Pages

Sunday, October 14, 2012

ഐ.ടി.വ്യവസായത്തിനു കേരളത്തില്‍ സാദ്ധ്യതകള്‍ ഏറെ


ഐ.ടി.വ്യവസായത്തിനു കേരളത്തില്‍  സാദ്ധ്യതകള്‍  ഏറെ

വിവര-വാര്‍ത്താവിനിമയ ടെക്‌നോളജി മേഖലയില്‍ 2020-ഓടെ അഞ്ചുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാക്കാന്‍ കേരള സര്‍ക്കാറിന്റെ പുതിയ ഐ.ടി. നയം ലക്ഷ്യമിടുന്നു. വീടുകളില്‍ നിന്ന് നടത്താവുന്ന ഐ.ടി. സ്ഥാപനങ്ങളെയും അത് മുന്നില്‍ക്കാണുന്നു. വിദൂര ഗ്രാമങ്ങളിലും വീടുകളിലുംകൂടി കടന്നുചെല്ലുന്ന ഒരു കുടില്‍ വ്യവസായമായി അത് മാറുമെന്ന ശുഭപ്രതീക്ഷയും അത് പ്രകടിപ്പിക്കുന്നു. കേരളത്തിന്റെ വ്യവസായ ഭാവിയെക്കുറിച്ച് തിളക്കമുള്ള ഒരു സ്വപ്നമാണ് അത് പങ്കുവെക്കുന്നത്. പരമ്പരാഗതവ്യവസായങ്ങള്‍ പൊതുവേ കൂമ്പടഞ്ഞുപോയ കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു മേഖലയാണ് ഈ നവവ്യവസായമെന്ന തിരിച്ചറിവ് പൊതുവേ ഉണ്ടായിട്ടുണ്ട്. ഐ.ടി.വ്യവസായത്തെ  വിപുലികരിക്കുന്നതോടൊപ്പം പരമ്പരാഗതവ്യവസായങ്ങള്‍ കൂടി  പ്രോസാഹിപ്പിക്കുകയും  നിലനിര്‍ത്തുകയും വേണം .ഐ.ടി. വ്യവസായത്തിന് കൂടുതല്‍ സ്ഥലസൗകര്യം വേണമെന്ന ആവശ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇത്. അതുപോലെ ഐ.ടി. പാര്‍ക്കുകളെ ടൗണ്‍ഷിപ്പുകളായി വളര്‍ത്തിയെടുക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സര്‍ക്കാറിന്റെ തന്നെ ഐ.ടി. പാര്‍ക്കുകളില്‍ കൂടുതല്‍ കെട്ടിടസൗകര്യമൊരുക്കാന്‍ സ്വകാര്യനിര്‍മാതാക്കളെ ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ എല്ലാ സ്വകാര്യപാര്‍ക്കുകള്‍ക്കും ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ടിന്റെ പരിരക്ഷയുണ്ടാവും. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും. സ്വകാര്യപാര്‍ക്കുകളിലെ കെട്ടിട സൗകര്യത്തില്‍ പകുതി മാത്രം ഐ.ടി. - ഐ.ടി. സഹായ വ്യവസായങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതിയെന്ന നിബന്ധന സ്വകാര്യസംരംഭകരെ ആകര്‍ഷിക്കാന്‍ തീര്‍ച്ചയായും ഉതകും. അതേസമയം, ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും മുന്നില്‍ കാണണം. അതല്ലെങ്കില്‍ ഐ.ടി. വ്യവസായമെന്ന പേരില്‍ സേവനമേഖലയിലെ മറ്റു സംരംഭങ്ങളാവും തഴച്ചു വളരുക. ചെറിയവരുമാനം മാത്രം നേടാന്‍ കെല്പുള്ള ഒരു തൊഴില്‍പ്പടയെ വളര്‍ത്തുന്നതുകൊണ്ടുമാത്രം സമൂഹത്തിന് ഗുണമുണ്ടാവില്ല. ഭൂവിനിയോഗം സംബന്ധിച്ച ചട്ടങ്ങള്‍ മറികടക്കാനുള്ള ശ്രമം പൊതുവേയുണ്ട് എന്നുള്ളതും കണക്കിലെടുക്കണം. സ്വകാര്യ ഐ.ടി. പാര്‍ക്കുകളായി സര്‍ക്കാര്‍ സാക്ഷ്യപത്രം നേടണമെങ്കില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് നയരേഖയില്‍ പറയുന്നുണ്ട്. അപ്പോള്‍, ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കെട്ടിടസൗകര്യത്തില്‍ അഞ്ചുശതമാനം, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ യൂണിറ്റുകള്‍ക്കും നീക്കിവെക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പാര്‍ക്കുകള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ, അവിടേക്ക് വ്യവസായങ്ങള്‍ വരികയും വേണം. കഴിവുള്ളവരെ ആകര്‍ഷിക്കണമെങ്കില്‍ നല്ല ജീവിതസൗകര്യങ്ങളും സമീപത്തു തന്നെ ലഭ്യമാവണം. ചെറിയ പട്ടണങ്ങളിലേക്ക്, സ്ഥാപനങ്ങളും ആളുകളും വരാന്‍ മടിക്കുന്നതിന് ഒരു കാരണം ആധുനിക നാഗരിക ജീവിതസൗകര്യങ്ങളുടെ അഭാവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാറിന്റെ ഐ.ടി. പാര്‍ക്കുകളില്‍ 30 ശതമാനം വരെ സ്ഥലം ഇങ്ങനെ വാണിജ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കിവെക്കാമെന്ന് നിശ്ചയിച്ചിരിക്കുന്നു. ഇതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാറിതര സ്ഥാപനങ്ങള്‍ക്കും പാര്‍ക്ക് ഭരണസമിതി നിശ്ചയിക്കുന്ന വിലയ്ക്ക് സ്ഥലം വില്‍ക്കാമെന്നും നിശ്ചയിച്ചിട്ടുണ്ട്. ആക്ഷേപമില്ലാതെ, സര്‍ക്കാറിന്റെ കൈവശമുള്ളസ്ഥലം കൈമാറുന്നത് നല്ല ധാരണയോടെ മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് .ഭരണനടപടികള്‍ എളുപ്പത്തിലുള്ളതും സുതാര്യവുമാക്കാന്‍ വിവരസാങ്കേതികവിദ്യ ഒട്ടേറേ സഹായിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിതത്തിലേക്ക് അത് ചെറുതല്ലാത്ത സദ്ഫലങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. പൗരന്, സേവനങ്ങള്‍ ഇ-ഗവേണന്‍സിന്റെ ചട്ടക്കൂടിലൂടെ ഫലപ്രദമായി ലഭ്യമാക്കുകയെന്ന ലക്ഷ്യവും ഐ.ടി. നയം മുന്നില്‍വെക്കുന്നു. ഇത് സാക്ഷാത്കരിക്കട്ടെയെന്നത് ജനങ്ങളുടെകൂടി പ്രാര്‍ഥനയാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: