Pages

Monday, October 15, 2012

പട്ടണത്തിലെ മാലിന്യം ഗ്രാമത്തില്‍ തള്ളുന്നത് ഒരു തരത്തിലും ന്യായികരിക്കാന്‍ കഴിയില്ല


പട്ടണത്തിലെ മാലിന്യം  ഗ്രാമത്തില്‍  തള്ളുന്നത് ഒരു തരത്തിലും ന്യായികരിക്കാന്‍  കഴിയില്ല
പട്ടണത്തിലെ മാലിന്യം  ഗ്രാമത്തില്‍ നിക്ഷേപിക്കുന്നത്  ഒരു തരത്തിലും  ന്യായീകരിക്കാന്‍  കഴിയില്ല .വിളപ്പില്‍ശാലയില്‍ മാലിന്യപ്രശ്‌നം വീണ്ടും ആളിക്കത്തുകയാണ്. ഇവിടെ ജനങ്ങളുടെ എതിര്‍പ്പുകാരണം പൂട്ടിക്കിടക്കുന്ന ചവര്‍സംസ്‌കരണശാലയില്‍ അവരുടെ കണ്ണുവെട്ടിച്ച് മലിനജല സംസ്‌കരണ പ്ലാന്റിനുള്ള ഉപകരണങ്ങള്‍ എത്തിച്ചതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. ഹൈക്കോടതിവിധി നടപ്പാക്കാനായിരുന്നു സര്‍ക്കാറിന്റെ ഈ സാഹസം. രക്തച്ചൊരിച്ചിലില്ലാതെ കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാറിനായെങ്കിലും ഇതോടെ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി . തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പരാതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരി നിരാഹാരസമരത്തിലാണ്. തിങ്കളാഴ്ചമുതല്‍ വഴിതടയാനും സ്‌കൂളുകളും ഓഫീസുകളും കടകളുമൊക്കെ അടച്ചിടാനുമാണ് സമരക്കാരുടെ തീരുമാനം. സമരം ശക്തമായാല്‍ സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിക്കും. പ്രശ്‌നം തീര്‍ക്കാന്‍ തിരുവനന്തപുരം നഗരസഭയും സര്‍ക്കാറും എന്തുചെയ്യുമെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. വിളപ്പില്‍ശാലയിലെ സമരം കാരണം തിരുവനന്തപുരത്ത് മാലിന്യനീക്കം നിലച്ചിട്ട് പത്തുമാസമായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് ചവറുപയോഗിക്കാനും പാറമടകളില്‍ ചവറിടാനും സര്‍ക്കാറും കോര്‍പ്പറേഷനും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കോടതിവിധി പാലിച്ച് വിളപ്പില്‍ശാലയിലേക്ക് ചവറുകൊണ്ടുപോകുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാതെപറയേണ്ടിവന്നു. അതിനുശേഷമാണ് സര്‍ക്കാറിന്റെ രഹസ്യനീക്കമുണ്ടായത്. പ്ലാന്റുപകരണങ്ങള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റാണെന്നുപറയാനാവില്ല. സംഘര്‍ഷമുണ്ടാകാതെ കോടതിവിധി നടപ്പാക്കാനും കോടതിയലക്ഷ്യത്തില്‍നിന്ന് രക്ഷപ്പെടാനും ഇതുവഴി കഴിഞ്ഞു. പ്ലാന്റ്‌നിര്‍മാണം പൂര്‍ത്തിയാക്കുകയും മലിനജലം സംസ്‌കരിക്കുകയും ചെയ്താലേ വിളപ്പില്‍ശാലയിലെ മണ്ണും വെള്ളവും ശുദ്ധമാവൂ. സമരത്തിന്റെ വൈകാരികതയില്‍ ഈ യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. നാട്ടുകാര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ഉറപ്പ് ആവശ്യപ്പെടുന്നുണ്ട്. വിളപ്പില്‍ശാലയിലേക്ക് ഇനിയും മാലിന്യം കൊണ്ടുവരില്ല എന്നതാണ് അത്. ഇതിന് സര്‍ക്കാറിനും കോര്‍പ്പറേഷനും കഴിയുമോ എന്നതാണ് നിര്‍ണായകം. 

മാലിന്യപ്രശ്‌നം ഇത്രയും വഷളാക്കിയതില്‍ തിരുവനന്തപുരം നഗരസഭയുടെ പങ്ക് കുറച്ചുകാണാനാവില്ല. നാട്ടുകാരുടെ ആരോഗ്യത്തിനും സ്വസ്ഥജീവിതത്തിനും വിലകല്‍പ്പിക്കാതെയാണ് വിളപ്പില്‍ശാലയില്‍ ഈ സംസ്‌കരണശാല സ്ഥാപിച്ചത്. അവിടെ ജനജീവിതം ദുരിതമയമാകാതിരിക്കാന്‍ പരിഹാരനടപടികളും കോര്‍പ്പറേഷന്‍ സ്വീകരിച്ചില്ല. ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. കോര്‍പ്പറേഷന്‍ പരാജയപ്പെട്ടപ്പോള്‍ ഇടപെടാനും പകരം സംവിധാനങ്ങള്‍ സ്ഥാപിക്കാനും സര്‍ക്കാറിനും കഴിഞ്ഞില്ല. ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ ജനതയും ചെയ്യുന്നതേ വിളപ്പില്‍ശാലക്കാരും ചെയ്തുള്ളൂ. പത്തുമാസം മാലിന്യനീക്കം തടസ്സപ്പെട്ടപ്പോള്‍പ്പോലും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുന്നില്ലെന്ന നിസ്സഹായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിളപ്പില്‍ശാല സമരത്തിനുപിന്നില്‍ നിക്ഷിപ്തതാത്പര്യങ്ങളുണ്ടെന്ന് ഇപ്പോള്‍ മന്ത്രി മഞ്ഞളാംകുഴിഅലി പറയുന്നു. ഭൂമാഫിയയുടെ ഇടപെടല്‍ സംശയിക്കുന്നവരുമുണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. നിക്ഷിപ്തതാത്പര്യങ്ങളുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരികയാണ് സര്‍ക്കാറിന്റെ കടമ. വിളപ്പില്‍ശാല പ്രശ്‌നം അജന്‍ഡ നിശ്ചയിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമാണിത്. അങ്ങോട്ട് ഇനിയും ചവര്‍ കൊണ്ടുപോകണോ? അവിടത്തെ സംസ്‌കരണശാല പൂട്ടാന്‍ കോര്‍പ്പറേഷന്‍ തയ്യാറുണ്ടോ? ഇതുപൂട്ടിയാല്‍ എന്താണ് പകരം സംവിധാനം? അത് എന്നേക്ക് നടപ്പിലാവും? അതുവരെ എന്തൊക്കെ ചെയ്യാനാവും ? ഇതിന് കോര്‍പ്പറേഷനും സര്‍ക്കാറും ചെയ്യേണ്ടത് എന്തൊക്കെ? നഗരത്തിലെ മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കാനുള്ള നടപടി ഒരിടത്തുമെത്തിയിട്ടില്ല. അതുനടപ്പാക്കാനാവാത്ത നഗരസഭയ്ക്കും സര്‍ക്കാറിനും വിളപ്പില്‍ശാലയില്‍ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാള്‍ക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനാവില്ല. അതുകൊണ്ട് ഇനിയെങ്കിലുംവാശിയും വാക്പയറ്റും നിര്‍ത്തി തലസ്ഥാനവാസികളുടെയും വിളപ്പില്‍ശാലക്കാരുടെയും ദുരിതങ്ങള്‍ ഒരുമിച്ച് പരിഹരിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കുക. ഇതിന് കോര്‍പ്പറേഷനും സഹകരിക്കണം.
 മാലിന്യ സംസ്ക്കരണം  മറ്റ് കോര്‍പ്പറേഷനുകള്‍ എങ്ങനെ  വിജയകരമായി  നടപ്പാക്കുന്നു  എന്ന് പഠിക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: