Pages

Friday, October 12, 2012

മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം

മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം

 കേരളത്തില്‍  മാലിന്യ സംസ്ക്കരണം  ഏറ്റവും വലിയപ്രശനമായി  മാറിയിരിക്കുകയാണ്.ഇതേ ചൊല്ലി മിക്ക ജില്ലകളിലും ജനകീയസമരങ്ങള്‍ നടക്കുന്നുണ്ട്. പത്തു മാസമായി മാലിന്യനീക്കം സ്തംഭിച്ച തലസ്ഥാനനഗരിയിലെ മാലിന്യങ്ങള്‍ പാറമടകളില്‍ നിക്ഷേപിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. വര്‍ഷങ്ങളായി നഗരമാലിന്യങ്ങള്‍ തള്ളിയിരുന്ന സ്ഥലങ്ങളിലും പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് തടസ്സപ്പെട്ടിരിക്കുകയാണ്. മാലിന്യശേഖരണം, സംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ക്ക് ദീര്‍ഘ ദൃഷ്ടിയോടെയുള്ള സമീപനമില്ല എന്നതാണ് ഇന്ന് രൂപപ്പെട്ടിരിക്കുന്ന വന്‍ പ്രതിസന്ധിക്ക് പ്രധാന കാരണം. നഗരമാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ തള്ളുന്ന രീതി ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇനി സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഉറവിടസംസ്‌കരണത്തിന്റെയും വികേന്ദ്രീകൃത സംസ്‌കരണത്തിന്റെയും പ്രസക്തി. സമ്മര്‍ദം ചെലുത്തിയോ ബലപ്രയോഗത്തിലൂടെയോ അല്ല, മറിച്ച് സമവായത്തിന്റെ മാര്‍ഗത്തിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കേണ്ടത്. മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നിടത്തുതന്നെ സംസ്‌കരിക്കുകയാണ് ഏറ്റവും ഫലപ്രദം. അതിനുള്ള വ്യാപകമായ ബോധവത്കരണം ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ ചെലുത്തണം. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന വിവിധ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയും വേണം.വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് , വെര്‍മ്മി കമ്പോസ്റ്റ് എന്നിവ  നടപ്പക്കാവുന്നതാണ് .മാലിന്യശേഖരണത്തിന്റെയും സംസ്‌കരണത്തിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാറിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളില്‍നിന്ന് നികുതിപിരിക്കുന്ന അധികൃതര്‍ക്ക് നഗരങ്ങളും ഗ്രാമങ്ങളും ചീഞ്ഞുനാറുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട്. സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും തലപ്പത്തുള്ള അധികാരികള്‍ ഒന്നിച്ചിരുന്ന് മാലിന്യപ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ ആലോചിക്കുകയണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, അത്തരം ശ്രമങ്ങള്‍ വളരെക്കുറച്ചേ ഉണ്ടാകുന്നുള്ളൂ. പലയിടത്തും ഭരണപക്ഷവും പ്രതിപക്ഷവും മാലിന്യപ്രശ്‌നത്തില്‍നിന്ന് എങ്ങനെ രാഷ്ട്രീയ മുതലെടുപ്പു നടത്താം എന്നാണ് ചിന്തിക്കുന്നത്. ഒരുമിക്കുന്നതാവട്ടെ, പലപ്പോഴും ഇതില്‍ നിന്നുണ്ടാകുന്ന സാമ്പത്തികനേട്ടം ലക്ഷ്യമിട്ടുമാത്രമാണ്. മാലിന്യത്തിന്റേതിനെക്കാള്‍ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമാണ് ഇവിടങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇത് നാടിന്റെ പൊതുപ്രശ്‌നമായിക്കണ്ട് സത്വരവും ശാശ്വതവുമായ പോംവഴികള്‍ കണ്ടെത്തണം. ഇക്കാര്യത്തില്‍ ആറ്റിങ്ങല്‍ നഗരസഭ കാണിച്ചുതന്നപോലുള്ള മാതൃകകള്‍ മുന്നിലുള്ളപ്പോള്‍ അതത്ര ദുഷ്‌കരമല്ല. ചെയ്യാതിരിക്കാനല്ല, ചെയ്യാനുള്ള മനഃസ്ഥിതിയാണ് അധികൃതര്‍ക്ക് വേണ്ടതെന്ന് സാരം.
എല്ലാം ഭരണാധികാരികളുടെ ചുമലിലിട്ട് സ്വന്തം കടമകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന, ജനങ്ങളുടെ മനോഭാവവും മാലിന്യപ്രശ്‌ന പരിഹാരത്തിന് തടസ്സമാകുന്നു. സ്വന്തം മാലിന്യം പൊതിഞ്ഞുകെട്ടി അന്യന്റെ പുരയിടത്തില്‍ എറിയുക എന്ന സ്വഭാവം മലയാളി തിരുത്തുന്നിടത്ത് ഫലപ്രദമായ മാലിന്യസംസ്‌കരണ ശ്രമങ്ങള്‍ക്ക് തുടക്കമാകും. സ്വന്തം വീടുപോലെ സ്വന്തം നാടും മാലിന്യമുക്തമാക്കണം എന്ന പുരോഗമനചിന്തയാണ് നാം ആര്‍ജിക്കേണ്ടത്. തന്റെ വീട്ടില്‍ നിന്ന് ഒരു മാലിന്യവും പുറത്തുപോകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാല്‍ പ്രശ്‌നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടതില്ല.ഗ്രാമത്തിലെ തോടുകളും അരുവികളും പുഴകളും  മലിനമാകാതെ  സൂക്ഷിക്കാന്‍  നമുക്ക് കഴിയണം . പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ അപ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ സഹായംവേണ്ടിവരും. പുനരുത്പാദനം വിഷമകരമായ, കട്ടികുറഞ്ഞ പ്ലാസ്റ്റിക് കവറുകളും മറ്റും പരമാവധി ഒഴിവാക്കാനുള്ള സാമൂഹികബോധവും നമ്മള്‍ കാട്ടേണ്ടതുണ്ട്. മണ്ണും പുഴയും വഴികളും നമ്മുടെ പിന്‍തലമുറകള്‍ക്കുകൂടി ഉപയോഗിക്കാനുള്ളതാണെന്നും അവയുടെ മലിനീകരണം അവരെക്കൂടി ബാധിക്കുമെന്നുമുള്ള തിരിച്ചറിവ് ഇവിടെ പ്രധാനമാണ്. നാം ചെയ്യുന്ന  ഓരോ പ്രവര്‍ത്തിയും നമ്മുടെ കൊച്ചുമക്കള്‍ക്കും അവരുടെ  മക്കള്‍ക്കും കൂടി  വേണ്ടതാണ്  എന്ന ബോധം  ഉണ്ടാകണം .

                                                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: