Pages

Wednesday, October 17, 2012

സൗരോര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മലയാളി ശ്രമിക്കണം


സൗരോര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മലയാളി  ശ്രമിക്കണം
വൈദ്യുതിക്ക് പ്രധാനമായും ജലപദ്ധതികളെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. കാലവര്‍ഷം തീരെ കുറഞ്ഞ ഇക്കൊല്ലം അണക്കെട്ടുകളിലെ ജലവിതാനം കൂടുതല്‍ താഴ്ന്നിരിക്കുകയാണ്. ഇനി തുലാവര്‍ഷത്തില്‍ മാത്രമാണ് അല്പമെങ്കിലും പ്രതീക്ഷയുള്ളത്. എന്നാല്‍ സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അത് മതിയാകുമെന്ന് കരുതാനാവില്ല. കാര്‍ഷികമേഖല വരള്‍ച്ചയുടെ പിടിയിലാകുമെന്ന് ആശങ്കയുണ്ട്. കൊടുംചൂടില്‍ വൈദ്യുതി പ്രതിസന്ധി കൂടി ആയാല്‍ പ്രശ്‌നം രൂക്ഷമാകും. ഈ സാഹചര്യത്തില്‍ പരിസ്ഥിതിക്ക് ദോഷകരമാകാത്ത ബദല്‍ ഊര്‍ജോത്പാദന മാര്‍ഗങ്ങള്‍ക്ക് പ്രസക്തിയേറുന്നു. സൗരോര്‍ജത്തിന്റെയും കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെയും മറ്റും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വൈകിക്കൂടാ. കേരളത്തിലെ സൗരോര്‍ജ ഉത്പാദനത്തിന്റെ സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നുവെന്നത് തികച്ചും സ്വാഗതാര്‍ഹമാണ്. അതിനനുസൃതമായ നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. 

വൈദ്യുതി ബോര്‍ഡില്‍ സൗരോര്‍ജ സെല്‍ ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. വന്‍തോതില്‍ സൗരോര്‍ജ ഉത്പാദനത്തിനുള്ള സാധ്യതയാണ് കേന്ദ്രം ആരായുന്നത്. പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. സൂര്യതാപം എത്രത്തോളം വൈദ്യുതാവശ്യത്തിന് പ്രയോജനപ്പെടുത്താനാവുമെന്നാണ് നിരീക്ഷിക്കുക. അങ്ങനെ കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാവും ഉത്പാദനത്തിനുള്ള നടപടികള്‍ എടുക്കു ന്നത്. അതിനുമുന്‍പായി സൗരോര്‍ജനയം രൂപവത്കരിക്കണം. കേന്ദ്രീകൃത ഉത്പാദനത്തിനു പുറമേ വീടുകള്‍, ഭവന സമുച്ചയങ്ങള്‍, ആസ്പത്രി, ഹോട്ടല്‍, ഓഫീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജപാനല്‍ വെക്കുന്നതും പ്രോത്സാഹിപ്പിക്കണം . ഇതിന് കേന്ദ്രം സബ്‌സിഡി അനുവദിക്കുമെന്നത് നല്ല കാര്യമാണ്. ജനസംഖ്യയും ജനങ്ങളുടെ ഊര്‍ജാവശ്യവും വര്‍ധിച്ചുവരുന്നു. എയര്‍കണ്ടീഷണറുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. പാചകവാതകത്തിന് വില ഉയര്‍ന്നതോടെ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗവും വര്‍ധിച്ചു. ഇതിനു പകരം സോളാര്‍ കുക്കര്‍ പ്രോത്സാഹിപ്പിക്കാനാവുമോ എന്ന് പരിശോധിക്കാവുന്നതാണ്.
 

നിലവിലുള്ള ജലപദ്ധതികളുടെ സംഭരണ ശേഷി മണ്ണടിയുന്നതിനാല്‍ കുറഞ്ഞുവരികയാണ്. പുതിയ ജലപദ്ധതികളാകട്ടെ പരിസ്ഥിതി പ്രശ്‌നത്തിന്റെയും മറ്റും പേരില്‍ തടസ്സപ്പെടുകയും ചെയ്യുന്നു. ജനങ്ങളുടെ എതിര്‍പ്പും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും പോലുള്ള കാരണങ്ങളാല്‍ ആണവനിലയങ്ങളും താപനിലയങ്ങളും പ്രതിസന്ധി നേരിടുകയാണ്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇവിടെ അതും പലപ്പോഴും വിവാദങ്ങളില്‍ കുരുങ്ങിപ്പോവുന്നു. കേരളത്തില്‍ ഏറ്റവും പ്രായോഗികമായ ബദല്‍ സൗരോര്‍ജം തന്നെയാണ്. വീടുകളില്‍ സൗരോര്‍ജപാനലുകള്‍ വെക്കാന്‍ ഒട്ടേറെ പേര്‍ തത്പരരാണ്. ഇവരുടെ സംശയങ്ങള്‍ തീര്‍ക്കാനും സങ്കീര്‍ണതകളില്ലാതെയും സുതാര്യമായും സബ്‌സിഡി ലഭ്യമാക്കാനും സംസ്ഥാനസര്‍ക്കാര്‍ സംവിധാനമുണ്ടാക്കണം. അന്വേഷിച്ചെത്തുന്നവര്‍ ആദ്യഘട്ടത്തില്‍ത്തന്നെ വിവരമൊന്നും കിട്ടാതെ മടുത്ത് പിന്‍മാറുന്ന സാഹചര്യമുണ്ടാക്കരുത്. സൗരോര്‍ജ പാനലിന് ആവശ്യക്കാരേറുമ്പോള്‍ ഗുണനിലവാരമില്ലാത്തവ വിപണിയില്‍ വ്യാപകമാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ പാനലുകള്‍ കാര്യക്ഷമതയും ഈടും ഉള്ളതുതന്നെയാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. നല്ല പാനലുകള്‍ ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ 25 വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉപയോഗം കഴിഞ്ഞ സൗരോര്‍ജ പാനലുകളുടെ സംസ്‌കരണകാര്യത്തിലും മുന്നൊരുക്കം വേണം. സംസ്‌കരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മറ്റൊരു പാരിസ്ഥിതിക പ്രശ്‌നമാകാനുള്ള സാധ്യതയുണ്ട്.
 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: