുകൊണ്ടാണ്.പരസ്പരം കണ്ടില്ലെന്നുനടിച്ച് നമുക്കെല്ലാം അഴിമതിയിലൂടെ ലക്ഷക്കണക്കിന് കോടികള്‍ കൊയ്യാം എന്ന് നേതാക്കള്‍ പരസ്പരം പറയുന്ന ഒരു രാഷ്ട്രീയ സംസ്കാരം ഇവിടെ ഉയര്‍ന്നുവരികയാണ് എന്നത് രാഷ്ട്രത്തിന്റെ സമ്പൂര്‍ണ നാശത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളാണ് ജനമനസ്സില്‍ ഉണര്‍ത്തുന്നത്. അഴിമതി തുറന്നുകാട്ടിയപ്പോള്‍ സിഎജിക്കുമേല്‍ കുതിരകയറുന്നതിന് പ്രധാനമന്ത്രിതന്നെ നേതൃത്വംനല്‍കുന്നത് നാം കണ്ടു.
അഴിമതി പരമ്പരകളിലൂടെ ഭരണ പക്ഷവും  പല സംസ്ഥാനങ്ങളിലെ  പ്രതിപക്ഷവും   സാമ്പത്തികനിലയെ മാത്രമല്ല, രാഷ്ട്രീയ ധാര്‍മികതയെക്കൂടി സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുകയാണെന്ന കാര്യം! രാജ്യത്തെ  അഴിമതിയില്‍  നിന്ന്  കരകയറ്റാന്‍  ആര്‍ക്കു കഴിയും? 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: